ലേഖനം എഴുതി തയ്യാറാക്കിയത് – റിജോ ജോർജ്ജ്.
രാജ്യത്തിന്റെ തന്ത്രപ്രധാന സമുദ്രാതിർത്തികളിൽ നിതാന്ത ജാഗ്രതയോടെ നമുക്കു വേണ്ടി കാവൽ നിൽക്കുന്നവരാണ് ഇൻഡ്യൻ നേവി. ഇൻഡോ-പാക്, ഇൻഡോ-ചൈന കര അതിർത്തികളിലെ പോലെയുള്ള നിരന്തര സംഘർഷങ്ങൾ രാജ്യത്തിന്റെ സമുദ്രാന്തർ ഭാഗങ്ങളിൽ കാര്യമാത്രപ്രസക്തമായി ഉണ്ടാകാറില്ലാത്തത് കൊണ്ട്, നാം നമ്മുടെ നാവീക സേനയുടെ പോരാട്ട വീര്യത്തേക്കുറിച്ച് അധികമൊന്നും അറിയുന്നില്ല. സമീപകാലത്ത് അറേബ്യൻ സമുദ്രത്തിൽ വെച്ച് സൊമാലിയൻ കടൽ കൊള്ളക്കാരുമായി പല തവണ പോരാട്ടങ്ങൾ നടക്കുകയുണ്ടായി. Mar 14, 2011 ൽ കടൽ കൊള്ളക്കാർ ഹൈജാക്ക് ചെയ്ത മൊസാംബിക് പതാകയുള്ള വേഗ 5 എന്ന ഫിഷിങ് ഷിപ്പിൽ നിന്നും സൊമാലിയൻ കടൽ കൊള്ളക്കാരെ കീഴടക്കിയത് നാവീക സേനയുടെ കരുത്തിന് പൊൻ തൂവലായി മാറുകയുണ്ടായി. ചില സന്ദർഭങ്ങളിൽ സമുദ്ര സുരക്ഷയുടെ ഭാഗമായി സംഘർഷ പ്രദേശങ്ങളിൽ ചരക്കു കപ്പലുകൾക്ക് അകമ്പടി സേവിക്കാറുണ്ട് ഇൻഡ്യൻ നേവി. അങ്ങനെയൊരു സന്ദർഭത്തിലാണ് സൊമാലിയൻ കൊള്ളക്കാരുമായി നാവീക സേന മുഖാമുഖം വന്നത്.
ഇൻഡ്യൻ നാവീക സേനയുടെ പടക്കപ്പൽ അടുത്ത് എത്തിയപ്പോൾ കൊള്ളക്കാർ അതിനെ ആക്രമിക്കുകയുണ്ടായി. ഇൻഡ്യൻ നേവിയുടെ അതിശക്തമായ തിരിച്ചടിയാണ് തുടർന്നുണ്ടായത്. കൊള്ളക്കാർ ഒന്നൊന്നായി കൊല്ലപ്പെട്ടു, കുറേ പേർ അറബി കടലിന്റെ ആഴങ്ങളിലേക്ക് ജീവൻ രക്ഷിക്കാനായി കുതിച്ച് ചാടി. 61 കടൽ കൊള്ളക്കാരെ നേവി കീഴടക്കി. അവരിൽ നിന്ന് രക്ഷപെടുത്തിയ 13 ബന്ധികളെ 700 മൈലുകൾക്കിപ്പുറം കൊച്ചിയിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്തു. 90 ഓളം ചെറുതും, വലുതുമായ ആയുധങ്ങളും റോക്കറ്റ് പ്രൊപ്പല്ലഡ് ഗ്രനേഡുകളും, സമുദ്രാന്തർ കവർച്ചക്കാർ കൈവശം വെച്ചിരുന്നു. ഇൻഡ്യൻ നേവിയുടെ തുടർച്ചയായി നടന്ന മൂന്നാമത് ആന്റി പൈറസി ഓപ്പറേഷനായിരുന്നു ഇത്. തൽവാർ ക്ലാസിൽ പെട്ട INS Tabar ആയിരുന്നു ഈ ധീരമായ ഓപ്പറേഷൻ നടത്തിയത്. ഇതിൽ സുപ്രധാന പങ്ക് വഹിച്ചവരാണ് ഇൻഡ്യൻ നേവൽ സ്പെഷ്യൽ ഫോഴ്സായ മറൈൻ കമാൻഡോകൾ.
(സമീപ കാലത്ത് പഠാൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷൻ തീവ്രവാദികൾ കയ്യേറിയപ്പോൾ ആദ്യം സമർത്ഥമായി ഇടപെട്ടത് എയർ ഫോഴ്സിന്റെ – ഗരുഡ് കമാൻഡോസ് ആയിരുന്നു. ഉറിയിൽ നമ്മുടെ കരസേനാ ജവാൻമ്മാരെ ഹീനമായി കൊന്ന പാക്ക് ടെററിസ്റ്റുകൾക്കെതിരേ നിയന്ത്രണ രേഖ കടന്ന് കരസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിനു പിന്നിൽ ആർമിയുടെ പാരാ സ്പെഷൽ ഫോഴ്സായിരുന്നു.)
മാർക്കോസിന്റെ ഏറ്റവും പ്രശസ്ഥമായ ഓപ്പറേഷൻ 26/11 മുംബൈ ഭീകരാക്രമണമായിരുന്നു. മുബൈ സൈനീക വിജയം എല്ലാവരും NSG-യുടെ പേരിലാണ് കൊണ്ടാടുന്നത്. എന്നാൽ, മുംബൈ അശാന്തിയുടെ പിടിയിലായ നിമിഷം, അലർട്ട് കിട്ടിയ ഉടനേ ആദ്യമായി സ്പോട്ടിലെത്തിയത് മാർകോസ് ആയിരുന്നു. 26/11 – അശാന്തിയുടെ രാത്രി , 2008 നവംബർ 26 ബുധൻ. രാത്രി 09.20 ന് ഒബ്റോയി ഹോട്ടലിൽ വെടിശബ്ദം മുഴങ്ങി. മുംബൈയ്ക്ക് മേലേ അശാന്തി കരിമ്പടം പുതച്ചു… ഭീകരർ രാജ്യത്തിന്റെ സാമ്പത്തിക സിരാ കേന്ദ്രത്തെ നിശ്ചലമാക്കാൻ തുടങ്ങിയ രാത്രി ആയിരുന്നു അത്. രാത്രി പത്തു മണിയ്ക്ക് ഛത്രപതി ശിവജി ടെർമിനൽ, കൊളാബ മാർക്കറ്റ്, കാമാ ഹോസ്പിറ്റൽ, ഗേറ്റ് വേ ഓഫ് ഇൻഡ്യയിലെ ഹോട്ടൽ താജ്, നരിമാൻ പോയിന്റിലെ ഒബ്റോയ് ഹോട്ടൽ എന്നിവിടങ്ങളിൽ ഒരേ സമയം വെടി വെയ്പ്പുണ്ടായി. വൈകാതെ സാന്റാക്രൂസ് വിമാനത്താവളത്തിനു സമീപം – വിലെ പാർലെയിലും, മഡ്ഗാവിലും, ഡോക് യാർഡിലും സ്ഫോടനങ്ങളുണ്ടായി.
അർധ രാത്രിയ്ക്ക് ശേഷം വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങളും വെടി വെയ്പ്പും തുടർന്നു. മെട്രോ സിനിമയ്ക്ക് സമീപം ജി ഡി ഹോസ്പിറ്റലിലും, കാമാ ഹോസ്പിറ്റലിലും, പരിക്കേറ്റവരെ പ്രവേശിപ്പിച്ച ബോംബേ ഹോസ്പിറ്റലിനു സമീപവും, ജൂഹു മാരിയറ്റ് ഹോട്ടലിനരികെയും ഇതേ സമയം തന്നെ വെടി വെയ്പ്പുണ്ടായി… രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ട ഭീകര രാത്രിയായിരുന്നു അന്ന്. മണിക്കൂറുകളെണ്ണും മുൻപ്, മഹാരാഷ്ട്രാ ചീഫ് സെക്രട്ടറി ജോണി ജോസഫ് മുംബൈയിലെ നേവൽ ആസ്ഥാനവുമായി ബന്ധപ്പെട്ടു. അദ്ധേഹം വിഹ്വലതയോടെ, അടിയന്തിരമായി നേവിയുടെ സഹായം അഭ്യർത്ഥിച്ചു. ഈ സമയം ഭീകരാക്രമണ വാർത്തകൾ ചാനലുകളിൽ ഫ്ലാഷ് ന്യൂസായി ഓടിത്തുടങ്ങി. രാജ്യത്തെ പൗരൻമ്മാർ ഭീതിദരായി വിറങ്ങലിച്ചു നിന്നു…
2008 നവംബർ 27 വ്യാഴം. സമയം രാവിലെ – 09:15, കൊളാബയിലെ നാവീകസേനാ ആസ്ഥാനത്തെ ആൻഗ്രേയിൽ നിന്നും, ഇൻഡ്യൻ നേവിയുടെ കവചിത വാഹനങ്ങൾ – കമാൻഡോകളേയും വഹിച്ച് – താജ് ഹോട്ടലിനു സമീപത്തേയ്ക്ക് കുതിച്ചു. അതുവരെ ലോക്കൽ പോലീസ് വളഞ്ഞിരുന്ന താജ് – ഒബ്റോയ് ഹോട്ടലുകളും, നരിമാൻ ഹൗസും മറൈൻ കാമാൻഡോകളുടെ ആഗമനത്തോടെ പൂർണമായും അവരുടെ നിയന്ത്രണത്തിലായി. (സൈന്യത്തിന്റെ അടിയന്തിര നടപടിയ്ക്ക് ഇത്രയും കാല താമസം നേരിട്ടതിനേക്കുറിച്ച് പല അഭ്യൂഹങ്ങളും പിന്നീടുണ്ടായി. രാഷ്ട്ര തലത്തിൽ വില പേശൽ നടന്നിരുന്നു എന്നതാണ് അതിൽ പ്രധാനം.) ഇൻഡ്യൻ മറൈൻ കമാൻഡോകളായ മാർകോസ് നടത്തിയ ഏറ്റവും സമർത്ഥമായ ഓപ്പറേഷനാണ് പിന്നീട് അവിടെ നടന്നത്.
അപ്പോഴേക്കും താജ് ഹോട്ടൽ, ഒബ്റോയ് ഹോട്ടൽ, നരിമാൻ ഹൗസ് എന്നിവയ്ക്ക് മേലേ ഇരുണ്ട കാർമേഘം പരന്നു കഴിഞ്ഞിരുന്നു . ഭീകരരുടെ ഗൺഷൂട്ടുകളേ തുടർന്ന്, താജിന്റെ ഇരുണ്ട ഇടനാഴിയിൽ പുക, മൂടൽ മഞ്ഞു പോലെ പരന്നിരിക്കുന്നു. അവിടവിടെയായി ഡെഡ് ബോഡികൾ ചിതറി കിടന്നു… 26/11 രാത്രി സൈന്യത്തിന്റെ ഏറ്റവും ധീരോദാത്തമായ ആക്ഷനായിരുന്നു മാർകോസ് അവിടെ നടത്തിയത്. താജ്, ഒബ്റോയ്, നരിമാൻ ഹൗസ് എന്നിവിടങ്ങളിലെ “മാർകോസ്” കമാൻഡോകളുടെ അറൈവലിനു ശേഷം, താജ് ഹോട്ടലിലെ നാലു ടെററിസ്റ്റുകളും കമാൻഡോകളും തമ്മിൽ ഗൺഷൂട്ട് ആരംഭിച്ചു. മറീനുകളുടെ കടുത്ത തിരിച്ചടിയിൽ ഭീകരർ പതറാൻ തുടങ്ങി. ശത്രുക്കൾ ഗേറ്റ് വേ ഓഫ് ഇൻഡ്യയ്ക്ക് എതിരേയുള്ള ചേംബേഴ്സ് ലൈബ്രറിയിലേക്ക് കടന്നു. രാജ്യത്തെ രക്ഷിക്കാനായി കൂടുതൽ മറൈൻ കമാൻഡോകൾ എത്തിക്കൊണ്ടിരുന്നു…
ഇതിനിടെ താജിന്റെ മറ്റൊരു ഭാഗത്ത്, കമാൻഡോകളും ഭീകരരുമായി രണ്ടാമതൊരു Gunfight പൊട്ടിപ്പുറപ്പെട്ടു. ഇതോടെ ഭീകരർ മറ്റ് പലയിടത്തുമുണ്ടെന്നും, ഹോട്ടലുകളിലെ അന്തേ വാസികൾക്ക് ആപത്ത് പിണഞ്ഞേക്കുമെന്നും കമാൻഡോകൾക്ക് മനസ്സിലായി. ഈ സമയം, ആദ്യം ഏറ്റുമുട്ടിയ ഭീകരർ – കമാൻഡോകളോട് എതിർത്ത് നിൽക്കാൻ ത്രാണിയില്ലാതെ ലൈബ്രറി ലക്ഷ്യമാക്കി നീങ്ങി. അവരെ പിന്തുടർന്ന് – കമാൻഡോകൾ ലൈബ്രറിയിലേക്ക് വെടിയുതിർത്തുകൊണ്ട് – ചുവടുകൾ വെച്ചു. കൂട്ടത്തിൽ രണ്ടു മറീനുകൾക്ക് പരിക്കേറ്റു… പരിക്ക് അവഗണിച്ച് കമാൻഡോകൾ ലൈബ്രറിയുടെ പ്രവേശന കവാടം കവർ ചെയ്തു. അധികം താമസിയാതെ മറൈൻ കമാൻഡോകൾ ലൈബ്രറിയുടെ അകത്തളത്തിലേക്ക് ടിയർ ഗ്യാസ് (കണ്ണീർ വാതകം) പ്രയോഗിച്ചു.
അകത്തളത്തിലെ നീക്കങ്ങൾ മർജാരന്റെ സൂക്ഷ്മതയോടെ അവർ വിശകലനം ചെയ്തു. അര മണിക്കൂറിനു ശേഷം കമാൻഡോകൾ അകത്ത് കടന്നു. പക്ഷേ ഭീകരർ അവിടെ നിന്നും രക്ഷപെട്ടു കളഞ്ഞിരുന്നു. അവർ അടുക്കളയിലേക്കുള്ള ഒരു വാതിലിലൂടെ പുറത്ത് കടന്നിരുന്നു.
കമാൻഡോകളുടെ പോരാട്ടത്തിന്റെ തീവ്രത കൊണ്ട്, ഭീകരരുടെ കയ്യിലെ ആയുധങ്ങളും വെടിക്കോപ്പുകളും ഒന്നൊന്നായി കുറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അതോടെ അവർ ഗ്രനേഡുകൾ തൊടുത്തുവിടാൻ ആരംഭിച്ചു. സമുദ്ര മദ്ധ്യത്തിലെ ഓയിൽ ഇൻസ്റ്റാലേഷനുകളുടെ സുരക്ഷ, കടൽ കൊള്ളക്കാർ എന്നിവർക്കെതിരേയാണ് സാധാരണയായി മാർക്കോസ് എപ്പോഴും ഓപ്പറേഷനുകൾ നടത്താറ്. ഏതാണ്ട് അതേ സാഹചര്യങ്ങൾക്ക് തുല്യമായിരുന്നു താജിലെ സംഭവങ്ങളും… രാത്രിയിൽ ഹോട്ടലുകളുടെ ഉൾത്തളം അന്ധകാരം പൂണ്ടു കിടന്നിരുന്നു. ഒരു സമഗ്ര അറ്റാക്കിനുള്ള അനുവാദം കമാൻഡോകൾക്ക് ലഭിച്ചിരുന്നുമില്ല. അതിനാൽ ഹോട്ടലുകളിൽ തങ്ങിയിരിക്കുന്ന അന്തേവാസികളെ സുരക്ഷിതരാക്കുക എന്നതായിരുന്നു അപ്പോഴത്തെ ദൗത്യം.
അതോടെ, വിവിധ റൂമുകളിൽ കുടുങ്ങിപ്പോയ നിസ്സഹായരായ ബന്ധികളെ സംരക്ഷിക്കുക എന്നതിലേക്കായി കമാൻഡോകളുടെ ഫോക്കസ്സ്.
ഒബ്രോയ് ഹോട്ടലിലെ റെസ്ക്യൂ : ഇതേ സമയം ഒബ്റോയ് ഹോട്ടലിന്റെ 21-ആം നിലയിലേക്ക് മാർകോസ് കമാൻഡോകൾ സാദ്ധ്യമായ വഴികളിലൂടെയെല്ലാം കടന്നു കയറി. ചെറിയ വെന്റിലേറ്ററുകളിലൂടെയും, കെട്ടിട വിളുമ്പിലെ ചെറിയ ലാഡറുകളിലൂടെയും, കയറിൽ തൂങ്ങിയുമെല്ലാം അവർ മുകൾനിലയിലെത്തി. തുടർന്ന് മുകളിൽ നിന്നും കമാൻഡോകൾ താഴേക്ക് താഴേക്ക് ഒരോ ഫ്ലോറുകളായി തിരച്ചിൽ നടത്തിക്കൊണ്ട് റൂമുകൾ ഒഴിപ്പിക്കാൻ തുടങ്ങി. ആക്രമണത്തിന്റെ വലുപ്പത്തേക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാതെച്ചുമ്യും ഭീകരരുടെ എണ്ണത്തേക്കുറിച്ച് പോലീസിന്റെ അജ്ഞതയും കാരണം കമാൻഡോകൾ പൂർണ സജ്ജരായല്ല താജിലും, ഒബ്റോയിലും, നരിമാൻ ഹൗസിലും വിന്യസിക്കപ്പെട്ടത്. തന്നെയുമല്ല, അതിർത്തികളിൽ ശത്രു സംഹാര ദൗത്യം നിർവഹിക്കുന്ന മറീൻ കമാൻഡോകൾക്ക്, ഇവിടെ ഹോട്ടലിനുള്ളിൽ കുടുങ്ങിയ അന്തേവാസികളുടെ ജീവൻ കാക്കേണ്ടതും പ്രധാന പ്രശ്നമായിരുന്നു. എന്നിട്ടും കർമ്മചോദന കൊണ്ടും പോരാട്ട വീര്യം കൊണ്ടും, അവർ ദൃതഗതിയിൽ തങ്ങളുടെ ചുമതല നിർവഹിച്ചു.
താജിന്റെ ഇരുണ്ട ഇടനാഴികളിലൂടെ ഭാരതത്തിന്റെ ധീരരായ സമുദ്ര സൈനികർ റൂമുകളിൽ നിന്ന് റൂമുകളിലേക്ക് ചുവടുകൾ വെച്ചു. അന്ധകാരം നിറഞ്ഞ മുറികളിൽ മരണ ഭീതിയിൽ വിറങ്ങലിച്ച് നിന്ന കുട്ടികളേയും മുതിർന്നവരേയും കമാൻഡോകൾ ഒരു പോറൽ പോലുമേൽക്കാൻ അനുവദിക്കാതെ പുറത്തേയ്ക്ക് രക്ഷിച്ച് തുടങ്ങി. ന്യൂ ഡെൽഹിയിൽ നിന്നും നാഷണൽ സെക്യൂരിറ്റി ഗാർഡ്സ് (NSG) എത്തുംവരെ, മാർകോസ് ഭീകരർക്കായുള്ള തിരച്ചിലും – പോരാട്ടവും, ആളുകളെ ഒഴിപ്പിക്കലും തുടർന്നുകൊണ്ടേയിരുന്നു.
2008 നവംബർ 27. വ്യാഴം. രാത്രി 07: 30 NSG കമാൻഡോകൾ മുംബൈയിൽ എത്തുന്നു. വെള്ളിയാഴ്ച്ച രാവിലെ പത്തു മണിയ്ക്ക്, ഓപ്പറേഷന്റെ ചുമതല NSG-യ്ക്ക് കൈമാറിയതായി മാർകോസിന്റെ കമാൻഡിങ്ങ് ഓഫീസർ തമ്പിരാജ് പത്ര സമ്മേളനത്തിൽ അറിയിച്ചു. ചാനലുകൾക്ക് നൽകിയ ചെറിയ ഇന്റർവ്യൂവിൽ മറൈൻ കമാൻഡോകൾ കറുത്ത മൂടുപടം കൊണ്ട് മുഖം മറച്ചിരുന്നു. ഓപ്പറേഷൻ “ബ്ലാക് ടൊർണാഡോ” ആരംഭിച്ചിരിക്കുന്നു എന്ന് മാർകോസ് ചീഫ് പ്രഖ്യാപിച്ചു. NSG ചുമതല ഏറ്റെടുത്തതോടെ ഓപ്പറേഷൻ വിവരങ്ങൾ പുറം ലോകത്തിന് ലഭ്യമല്ലാതായി. താജിൽ നിന്നും, ഒബ്റോയിൽ നിന്നും, നരിമാൻ ഹൗസിൽ നിന്നുമുള്ള വിവരങ്ങളുടെ വരവ് ഇല്ലാതാകുകയും ചെയ്തു. താജ്, ഒബ്റോയ് ഹോട്ടലുകൾ, നരിമാൻ ഹൗസ് എന്നിവയുടെ ഉൾ വശം NSG-യും, പുറത്തെ ചുറ്റളവിന്റെ സെക്യൂരിറ്റി മാർകോസും ഏറ്റെടുത്തു.
ക്രമേണ NSG-യുടെ കൂടുതൽ യൂണിറ്റുകൾ മുംബൈയിൽ എത്തിയതോടെ മാർകോസ് അവരുടെ ദൗത്യമവസാനിപ്പിച്ച് കൊളാബയിലെ നേവൽ ബേസിലേക്ക് മടങ്ങി. എല്ലായ്പ്പോഴുമെന്നതു പോലെ അവർ മീഡിയയ്ക്കു മുൻപിൽ അത്യന്ത വീരനായകൻമ്മാരായി പ്രത്യക്ഷപ്പെടുന്നുമില്ല, എന്നാൽ പൊടുന്നനെ ഒരു സാന്നിദ്ധ്യമറിയിച്ചിട്ട് തിരശീലയ്ക്ക് പിന്നിലേക്ക് ഒതുങ്ങുകയും ചെയ്തു. നമുക്ക് പുകഴ്ത്താൻ എല്ലായ്പ്പോഴും അരങ്ങത്ത് എൻ എസ് ജിയുടെ വീര സൈനികരുണ്ട്. പക്ഷേ മാർകോസ്, ഗരുഡ് കമാൻഡോസ്, പാര സ്പെഷ്യൽക് ഫോഴ്സ് കമാൻഡോസ് എന്നിവരൊന്നും ഒരിക്കലും തിരശീലയിൽ പ്രത്യക്ഷപ്പെടുന്നില്ല. അവരൊക്കെ എന്നും പിന്നണിയിലാണ്. നാം അവരുടെ ഓപ്പറേഷനുകൾ പലതും അറിയുന്നത് പോലുമില്ല.
മറീനുകളുടെ റെസ്ക്യൂ ദൗത്യത്തിൽ പ്രസ്ഥുത ഹോട്ടലുകളിലെ ഭൂരിഭാഗം ജനങ്ങളേയും രക്ഷപെടുത്തുകയുണ്ടായി. അതിനാൽ NSG – യ്ക്ക്, അന്തേവാസികൾക്ക് ആപത്ത് സംഭവിക്കുമോ എന്ന ഭയം കൂടാതെ ഭീകരർക്കെതിരേ ഉടനടി അറ്റാക്ക് നടത്താൻ സാധിച്ചു. NSG – പിന്നീട് ഓപ്പറേഷൻ “ബ്ലാക് ടൊർണാഡോ” അഭിമാനകരമായും, വിജയകരമായും പൂർത്തിയാക്കിയത് ചരിത്രം. അന്ന് 40 മണിക്കൂറിലേറെ നീണ്ട സൈനീക നടപടിയ്ക്കൊടുവിൽ 165 പേരാണ് ഇവിടങ്ങളിൽ കൊല്ലപ്പെട്ടത്. 26/11 ദുരന്തത്തിൽ, സമയബന്ധിതമായി മാർകോസിന്റെ ഇടപെടൽ ഉണ്ടായത് കൊണ്ടാണ് മരണസംഖ്യ ക്രമാതീതമായി ഉയരാതിരുന്നത് എന്ന് ഇന്നും സൈനീക വൃത്തങ്ങളും, രാജ്യവും അഭിമാനത്തോടെ സ്മരിക്കുന്നു.
മറൈൻ കമാൻഡോകൾ എന്നത് ഒരിക്കലും രാജ്യത്തിനുള്ളിൽ, രാജ്യത്തിന്റെ നാലതിരുകൾക്കുള്ളിൽ ഓപ്പറേഷനുകൾ നടത്തുക എന്ന ദൗത്യവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഒരു ഫോഴ്സ് അല്ല. Marine Commandos are the Special Operations Unit of the Indian Navy. 26/11 ന് മാർകോസ് കമാൻഡൊസ് അശാന്തി നിറഞ്ഞ മുംബൈ സിറ്റിയിൽ അറൈവ് ചെയ്യപ്പെട്ടത്, ഭീകരർക്കു വേണ്ടിയുള്ള തിരച്ചിലിനും അതിലുപരി റെസ്ക്യൂ ഓപ്പറേഷനും വേണ്ടിയാണ്. ഒരിക്കലും താജിലോ ഒബ്റോയിലോ ഭീകരർക്കൈതിരേ ഡയറക്ട് അറ്റാക്ക് ചെയ്യുക എന്നത് മാർക്കോസിന്റെ ദൗത്യം ആയിരുന്നില്ല. അതിനുള്ള പരിശീലനമല്ല അവർക്ക് ലഭിച്ചിരിക്കുന്നത്. മാർകോസ് എന്നത് സ്പെഷ്യൽ ഫോഴ്സ് ആണ്. രാജ്യാതിർത്തിയ്ക്ക് സമീപവും, അതിർത്തിയ്ക്കപ്പുറവുമുള്ള ഓപ്പറേഷനുകളാണ് മാർക്കോസിന്റെ ഉത്തരവാദിത്വത്തിൽ വരുന്നത്. സമുദ്രാതിർത്തി കടന്നുള്ള ഏതൊരു ദൗത്യത്തിനും മാർക്കോസിന് പരമാധികാരമുണ്ടായിരിക്കും. ഇതേ ചുമതല തന്നെയാണ് വ്യോമ സേനാ കമാൻഡോകളായ ഗരുഡ് കമാൻഡോസിനും, കരസേനാ കമാൻഡോകളായ പാരാ സ്പെഷ്യൽ ഫോഴ്സിനുമുള്ളത്.
നേരേ മറിച്ച് NSG – ഒരു സ്പെഷ്യൽ ഫോഴ്സ് അല്ല. (പലപ്പോഴും മീഡിയയും പത്രങ്ങളും ഇങ്ങനെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്.) NSG – ഒരു എലൈറ്റ് കൗണ്ടർ ടെററിസ്റ്റ് യൂണിറ്റാണ്. ഹോം മിനിസ്ട്രിക്ക് കീഴിൽ പ്രവർത്തിക്കുന്ന NSG-യ്ക്ക്, രാജ്യത്തിനകത്ത് നടക്കുന്ന പ്രധാന ഓപ്പറേഷനുകളാണ് നൽകപ്പെട്ടിരിക്കുന്നത്.
രാജ്യത്തിനകത്ത് ഭീകരരോ, വിധ്വംസക ശക്തികളോ കടന്നു കയറിയാൽ അവരെ അമർച്ച ചെയ്യുന്നത് NSG യുടെ പരിധിയിൽപെട്ട കാര്യമാണ്. അതു കൊണ്ടാണ് പഠാൻകോട്ട് വ്യോമസേനാ താവളം ആക്രമിക്കപ്പെട്ടപ്പോൾ, ആദ്യം എയർ ഫോഴ്സ് സ്റ്റേഷനിൽ തന്നെ ചുമതലയിലുണ്ടായിരുന്ന “ഗരുഡ്” കമാൻഡോസ് നിയന്ത്രണം ഏറ്റെടുത്തെങ്കിലും പിന്നീട് ഓപ്പറേഷൻ ചുമതല NSG-യ്ക്ക് കൈ മാറിയത്.
മാർകോസിന്റെ നേതൃത്വത്തിൽ ജമ്മു കാശ്മീരിൽ ഓപ്പറേഷൻ രക്ഷക് (Operation Rakshak) ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. ഝലം നദിയിലും, വൂളാർ തടാകത്തിലും (Jhelum River, and Wular Lake) മാർകോസ് രാജ്യത്തെ കാവൽ ചെയ്യുന്നു. നാലു ടീം മാർകോസ് കമാൻഡോകളെ ജമ്മു കാശ്മീരിലെ ഈ നദികളിൽ വർഷം മുഴുവനും വിന്യസിച്ചിരിക്കുന്നു. പർവതങ്ങളാൽ ചുറ്റപ്പെട്ട, 250 സ്ക്വയർ കിലോമീറ്ററുള്ള ഈ നദി കടന്ന്, ഭീകരർ ശ്രീനഗറിലേക്ക് പ്രവേശിക്കുന്നത് സമർത്ഥമായി തടയുന്നത് ഇന്ന് ഈ മറീൻ കമാൻഡോകളാണ്. 90 കളുടെ തുടക്കത്തിൽ ഈ നദിയിലൂടെ ഭീകരർ നുഴഞ്ഞു കയറുന്നത് കരസേനയ്ക്കും, BSF-നും ചില്ലറ തലവേദനയല്ല സൃഷ്ടിച്ചിരുന്നത്. 1995-ൽ മാർകോസ് ടീമിനെ ഇവിടെ വിന്യസിച്ച് ഒരാഴ്ച്ച തികയും മുൻപ് അവർ നദി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മുഴുവൻ നുഴഞ്ഞു കയറ്റവും അമർച്ച ചെയ്യുകയുണ്ടായി എന്നത് സൈനീക ചരിത്രത്തിലെ മിന്നുന്ന ഏടാണ്.
നാമിന്ന് ഇത് വായിച്ച് കൊണ്ടിരിക്കുമ്പോൾ, തന്ത്രപ്രധാനമായ ഈ അതിർത്തി പ്രദേശങ്ങളിൽ, മാർകോസും ആർമിയുടെ സ്പെഷൽ യൂണിറ്റും ചേർന്ന് സംയുക്തമായ ഓപ്പറേഷനുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേലി അണ്ടർ കവർ ഓപ്പറേഷനുകളുടെ രീതി ഈ യൂണിറ്റ് ഫലപ്രഥമായി പ്രയോഗിക്കാറുണ്ട്. കാശ്മീരി സ്യൂട്ടായ Pheren ധരിച്ച് കാശ്മീരി ലോക്കൽസിൽ ഒരാളേപ്പോലെ കടന്നു കൂടി മാർകോസ് കമാൻഡോകൾ പല ഓപ്പറേഷനുകളും ചെയ്യുന്നു. 99 ലെ കാർഗിൽ യുദ്ധ കാലത്ത് ആർമിയോടൊപ്പം മാർകോസ് സഹകരിക്കുകയുണ്ടായി. ഇക്കാര്യത്തേക്കുറിച്ച് പക്ഷേ രാജ്യതന്ത്രജ്ഞർ പിന്നീട് സംശയം പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ, ആർമിയിലെ Lt. Gen: Hira Nandani തന്നെ ഈ സംശയങ്ങൾക്ക് വിട നൽകി. കാർഗിൽ യുദ്ധത്തിൽ , ആർമിയ്ക്കൊപ്പം നേവൽ മറൈൻ കമാൻഡോകൾ സഹകരിച്ചിരുന്നു എന്ന് അദ്ധേഹം രാജ്യത്തോട് വെളിപ്പെടുത്തുകയുകയുണ്ടായി.
ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടതും അതീവ രഹസ്യാത്മകവുമായ തന്ത്രപ്രധാന ഓപ്പറേഷനുകളിലേ മാർകോസ് പങ്കെടുക്കൂ. ഇന്ന് രാജ്യാതിർത്തികളിൽ നേരിട്ടുള്ള കോംബാറ്റ് ദൗത്യങ്ങൾക്കു വേണ്ടി മാർക്കോസിനെ വിന്യസിച്ചിരിക്കുന്നു. മാർകോസ്, ഗരുഡ്ഡ്, പാരാ സ്പെഷ്യൽ ഫോഴ്സ് എന്നിവയേക്കുറിച്ച് നാം എന്തെങ്കിലും വലിയ ഓപ്പറേഷനുകൾ വരുമ്പോൾ മാത്രമേ അറിയുന്നുള്ളു. അതു പോലും വളരെ കുറച്ച് വിവരങ്ങൾ മാത്രം. അണിയറയിൽ നമുക്ക് മുഖം തരാതെ, രാജ്യ വിരുദ്ധ ശക്തികൾക്കൈതിരേ നിരന്തരമായി പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് അവർ.