വിവരണം – Rahim D Ce.
ശനിയാഴ്ച ദിവസം എന്തെന്നില്ലാതെ ബോറടിച്ച് ഫോണിലും കുത്തികൊണ്ടിരിക്കുമ്പോഴാണ് എന്നത്തേയും പോലെ കുളിക്കാൻ പോയാലോ എന്നു ചോദിച്ചു കൊണ്ട് ബാബുലിന്റെ ഫോൺ വരുന്നത്.. . ആഹാ കുളിക്കാനെങ്കിൽ കുളിക്കാൻ ,, പോയേക്കാം എന്നും പറഞ്ഞ് ഞാനിറങ്ങി….. സൽമാനെയും നാദിർഷാനെയും വിളിച്ചു,അവരോടും പേട്ടയ്ക്ക് വരാൻ പറഞ്ഞു… ബൈക്കുമായി പോകാൻ ഇറങ്ങിയപ്പോഴാ ഒടുക്കത്തെ ചൂടും വെയിലും.. അല്ലേലും എവിടേക്കെങ്കിലും പോകാൻ തുനിഞ്ഞിറങ്ങിയാൽ ഒടുക്കത്തെ ചൂടാ… എന്നാ ഈ ചൂടൊന്ന് കുളിരണിഞ്ഞിട്ടു തന്നെ ബാക്കി കാര്യം !. അപ്പോഴാണ് നമ്മുടെ പുലിക്കുട്ടി ഏദൻസും (പിക്ക് -അപ്പ് ) കൊണ്ട് ബാബുൽ വരുന്നത്…. ബൈക്ക് ഒതുക്കി വെച്ചിട്ട് പിന്നെ അതിലായി യാത്ര….
അങ്ങനെ ചെങ്കുത്തായ വഴിത്താരകൾ താണ്ടി ഞങ്ങൾ വെള്ളച്ചാട്ടത്തിൻ അടുത്തെത്താറായിട്ടുണ്ട് …പിന്നിട്ട വഴികളെല്ലാം മനോഹര ദൃശ്യങ്ങൾ കൊണ്ട് വിരുന്നൂട്ടിയിരുന്നു… ഇനിയങ്ങോട്ടുള്ള വഴികളെല്ലാം പഴയപടിയല്ല പുതുക്കി പണിതിരിക്കുന്നു….അതിനാൽ തന്നെ വെള്ളച്ചാട്ടത്തിന് അടുത്ത് വരെ പോകാൻ കഴിയും…ഓടിക്കിതച്ചെത്തിയ പുലിക്കുട്ടിക്ക് ഇനി ഒരൽപ്പനേരം വിശ്രമം അത്യാവശ്യമാണ്.
മാർമല_അരുവി..കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്കു അടുത്തുള്ള തീക്കോയി ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു 7km ഉള്ളിലേക്കു പോയാൽ മാർമല വെള്ളച്ചാട്ടത്തിലേക്ക് ചെന്നെത്താം. വഴിനീളെ ദിശാസൂചക ബോർഡുകൾ ഉള്ളതുകൊണ്ട് ആർക്കും വഴി തെറ്റില്ല.. ചോദിച്ചു ചോദിച്ചും പോകാം..
മാർമല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഒരു പ്രൈവറ്റ് എസ്റ്റേറ്റിൽ ആയിട്ടാണ്.. മൈൻ റോഡിൽ നിന്നും ഏകദേശം 2km ഇടതൂർന്ന റബർ എസ്റ്റേറ്റിലൂടെ നടന്നാൽ ഈ പറയുന്ന വെള്ളച്ചാട്ടത്തിന്റെ അടിയിൽ എത്തിച്ചേരാം, ഇവിടം സന്ദർശിക്കാൻ അനുയോജ്യമായ സമയം നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഈ സമയങ്ങളിൽ നീരൊഴുക്കിന്റെ തീവ്രത കുറവായിരിക്കും, അതിനാൽ തന്നെ വെള്ളച്ചാട്ടത്തിന്റെ അടിയിൽ വരേ പോയി കുളിക്കാൻ പറ്റുന്ന നല്ല സമയമിതാണ്.
മഴകാലം കഴിഞ്ഞ് നിൽക്കുന്നത് കൊണ്ട് അത്യാവശ്യം നല്ല വെള്ളം ഉണ്ടായിരുന്നു.. മഴകാലത്ത് ഇവിടെ കുളിക്കാൻ പ്രയാസകരമാണ് കൂടുതൽ സാഹസികതക്ക് മുതിർന്നവർ അപകടങ്ങൾ വിളിച്ചു വരുത്തിയിട്ടുണ്ട്. റോഡ് പണി കഴിഞ്ഞതോടെ മാർമലയുടെ സൗന്ദര്യം ആസ്വദിക്കാനായി കുറെ അധികം സഞ്ചാരികൾ ദിനേനെ ഇവിടേക്ക് എത്തുന്നുണ്ട്…..അതിൽ കൂടുതലും കിന്നരിക്കാനെത്തുന്ന കമിതാക്കൾ ആയിരിക്കും….ഞങ്ങൾ അവിടെ പോയപ്പോഴും രണ്ടു മൂന്ന് ഇണ കുരുവികൾ കൊക്കുരുമ്മി ഇരിക്കുന്നുണ്ടായിരുന്നു ..
എത്തിയപാടെ വെള്ളത്തിലോട്ട് എടുത്ത് ചാടാൻ തുടങ്ങിയപ്പോഴാണ് ബാബുൽ പറയുന്നത് കുറെ നാളായില്ലേ ഇവിടെ കുളിക്കാൻ വേണ്ടി മാത്രം നമ്മൾ വരുന്നു..ഇതിന്റെ മുകളിൽ എന്താണെന്ന് കയറി നോക്കിയാലോന്ന്..കേട്ടപ്പോൾ എനിക്കും തോന്നി ഒന്ന് മുകളിൽ കയറണം എന്ന്..അങ്ങനെ കല്ലും മരത്തിന്റെ വള്ളികളും പിടിച്ചു പിടിച്ചു മുകളിലോട്ട് കയറാൻ തുടങ്ങി… അങ്ങനെ മഹേന്ദ്ര ബാഹുബലിയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് കയറി..ഒടുവിൽ മുകളിൽ എത്തി..മരങ്ങളാൽ ചുറ്റ പെട്ട ഒരു കുന്നാണ് മുകളിൽ !!! പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രകൃതി ഭംഗിയാണ്..അതിനും മുകളിൽ നിന്നാണ് വെള്ളം വരുന്നത്..പിന്നെ വെള്ളത്തിന്റെ ഉത്ഭവം തേടി പോയില്ല..
നട്ടുച്ച വെയിൽ തലയിൽ അടിക്കാൻ തുടങ്ങിയപ്പോൾ തിരിച്ച് ഇറങ്ങാൻ തുടങ്ങി..പിന്നെ അങ്ങോട്ട് പള്ളി നീരാട്ട് ആരംഭിച്ചു..നല്ല തണുത്ത വെള്ളത്തിൽ വിസ്തരിച്ച് ഒരു കുളി..ഒരു മണിക്കൂറോളം വെള്ളത്തിൽ നീരാടി.. കൂടെ മനസ്സിനെ തഴുകി ഉണർത്തുന്ന കാറ്റും കൂടി വന്നാലുണ്ടല്ലോ ന്റെ സാറേ മൊത്തത്തിലൊരു കുളിരങ്ങു തരിച്ചു കയറും …കുറെ കഴിഞ്ഞപ്പോൾ നീന്തൽ പോലും അറിയാത്ത കുറച്ചു തമിഴന്മാർ വന്ന് അവരുടെ കുളി അഭ്യാസം ആരംഭിച്ചപ്പോൾ ഞങ്ങൾ തിരിച്ചു കയറി..
അടുത്തതായി നേരെ വെച്ച് പിടിച്ചു പച്ച പട്ടു വിരിച്ചു നിൽക്കുന്ന ഞങ്ങളുടെ സ്വന്തം സുന്ദരിയുടെ അടുത്തേയ്ക്ക്…സമയം കിട്ടുമ്പോൾ എല്ലാം അവളെ കാണാൻ ഞങ്ങൾ പോകാറുണ്ട്.. വാഗമൺ.. മൊട്ട കുന്നുകളാലും പൈൻ മര കാടുകളാലും സൗന്ദര്യം തുളുമ്പി നിൽക്കുന്ന ഒരു സുന്ദരിയാണ് ഞങ്ങളുടെ വാഗമൺ..പൈൻ മരക്കാടിനു മുകളിലൂടെ ഉള്ള ഒരു സ്ഥലം ഉണ്ട്..അതാണ് ഞങ്ങളുടെ സ്ഥിരം ട്രെക്കിങ് പോയിന്റ്..ക്ഷീണം മാറ്റാൻ കുറച്ച് നേരം ഇളം കാറ്റും കൊണ്ട് കാട്ടിൽ അങ്ങ് കിടന്നു…സമയം കളയാതെ പൈൻ മരത്തിന്റെ ഇല വീണ വഴികളിലൂടെ നടന്നു നടന്ന് മുകളിൽ എത്തി ഇവിടെ നിന്ന് കാണുന്ന കാഴ്ചയാണ് കാഴ്ച..കൂടെ നല്ല ഇളം കാറ്റും..
കുറച്ചു നേരം മന്ദമാരുതനോട് കഥയും പറഞ്ഞു കൊണ്ടിരുന്നു…. സമയം നാല് മാണി ആയപ്പോൾ ഒരു മോഹം കോട്ട കുന്നിൽ പോയി അസ്തമയം കണ്ടാലോ… ഒരസ്തമയവും കൂടി കണ്ടു കഴിഞ്ഞാൽ ഇന്നത്തെ ദിവസം കളറായി നേരെ വാഗമൺ ടൗണിൽ എത്തി..അവിടുന്ന് നേരെ കോട്ട കുന്നിലേക്ക്.. ചുവപ്പിന്റെ വസന്തം വിരിഞ്ഞിറങ്ങിയ ഗുൽമോഹർ പൂത്ത വഴികളിലൂടെ ആയി പിന്നെയുള്ള യാത്ര..പോകുന്ന വഴിയെല്ലാം പ്രളയാനന്തരം തകർന്നു തരിപ്പണമായ് കിടക്കുന്നു..ഒരുവിധത്തിലും കോട്ടക്കുന്നിലേക്ക് എത്തിപ്പെടാൻ പറ്റിയില്ല ..
റോഡിന്റെ ശോചനീയാവസ്ഥ കാരണം ഉദയ കിരണങ്ങൾ ചൊരിഞ്ഞ ആദിത്യനിപ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിലോട്ട് തെന്നി നീങ്ങികൊണ്ടിരിക്കുന്നു. തെല്ലകലെ ആകാശ സീമയിയിൽ ചെഞ്ചായം വാരിവിതറുന്ന അസ്തമയ ദൃശ്യങ്ങൾക്ക് അല്പായുസ്സ് മാത്രം ബാക്കി ..തൽകാലം പിക്ക് അപ്പ് ന്റെ മുകളിൽ കയറി ക്ലോസ് ആയി അസ്തമയം കണ്ട് തിരിച്ചു ഇറങ്ങി. വാഗമൺ ടൗണിൽ വന്നിട്ട് ടി ലൈക്ക് ൽ വന്ന് ഇടിഞ്ഞ പാലത്തിൽ നിന്ന് കല്യാണ ആൽബം ഷൂട്ട് ചെയ്യുന്ന ദമ്പതികളേയും നോക്കി ഇരുന്നു..
6 മണി കഴിഞ്ഞപ്പോയേക്കും റോഡ് മുഴുവൻ കോടയാൽ മൂടാൻ തുടങ്ങി….കൂടെ നല്ല കാറ്റും.. ഇവിടുത്തെ കാറ്റാണ് കാറ്റ് മല മൂടും മഞ്ഞാണ് മഞ്ഞ് .പാട്ടും പാടി ചുരം ഇറങ്ങാൻ തുടങ്ങി… കാര്യാ ടോപ് എത്തിയപ്പോൾ നിറ നിലാവിന്ന് ഹേതുവാകുന്ന രാത്രിയുടെ വെള്ളിമിന്നായങ്ങൾക്ക് ഇതു വരെ കാണാത്ത ഒരു ഭംഗി !! … ഇരുൾ മുറ്റിയ വഴികൾ ഞങ്ങൾക്കിനി താണ്ടേണ്ടതുണ്ട് അതിനു മുന്പായി ഉണ്ണി ചേട്ടന്റെ കടയിൽ നിന്ന് കടും കാപ്പിയും കുടിച്ചു കുറെ നേരം അവിടെ ഇരുന്നു…എന്തോ അറിയില്ല കുടിച്ച കടും കാപ്പിക്ക് ശേഷം പറയാതെ പോയ പ്രണയത്തിന്റെ ഓർമകളോരോന്നും തികട്ടി വന്നു.. ഒരു പക്ഷേ മാർമലർ തെന്നലിലൂടെ തഴുകി വന്ന കിന്നാര കുസുമങ്ങൾ മനസ്സിലേക്ക് ഇരച്ചെത്തിയത് കൊണ്ടായിരിക്കും… ഇരുളടഞ്ഞ വിജനതയിൽ ബഹുദൂരം സഞ്ചരിക്കുമ്പോൾ തികട്ടി വന്ന ഓരോ പ്രണയത്തിനുമുണ്ട് രാത്രിയിൽ വിരിഞ്ഞിറങ്ങുന്ന നിശാഗന്ധിയുടെ പരിമണം.