മണാലിയില്‍ നിന്നും ഡല്‍ഹി വഴി കൊച്ചിയിലേക്ക് ഒരു മടക്കയാത്ര…

നാലു ദിവസത്തെ മനാലി കാഴ്ചകള്‍ മനസ്സില്‍ നിറച്ചുകൊണ്ട് ഞങ്ങള്‍ മനാളിയോടു വിട പറഞ്ഞു. പ്രവീണ്‍ ഭായിയും കൂട്ടരും ഞങ്ങളെ യാത്രയാക്കുവാന്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിരുന്നു. മണാലിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഒരു പ്രൈവറ്റ് ബസ്സിലാണ് ഞങ്ങളുടെ മടക്കയാത്ര. പതിയെ ഞങ്ങള്‍ ഉറക്കത്തിലേക്ക് വഴുതിവീണു.

അതിരാവിലെ ഞങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. ഡല്‍ഹിയില്‍ നല്ല മഞ്ഞുള്ള സമയമായിരുന്നു. രാവിലെതന്നെ കേരള ഹൌസിലേക്ക് ആയിരുന്നു ഞങ്ങള്‍ പോയത്. അവിടെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു ഫ്ലക്സ് ഒക്കെ വെച്ചിട്ടുണ്ടായിരുന്നു. കേരള ഹൌസില്‍ നിന്നുമായിരുന്നു ഞങ്ങളുടെ പ്രഭാത ഭക്ഷണം. നല്ല കേരള സ്റ്റൈല്‍ പുട്ടും കടലയും.. ബ്രേക്ക് ഫാസ്റ്റിനു ശേഷം ഞങ്ങള്‍ ഡല്‍ഹി ചുറ്റിക്കാണുവാന്‍ തീരുമാനിച്ചു. കൊച്ചിയിലേക്കുള്ള ഞങ്ങളുടെ ഫ്ലൈറ്റ് ഉച്ചയ്ക്കായിരുന്നതിനാല്‍ അത്രയും സമയം ഞങ്ങള്‍ക്ക് ഫ്രീയായി ലഭിച്ചിരുന്നു. എന്നാല്‍പ്പിന്നെ നമ്മുടെ രാജ്യ തലസ്ഥാനം ഒന്ന് കണ്ടുകളയാം… ഈ കറക്കം ട്രാവല്‍സിന്‍റെ പാക്കേജില്‍ ഉള്ളതല്ല കേട്ടോ. വേണമെങ്കില്‍ പാക്കേജിനൊപ്പം അവര്‍ ഇതുകൂടി അറേഞ്ച് ചെയ്തു തരും.

ഡല്‍ഹിയില്‍ ഞാന്‍ പലതവണ വന്നിട്ടുണ്ടെങ്കിലും അവയെല്ലാം ബിസിനസ് ട്രിപ്പുകള്‍ ആയിരുന്നു. അതുകൊണ്ട് ഇതുപോലെ കറങ്ങുവാന്‍ അവസരം വന്നിട്ടില്ല. ആദ്യമായി ഞങ്ങള്‍ പോയത് ഇന്ത്യാ ഗേറ്റ് കാണുവാനായിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നായ ഇന്ത്യ ഗേറ്റ് ഡെൽഹിയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്. സൈനികരുടെ പേരും വിവരങ്ങളും അവിടെ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു നിമിഷം ഇന്ത്യാഗേറ്റിന്‍റെ മുന്നില്‍ ദേശീയ പതാകയ്ക്ക് പകരം നമ്മുടെ മൂന്നു സൈനിക വിഭാഗങ്ങളുടെ പതാകകളായിരുന്നു ഉയര്‍ത്തിയിരുന്നത്.

ഇന്ത്യാഗേറ്റിലെ കാഴ്ചകള്‍ കണ്ടശേഷം പിന്നീട് ഞങ്ങള്‍ പോയത് കുത്തബ് മിനാര്‍ കാണുവാനാണ്. മുപ്പതു രൂപയാണ് ഇവിടത്തെ പ്രവേശന ഫീസ്‌. പക്ഷേ വിദേശരാജ്യക്കാര്‍ക്ക് 500 രൂപ കൊടുക്കണം കുത്തബ് മിനാര്‍ കാണുവാന്‍. ഇത് വല്ലാത്തൊരു വിവേചനമായാണ് എനിക്ക് തോന്നിയത്. തായ്ലാന്ഡ്, മലേഷ്യ പോലുള്ള രാജ്യങ്ങളില്‍ ഇത്തരത്തിലെ വിവേചനങ്ങളൊന്നും കാണുവാന്‍ കഴിഞ്ഞില്ല.

ഇഷ്ടിക കൊണ്ട് നിർമ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് കുത്തബ് മിനാര്‍. ഇതിന്റെ നിര്‍മ്മാണം തുടങ്ങി വച്ചതു കുത്ബുദ്ദിന്‍ ഐബക് ആണ്. ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ ഗോപുരം. കുത്തബ് മിനാര്‍ അടുത്തു കണ്ടപ്പോള്‍ വളരെ അൽഭുതം തോന്നി. പ്രതീക്ഷിച്ചതിലുമെത്രയോ ഇരട്ടി ഭംഗി. പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഓരോ നിലയിലേയും ബാല്‍ക്കണികള്‍ അവയുടെ പ്രത്യേകതയാല്‍ അത്യാകര്‍ഷകമായി തോന്നും. ഒരോന്നിന്‍റെയും രൂപകല്പനയിലെ വൈവിധ്യവും, കൊത്തുപണിയുടേ മനോഹാരിതയും എടുത്തു പറയേണ്ട ഒന്നാണ്.

കുത്തബ് മിനാറിലെ കാഴ്ചകള്‍ കണ്ടശേഷം ഞങ്ങള്‍ എയര്‍പോര്ട്ടിലേക്ക് യാത്രയായി. വെബ്‌ ചെക്ക് ഇന്‍ ചെയ്തതിനാല്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നിരുന്നില്ല. ഞങ്ങളുടെ വിമാനത്തിന്‍റെ ബോര്‍ഡിംഗ് ആരംഭിക്കുന്നത് ഉച്ചയ്ക്ക് 2.10 നു ആയിരുന്നു. ‘വിസ്താര’ എയര്‍ലൈന്‍സിന്‍റെ വിമാനമായിരുന്നു ഞങ്ങളുടേത്. വിസ്താരയിലെ എന്‍റെ ആദ്യത്തെ യാത്രയുമായിരുന്നു അത്. സമയമായപ്പോള്‍ ഞങ്ങള്‍ ഗേറ്റിലൂടെ വിമാനത്തില്‍ കയറി. നല്ല വിമാനയാത്രയായിരുന്നു അത്. വിസ്താര സൂപ്പര്‍… അങ്ങനെ കുളു – മനാലിയുടെ തകര്‍പ്പന്‍ ഓര്‍മ്മകളുമായി ഞങ്ങള്‍ കൊച്ചിയിലേക്ക് പറന്നു…