വിവരണം – Seljo Sara Kunjappan.(പോസ്റ്റ് ഓഫ് ദി വീക്ക് – പറവകൾ ഗ്രൂപ്പ്).
“യാത്ര ആദ്യം നിങ്ങളെ നിശ്ശബ്ദനാക്കും പിന്നെയൊരു കഥപറച്ചിലുകാരനാക്കും ” വിശ്വ വിഖ്യാത സഞ്ചാരിയായ ഇബനുബത്തൂത്ത പറഞ്ഞതാണിത് .ഞാനും എന്റെ യാത്രകളുടെ കഥ പറച്ചിലുകാരി ആവുകയാണ് . ഇത്തവണത്തെ എന്റെ യാത്ര മഹാരാഷ്ട്രെയിലെ അത്ഭുതങ്ങൾ കാണുവാനായിരുന്നു .ഭാരതത്തിന്റെ പൈതൃക സമ്പത്ത് വിളിച്ചോതുന അജന്ത എല്ലോറ ഗുഹകളും ,അതി സാഹസികരെ കാത്തിരിക്കുന്ന ഹരിഹർ ഫോർട്ടും , ബി .ആർ അംബേക്കരുടെ ദീക്ഷ ഭൂമി ബുദ്ധ സ്തുപവും ,പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്ന ബീബി ഖ മഖ്ബറയും ,തടോബ ദേശീയോദ്യാനത്തിലെ രാജവിനെയും കാണുവാനായിരുന്നു.
1-12-2018 ൽ തൃശ്ശൂരിൽ നിന്ന് 3 മണിക്ക് മംഗള ലക്ഷദ്വീപ് എക്സ്പ്രെസ്സിൽ ആയിരുന്നു ഞാനും അനിയൻ സിൽജുവും , വിനോദേട്ടനും മറ്റു സുഹൃത്തുക്കളുമായി യാത്ര ആരംഭിച്ചത്. സാഹസിക സാംസ്‌കാരിക കേന്ദ്രത്തിന്റെ കൂടെ ഇത് രണ്ടാമത്തെ യാത്രയാണ്.യാത്രകളോട് പ്രണയമുള്ള ഒരു കൂട്ടം ആളുകൾ ചേർന്ന് തുടങ്ങിയ യാത്ര ഗ്രൂപ്പ് ആണിത്. .28വർഷമായി തൃശൂരിൽ പ്രവർത്തിക്കുന്ന സംഘടനയുടെ അമരത്ത് ഹരിദാസേട്ടൻ ആണ് കൂടെ നൗഫലിക്കയും ഹാരിസ്ക്കയും.
മുൻപ് എസ് എസ് .കെ.യുടൊപ്പം നടത്തിയ രാജസ്ഥാൻ യാത്രയിൽ ഒരുമിച്ചുണ്ടായിരുന്ന പലരും ഇത്തവണയും ഉണ്ടായിരുന്നു.പഴയ സൗഹൃദം പുതുക്കിയും പുതിയ സുഹൃത്തുക്കളെ പരിചയപ്പെട്ടും സംസാരിച്ചിരുന്നും എന്റെ ആ പകൽ കടന്നുപോയി.ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോൾ തലശ്ശേരി ബിരിയാണിയുമായി സീന എത്തി .പിന്നെ ഞങൾ 8 പേരും ( Baiju, vinod,Manoj,Ragesh, Rithu ,seena,silju)കൂടി ബിരിയാണി അകത്താക്കി. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയും യാത്ര അനുഭവങ്ങളും പങ്കു വച്ച് ബൈജുവേട്ടനും , ബൗദ്ധിക കാര്യങ്ങളെ കുറിച്ച് സംസാരിച്ച് രാഗേഷേട്ടനും ,പാട്ടു പാടി യാത്രക്കൊരു ഹരം നൽകി വിനോദേട്ടനും മനോജേട്ടനും,വെള്ളത്തിൽ മുങ്ങി മരിച്ച താറാവ് കുഞ്ഞിന്റെ ദുരന്ത കഥ പറഞ്ഞു സീനയും,കൈ നിറയെ തമാശകളുമായി വന്ന ഋതുവും യാത്രക്കൊരുണർവ് നൽകി .
എല്ലാവർക്കും ഉറക്കം വന്നു തുടങ്ങിയത് കൊണ്ട് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം ഉറങ്ങാൻ തുടങ്ങി . രാത്രിയിലെപ്പോഴോ ട്രെയിൻ കൊങ്കൺ പാതയിലേക്ക് കടന്നു .കർണാടകത്തിലെ മംഗലാപുരത്തെയും മഹാരാഷ്ട്രയിലെ റോഹയെയും ബന്ധിപ്പിക്കുന്ന റെയിൽപാതയാണല്ലോ കൊങ്കൺ .ഇരുട്ടിനെ വാരിപ്പുണർന്നു മലകൾക്കിടയിലുള്ള തുരങ്കത്തിൽ കൂടി ട്രെയിൻ കടന്നു പോയി .കാടും പുഴയും ഗ്രാമങ്ങളും ഉറങ്ങി തുടങ്ങിയിരുന്നു .ഉറക്കം വരാതെ ഞാൻ തീവണ്ടിയുടെ ജനൽപാളി തുറന്നിട്ടു.
പുറത്തു നിന്ന് വീശുന്ന തണുത്ത കാറ്റിൽ ദേഹം തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു എന്നിട്ടം ജാലകം ചാരുവാൻ മനസ് സമ്മതിച്ചില്ല . അങ്ങകലെ ആകാശത്തു കണ്ട കാഴച മനസിനെ പിടിച്ചുനിർത്തുകയായിരുന്നു .പൂനിലാവ് പൊഴിക്കുന്ന പ്രഭയിൽ കുളിച്ചു നിൽക്കുന്ന തെളിനീരൊഴുക്കുന്ന പുഴയും ,ആകാശം നിറയെ പൂത്തു നിൽക്കുന്ന നക്ഷത്രങ്ങളും, തഴുകുന്ന തണുത്ത കാറ്റും എന്നെ ഏതോ മായാ ലോകത്തെത്തിച്ചു. .നദിയിൽ പ്രതിഫലിക്കുന്ന ചന്ദ്രനെയും താരകങ്ങളെയും കൊതിയോടെ എത്ര നേരം ആസ്വദിച്ചെന്നറിയില്ല .പ്രകൃതി അതിന്റെ സർവ്വ സൗന്ധര്യവും ഈ രാത്രി എനിക്കായി വാരികുടഞ്ഞിട്ടതു പോലെ തോന്നി ..ഞാൻ സ്വയം മറന്നു പോയ നിമിഷങ്ങൾ .കണ്ണടച്ചാലും മായാതെ തെളിഞ്ഞു നിൽക്കുന്ന ദൃശ്യം ..ഒരിക്കലും നഷ്ട്ടപെടാതെ, ഇനിയൊരിക്കലും കിട്ടുമെന്നുറപ്പില്ലാത്ത രാത്രി കാഴ്ചകൾ ….
കണ്ണിൽ നിന്ന് മറഞ്ഞിട്ടും മനസ്സിൽ നിന്ന് മായാത്ത കാഴ്ചയുടെ ലഹരിയിൽ ഞാനുറങ്ങിയത് പുലർച്ചെ ആയിരുന്നു .കൂടെയുള്ള സുഹൃത്തുകളുടെ തമാശയും പൊട്ടിച്ചിരികളും കേട്ട് ഞാൻ ഞെട്ടിയുണർന്നു .അപ്പോഴേക്കും ട്രെയിൻ കൊങ്കൺ പാതയിലെ ഏറ്റവും ഉയരം കൂടിയ പാലമായ പനവേൽ വയഡക്റ്റിലൂടെ കൂകി വിളിച്ചു പായുകയായിരുന്നു . ശരാവതി നദിക്കു കുറകെ 210 അടി ഉയരത്തിലുള്ള പാലത്തിൽ കൂടിയാണെന്റെ യാത്ര എന്നോർത്തപ്പോൾ അദ്ഭുതം തോന്നി .
യാത്രയുടെ ദൂരം കുറയ്ക്കുവാൻ മെട്രൊമെൻ ഇ.ശ്രീധരന്റെ നേതൃത്വത്തിൽ നിർമിച്ച കൊങ്കൺ പാത പാലങ്ങളും തുരങ്കങ്ങളും കൊണ്ടു തീർത്ത മഹാവിസ്മയമാണ് ..നദിക്കു കുറകെ 1858 പാലങ്ങളും ,മലകൾക്കിടയിലൂടെയുള്ള 91 തുരങ്കങ്ങളും കൊണ്ട് ആണ് ഈ പാത നിർമിച്ചത്. 760 km നീളമുള്ള പാതയിലെ കർബുദ് തുരങ്കമാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം.പശ്ചിമ ഘട്ട മലനിരകളിൽ ഉദിച്ചുയരുന്ന സൂര്യോദയം ആസ്വദിച്ചുകൊണ്ടുള്ള ഈ കൊങ്കൺ യാത്ര പറഞ്ഞറിയിക്കാനാവാത്ത അനുഭവമായിരുന്നു .ട്രെയിൻപോകുന്ന പാലത്തിനിരുവശം കൃഷിയിടങ്ങൾ,കണ്ടൽക്കാടുകൾ ,ചെറുപുഴകൾ ,താഴ്വാരങ്ങൾ എല്ലാം കൊണ്ടും സമ്പന്നമാണ് .
പ്രകൃതിയുടെ സന്തുലിതാവസ്ഥക്കു കോട്ടം തട്ടാതെ നിർമിച്ച കൊങ്കൺ പാത രാജ്യത്തിന്റെ ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലാണ് .തുരങ്കങ്ങളിലെ അവസാനിക്കാത്ത ഇരുളുകളിലൂടെയും വയഡക്ടുകളുടെ മുകളിലൂടെ മേഘങ്ങളേ തൊട്ടു തലോടിയും കൊങ്കൺ യാത്ര റോഹയിൽ അവസാനിച്ചു .പിന്നെയും ട്രെയിൻ ഓടിക്കൊണ്ടേയിരുന്നു .
നിരവധി സ്റ്റേഷനുകളിൽ നിർത്തിയും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത് അവസാനം നാസിക്കിൽ എത്തിയപ്പോൾ രണ്ടാം തിയതി രാത്രി 7 മണി ആയി . നല്ല തിരക്കുള്ള സ്റ്റേഷൻ ..ഇന്ന് രാത്രി തങ്ങുന്നത് നാസിക്കിലാണ് .നേരത്തെ ഹോട്ടൽ റൂം ഹരിയേട്ടൻ ബുക്ക് ചെയ്തത് കൊണ്ട് സൗകര്യമായി.എല്ലാവരും ഓരോ റൂമുകൾ കയ്യടക്കി .ഞാനും സീനയും ഒരു റൂമിലായിരുന്നു.കുറച്ചു നേരം സംസാരിച്ച ശേഷം ഞങൾ കുളിച്ചു ഭക്ഷണം കഴിച്ചു.ഒരു ദിവസം നീണ്ട ട്രെയിൻ യാത്രയുടെ ക്ഷീണത്തിൽ ഞങ്ങൾ പെട്ടെന്നുറങ്ങി .
മൂന്നാം ദിവസം പുലർച്ചെ നേരത്തെയുണർന്നു .രാമലക്ഷ്മണമാരുടെയും ,സീതാദേവിയുടെയും കാൽപാടുകൾ പതിഞ്ഞ പഞ്ചവടിയുടെ മണ്ണിലേക്കായിരുന്നു യാത്ര .ഭാരതീയ ഇതിഹാസമായ രാമായണത്തിൽ വാത്മീകി പറയുന്നത് “പഞ്ചവടി എപ്പോഴും പൂത്ത കാടാണ് “. പതിനാലു വർഷത്തെ വനവാസകാലത്തു രണ്ടര വർഷം രാമലക്ഷ്മണന്മാരും സീതാദേവിയും താമസിച്ചതിവിടെയാണ് .പഞ്ചവടിയുടെ മണ്ണിൽ പാദം സ്പർശിച്ചപ്പോൾ മനസ് ത്രേതായുഗത്തിലേക്കു വഴുതി വീണു .ശ്രീരാമനും സീതാദേവിയും കൈ പിടിച്ചു മുന്നോട്ടു നടത്തുന്നു .
പഞ്ചവടിയുടെ മണ്ണിൽ രാമലക്ഷ്മണന്മാരുടെ ത്യാഗത്തിന്റെ കഥകൾ അലിഞ്ഞു കിടക്കുന്നു. സീതയുടെ സന്തോഷങ്ങളും ചുടു നെടുവീർപ്പുകളും തഴുകിയെത്തുന്ന കാറ്റിനോട് ആലിലകൾ അടക്കം ചൊല്ലുന്നുണ്ടായിരുന്നു.ക്ഷേത്രത്തിനുള്ളിൽ ഒരു നിമിഷം ഞാൻ കണ്ണടച്ച് നിന്നു. യുഗങ്ങൾക്കപ്പുറത്തു നിന്ന് സീതാദേവിയുടെ വിലാപവും രാമ രാവണ യുദ്ധത്തിന്റെ ശംഖൊലിയും കാതിൽ മുഴങ്ങുന്നു.ശ്രീരാമനെ മോഹിച്ചെത്തിയ ശൂർപ്പണഖയുടെ നാസികയും മാറിടവും ലക്ഷ്മണൻ ഛേദിച്ചതിനും ,മാരീചൻ മാനായി വന്നു സീതാദേവിയെ അപഹരിച്ചതിനും സാക്ഷിയായ പഞ്ചവടി.അഞ്ച് പേരാൽ ഒരുമിച്ചു വളർന്നു നിൽക്കുന്ന സ്ഥലമായതിനാലാണ് പഞ്ചവടി എന്ന നാമം ലഭിച്ചത് .
പഞ്ചവടിയിലെ മറ്റൊരു പ്രധാന സ്ഥലമാണ് രാംകുണ്ഡ്. വനവാസകാലത്തു ശ്രീരാമനും സീതാദേവിയും രാംകുണ്ഡിലെ ഗോദാവരി നദിയിൽ കുളിച്ചിരുന്നതായാണ് ഐതിഹ്യം. ഗോദാവരി നദിയുടെ തീരത്തുള്ള രാംകുണ്ഡിലാണ് പന്ത്രണ്ടു വര്‍ഷത്തിലോരിക്കൽ കുംഭമേള നടക്കുന്നത് .ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടക സംഗമമാണ് കുംഭമേള . ഉത്തരായണത്തിലെ മാഘ മാസത്തിൽ സൂര്യൻ മകരം രാശിയിൽ എത്തുമ്പോൾ ആണ് കുംഭമേള നടക്കുന്നത്. അലഹബാദിലെ പ്രയാഗ് , ഹരിദ്വാര്‍, ഉജ്ജൈന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. 12 പൂർണ കുംഭമേളക്ക് ശേഷം 144 വർഷത്തിലൊരിക്കൽ ആണ് മഹാ കുംഭമേള നടത്തുന്നത്.
ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ ലഭിച്ച അമൃത് സ്വന്തമാക്കാനായി നടത്തിയ യുദ്ധത്തിൽ അമൃത കുംഭം 4 സ്ഥലങ്ങളിലായി 4 പ്രാവശ്യം വീണു എന്നാണ് ഐത്യഹ്യം.അതുകൊണ്ടാണ് ഈ നാല് സ്ഥലങ്ങളിൽ 3 വർഷം കൂടുമ്പോൾ കുംഭമേള നടത്തുന്നത്. മഹാ കുംഭമേള നടക്കുന്നതു അലഹബാദിലെ ത്രിവേണി സംഗമ തീരത്താണ് .ആറ് വർഷം കൂടുമ്പോൾ അർദ്ധ കുംഭമേളയും നടത്താറുണ്ട് .കുംഭമേളകളിലെ പ്രധാന ദിവസങ്ങളിലെ ആദ്യ സ്നാനം നടത്തുന്നത് നാഗ സന്യാസിമാരാണ്. പൂർണ്ണ നഗ്നരായി ഗോദാവരിയിൽ സ്നാനവും മൂർത്തി പൂജയും ചെയ്ത ശേഷം എവിടെയോ പോയ്മറയുന്നവർ. അഘോരികളെന്നും ദിഗംബരന്മാർ എന്നു പറയപ്പെടുന്ന ഇവർ പൂർണ്ണ നഗ്നരായി ദേഹം മുഴുവൻ ഭസ്മം പൂശി കയ്യിൽ ത്രിശൂലവുമേന്തി നടക്കുന്ന ശിവഭക്തരാണ്. പൊതുവേ പുറംലോകവുമായി ബന്ധമില്ലാത്ത ഇവർ കൂട്ടംകൂട്ടമായാണ് കുംഭമേളയിൽ പുണ്യസ്നാനത്തിനു വരുന്നത് . ഇവർ കുളിച്ചു കഴിഞ്ഞാണ് മറ്റുള്ളവർ സ്‌നാനം നടത്തുന്നത് .
ദശലക്ഷ കണക്കിന് സന്യാസിമാരാണ് കുംഭമേളയുടെ ഭാഗമാകാൻ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നത് .മരിച്ചവരുടെ മോക്ഷത്തിനായി ചിതാ ഭസ്മം ഒഴുക്കാനും നിരവധി ആളുകൾ ഇവിടെയെത്താറുണ്ട് .ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെയും ,രാഷ്ട്ര പിതാവ് മഹത്മാ ഗാന്ധിജിയുടെയും ചിതാ ഭസ്മം ഇവിടെ നിമഞ്ജനം ചെയ്തിട്ടുണ്ട്. ഗോദാവരിക്കു കുറകെയുള്ള പഴയ അഹല്യാ ഭായി ഹോൾക്കർ പാലം ഇപ്പോഴത്തെ വിക്ടോറിയ ബ്രിഡ്ജിൽ കൂടി കുറച്ചു ദൂരം ഞാൻ നടന്നു .വഴിയിലൊരിടത്തു ചാണക വരളി വില്പനയ്ക്ക് വച്ചിരിക്കുന്ന സ്ത്രീയെ കണ്ടു .ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും ചാണകം പരത്തിയുണക്കിയെടുത്ത ചാണക വരളി ആണ് ഗാർഹിക ആവശ്യത്തിനുള്ള ഇന്ധനമായുപയോഗിക്കുന്നത് .പാചക വാതകം ഉപയോഗിക്കുന്ന നമ്മളിൽ പലരും അറിയുന്നില്ലലോ ഇവരുടെ കഷ്ടപ്പാടുകൾ. ഇതിഹാസമുറങ്ങുന്ന മണ്ണിൽ നിന്ന് നടന്നു നീങ്ങുമ്പോൾ രാമനാമങ്ങളും കുംഭമേളയുടെ ആരവങ്ങളും ആരതികളുടെ പൊൻ വെളിച്ചവും എന്നെ പിന്തുടരുന്നുണ്ടായിരുന്നു.
കരിങ്കല്ലിൽതീർത്ത ത്രയംബകേശ്വര ക്ഷേത്ര ദർശനം നടത്തുകയാണ് അടുത്ത ലക്‌ഷ്യം .ക്ഷേത്രത്തിലേക്കുള്ള വഴിയിൽ തീർത്ഥാടകരും ,യാത്രക്കാരും ,കച്ചവടക്കാരെയും കൊണ്ട് നിറഞ്ഞിരിക്കയാണ് . പത്ത് വയസ് പ്രായമുള്ള ഒരു പെൺകുട്ടി ഇലക്കുമ്പിളിൽ പൂവുമായി അരികിലെത്തി .ക്ഷേത്രത്തിൽ ദക്ഷിണയായി അർപ്പിക്കാനുള്ളതാണെന്ന് പറഞ്ഞപ്പോൾ ഞാനതു വാങ്ങി .രാവിലെയും വൈകുന്നേരവും പൂക്കൾ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ചാണ് സ്കൂൾ ചിലവ് നടത്തുന്നതെന്ന് പറഞ്ഞപ്പോൾ ആ പെൺകുട്ടിയോട് പറഞ്ഞരിക്കാനാവാത്ത സ്നേഹവും ആദരവും മനസ്സിൽ തോന്നി .
കുറച്ചു ദൂരം കൂടി മുന്നോട്ടു നടന്നപ്പോൾ പിറകിൽ നിന്നാരോ വിളിച്ചതായി തോന്നി .തിരിഞ്ഞു നോക്കിയപ്പോൾ ഒരാൺകുട്ടി ഓടി വന്നു ചോദിച്ചു ” ദീദി , ആപ്ക മാതെ പേ മേം ത്രിശൂൽ കാ നിഷാൻ ലഗാ ഡൂൺ ഹേ??അവന്റെ കൈ എന്റെ നെറ്റിയിൽ തൊടുവാൻ പാകത്തിന് ഞാൻ നിന്ന് കൊടുത്തു .ത്രിശൂല ആകൃതിയിലുണ്ടാക്കിയ ചെമ്പു തകിടിൽ കളഭം മുക്കിയിട്ടാണ് നെറ്റിയില് പതിപ്പിക്കുന്നത് .അതിന് നടുവിലായി സിന്ദൂരം കൊണ്ടൊരു പൊട്ടും കുത്തി തന്നു അവൻ .നമ്മുടെ നാട്ടിലെ ചന്ദനം തൊടുന്നതിനു സമാനമായ ഒരു രീതി . യാത്രക്കാരെ ആകർഷിക്കാനും വരുമാനം കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടും നിരവധി കുട്ടികൾ രൂപം കുത്തി കൊടുക്കുവാൻ അമ്പല വഴികളിൽ നിൽപ്പുണ്ട് ..പഠനത്തോടൊപ്പം ജീവിത ചിലവും കണ്ടെത്തുന്നവർ. ജൻന്ദേഷിന്റെ കൂടെ നിന്നൊരു ഫോട്ടോയും എടുത്തതിനു ശേഷം ഞാൻ ക്ഷേത്രത്തിലേക്ക് പോയി .
മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ. ഇന്ത്യൻ ഉപഭൂഖണ്ടത്തിൽ എറ്റവും നീളം കൂടിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് .ബ്രഹ്മഗിരിക്കന്നുകളുടെ താഴ്വരയിലായി നിർമിച്ച ത്രയംബകേശ്വർ ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലും ത്രിമൂർത്തികളായ പരമശിവൻ , ബ്രഹ്മാവ്, വിഷ്ണു എന്നിവർ വസിക്കുന്നുവെന്നാണ് വിശ്വാസം .
ഹേമാത്പന്തി വാസ്തു ശൈലിയിൽ ആണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത് . ദേവന്മാർ, മൃഗങ്ങൾ, യക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു.സമചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനു മുകളിലായ് ഉയരമുള്ള ശിഖരം സ്ഥിതിചെയ്യുന്നു. അതിനുമുകളിലായ് ഒരു സുവർണ്ണകലശവുമുണ്ട്.
ഐതീഹ്യങ്ങളിൽ പറയുന്നത് ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ചയുണ്ടായി .അതിൽ നിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് മഹർഷി ഗൗതമൻ ഭഗവാൻ ശിവനെ ആരാധിച്ചു. ഗൗതമനിൽ സംപ്രീതനായ ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽനിന്നും രക്ഷിക്കാൻ ഗോദാവരി നദിയെ സൃഷ്ട്ടിച്ചെന്നുമാണ് .ഗൗതമന്റെ പ്രാർഥന മാനിച്ച് പരമശിവൻ ഗോദാവരി നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം.ഐതിഹ്യം എന്താണെകിലും ക്ഷേത്ര നിർമിതി മറാത്താ ഹൈന്ദവ വസ്തു വിദ്യയുടെ മാറ്റ് തെളിയിയ്ക്കുന്ന ഒന്നാണ്.
ഒരു കാലത്തു സ്ത്രീകൾക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്ന അമ്പലായിരുന്നു ഇത് .നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഈ വിലക്ക് നിരവധി സംഘടനകളുടെ പ്രക്ഷോഭത്തിലൂടെയാണ് മാറ്റിയത് .ഇന്ന് ജാതി മതലിംഗ ഭേദമെന്യേ ഏവർക്കും പ്രവേശനം സാധ്യമാകുന്ന ക്ഷേത്രമാണിത് .ക്ഷേത്ര സന്ദർശനം കഴിഞ്ഞപ്പോൾ സമയം 9 മണി ആയി .പ്രാതലിനു ഒരു വ്യത്യസ്ത ഫുഡ് കഴിക്കാം എന്ന് ബൈജുവേട്ടൻ പറഞ്ഞിട്ട് തൊട്ടടുത്തു കണ്ട ഹോട്ടലിൽ കയറി വിത്തൽ വടയ്ക്കു ഓർഡർ കൊടുത്തു .ബൈജുവേട്ടൻ ആളൊരു യാത്ര പ്രേമിയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ആണ് .
ഏതു നാട്ടിൽ ചെന്നാലും അവിടത്തെ രുചി കൂട്ടുകൾ ആസ്വദിക്കാൻ എനിക്ക് പണ്ടേ ഇഷ്ട്ടമാണ് .അത്കൊണ്ട് തന്നെ വിത്തൽ വട രുചിച്ചറിയാമെന്നു കരുതി.ഉരുളക്കിഴങ്ങ് മസാല മാവിൽ മുക്കിയെടുത്ത ശേഷം എണ്ണയിൽ വറുത്തെടുക്കുക . തണുത്തതിനു ശേഷം വടയുടെ മുകളിൽ കട്ട തൈരൊഴിച്ച് ഉള്ളിയും മല്ലിയിലയും വെളുത്തുള്ളിയും വറത്തെടുത്ത ഉരുളക്കിഴങ്ങും വിതറിയിട്ടാണു ഈ വിഭവം തയ്യാറാക്കുന്നത് .കാണാൻ നല്ല ഭംഗി തോന്നി കഴിച്ചപ്പോൾ നല്ല സ്വാദും .അതുകൊണ്ടു ഒരു വിത്തൽ വടയ്ക്കു കൂടി ഓർഡർ ചെയ്തു ..രുചിയേറും ഭക്ഷണം കഴിച്ചു വയറു നിറച്ചു കാരണം അടുത്തയാത്രക്കു കൂടുതൽ ഊർജം ആവശ്യമാണല്ലോ .ചരിത്രവും ഇതിഹാസവും കലർന്ന മണ്ണിൽകൂടിയുള്ള ഈ യാത്ര ജീവിതത്തിലെ മറ്റൊരു വിസ്മയമാവുകയായിരുന്നു .അപ്പൂപ്പൻതാടി പോലെ പാറിപറക്കാൻ മനസ് കൊതിച്ചു തുടങ്ങി.