250 രൂപയിൽ താഴെ മാത്രം ചിലവാക്കി ഒരു പക്കാ ലോക്കൽ മാഞ്ചോല – ഊത്ത് – കുതിരവെട്ടി യാത്ര

വിവരണം – സുജിത്ത് എൻ.എസ്.

ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ് എന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ.. എന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും സുന്ദരമായ അനുഭവങ്ങളിൽ ഒന്നായിരുന്നു ഇന്ന് ഞാൻ നടത്തിയ പക്കാ ലോക്കൽ യാത്ര.. വർഷങ്ങളായി ഞാൻ പോകാൻ ആഗ്രഹിച്ചിരുന്ന ഒരു സ്ഥലം ആയിരുന്നു മാഞ്ചോല ഹിൽസ്… മൂന്ന് വർഷങ്ങൾക്കു മുന്നേ ഞാനും വൈഫും മാഞ്ചോല പോകാൻ പ്ലാൻ ചെയ്തു റൂം വരെ ബുക്ക്‌ ചെയ്തതായിരുന്നു.. പക്ഷെ അന്ന് പേർസണൽ ആയ കാരണങ്ങളാൽ ആ യാത്ര മുടങ്ങി.. പിന്നെയും പിന്നെയും ഞാൻ മാഞ്ചോല ട്രിപ്പ്‌ പ്ലാൻ ചെയ്തുകൊണ്ടേ ഇരുന്നു.. പക്ഷെ പല പല കാരണങ്ങൾ കൊണ്ട് ആ ട്രിപ്പുകൾ മുടങ്ങി.. മാഞ്ചോല എനിക്ക് ഒരു സ്വപ്നം മാത്രമായി ഒതുങ്ങും എന്ന് തോന്നി..

അങ്ങനെ ഇരിക്കെയാണ് രണ്ടുമൂന്നു പേരുമായി മാഞ്ചോലയെ കുറിച്ച് സംസാരിച്ചപ്പോൾ അവരും അവിടെ പോകാൻ ഇരിക്കുക ആണെന്ന് പറഞ്ഞു.. എത്രയും പെട്ടന്ന് തന്നെ ആ യാത്ര സാധ്യമാക്കണം എന്നുള്ളത്കൊണ്ട് പിറ്റേന്നിന്റെ പിറ്റേ ദിവസം തന്നെ മാഞ്ചോല പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു.. മാഞ്ചോലയെ കുറിച്ച് കേട്ടിട്ടുള്ള മറ്റു ചില സുഹൃത്തുക്കൾ കൂടെ വരുന്നു എന്ന് പറഞ്ഞു.. ബൈക്കിൽ അംബാസമുദ്രം പിടിച്ചു അവിടെ നിന്നും മാഞ്ചോല TNSTC യിൽ പോകാൻ ആയിരുന്നു ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തത്.. റെയിൽവേ സമയം നോക്കിയപ്പോൾ പാലരുവി എക്സ്പ്രസ്സ്‌ ഞങ്ങൾക്ക് പറ്റിയ സമയം ആണെന്ന് ഞങ്ങൾക്ക് മനസിലായി ശേഷം ഞങ്ങൾ ട്രെയിനിൽ തന്നെ അംബാസമുദ്രം പോകാം എന്ന് തീരുമാനിച്ചു.

ഞാൻ രാത്രി 11 മണിയോടെ കൊല്ലം സ്റ്റേഷനിൽ എത്തി ട്രെയിൻ വരാനായി കാത്തിരുന്നു.. ഗിരീഷും അപ്പോഴേക്കും കൊല്ലം സ്റ്റേഷനിൽ എത്തിയിരിക്കുന്നു.. നസീം എറണാകുളത്തു നിന്നെ ട്രെയിനിൽ കാണും എന്ന് പറഞ്ഞിരുന്നു.. ഏകദേശം 11.25 ഓടെ പാലരുവി എക്സ്പ്രസ്സ്‌ റൈറ്റ് ടൈമിൽ കൊല്ലം സ്റ്റേഷനിൽ എത്തിച്ചേർന്നു.. എല്ലാ കംപാർട്മെന്റിലും നല്ല തിരക്ക് ആയിരുന്നു.. എന്നാൽ ഏറ്റവും മുൻപിലത്തെ കംപാർട്മെന്റിൽ മാത്രം ആരുമില്ല.. ഞങ്ങൾ വേഗം പോയി അവിടെ ഇരുപ്പുറപ്പിച്ചു.. ഏകദേശം 12 മണിയോടെ ട്രെയിൻ കൊട്ടാരക്കര എത്തിയപ്പോൾ ഞങ്ങൾക്ക് കൂട്ടായി സുമേഷും ഷൈബു അണ്ണനും താഹിറും നിയാസും കൂടെ ട്രെയിനിൽ കേറി.. ഞങ്ങൾ കുശലം പറഞ്ഞിരുന്നപ്പോഴേക്കും പുനലൂർ ആയി.. അവിടെ നിന്നും ലീല ചേച്ചിയും കൂടെ കയറിയപ്പോൾ ഞങ്ങൾ എട്ടുപേരും പൂർത്തിയായി..

നാലുമണിക്ക് അലാറം സെറ്റ് ചെയ്തു ഞങ്ങൾ എല്ലാരും ഓരോരോ സീറ്റുകളിലായി ചുരുണ്ടു കൂടി.. നാലുമണിക്ക് ഞങ്ങൾ ഉണർന്നപ്പോൾ ട്രെയിൻ അംബാസമുദ്രത്തിനു ഇപ്പുറത്തെ സ്റ്റോപ്പിൽ എത്തിച്ചേർന്നു.. എല്ലാവരും പല്ലും തേച്ചു മുഖം കഴുകി റെഡി ആയപ്പോഴേക്കും ട്രെയിൻ അംബാസമുദ്രം സ്റ്റേഷനിൽ എത്തിച്ചേർന്നു.. സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് ഞങ്ങൾക്ക് ഒരു കാര്യം മനസിലായത്.. ഞങ്ങൾ ലേഡീസ് കംപാർട്മെന്റിൽ ആണ് കിടന്നത് എന്ന്.. അതുകാരണം ആയിരുന്നു ആ കംപാർട്മെന്റിൽ തിരക്ക് ഒട്ടും ഇല്ലാതിരുന്നത്.. ട്രെയിൻ ഇറങ്ങിയ ശേഷം സുമേഷ് അവിടെ പരിസരം ആകമാനം സമുദ്രത്തിനായി പരതുന്നത് കണ്ടു ഞങ്ങൾക്ക് ചിരിക്കാൻ ഒരു വക കിട്ടി..

റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്‌സ്റ്റാൻഡിലേക്ക് ഏകദേശം 3 കിലോമീറ്റർ ഉണ്ടായിരുന്നു.. ബസ് 5.30 നെ ഉള്ളു എന്ന് ആരോ പറഞ്ഞതിനാൽ ആ കൊച്ചുവെളുപ്പാംകാലത്തു ഞങ്ങൾ നടക്കാൻ തന്നെ തീരുമാനിച്ചു.. നല്ല രസമായിരുന്നു ആ സമയം റോഡിലൂടെ നടക്കാൻ.. കിളികളുടെ കരച്ചിൽ അങ്ങുമിങ്ങുമൊക്കെ കേൾക്കുന്നുണ്ടായിരുന്നു.. അമ്പലത്തിലെ മണികിലുക്കത്തിന്റെയും പള്ളിയിലെ ബാങ്കുവിളിയുടെയും ശബ്ദത്തിനിടയിലൂടെ ഞങ്ങൾ നടന്നു നടന്നു ഏകദേശം 5.10 ഓടെ ബസ്സ്റ്റാന്റിൽ എത്തിച്ചേർന്നു..ബസ്സ്റ്റാന്റിൽ പോയി അന്വേഷിച്ചപ്പോളാണ് കാര്യം അറിയുന്നത്.. മാഞ്ചോലയ്ക്കുള്ള ബസ് രാവിലെ 3.30 ന് ആയിരുന്നു എന്ന്.. അടുത്ത വണ്ടി 8 മണിക്കുണ്ട് എന്ന് അവർ പറഞ്ഞപ്പോൾ ഒരു ആശ്വാസം ആയി.

വണ്ടി വരാൻ സമയം ഉണ്ടായിരുന്നതിനാലും അടുത്ത് ഫ്രണ്ടിന് ഒരു റൂം ഉണ്ടായിരുന്നതിനാലും ഞങ്ങൾ അവിടെ പോയി ഫ്രഷ് ആയി വരാം എന്ന് തീരുമാനിച്ചു അങ്ങോട്ട്‌ പോയി. കുളിച്ച് ഇറങ്ങിയപ്പോഴേക്കും നല്ല വിശപ്പ് തുടങ്ങിയിരുന്നു.. മുന്നിൽ നല്ല ഒരു ഹോട്ടൽ ഉണ്ടെന്നും അവിടെ നല്ല വൃത്തിയും രുചിയുമാണെന്നു അവിടെയുള്ള സുഹൃത്ത് പറഞ്ഞതനുസരിച്ചു ആ ഹോട്ടലിൽ പോകാൻ ഞങ്ങൾ തീരുമാനിച്ചു.. ഹോട്ടലിന് മുന്നിൽ നല്ല തിരക്ക്. ചായയും വടയും കഴിക്കാൻ വന്നവരുടെ തിരക്കായിരുന്നു അത്.. അവർക്കിടയിലൂടെ ചെന്ന് രണ്ടു ഉഴുന്ന് വട ഞാൻ കൈക്കൽ ആക്കി.. അത് വായിൽ വെച്ചപ്പോൾ എന്താ ടേസ്റ്റ്.. അലിഞ്ഞിറങ്ങി പോകുകയായിരിന്നു ആ വട എന്റെ വായിലൂടെ.. നമ്മുടെ നാട്ടിൽ വടയുണ്ടാക്കുന്നവർ സത്യം പറഞ്ഞാൽ ഇവരെക്കണ്ടു പഠിക്കണം.. ഞങ്ങൾ ഹോട്ടലിനുള്ളിലേക്ക് കയറിയപ്പോൾ അവിടെ ഒരു പ്ലേറ്റിൽ പൂരി ഉണ്ടാക്കി നിറച്ചു വെച്ചേക്കുന്നു.. അത് കണ്ടപ്പോഴേ വായിൽ വെള്ളം നിറഞ്ഞു പൂരി ബാജിക്ക് ഞങ്ങൾ ഓർഡർ കൊടുത്തു… ആഹാരം കഴിച്ചശേഷം ഞങ്ങൾ നേരെ വേഗം ബസ്സ്റ്റാൻഡിലേക്ക് നടന്നു..

ബസ് വന്നിരുന്നില്ല.. അവിടെ അന്വേഷിച്ചപ്പോൾ ബസ് വരാറായി എന്നും മാഞ്ചോല കറങ്ങാൻ വന്നവർ ആണേൽ മാഞ്ചോലയിൽ പ്രത്യേകിച്ച് കാണാൻ ഒന്നുമില്ലെന്നും മാഞ്ചോല കഴിഞ്ഞു ഊത്ത് എന്ന ഒരു സ്ഥലം ഉണ്ടെന്നും അവിടെ ഇറങ്ങി ഊണിനു ഓർഡർ കൊടുത്തിട്ട് അഞ്ചുകിലോമീറ്ററോളം നടന്നാൽ കുതിരവെട്ടി എന്ന ഒരു കിടിലൻ സ്ഥലം ഉണ്ടെന്നും അവിടെ സെമ്മ ജോർ ആയിരിക്കും എന്നും TNSTC യുടെ ഒരു സ്റ്റാഫ്‌ ഞങ്ങളോട് പറഞ്ഞു.. ഞങ്ങൾ മറ്റുചിലരോടും കുതിരവെട്ടിയെ കുറിച്ച് ചോദിച്ചപ്പോൾ അവിടെ സൂപ്പർ ആണെന്ന് എല്ലാരും പറഞ്ഞു.. അപ്പോൾ ഞങ്ങൾ മാഞ്ചോല മാറ്റി കുതിരവെട്ടിയിലേക്ക് പോകാം എന്ന് തീരുമാനിച്ചു…

അവിടെ നിന്നും തമിഴരുടെ ചീവൽ പക്കാവടയും കപ്പലണ്ടി പക്കാവടയും മിക്സ്‌ ചെയ്തു വാങ്ങി കയ്യിൽ വെച്ചു വന്നപ്പോഴേക്കും ബസ് ബസ്സ്റ്റാൻഡിൽ പിടിച്ചു…ഞങ്ങൾ ഓടിപോയി സൈഡ് സീറ്റുകൾ ഞങ്ങൾക്ക് ഉറപ്പിച്ചു.. ഞങ്ങളെ കൂടാതെ പതിനഞ്ചോളം പേര് മാത്രമേ ആ വലിയ വണ്ടിയിൽ ഉണ്ടായിരുന്നോളു.. ബസ് ഞങ്ങളെയും കൊണ്ട് പയ്യെപ്പയ്യെ നീങ്ങാൻ തുടങ്ങി… ഏകദേശം 4 കിലോമീറ്റർ കഴിഞ്ഞപ്പോൾ ബസ് ഒരു ബൈറൂട്ടിലേക്ക് തിരിഞ്ഞു… അവിടെ ഒരു ലെവെൽക്രോസ് പിന്നിട്ടു ഞങ്ങൾ തമിഴ്നാട് പോലീസിന്റെ ഒരു ബറ്റാലിയനും കഴിഞ്ഞു ഫോറെസ്റ്റിലേക്കുള്ള എൻട്രൻസ് ചെക്ക്പോസ്റ്റിൽ എത്തി… ഈ ബസിന് അല്ലാതെ മറ്റ് ഒരു സ്വകാര്യ വാഹനങ്ങൾക്കും അങ്ങോട്ട്‌ പ്രവേശനം ഇല്ലായിരുന്നു..

ചെക്ക്പോസ്റ്റും പിന്നിട്ടു യാത്ര തുടർന്നപ്പോൾ ഞങ്ങൾക്ക് വലതുവശത്തായി മണിമുത്താർ ഡാമിന്റെ റിസെർവോയെർ ദൃശ്യമാകാൻ തുടങ്ങി.. നല്ല ഭംഗി ആയിരുന്നു അതിന്… ബസ് മുന്നോട്ടു പോകുമ്പോൾ ഞങ്ങൾക്ക് അല്പം ദൂരെയായി മണിമുത്താർ ഡാം കാണാൻ കഴിയുമായിരുന്നു.. പിന്നീടങ്ങോട്ട് മാഞ്ചോല എത്തുന്നത് വരെ കൊടും കാടായിരുന്നു… ബസ് മാഞ്ചോലയോടു അടുത്തു തുടങ്ങിയപ്പോൾ തേയില തോട്ടങ്ങൾ ഞങ്ങൾക്ക്മുന്നിൽ ദൃശ്യമാകാൻ തുടങ്ങി.. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന തേയില തോട്ടങ്ങൾ ശെരിക്കും ഞങ്ങളുടെ മിഴികൾക്ക് കുളിർമയേകുന്ന കാഴ്ച തന്നെയായിരുന്നു..

മാഞ്ചോല എത്തിയപ്പോൾ കണ്ടക്ടർ എല്ലാവർക്കും ചായ കുടിക്കാൻ സമയം ഉണ്ടെന്നു ഞങ്ങളോട് പറഞ്ഞു.. അത്കേട്ടപാടേ ഞങ്ങൾ പുറത്തിറങ്ങി ഫോട്ടോ പിടുത്തവും മറ്റും തുടങ്ങി.. ബസ് മാഞ്ചോലയും പിന്നിട്ടു തേയില തോട്ടങ്ങൾക്കും ഹെയർപിൻ വളവുകൾക്കും ഇടയിലൂടെ ഊത്തിലേക്ക് യാത്ര തുടർന്നു.. റോഡ് വളരെ ഇടുങ്ങിയത് ആയിരുന്നു.. സൂര്യപ്രകാശം തേയില ചെടികളുടെ ഇളം ഇലകളിൽ അടിച്ചപ്പോൾ ആ ഇലകൾ മരതകം പോലെ തിളങ്ങുന്നുണ്ടായിരുന്നു.. ഏകദേശം 12 കിലോമീറ്ററോളം പിന്നിട്ടപ്പോൾ ഡ്രൈവർ ബസ് നിർത്തി.. ഊത്തായോ എന്ന് അടുത്തിരുന്ന അവിടുത്തെ തോട്ടത്തിലെ ജോലിക്കാരിയായ ചേച്ചിയോട് ചോദിച്ചപ്പോൾ “ആവല്ലേ.. ഇങ്കെ പാലം പണി നടക്കതിനാലെ ഇങ്കെ ഇറങ്കി ലോറിയിലെ ഏറി താൻ ഊത്തുക്കു പോകമുടിയും” എന്ന് ആ അക്ക തമിഴിൽ മറുപടി നൽകി.

പുറത്തിറങ്ങി നോക്കിയപ്പോൾ പൊളിയാറായ ഒരു തടിപ്പാലവും അതിനപ്പുറം ഒരു ലോറിയും നിർത്തിയിട്ടേക്കുന്നത് ഞങ്ങൾ കണ്ടു.. വേഗം തടിപാലത്തിലൂടെ ഞങ്ങൾ ലോറിയുടെ അടുത്തെത്തി.. അവിടെ മൂത്രമൊഴിച്ചശേഷം ഞങ്ങൾ ലോറിയിലേക്ക് കയറി മറ്റുള്ളവരെ പിടിച്ചുകയറ്റാൻ തുടങ്ങി.. വളരെ വ്യത്യസ്തവും അതിലേറെ അത്ഭുതവും ഉള്ള ഒരു യാത്ര ആയിരുന്നു ഞങ്ങൾക്ക് ലോറിയിൽ കിട്ടിയത്. എഴി അടിച്ച ലോറിയുടെ പുറകിൽ പിടിച്ചു നിന്നുകൊണ്ടുള്ള ആ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല എനിക്ക്.. അവിടെ നിന്നും 5 മൈല് കൂടെ ഊത്തിലേക്ക് ഉണ്ടെന്നു ആരുപറഞ്ഞു.. ആ അഞ്ചു മൈൽ യാത്ര ഞങ്ങൾ ആവോളം ആസ്വദിച്ചു.. 12.30 ഓടെ ഞങ്ങൾ ഊത്തിൽ എത്തിച്ചേർന്നു..

അവിടെ രണ്ടുമൂന്നു പെട്ടിക്കടകളും അങ്ങിങ്ങായി ചില വീടുകളും ഒരു ഹോട്ടലും മാത്രമാണ് ഉണ്ടായിരുന്നത്. ഹോട്ടലിൽ കയറി ചായയും കുടിച്ചു ഊണിനു ഓർഡർ ചെയ്തപ്പോൾ ഹോട്ടലിന്റെ ഓണർ മലയാളത്തിൽ സംസാരിക്കുന്നു. പുള്ളിയുമായി കൂടുതൽ സംസാരിച്ചപ്പോൾ പുള്ളി ഞങ്ങടെ സ്വന്തം കൊട്ടാരക്കരക്കാരൻ ആണെന്ന് മനസിലായി.. 20 വർഷം മുൻപ് ഇവിടെ വന്നു ഇവിടുത്തെ ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചു ഇവിടെ ജോലിക്ക് കൂടിയതാണെന്ന് ആ ചേട്ടൻ പറഞ്ഞു. കൊറേ നേരത്തെ കുശലാന്വേഷണങ്ങൾക്ക് ശേഷം ഞങ്ങൾ കുതിരവെട്ടിയിലേക്ക് 5 കിലോമീറ്ററോളമുള്ള നടത്തം തുടങ്ങി..

അതിഘോര വനം ആയിരുന്നു ഞങ്ങൾക്ക് ഇരുവശവും.. യൂക്കാലിപ്സ് തോട്ടങ്ങളും തേയില തോട്ടങ്ങളും കാപ്പി തോട്ടങ്ങളും പേര തോട്ടവും ഞങ്ങൾക്ക് പോകുന്ന വഴിയിൽ കാണാൻ കഴിഞ്ഞു.. പോകുന്ന വഴിയിൽ വളരെ ഉയരത്തിൽ നിന്നും നൂലുപോലെ ഉള്ള വളരെ ഭംഗിയേറിയ ഒരു വെള്ളച്ചാട്ടം ഞങ്ങൾ കണ്ടു.. അതിൽ കയറി ഫോട്ടോ എടുപ്പും മറ്റുമായി ഞങ്ങൾ കുറച്ചുസമയം ചിലവഴിച്ചു.. പോകുന്ന വഴികളിൽ എല്ലാം മൃഗങ്ങളുടെ കരച്ചിൽ കേൾക്കാമായിരുന്നു.. ധാരാളം മയിലുകളെയും കരിംകുരങ്ങുകളെയും മലയണ്ണാൻമാരെയും കാണാൻ ഞങ്ങൾക്ക് സാധിച്ചു.. അങ്ങനെ ആ കാനനഭംഗി ആസ്വദിച്ചു 5 കിലോമീറ്റർ പിന്നിട്ടത് ഞങ്ങൾ അറിഞ്ഞില്ല…

ദൂരെയായി ഞങ്ങൾക്ക് ഒരു വാച്ച്ടവർ കാണാൻ സാധിച്ചു … ഞങ്ങൾ അങ്ങോട്ട്‌ വെച്ചു പിടിച്ചപ്പോൾ ഒരു ഫോറെസ്റ്റ് കാരൻ ഞങ്ങളെ തടഞ്ഞു.. നിങ്ങൾ എവിടെ പോകുവാ എന്ന് ഞങ്ങളോട് ചോദിച്ചപ്പോൾ കുതിരവെട്ടി വ്യൂ പോയിന്റിനെ കുറിച്ച് കേട്ടിട്ട് കാണാൻ വന്നതാണെന്ന് ഞങ്ങൾ പറഞ്ഞു… അവിടെ പോകാൻ പെർമിഷൻ ഇല്ല എന്ന് പുള്ളി ഞങ്ങളോട് പറഞ്ഞു.. ഞങ്ങൾ അയാളോട് കെഞ്ചിയപ്പോൾ പെട്ടന്ന് പോയി അഞ്ചു മിനിറ്റിനകം തിരിച്ചു വരണം എന്നും പറഞ്ഞു അയാൾ ഞങ്ങളെ അങ്ങോട്ട്‌ വിട്ടു… ഒരിക്കലും പറഞ്ഞോ ഇങ്ങനെ എഴുതിയോ അറിയിക്കാൻ പറ്റാത്ത ഒരു കാഴ്ച ആയിരുന്നു ആ വ്യൂ പോയിന്റിൽ ഞങ്ങളെ സ്വാഗതം ചെയ്തത്.. അവിടുത്തെ ഭംഗിയെ കുറിച്ച് വർണിക്കാൻ എനിക്ക് വാക്കുകൾ ഇല്ല.. അത് കണ്ടുതന്നെ അറിയണം അതുകൊണ്ട് അവിടുത്തെ സൗന്ദര്യത്തെ കുറിച്ചുഞാൻ കൂടുതൽ എഴുതുന്നില്ല.. പക്ഷെ ഇത്രയും ഭംഗിയുള്ള ഒരു സ്ഥലം നിങ്ങൾക്ക് വേറെ എവിടെയും കാണാൻ കഴിയില്ല… ഇപ്പോൾ സൗത്ത്ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം ഏതാണെന്നു ചോദിച്ചാൽ ഞാൻ കണ്ണുമടച്ചുകൊണ്ട് കുതിരവെട്ടി എന്ന് പറയും…

അവിടെ മല നിറയെ ഉണ്ടായിരുന്ന പലനിറത്തിലുള്ള പൂക്കൾ അവയുടെ ഭംഗി ഇരട്ടിയാക്കിയും കാണിക്കുന്നുണ്ടായിരുന്നു.. അവിടെ അരമണിക്കൂറോളം ചിലവഴിച്ചു ഞങ്ങൾ മലയിറങ്ങാൻ തുടങ്ങി.. നാലരക്കാണ് ഞങ്ങൾക്ക് തിരികെ പോകാനുള്ള ലോറി ഉണ്ടായിരുന്നത്.. അതിനാൽ വേഗത്തിൽ ഞങ്ങൾ മലയിറങ്ങി താഴെ ഊത്തിൽ എത്തി.. അവിടെ നിന്നും ഹോട്ടലിൽ ചോറും രസവും വെണ്ടയ്ക്ക മെഴുക്കു പിരട്ടിയും വേറെ എന്തോ സൂപ്പർ തോരനും ഡബിൾ ഓംലെറ്റും ഞങ്ങൾ കഴിക്കാൻ തുടങ്ങി.. ഊണിനു നല്ല രുചിയുണ്ടായിരുന്നതിനാലും മല കയറി ഇറങ്ങിയതിനാലും രണ്ടുപേർക്കുള്ള ചോറ് ഞാൻ ഒറ്റക്ക് അകത്താക്കി.. അണ്ണാ ശാപ്പാട് റൊമ്പ പ്രമാദം എന്ന് അവരോടു പറഞ്ഞപ്പോൾ അവർ മനസ്സ് തുറന്നുള്ള ഒരു ചിരി എനിക്ക് തിരികെ തന്നു.. ശേഷം അവിടെ മാത്രം കിട്ടുന്ന ഓർഗാനിക് തേയില രണ്ടു പാക്കറ്റ് താഴത്തെ കടയിൽ നിന്നും ഞാൻ വാങ്ങി.. ഞങ്ങൾക്ക് പോകാനുള്ള ലോറി അപ്പോഴേക്കും അവിടെ എത്തിയിരിക്കുന്നു..

എനിക്ക് സത്യത്തിൽ അവിടെ രണ്ടു ദിവസം കൂടി നിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ അവിടെ പുറത്തു നിന്നുള്ളവർക്ക് താമസിക്കാൻ സ്ഥലം കിട്ടില്ല എന്ന് അവിടെയുള്ളവർ അറിയിച്ചു.. ശേഷം ഞങ്ങൾ ലോറിയിൽ കയറി ബസിൽ കയറി അംബാസമുദ്രത്തിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു… രാത്രി 8 മണിയോടെ ഞങ്ങൾ അംബാസമുദ്രം എത്തിച്ചേർന്നു.. ഞങ്ങളുടെ തിരിച്ചുള്ള ട്രെയിൻ 11 മണിക്കായിരുന്നു ഉണ്ടായിരുന്നത്.. ഞങ്ങൾ സുഹൃത്തിന്റെ റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയ ശേഷം ഓരോ അരുൺ ഐസ്ക്രീം അകത്താക്കി. പിന്നെ സ്പെഷ്യൽ റവ ദോശയും കഴിച്ചു തിരുനൽവേലി ഹൽവയും വാങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നീങ്ങി. ഈ യാത്രക്ക് ഞങ്ങൾക്ക് ഭക്ഷണവും വണ്ടിക്കൂലിയും മറ്റ് എല്ലാ ചിലവുകളും ചേർത്ത് ഒരാൾക്ക് 250 രൂപ വെച്ചു മാത്രം ആണ് ആയത്. വളരെയേറെ ഞങ്ങൾക്ക് ആസ്വദിച്ചു പോകാൻ കഴിഞ്ഞ ഒരു യാത്ര ആയിരുന്നു ഇത്.. അവിടുള്ള ആൾക്കാരുടെ സ്നേഹം ഒന്ന് വേറെ തന്നെയാണ്.. ഇനിയും താമസിയാതെ ഇതുപോലെ അടുത്ത യാത്ര പോകാം എന്നും പറഞ്ഞു ഞങ്ങൾ താത്കാലികമായി അവിടെ വെച്ചു പിരിഞ്ഞു.