എഴുത്ത് – Mary Preethy Peter.
തലകെട്ട് വായിച്ചു അവിഹിതം വിചാരിച്ചു വരുന്നവർ പ്ലീസ് സ്റ്റെപ്പ് ബാക്ക്. ആദ്യം ഇപ്പോൾ 3 വയസ്സ് പൂർത്തിയായ എന്റെ മോൾക്ക് അമ്മിടെ പൊന്നിന് ജന്മദിനാശംസകൾ. ചേച്ചി ഗർഭിണി ആണെന്ന് അറിഞ്ഞ സമയം കുഞ്ഞമ്മ ആകാൻ പോകുന്നതിന്റെ സന്തോഷം ആയിരുന്നു. എന്നാൽ കുഞ്ഞമ്മ എന്ന സ്ഥാനത്തെക്കാൾ വലിയ സ്ഥാനമായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. മിക്ക കുഞ്ഞമ്മമാരെ പോലെ ഞാനും ഒരു പെൺവാവക്ക് വേണ്ടി waiting ആയിരുന്നു. അവളെ കൊണ്ട് കുഞ്ഞ എന്ന് വിളിപ്പിക്കുക എന്നതായിരുന്നു വലിയ ആഗ്രഹം. പക്ഷെ സംഭവിച്ചത് വേറൊന്നായിരുന്നു.
ആശുപത്രിയിൽ അവൾക്ക് വേണ്ടി ഓടി നടന്ന് ഓരോന്ന് ചെയ്തപ്പോൾ ക്ഷീണം തോന്നിയതേയ് ഇല്ല. വീട് ഒന്ന് തൂത്താൽ തന്നെ എനിക്ക് ഒടുക്കത്തെ ക്ഷീണമാ. സൗകര്യം കുറഞ്ഞ വീടായതിനാൽ അവൾ വീട്ടിൽ വന്നപ്പോൾ തന്നെ എന്റെ കിടപ്പ് തറേൽ ആയി. പക്ഷെ അതിൽ ഒന്നും എനിക്ക് വിഷമം തോന്നിയില്ല. വാവേനെ കാണാൻ ഓരോരുത്തർ വരുന്നു, എടുക്കുന്നു. എനിക്ക് എന്റെ കൊച്ചിനെ ഒന്ന് നേരെ ചൊവ്വേ എടുക്കാൻ പോലും പറ്റാതെ വന്നപ്പോൾ വിഷമം വന്നു. ഹാ പിന്നെ പോട്ടെന്നു വെച്ചു.
പിന്നീട് അങ്ങോട്ട് ഞങ്ങൾടെ ദിവസം ആയിരുന്നു. നിന്നോണ്ട് ഫോട്ടോ എടുക്കുന്നു ഇരുന്നോണ്ട് എടുക്കുന്നു. കരി എഴുതുന്നു ഒരുക്കുന്നു അങ്ങനെ അങ്ങനെ കൊച്ചിനെ ഞാൻ ഇങ് എടുത്തു. അവളെ തിരിച്ചു ചേട്ടന്റെ വീട്ടിൽ കൊണ്ട് പോയപ്പോൾ ആണ് വിഷമം എന്തെന്ന് അറിഞ്ഞത്. കൊച്ചിനെ തന്നിട്ട് ചേച്ചീനെ മാത്രം കൊണ്ട് പോകുന്ന ആചാരം വല്ലോം ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുമാത്ര വെറുതെ നിനച്ചു പോയ്.
പെട്ടെന്ന് ചേട്ടന് dialysis (kidney disease) തുടങ്ങിയപ്പോൾ വാവ വീണ്ടും എന്റെ കൂടെ ആയി. സന്തോഷവും സങ്കടവും ഒരുമിച്ച് വന്ന ദിവസങ്ങൾ. വെളുപ്പിനെ വാവേ ഏൽപ്പിച്ചിട്ട് അവർ ഹോസ്പിറ്റലിൽ പോകും. പിന്നങ്ങോട്ട് അവളെ കുളിപ്പിക്കുന്നതും ഒരുക്കുന്നതും ആഹാരം കൊടുക്കുന്നതും ഒക്കെ ഞാൻ ആയിരുന്നു. ഇടക്ക് ഇടക്ക് ഉള്ള ഹോസ്പിറ്റൽ വാസത്തിൽ അവൾ കുറെ ദിവസം എന്റെ കൂടെ കാണും പോകുമ്പോൾ പിന്നയും വിഷമം. എന്നാലും ഇടക്ക് ഇടക്ക് എന്റെ കൊച്ച് എന്റെ കൂടെ ഉള്ളോണ്ട് വലിയ വിഷമം ഇല്ലാതെ അങ്ങ് പോയ്.
ചേട്ടന്റെ ഓപ്പറേഷൻ വേണ്ടി അവൾ വീണ്ടും 3 മാസം എന്റെ കൂടെ ആയി. ഞാൻ ഒരു അമ്മ ആയ പോലെ ആയിരുന്നു ആ ദിവസങ്ങൾ, എനിക്ക് അവൾ മകളും. ആർത്തവ സമയത്തെ. വയറുവേദന സഹിച്ചു കിടക്കുമ്പോൾ വയർ തടവി തന്നും ഉമ്മ തന്നും എന്റെ painkiller ആയി മാറി. ആരേലും എന്നെ വഴക്ക് പറഞ്ഞാൽ അവരെ വഴക്ക് പറയുന്ന protector ആയി മാറി അങ്ങനെ എനിക്ക് എല്ലാം അവൾ ആയിരുന്നു.
പലരും പറയും നീ അവളോട് കാണിക്കുന്ന സ്നേഹം നിനക്ക് കൊച്ച് ആകുമ്പോൾ മാറും, അവൾക് അവൾടെ അമ്മേ കിട്ടുമ്പോൾ നിന്നെ വേണ്ടതാകും എന്നൊക്കെ. അതൊക്കെ അവരുടെ തോന്നൽ മാത്രം ആയിരിക്കും. ഇപ്പഴും അവർടെ വീട്ടിൽ പോയാൽ പിന്നെ ഞാൻ ആണ് അവളുടെ ലോകം. പ്രസവവേദന അറിയാതെ മകളുടെ സ്നേഹം അറിഞ്ഞ ഭാഗ്യവതിയായ പെൺകുട്ടി ആണ് ഞാൻ.
മിക്ക ചേച്ചിമാർ ഉള്ള അനിയത്തിമാർക്ക് കിട്ടുന്ന ഭാഗ്യമാണിതൊക്കെ. പക്ഷെ എനിക്ക് കൂടുതൽ ഭാഗ്യം ഉണ്ടെന്ന് വേണം പറയാൻ. അച്ഛൻ മരിച്ചതിനാൽ നഷ്ട്ടപ്പെട്ട ഒരു ബാല്യം ഉണ്ടായിരുന്നു ഞങ്ങള്ക്ക്. ആഗ്രഹിച്ചത് നേടി എടുക്കാൻ പറ്റാതെ ആശിച്ച സ്ഥലങ്ങൾ കാണാൻ പറ്റാതെ ഒക്കെ വിഷമിച്ചിട്ടുണ്ട്. എന്റെ വാവക്ക് അങ്ങനൊരിത് ഉണ്ടാകരുത്. അവളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണം. അവളേം കൊണ്ട് കറങ്ങാൻ പോകണം. അവളെ പറ്റുന്നത്ര happy ആക്കണം. ഇത്രേ ഒക്കെ ഉള്ളു. ചേച്ചിടെ മോൾ എന്നതിനേക്കാൾ എന്റെ മോളാ എന്ന് പറയാൻ ആണ് എനിക്ക് ഇഷ്ട്ടം.
അപ്പോൾ ഞാൻ പറഞ്ഞു വന്നത് പ്രസവിച്ചാലേ അമ്മ ആകു എന്ന് പറയുന്നത് വെറുതെയാ. ഏതൊരു കൊച്ചിനേം നമ്മൾടെ ആയി നോക്കിയാൽ നമ്മൾ പോലും അറിയാതെ അമ്മ ആയിക്കോളും. എല്ലാരും എന്റെ കൊച്ചിന് വേണ്ടി പ്രാർത്ഥിക്കണേ…