വിവരണം – Arun Vinay.
നാട്ടിലെ ചൂട് സഹിക്കാൻ വയ്യാതെ കിളി പോയിരുന്ന സമയത്താണ് ഒരു പോസ്റ്റിനു വന്ന കംമെന്റിലൂടെ മാത്തൂർ തൊട്ടിപ്പാലത്തെ കുറിച്ച് കണ്ടത്. പണ്ട് മലയാളം സാർ പറഞ്ഞപോലെ ആകാശത്തിനു കീഴെ ഉള്ള ഏതൊരു കാര്യവും ഒന്നുകിൽ പെണ്ണുമ്പിള്ളയോട് ചോദിക്കണം അല്ലെങ്കിൽ പിന്നെ ഗൂഗിളേ ശരണം. നമ്മൾ പിന്നെ സിംഗിൾ ആയതുകൊണ്ട് (ലൈൻ സെറ്റ് ആക്കാനുള്ള സൈക്കളോടിക്കൽ മൂവ്) നേരെ ഗൂഗിള്‍ കൊച്ചിനോട് ചോദിച്ചു. കൂടെ വർക്ക് ചെയ്യുന്ന ടീമ്സിനേം സെറ്റ് ചെയ്തു ഇറങ്ങിയപ്പോ കൂടെ വരാൻ ബുള്ളറ്റ് ചെക്കനൊരു മടി. പിന്നെ പെങ്ങളൂട്ടിയുടെ കണ്ണും വെട്ടിച്ചു അവളുടെ ഹോണ്ട ഡിയോയും എടുത്തൊരൊറ്റ വിടക്കം. പാവം പരീക്ഷയ്ക്ക് പോകാൻ പെട്രോൾ അടിച്ചു വച്ചതു കൊണ്ടു വലിയ ചെലവ് വന്നില്ല.
രണ്ടു നാടുകൾക്കുമിടയിൽ ജലക്ഷാമം വന്നസമയത് 1966ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കാമരാജ് ഏകദേശം 30 ലക്ഷംരൂപ ബഡ്ജറ്റിൽ നിർമ്മിച്ചതാണ് സംഗതി. വിചാരിച്ചതു പോലെ അത്ര ചെറുതല്ല സംഭവം എന്ന് നേരിട്ട് കണ്ടപ്പോ മനസ്സിലായി. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരവും നീളമുവുമുള്ള അക്വഡക്റ്റുകളിൽ ഒന്നാണ് മാത്തൂർ തൊട്ടിപ്പാലം. കന്യാകുമാരി ജില്ലയിൽ തിരുവട്ടാറിൽ നിന്നും 3 കിലോമീറ്റർ അകലെ പറളിയാറിന് കുറുകേ ഇത് സ്ഥിതി ചെയ്യുന്നു. കാർഷിക ജലസേചനാർത്ഥം നിർമ്മിക്കപ്പെട്ട ചിറ്റാർ പട്ടണം കനാലിന്റെ ഭാഗമായി രണ്ട് കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന്; ഏകദേശം 115 മീറ്റർ പൊക്കത്തിൽ ഒരു കിലോമീറ്റർ നീളത്തിലാണ് ഇത് നിർമ്മിച്ചത്. കൃത്യമായി പറഞ്ഞാൽ ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്കു പാലത്തിലൂടെ വെള്ളം എത്തിക്കുക. പറളിയാറിന്റെ ഇരുകരയിലുമുള്ള കണിയാന് പാറയ്ക്കും കൂട്ടുവായു പാറയ്ക്കും ഇടയിലാണ് തൊട്ടിപ്പാലം ഉള്ളത്. 29 തൂണുകളിലായാണ് ഈ പാലം നിൽക്കുന്നത്.
തിരുവനന്തപുരത്തുള്ളവർക്ക് ഒരു വൺഡേ ട്രിപ്പ് പോകുവാൻ പറ്റിയ ബെസ്റ്റ് സ്ഥലമാണ് മാത്തൂർ തൊട്ടിപ്പാലം. മാര്‍ത്താണ്ഡം വഴി തിരുവട്ടാറിലെത്തിയാല്‍ മൂന്ന് കിലോമീറ്റര്‍ അകലെയാണ് മാത്തൂര്‍ തൊട്ടിപ്പാലം. തക്കല-പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് 14 കിലോ മീറ്ററും. തൃപ്പരപ്പ് വെള്ളച്ചാട്ടത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുമാണ് മാത്തൂര്‍ തൊട്ടിപ്പാലം. 29 തൂണുകളില്‍ നിര്‍മിച്ചിരിക്കുന്ന തൊട്ടിപ്പാലത്തിന്റെ മുകളില്‍നിന്നു നോക്കുമ്പോള്‍ നാല് ചുററും പച്ച പരവതാനി വിരിച്ചതുപോലുള്ള ദൃശ്യഭംഗിയും പാലത്തിന്റെ നിര്‍മാണ രീതിയും പറളിയാറും മാത്തൂരിനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു.
തിരുവനന്തപുരത്തു നിന്നും ഇത്രേം അടുത്തായിട്ടും ഇങ്ങനൊന്നു അറിയാൻ ഇത്രേം നാളെടുത്തു. നല്ല മഴയും തണുത്തകാറ്റും ഉണ്ടായിരുന്നത് കൊണ്ട് ക്ഷീണവും തോന്നിയില്ല. അവധിദിവസം നോക്കി ലൈഫിന്റെ മടുപ്പൊക്കെ മാറ്റാൻ പിള്ളാരേം വിളിച്ചൊന്നു കറങ്ങി വരാൻ പറ്റിയ ഒരു ഒന്നൊര വ്യൂ കിട്ടുന്ന സ്ഥലമാണ് ഇവിടം. ഈ സിനിമകളിലൊക്കെ കേരളഗ്രാമം എന്നൊക്കെ പറഞ്ഞു കാണിക്കുന്ന ഹരിതാഭയും പച്ചപ്പുമൊക്കെ കൊണ്ട് മാസ്സ് ആണ് ഇവിടം. ചെലവ് കുറഞ്ഞരീതിയിൽ കണ്ടു മടങ്ങാം ആർക്കായാലും.ഈ ചൂട് സമയത്തു ഒന്ന് മുങ്ങിക്കുളിക്കാനൊക്കെ പറളിയാറു ബെസ്റ്റാ…