വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.
മൺകലം – ആ പേരിൽ തന്നെയുണ്ട് ഒരു സുഖം. കുറേ നാളായി മനസ്സിൽ പോകണമെന്ന് കരുതിയ ഒരു ഭക്ഷണയിടം. അങ്ങനെ ഒരു നാൾ ഒരു പകൽ സമയം കുടുംബ സമേതം ഈഞ്ചക്കലെ (തിരുവനന്തപുരം) സുബാഷ് നഗറിലുള്ള മൺകലത്തിലേക്ക് .
കേട്ടും കണ്ടും കൊതിച്ചതായ പല വിധ സ്പെഷ്യൽ ഇനങ്ങൾ അവിടെ ഉണ്ടായിരുന്നുവെങ്കിലും ചിക്കൻ ഫ്രൈഡ് റൈസാണ് ആദ്യം ഓർഡർ ചെയ്തത്. പിന്നാലെ അവിടത്തെ സ്പെഷ്യൽ ഇനമായ ബീഫ് കൊത്തു ഇടിയപ്പവും. ശേഷം മൺകലം സ്പെഷ്യൽ മോമോസും, ഒരു ചായ, ഒരു സുലൈമാനി രണ്ടു ലൈം ടീയും.
ആദ്യം തീൻ മേശയിൽ എത്തിയത് ബീഫ് കൊത്ത് ഇടിയപ്പമായിരുന്നു. എല്ലാം ഞെരിപ്പ് ആയിരുന്നുവെങ്കിലും കൂട്ടത്തിലെ ഏറ്റവും മുട്ടൻ ഞെരിപ്പൻ ഇവനായിരുന്നു. ഇടിയപ്പത്തിന്റെ നൂലിഴകളിൽ ഇഴുകി ചേർന്ന ബീഫിന്റെ കൊത്തിയെടുത്ത രുചി തരംഗങ്ങൾ. അവിടത്തെ ഷെഫിനെ ഒന്ന് കണ്ടു ഒരു നമസ്‍കാരം പറയണം എന്ന് ഇപ്പോൾ ആഗ്രഹിക്കുന്നു. അടുത്ത പ്രാവശ്യം ആകട്ടെ. നാല് പ്ലേറ്റിലോട്ടു ഞാൻ അതു വിളമ്പി. നിമിഷങ്ങൾ കൊണ്ട് അതു അപ്രത്യക്ഷമായി. അതീവ രുചികരം. മസ്റ്റ് ട്രൈ ഐറ്റം. വിടരുത് ഇവനെ.
അടുത്തതായി ഫ്രൈഡ് റൈസ് ബിരിയാണി ചിക്കൻ. ഫ്രൈഡ് റൈസിൽ ബിരിയാണിയിലുള്ള പോലുള്ള ചിക്കൻ പീസുകൾ ചേർന്നത് എന്ന് പറയാം. കൂടെ കിട്ടിയ സലാഡും, നാരങ്ങ അച്ചാറും നന്നായിരുന്നു. അതിന്റെ കൂടെ കിട്ടിയ സ്വീറ്റ് ചില്ലി സോസും ഒരു വ്യത്യസ്തത പുലർത്തി. എല്ലാം കൊണ്ടും അതീവ ഹൃദ്യമായിരുന്നു. അതും തകർത്തു വാരി നുണഞ്ഞ് ഇറക്കി.
ഇവിടം വരെ വന്നിട്ട് ഇവിടത്തെ സ്പെഷ്യൽ മോമോസ് നോക്കാതെ പോകുന്നത് ശരിയല്ലലോ . വരട്ടെ മൺകലം സ്പെഷ്യൽ മോമോസ്. നിങ്ങൾ ഒരു മോമോസ് പ്രിയരല്ലെങ്കിൽ കൂടി ഇവിടത്തെ മൺകലം സ്പെഷ്യൽ മോമോസ് ഇഷ്ടപ്പെടും എന്നാണ് എന്റെ പക്ഷം. കാരണം ഒരു സൗത്ത് ഇന്ത്യൻ സ്റ്റൈലിൽ, നാടൻ രീതിയിലാണ് ഈ സ്പെഷ്യൽ മോമോസ് തയ്യാറാക്കുന്നത്. ഉപ്പും പുളിയും പിന്നെ അല്പം മധുരവും ചേർന്നൊരു സുന്ദരൻ വിഭവം. ചിക്കൻ, ക്യാബേജ്, ഇഞ്ചി, തൈര്, മസാലകൾ, കറിവേപ്പില, കപ്പലണ്ടി ഇവയെല്ലാം ഇതിൽ വരും. തനതായ മോമോ വിഭവങ്ങളും ലഭിക്കും. മോമോസ് ഇഷ്ടപ്പെടുന്നവർ മറക്കണ്ട. ഇഷ്ടപ്പെടാത്തവർക്കും ഒന്ന് പരീക്ഷിക്കാം.
കസ്റ്റമർ ഈസ് കിംഗ് എന്ന നിലയിൽ ഉള്ള മനോഭാവം ആണ് ഹോട്ടൽ അധികൃതരിൽ നിന്നും സർവീസ് ചെയ്യുന്ന ജീവനക്കാരിൽ നിന്നും അനുഭവപ്പെട്ടത്. ഒരു ചായയും, ഒരു സുലൈമാനിയും, രണ്ടു ലൈം ടീയും കഴിച്ചു മംഗളം പാടി മൺകലത്തെ വാഴ്ത്തി അവിടെ നിന്നും ഇറങ്ങി. ശരിക്കും ഇത് രുചികൾ നിറച്ച ഒരു മൺകലം തന്നെ.
മൺകലത്തിന്റെ വരവ് അഥവാ ഷാരുഖ് ഖാന്റെ ഈ ഭക്ഷണ സംരംഭം – ബി.ടെക് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുധാരിയായ ശ്രീ ഷാരുഖാന്റെ തുടക്കം ഒരു IT സംരംഭത്തിലൂടെയായിരുന്നു. ഒരു സംരംഭകൻ എന്ന നിലയിൽ ജീവിതം സ്വപ്നം കാണുന്ന ഈ ചെറുപ്പക്കാരൻ തനിക്ക് കുറച്ചും കൂടി ആസ്വാദ്യകരമായ ഇഷ്ടമേഖലയായ റെസ്റ്റോറന്റ് മേഖലയിലോട്ടു തിരിഞ്ഞു, അങ്ങനെയാണ് ഇവിടെ സ്ഥലം വാങ്ങി ഓഗസ്റ്റ് 27, 2018 ൽ സ്വന്തമായി മൺകലം എന്ന ഭക്ഷണയിടം ആരംഭിച്ചത്.
ഭക്ഷണപ്രേമികളുടെ വളരെ നല്ല അഭിപ്രായങ്ങളുമായി നല്ല നിലയിൽ മുന്നേറവെ സാമ്പത്തികരമായോ വ്യവസായപരമായോ അല്ലാതെ ചില പരിതഃസ്ഥിതികളാൽ 2019 ജനുവരി മുതൽ 2020 ജനുവരി വരെ ഇത് വാടകയ്ക്ക് കൊടുത്തിരിന്നു.വീണ്ടും ഈ വർഷം ജനുവരി 3 മുതൽ ഷാരൂഖാന്റെ കീഴിൽ തന്നെ പ്രവർത്തനം പുനരാംഭിച്ചു, കട്ടയ്ക്കു ഷാരൂഖിന്റെ ഉമ്മയും കൂടെയുണ്ട്.
ഇപ്പോൾ പ്രവർത്തന സമയം രാവിലെ 11:30 മുതൽ രാത്രി 12 മാണി വരെയാണ്.മുൻപ് പ്രാതൽ ഉണ്ടായിരുന്നു. വിഷമിക്കേണ്ട രാവിലത്തെ ബ്രേക്ഫാസ്റ്റ് സഹിതം മാർച്ച് അവസാനം മുതൽ മുഴുവൻ സമയവും സജീവം ആക്കാനുള്ള ഒരുക്കത്തിലാണ് മൺകലം. മൺകലത്തിന്റെ തനതു വിഭവങ്ങളായ കലം ബിരിയാണിയും, ഊണും പൊതിച്ചോറും വിവിധ തരത്തിലുള്ള മീൻ വിഭവങ്ങളും അപ്പോൾ ഉണ്ടാകും.
കിഴി ബിരിയാണി – കിഴി കൊത്ത് പെറോട്ട , കിഴി പെറോട്ട (ബീഫ്, ചിക്കൻ) , കൊത്ത് ബിരിയാണി, കൊത്ത് ഇടിയപ്പം, കപ്പ ബിരിയാണി ഇതൊക്കെ ഇവിടത്തെ സ്പെഷ്യൽ വിഭവങ്ങളിൽ പെടും. ഭക്ഷണ ആസ്വാദകരെ തൃപ്തി പെടുത്താൻ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ് മൺകലം. തീർച്ചയായും തിരുവനന്തപുരത്ത് ഭക്ഷണ ആസ്വാദകർ പോയിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന്.
വില വിവരം: കൊത്ത് ഇടിയപ്പം ബീഫ് – ₹ 120, ഫ്രൈഡ് റൈസ് ബിരിയാണി ചിക്കൻ – ₹ 139, മൺകലം സ്പെഷ്യൽ മോമോസ് – ₹ 140, ചായ – ₹ 10, സുലൈമാനി – ₹ 10,
ലൈം ടീ – ₹ 10. Timings: 11:30 AM to 12:00 AM, Seating Capacity- 40 (8 പേർക്ക് താഴെ ഇരിക്കാം.മുകളിൽ 32 പേർക്കും).