ഹരിത പ്രോട്ടോക്കോൾ നിലനിർത്തി, ചെലവു ചുരുക്കി ഒരു തകർപ്പൻ കല്യാണം…

വിവരണം – Baiju B Mangottil.

വിവാഹം ചില ഹരിത ചിന്തകളോടൊപ്പം.. കല്യാണം എന്നായാലും ചിലവ് ചുരുക്കി തന്നെ മതിയെന്നും, പൂർണമായും ഹരിത പ്രോട്ടോക്കോൾ നിലനിർത്തി തന്നെ ആവണമെന്നും പണ്ട് മുതലേ ഉള്ള ആഗ്രഹമായിരുന്നു. ഒടുവിൽ സമയം അടുത്തപ്പോഴാണ് അതിന്റെ റിസ്കുകളെ കുറിച്ച് പലരും പറഞ്ഞ് അറിയുന്നത്.

സ്റ്റീൽ പാത്രം വാടകയ്ക്ക് പറഞ്ഞപ്പോൾ മുതൽ അത് ആര് കഴുകും എന്ന വേവലാതി അമ്മയ്ക്ക്.. തെങ്ങിൻ മടല് കൊണ്ട് സ്റ്റേജ് പണിയുമെന്ന് പറഞ്ഞപ്പോൾ പരിഷ്കാരികൾ ആയ അയൽവാസികൾ വക ഉപദേശം. പാഴ് പലകയിൽ വരവേൽപ് എഴുതുന്നുവെന്ന് പറയുമ്പോൾ പന്തലുകാർക്ക് ഒരു ചമ്മൽ.

എന്ത് തന്നെ ആയാലും രണ്ടും കല്പിച്ച് മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. തെങ്ങിൻ മടല് കൊണ്ട് പൊതിഞ്ഞ കവാടവും പനനൊങ് തൂങ്ങിയാടുന്നതിനിടയിൽ പലകയിൽ എഴുതി തൂക്കിയ വരവേൽപ് ബോർഡും കടലാസ് പൂക്കൾ കൊണ്ട് അലങ്കരിച്ച മണ്ഡപവും. ഫ്ളക്സിനു പകരം ഓലയിൽ എഴുതിയ സൂചനാ ബോർഡും, മധുരം വിളമ്പാൻ ഇല കുമ്പിളും, അതിഥികൾക്ക് സമ്മാനമായി പച്ചക്കറി വിത്തും പിന്നെ ചെറിയൊരു സ്നേഹ സന്ദേശവും ഒക്കെയായി പരിപാടി അങ്ങ് ഉഷാറായി. ഒടുവിൽ ബാക്കി വന്ന ഇലയും ജൈവ മാലിന്യവും നമ്മുടെ പാടത്ത് തന്നെ ഉഴുത് മറിച്ച് വളമാക്കിയിട്ടുണ്ട്.

പറഞ്ഞു വരുന്നത് എന്തെന്നാൽ പ്രകൃതിയെ സംരക്ഷിക്കുക എന്നാൽ വർഷത്തിൽ ഒരു ദിവസം മരം നടുക അല്ലെങ്കിൽ ഏതെങ്കിലും ചില മണിക്കൂറുകൾ പരിസ്ഥിതിയെ കുറിച്ച് വാതോരാതെ സംസാരിക്കുക എന്നത് മാത്രമല്ല എന്ന പൊതു ബോധമാണ് നമ്മളിൽ ഉണ്ടാവേണ്ടത്. പ്രകൃതി സംരക്ഷണം ഒരിക്കലും ഒരു ആചാരമോ ചടങ്ങോ ആയി കരുതേണ്ട ഒന്നല്ല. നമ്മുടെയൊക്കെ ജീവിത ശൈലിയുടെ ഭാഗമായി ഒപ്പം കൊണ്ട് നടക്കേണ്ട ശീലങ്ങൾ ആണ് എന്ന് ഓർമിക്കുന്നത് നന്നായിരിക്കും.

നമ്മൾ ഒന്ന് മനസ്സുവച്ചാൽ ചില കാര്യങ്ങളിൽ ചെറിയ വിട്ടുവീഴ്ചകൾ ചെയ്‌താൽ വളരെ വലിയ മാറ്റങ്ങൾ ഈ പരിസ്ഥിതിയിൽ ഉണ്ടാക്കിയെടുക്കാൻ നമുക്ക് കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉദാഹരണത്തിന് പ്ലാസ്റ്റിക്കിന്റെ കാര്യത്തിൽ ഇന്നത്തെ പരിതസ്ഥിതിയിൽ ഒരിക്കലും പൂർണമായും അവയെ ഒഴിവാക്കാൻ കഴിയില്ലെന്ന് നമുക്ക് നന്നായി അറിയാം പക്ഷെ ഒന്ന് മനസ്സുവച്ചാൽ ഒരു പേപ്പർ ഗ്ലാസ് ചുരുട്ടി എറിയുന്നത് ഒഴിവാക്കി സ്റ്റീൽ പാത്രങ്ങൾ കഴുകാൻ നമ്മൾ ശീലിച്ചാൽ അതും പ്രകൃതിയോട് ചെയ്യുന്ന മഹത്തായ ഒരു ആദരവാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു..

പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ എന്തിനെന്നറിയാതെ ആഘോഷിച്ച ഈ പരിസ്ഥിതി ദിനങ്ങൾ ഇനിയെങ്കിലും നമുക്ക് ജീവിതത്തിലെ ചില ധന്യ മുഹൂർത്തങ്ങളിൽ എങ്കിലും അർത്ഥവത്തായി ഉപയോഗിക്കാൻ ശീലിക്കാം…

ഇത്തരമൊരു വലിയ ഉദ്യമത്തിന് ഒപ്പം കൂട്ട് നിന്ന ഞങ്ങളുടെ കുടുംബത്തോടും പ്രിയ മിത്രങ്ങങ്ങളോടും മാങ്ങോട്ടിലെ സ്വന്തം ചങ്ക്സിനോടും സ്വന്തം രതീഷേട്ടനോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു..