എഴുത്ത് – ശിൽപ പ്രകാശ്.
ഗൂഗിൾ മാപ്പ് വരും മുൻപുള്ള യാത്രകളെ കുറിച്ചുള്ള ഒരു ലേഖനം ഈയിടെ വായിച്ചു. അതിനു തൊട്ടുമുന്നിലത്തെ ദിവസമാണ് ‘ഗൗതമന്റെ രഥം’ എന്ന സിനിമ കണ്ടത്. അപ്പോഴാണ് 28 വർഷം മുൻപുള്ള ഞങ്ങളുടെ ആദ്യത്തെ കാറും അതിലെ ആദ്യത്തെ ദൂരയാത്രയും ഞാൻ വീണ്ടും ഓർത്തത്. രണ്ടാം ക്ലാസ്സിൽ പടിക്കുമ്പോഴുള്ള യാത്ര ആയതുകൊണ്ട് അത്രയ്ക്കൊന്നും ഓർക്കുന്നില്ല. ആകെയുള്ളത് അഞ്ചാറ് പടങ്ങളാണ്. എങ്കിലും അപൂർവ്വം ചില കാര്യങ്ങൾ അങ്ങേയറ്റം സൂക്ഷ്മായ വിശേഷണങ്ങളുൾപ്പെടെ എന്റെ തലച്ചോറിൽ കേറിയിരിപ്പുണ്ട്. അതൊക്കെ വെച്ചുകൊണ്ടുള്ള ഒരു ഓർമ്മക്കുറിപ്പായി കണക്കാക്കിയാൽ മതി.
1991 ലാണ് ആദ്യത്തെ കാർ വീട്ടിൽ എത്തുന്നത്. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ. നീല നിറത്തിലെ ഒരു മാരുതി കാർ. AC യും പാട്ടുപെട്ടിയുമൊന്നുമില്ലാത്തൊരു പാവം കാർ. വീട്ടിൽ പാർപ്പിക്കാൻ നിവർത്തിയില്ലാത്തോണ്ട് അടുത്തുള്ള ഒരു പുരയിടത്തിൽ പുതുതായി ഒരു കാർ ഷെഡൊക്കെ പണിഞ്ഞാണ് ആളെ പാർപ്പിച്ചിരുന്നത്. ഞായറാഴ്ചകളിൽ പത്തുപതിനഞ്ചു കിലോമീറ്റർ ദൂരത്തിനുള്ളിലുള്ള അപ്പച്ചിയുടെയോ അമ്മാമ്മയുടെയോ വീട്ടിൽ പോകുന്നതാണ് ആകെയുള്ള കറക്കം. അങ്ങനെയിരിക്കെയാണ് അച്ഛൻ നമ്മുടെ ആദ്യത്തെ ദൂരയാത്രയെ കുറിച്ച് പറയുന്നത്. ഞാനും അച്ഛനും അമ്മയും ചേച്ചിയും നമ്മുടെ കാറിൽ യാത്ര പോകുന്നു. മനസ്സിൽ ലഡു പൊട്ടിയെന്നൊന്നും പറഞ്ഞാൽ പോരാ.. തിരുവനന്തപുരം ജില്ലവിട്ട് എങ്ങും പോയിട്ടില്ലാത്ത ഞാൻ തുള്ളിച്ചാടി.
പിന്നങ്ങോട്ട് പ്ലാനിംഗ് ദിവസങ്ങളായിരുന്നു. അച്ഛൻ കേരള ടൂറിസത്തിന്റെ ഒരു ബുക്ക് കൊണ്ടുവന്നു. കേരളത്തിന്റെ വലിയൊരു മാപ് ആ ബുക്കിനുള്ളിൽ മടക്കി വെച്ചിട്ടുണ്ട്. പോരാത്തതിന് ഓരോ സ്ഥലത്തെയും ഹോട്ടൽ ബുക്ക് ചെയ്യാനുള്ള നമ്പറുകളും മറ്റും. നമ്മുടെ യാത്ര തേക്കടിയിലേക്കാണ്. അവിടുന്ന് കൊടൈക്കനാൽ. ഞാനും ചേച്ചിയും പുതിയ ഉടുപ്പൊക്കെ വാങ്ങി ഒരു സ്യൂട്ട്കെസിൽ അടുക്കിവെച്ചു. പിന്നെ വെള്ളം കൊണ്ടുപോകാൻ ഒരു ക്യാനും വാങ്ങി. പോകുന്നതിന്റെ തലേദിവസം മാമൻ ഒരു ക്യാമറയും ഒരു റോൾ ഫിലിമും കൊണ്ടുവന്നു. ഫിലിം ലോഡ് ചെയ്ത് എടുത്ത ആദ്യത്തെ പടം എന്റേത്. സന്തോഷം കൊണ്ട് വാപൊളിച്ച് നിൽക്കുന്ന ഞാൻ; അതും മുന്നിലത്തെ പല്ലൊക്കെ പോയിരിക്കുന്ന കോലത്തിൽ.
തേക്കടിയിലേക്ക് പോയ വഴിയെ കുറിച്ചൊന്നും കാര്യമായ ഓർമ്മയില്ല. വഴിയരികിൽ കണ്ട കുരങ്ങന്മാർക്കൊക്കെ കൈയ്യിലുണ്ടായിരുന്ന പഴവും ബിസ്കറ്റുമൊക്കെ കൊടുത്തതും അവ വണ്ടിയുടെ കൂടെ ഓടിവന്നതുമൊക്കെയാണ് ഇപ്പോഴും ഓർമ്മയിലുള്ളത്. താമസം ആരണ്യ നിവാസിലായിരുന്നു. എന്റെ ഒർമ്മയിലെ ആദ്യത്തെ ഹോട്ടൽ മുറി. പുറത്തേയ്ക്ക് നോക്കിയാൽ വന്മരങ്ങൾ കാണാം, പലവിധ ശബ്ദങ്ങൾ കേൾക്കാം; അവിടെത്തന്നെ പുറത്തൊക്കെ ചുറ്റിനടന്നപ്പോൾ മലയണ്ണാനെയും കണ്ടു. അടുത്ത ദിവസം രാവിലെ ബോട്ടിങ്. ആനക്കൂട്ടത്തെയും കാട്ടുപോത്തുകളെയുമൊക്കെ കണ്ടു. തടാകത്തിൽ മരക്കുറ്റികൾ എങ്ങനെ വന്നു എന്നതായിരുന്നു അപ്പോഴത്തെ സംശയം.
കൊടൈക്കനാലിലേക്കുള്ള യാത്രയിൽ വഴിയിലെവിടുന്നോ ചൂട് പൊറോട്ട പഞ്ചസാരയിൽ തൊട്ട് കഴിച്ചത് ഓർക്കുന്നുണ്ട്. താമസിച്ച ഹോട്ടലിന്റെ പേരൊന്നും ഓർക്കുന്നില്ല. മുറിയുടെ പുറത്തിറങ്ങിയാൽ ഭംഗിയുള്ള റോസാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടം… അതിന്റെ അറ്റം അഗാധമായ കൊക്ക. വൈകുന്നേരം തണുപ്പത്ത് പുറത്തിറങ്ങാതെ മുറിക്കുള്ളിൽ തന്നെ ഇരുന്നു. രാത്രി ഭക്ഷണം റൂമിൽ ഇരുന്നു കഴിച്ചു. അന്നാദ്യമായിട്ടാണ് നൂഡിൽസ് ഒക്കെ കഴിക്കുന്നത്.
അടുത്ത ദിവസം രാവിലെ വണ്ടി സ്റ്റാർട്ട് ആവാൻ കുറച്ച് സമയമെടുത്തു. വണ്ടിക്കും തണുപ്പ് പിടിച്ചതായിരുന്നു. കൊടയ്ക്കനാൽ കറങ്ങാൻ ഒരു ഗൈഡിനെ കൂടെ കൂട്ടി. അയാളോടൊപ്പം ഒരു ക്ഷേത്രത്തിൽ പോയി. പിന്നെ ഒരു പാർക്കിലും. ഒരു ദിവസം കൂടി അവിടെ നിൽക്കാമെന്നായിരുന്നു പ്ലാൻ ചെയ്തിരുന്നത്. പക്ഷേ വണ്ടിക്ക് എന്തോ ഒരു പ്രശ്നമുണ്ടെന്ന് പറഞ്ഞ് അന്ന് തന്നെ അവിടം വിട്ടു. അച്ഛന്റെ ആദ്യത്തെ ഹൈ റേഞ്ച് ഡ്രൈവ് ആയിരുന്നു. തിരിച്ചിറങ്ങുമ്പോൾ ഞാനും ചേച്ചിയും അമ്മയുടെ രണ്ട് വശത്തുമായിരുന്ന് വാളുവെയ്ക്കലായിരുന്നു.
രാത്രി യാത്ര വേണ്ട എന്ന തീരുമാനത്തിൽ വണ്ടിപ്പെരിയാറിൽ താമസിക്കാമെന്നുവെച്ചു. ടൗണിൽ തന്നെ വഴിയരികിൽ കണ്ട ഒരു ലോഡ്ജ് ആയിരുന്നു താമസം. കുറച്ച് പഴക്കം ചെന്ന ഒരു ലോഡ്ജ്. വണ്ടിപ്പെരിയാർ ബ്രിഡ്ജിനടുത്തെന്നാണ് ഓർമ്മ. തൊട്ടടുത്ത് സിനിമ തിയേറ്റർ ഉണ്ടായിരുന്നതുകൊണ്ട് രാത്രി ഒരു സിനിമയ്ക്കും കയറി – ഫസ്റ്റ് ബെൽ. അടുത്ത ദിവസം രാവിലെ തിരിച്ച് വീട്ടിലേയ്ക്ക്.
അതിന് ശേഷം മൂന്ന് വണ്ടികൾ മാറി. പക്ഷേ ഞങ്ങളൊരുമിച്ച് ഒരിക്കലും ഇതുപോലൊരു ദൂരയാത്ര പോയിട്ടില്ല. ഞങ്ങളുടെ വാളുവെയ്ക്കൽ കൊണ്ട് അമ്മ മടുത്തിട്ടായിരിക്കും…