എഴുത്ത് – Sahad Eliat.
എകദേശം എട്ട് വർഷങ്ങൾക്ക് മുമ്പ് കര്‍ണാടകയിലെ ഭട്ട്ക്കലില്‍ പഠിക്കുന്ന കാലത്താണ് മറക്കാനാവാത്ത ഈ സംഭവം നടക്കുന്നത്. പതിവു പോലെ അവധിക്കാലം വന്നു. മിക്കവാറും ക്ലാസ് കഴിഞ്ഞ് വൈകുന്നേരമാണ് കോളേജ് അവധി ആരംഭിക്കുന്നത്. കൂട്ടുകാർ ഒക്കെ അവരവരുടെ നാടുകളിലേക്ക് പോയി. എനിക്കാണെങ്കിൽ മഡ്ഗാവ് – മംഗലാപുരം ലോക്കൽ വൈകുന്നേരം 6 മണിക്കാണ്.
4:30 ന് ഒരു ബാംഗ്ലൂര്‍ വണ്ടി ഉണ്ട്, അത് എതായാലും ഇനി കിട്ടില്ല കാരണം സ്ഥാപനത്തില്‍ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് കുറഞ്ഞത് അര മണിക്കൂര്‍ എങ്കിലും എടുക്കും.
അങ്ങനെ ലോക്കൽ വണ്ടിയില്‍ കയറി. രാത്രി 10:20 ന് വെസ്റ്റ് കോസ്റ്റ് ഉണ്ട് അതിന് മുമ്പായി മംഗലാപുരം എത്തണം. ചിലപ്പോള്‍ ലോക്കൽ വണ്ടി ലേറ്റ് ആകാൻ സാധ്യത ഉണ്ട്. അങ്ങിനെ വന്നാൽ പിന്നെ പിറ്റേ ദിവസം രാവിലെ മാത്രമേ ട്രെയിൻ ഉള്ളൂ താനും.
നിര്‍ഭാഗ്യവശാല്‍ ട്രെയിൻ ലേറ്റ് ആയി. നമ്മുടെ വണ്ടി മംഗലാപുരം എത്തുമ്പോഴേക്കും വെസ്റ്റ് കോസ്റ്റ് പോയി കഴിഞ്ഞിരുന്നു. കൈയിലാണെങ്കില്‍ അത്യാവശ്യത്തിനുള്ള കുറച്ചു പണം മാത്രമേയുള്ളൂ. റിക്ഷ പിടിച്ച് ബസ് സ്റ്റാന്‍ഡില്‍ പോയാൽ ബസ് കിട്ടാൻ സാധ്യതയുണ്ട്, പക്ഷെ പൈസ തീര്‍ന്നു പോകും. ബസിന് പൈസ തികയില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ കുറേ നേരം ആലോചിച്ചു സമയം തള്ളി നീക്കി. ഗത്യന്തരമില്ലാതെ അൽപം അവിടെ ഇരുന്നു. ഏതായാലും ബസ് സ്റ്റാന്‍ഡില്‍ പോകാം എന്ന് തീരുമാനിച്ച് റിക്ഷയിൽ കയറി.
ബസ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ സമയം 11 മണി കഴിഞ്ഞിരുന്നു. കീശയും കാലി, വീട്ടില്‍ പോകുന്ന സന്തോഷത്തില്‍ ഉച്ചക്ക് എന്തോ കുറച്ച് കഴിച്ചതല്ലാതെ വേറെ ഒന്നും കഴിച്ചിട്ടും കുടിച്ചിട്ടുമില്ല. പരിചയക്കാര്‍ ആരെയെങ്കിലും കണ്ടാൽ ബസിനുള്ള പൈസയെങ്കിലും കടം വാങ്ങി വേഗം നാട് പിടിക്കണം എന്ന ചിന്തയായിരുന്നു മനസ് മുഴുവൻ. സാധാരണ ഞാൻ എത്തുമെന്ന് അറിഞ്ഞാല്‍ എത്ര ലേറ്റ് ആണെങ്കിലും വീട്ടില്‍ ഭക്ഷണവും തയ്യാറാക്കി ഉമ്മ കാത്തിരിക്കലാണ് പതിവ്.
ദൗർഭാഗ്യവശാൽ അറിയുന്ന ഒരു മുഖവും കണ്ടില്ല. ഒരു പോംവഴി തേടി കുറെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. സമയം കടന്നു പോകുന്നു. ആളുകൾ കുറഞ്ഞു കുറഞ്ഞു വരുന്നു. ഒറ്റപ്പെടലിന്റെ തീവ്രത കൂടി വന്നു. അപ്പോഴാണ് നാലഞ്ച് ചെറുപ്പക്കാര്‍ വന്ന് അവിടെ ഇരുന്നത്. കോളേജില്‍ നിന്നും അവധി കിട്ടി നാട്ടില്‍ പോകുന്നവരാണ് എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി. അവരോട് കാര്യം പറഞ്ഞാലോ എന്ന് വിചാരിച്ചു, പക്ഷേ പറയാന്‍ വല്ലാത്ത മടി തോന്നി. ഞാനവിടെ തന്നെ ഇരുന്നു.
അവർ മുമ്പിലുള്ള സീറ്റുകളില്‍ മൊബൈൽ നോക്കികൊണ്ട് ഇരിക്കുകയായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ അവരില്‍ ഒരാള്‍ എന്നെ ശ്രദ്ധിച്ചു. “എവിടെ പോവുകയാണ്, എവിടെ പഠിക്കുന്നു” തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ സംസാരിച്ചു. പരിചയപ്പെട്ട സ്ഥിതിക്ക് ഞാൻ എന്റെ കാര്യങ്ങള്‍ ഞാൻ അവരോട് പറഞ്ഞു. ഒന്നും ആലോചിക്കാതെ അവർ പറഞ്ഞു, “ഇപ്പോൾ ഒരു കണ്ണൂര്‍ ബസ് ഉണ്ട് അതിൽ കയറാം ടിക്കറ്റ് നമ്മൾ എടുത്തോളാം നിങ്ങൾ വിഷമിക്കേണ്ട!”
അവരുടെ സംസാരവും സമീപനവും എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി. കാരണം അവരും എന്നെ പോലെ പഠിക്കുന്നവരാണ്. കുറച്ച് പോക്കറ്റ് മണിയിലും അപ്പുറം കൈയില്‍ വലിയ തുകയൊന്നും കാണില്ല. ഇങ്ങിനെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞു മാറും എന്നാണ് കരുതിയത്. ഒരുപാട് സന്തോഷമായി.
അങ്ങനെ ബസ് വന്നു അവർ ടിക്കറ്റ് എടുത്ത് വേറെ എന്തെങ്കിലും ആവശ്യം വന്നാലോ എന്നും പറഞ്ഞ് നിര്‍ബന്ധിച്ച് എന്റെ കീശയില്‍ നൂറോ ഇരുന്നൂറോ രൂപയും നിര്‍ബന്ധിച്ച് വെച്ച് തന്നു.
പിന്നീട് കടം വീട്ടണം എന്ന ഉദ്ദേശത്തോടെ ഞാൻ അവരില്‍ ഒരാളോട് മേല്‍വിലാസം ചോദിച്ചു. അതിന്റെ ആവശ്യമില്ല പ്രാര്‍ത്ഥിച്ചാല്‍ മതി എന്നും പറഞ്ഞ് പുഞ്ചിരിയോടെ, സ്നേഹത്തോടെ നിരസിച്ചു.
അങ്ങനെ ഏകദേശം ഒരു മണിക്ക് വിദ്യാനഗര്‍ (എന്റെ നാട്) എത്തി. അവര്‍ നല്ല ഉറക്കമായിരുന്നു. ഒരാൾ മാത്രം ഉറങ്ങാതെ ഇരിപ്പുണ്ട്. മറ്റുള്ളവരോട് പറയണം എന്ന് പറഞ്ഞു യാത്ര ചോദിച്ച് ഞാൻ ഇറങ്ങി. നിറഞ്ഞ മനസ്സുമായി അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നു നീങ്ങി. അറിയാതെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
പിന്നീട് പലവട്ടം അതിലൂടെ കടന്ന് പോകുമ്പോള്‍ വീണ്ടും ഒന്ന് കാണാനും, കടം വീട്ടാനും, അത് അവർ വാങ്ങിയില്ലെങ്കിൽ സൗഹൃദം പുതുക്കാനും ഞാൻ ആ മുഖങ്ങൾ തേടിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. അവരില്‍ ആരെങ്കിലും ഈ കുറിപ്പ് വായിക്കുകയാണെങ്കില്‍ ദയവ് ചെയ്ത് എന്നെ ഒന്ന് ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. Sahad Eliat – 9567554294, 9544456208.