വിവരണം – ശുഭ ചെറിയത്ത്.
“ഇന്ന് ഉച്ചക്ക് പോകാൻ പറ്റിയ സ്ഥലം ഉണ്ടോ? കൂട്ടിന് ആളും. കുറേ കാലമായി ഒരു യാത്ര പോയിട്ട്.” ജനുവരി 29 ആം തീയ്യതി ശനിയാഴ്ച രാവിലെ 9.15 ന് ‘ചിത്രശലഭം’ വനിതാ യാത്രാ വാട്സപ്പ് ഗ്രൂപ്പിൽ ഒരു ഗ്രൂപ്പംഗത്തിന്റെതായി വന്ന മെസ്സേജിനെ തുടർന്നായിരുന്നു ഗ്രൂപ്പ് അഡ്മിൻ ലില്ലിയ ചേച്ചി കല്പറ്റയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരപരിധിയിലുള്ള മൈലാടിപ്പാറയിൽ ഉച്ചയ്ക്ക് ശേഷം പോകാമെന്നറിയിച്ചത്.
ഏകദേശം 11.30 ഓടെ തന്നെ പന്ത്രണ്ട് ആളുകൾ കൂടെ ഞങ്ങളുമുണ്ടെന്ന തീരുമാനം അറിയിച്ചു. പലതവണ കണ്ടതാണേലും കുഞ്ഞൻ വൈറസിന്റ വരവോടെ കുറച്ചു കാലമായുള്ള
അടച്ചിരിപ്പിൽ നിന്ന് ഒരിത്തിരി ആശ്വാസം. ഒരല്പം ശുദ്ധവായു… അല്പം സൊറ പറച്ചിൽ… ഇതൊക്കെ മനസ്സിൽ കണ്ടു ഞാനും പോകാനുറച്ചു. വരുന്നവർ വൈകുന്നേരം 3.30 ഓടെ കല്പറ്റ പഴയ സ്റ്റാന്റിനു മുന്നിൽ എത്താൻ നിർദേശിച്ചു.
വാചകമവസാനിപ്പിച്ച് പാചകം ധൃതിയിലാക്കി മോനേയും കൂട്ടി പോകാനൊരുങ്ങി ഞാനും. സമയനിഷ്ഠ എന്നൊന്ന് പഠിക്കുന്ന കാലം തൊട്ടേ ഇല്ലെങ്കിലും യാത്രാക്കാര്യത്തിൽ എല്ലാം ഒരല്പം നേരത്തെയാണ്. റഹ്മാനിക്കയെ വിളിച്ച് 3.15 ഓടെ ഓട്ടോ എത്താൻ ഏർപ്പാടാക്കി.
സമയം 3.14, മുറ്റത്ത് നിന്ന് ഓട്ടോയുടെ ഹോൺ ശബ്ദം. സമയനിഷ്ഠയിൽ അങ്ങേരെ വെല്ലാൻ ആരുമില്ല. ഒട്ടും അമാന്തിക്കാതെ ഓട്ടോയിൽ ചാടിക്കേറി ഞാനും മോനും കല്പറ്റ ടൗണിൽ ചെന്നിറങ്ങി. അപ്പോഴേക്കും ടീം അംഗങ്ങളെല്ലാം റെഡിയായി നില്പുണ്ടായിരുന്നു. കുട്ടികളടക്കം 16 പേർ. ഇനി മറ്റൊരു ഓട്ടോ പിടിച്ച് മയിലാടിപ്പാറയിലേക്ക്. മുന്നിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നും നാലു ഓട്ടോകളിലായി ബൈപ്പാസ് റോഡ് ലക്ഷ്യം വച്ച് ഓട്ടോ റാലി.
വെയിൽ ചൂട് അപ്പോഴും കുറഞ്ഞിരുന്നില്ല. പൊതുവേ ബൈപ്പാസ് റോഡരികിൽ വാഹനം പാർക്ക് ചെയ്ത് നടക്കാറാണ് പതിവെങ്കിലും ഇത്തവണ എത്താവുന്നതിന്റെ പരമാവധി ദൂരം ഓട്ടോ ഞങ്ങളെ എത്തിച്ചു. ഇതു വഴിയുള്ള മുൻയാത്രകളിൽ കണ്ട സെൻട്രൽ ജയിലിലെ മതിലിനെ അനുസ്മരിപ്പിക്കും വിധം റോഡരികിലെ ചെങ്കുത്തായ കരിമ്പാറക്കൂട്ടങ്ങളെ ഓട്ടോയിലിരുന്നു കണ്ടു.
റോഡരികിലെ ശ്മശാനം ജീവിത യാത്രയിൽ മരണത്തിന്റെ ഓർമ്മപ്പെടുത്തലുമായി നിൽക്കുമ്പോഴും യാത്രയുടെ നിറം കെടുത്തേണ്ടെന്ന് കരുതി ഗൗനിച്ചില്ല. നിലവിലാ കടമ്പ ഓട്ടോയിൽ കടന്നെങ്കിലും കൗശലക്കാരനായ മനസ്സ് മുന്നേ കണ്ട ആ കാഴ്ചയുടെ വീഡിയോ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞിരുന്നു.
ഓട്ടോയിൽ നിന്നിറങ്ങുമ്പോൾ നട്ടുച്ച നേരത്തും പൊള്ളുന്ന വെയിൽ ചൂടിൽ മലകയറിയിറങ്ങുന്ന കാമുകീകാമുകൻമാർ. ആവതു പണിപ്പെട്ടിട്ടും കത്തുന്ന ചൂടിലും പ്രണയം പൂത്തു നിൽക്കുന്നതു കണ്ട് ലജ്ജിച്ചെന്നോണം പൊടുന്നനേ സൂര്യൻ മേഘങ്ങൾക്കിടയിലൊളിച്ചു, നമുക്ക് സുഗമ യാത്രയ്ക്ക് അനുമതിയേകി. സൂര്യന്റെ ഒളിച്ചുകളിയിൽ ഞങ്ങളും
സന്തോഷിച്ചു. തൊട്ടടുത്ത വീടിനോടു ചേർന്ന പെട്ടിക്കടയിലെ ചില്ലു ഭരണിയിലെ ഉപ്പുവെള്ളത്തിൽ മുങ്ങാംകുഴിയിട്ട മാങ്ങയും, നെല്ലിക്കയും കൂടെ വരാൻ ആഗ്രഹം പ്രകടിപ്പിച്ചു.
ഇനിയങ്ങോട്ട് അരക്കിലോമീറ്റർ ചെറിയൊരു ട്രക്കിങ്ങ് എന്നു പറയാം. കുട്ടികൾക്കും പ്രായമായവർക്കു പോലും അനായാസേന ഈ കുഞ്ഞുമല കയറാം. ഇരുവശവും തോട്ടങ്ങൾ അതിരിടുന്ന കരിങ്കൽ വഴിയിലൂടെ നടത്തം. സൂക്ഷ്മമായി നോക്കിയാൽ ഈ കരിങ്കൽക്കൂട്ടങ്ങളെ പ്രകൃതി അവളുടേതായ ചിത്രവേലകൾ കൊണ്ട് സമ്പന്നമാക്കിയതു കാണാം. കാഴ്ച അതു കാണുന്നവന്റെ മനസ്സ് പോലിരിക്കും.
ചിലയിടങ്ങളിൽ ചെറിയൊരു ഗുഹാമുഖം തുറന്നിരിക്കുന്നു പ്രാപഞ്ചിക സത്യങ്ങളുടെ ഓർമ്മപ്പെടുത്തലുമായി. കരിമ്പാറക്കൂട്ടത്തിലേക്ക് വേരുകളാഴ്ത്തി വൃക്ഷങ്ങൾ പടർന്നു
പന്തലിച്ചു നിൽക്കുന്നു. പ്രാണൻ പോയാലും പ്രാണനാഥയെ കൈവിടാൻ ഒരുക്കമല്ലെന്ന ഭാവേന പാറക്കൂട്ടങ്ങൾ വൃക്ഷങ്ങളെ ഹൃദയത്തോട് ചേർത്തു പിടിച്ചു നിൽക്കുന്ന കാഴ്ച പ്രകൃതിയിലെ മനോഹര പ്രണയത്തിന്റെ നേർ സാക്ഷ്യമായി.
ഓരോ കാഴ്ചയിലും പെട്ട് ഒരല്പം പിറകിലായിപ്പോയിരുന്ന ഞാൻ ഓടി അവർക്കൊപ്പമെത്തി. കണ്ണിൽ കണ്ട പാറക്കൂട്ടങ്ങളിലേക്കും മരകൊമ്പിലേക്കും പാഞ്ഞുകയറി മോനും അടച്ചിട്ട മുറിയിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ ആകാശത്ത് പാറിപ്പറന്ന് പ്രകൃതിയുടെ മടിത്തട്ടിലേക്ക് ചാഞ്ഞു.
ഇരുവശവും ഉയർന്ന പാറക്കെട്ടുകൾക്കിടയിലൂടെയുള്ള വഴി താണ്ടി മയിലാടിപ്പാറയിലെത്തി. കറുത്ത പാറക്കെട്ടുകൾക്കിടയിൽ ഉയർന്നു നിൽക്കുന്ന ഒരു കൊച്ചു ക്ഷേത്രം. അതു തന്നെയാണ് മയിലാടിപ്പാറയിലെ പ്രധാന ആകർഷണം. വയനാട്ടിലെ സമ്പന്നമായ ജൈനസംസ്കൃതിയെ അടയാളപ്പെടുത്തുന്നു ഈ ക്ഷേത്രം. ചന്ദ്രനാഥ സ്വാമിയാണ് ഇവിടത്തെ പ്രതിഷ്ഠ.
ബൈപ്പാസ് വഴി കടന്നു പോകുന്നു ഏതൊരാളും ഒരല്പം കൗതകത്തോടെ മയിലാടിപ്പാറയെ നോക്കി കണ്ടിട്ടുണ്ടാവും. നഗരത്തിന്റെ പല ഭാഗത്തു നിന്നും കണ്ണിനു വിരുന്നേകും ഈ കാഴ്ച. നഗരത്തിരക്കിൽ നിന്നും മാറി സായാഹ്നത്തെ സുന്ദരമായി വരവേൽക്കാൻ, അസ്തമയ സൂര്യന് യാത്രാമൊഴിയേകാൻ, കണ്ണിനും മനസ്സിനും ഒരുപോലെ കുളിരേകാൻ പറ്റിയ ഒരിടം.
ക്ഷേത്രനാമം ആലേഖനം ചെയ്ത ചെറു ബോർഡ് വായിച്ചു. നീണ്ടുനിവർന്നു കിടക്കുന്ന പാറയുടെ പല ഭാഗങ്ങളിലിരുന്നു നഗര കാഴ്ചകളിലേക്ക് കണ്ണോടിക്കുന്ന ചിലർ. വയനാടിന്റെ ആസ്ഥാന നഗരമായ കല്പറ്റയുടെ പൂർണ്ണമായ ആകാശ കാഴ്ച ഇവിടെ നിന്നും കിട്ടും. തണുത്ത വയനാടൻ കാറ്റുവന്ന് പുണർന്നപ്പോൾ ക്ഷീണവും ദാഹവും മാറി. സൂര്യൻ ഒളിച്ചു കളി മതിയാക്കി മേഘജാലകത്തിലൂടെ പുറത്തിറങ്ങി എത്തിനോക്കി. തെല്ലും പരിഭവം തോന്നിയില്ല.
മുന്നേ ജല സമൃദ്ധമായ മയിലാടിപ്പാറയിലെ കൊച്ചു ജലാശയം പാടെ വറ്റി വരണ്ടിരിക്കുന്നു. അതിന്റെ ഓരത്തായി രണ്ടു മരങ്ങൾ കാലങ്ങളായി നഗരകാഴ്ചകൾ കണ്ടങ്ങനെ പ്രണയാതുരരായി നിൽക്കുന്നു. മണിക്കുന്നു മലയുടേയും, ചെമ്പ്രമലയുടെയും, ബാണാസുരമലയുടേയുമൊക്കെ വിദൂര ദൃശ്യങ്ങൾ ഇവിടെ നിന്നും കാണാം. അവ നമ്മെ മാടി വിളിക്കുന്നുണ്ട്.”ചെമ്പ്രയിലേക്ക് നമുക്ക് ഒരു ട്രിപ്പ് പോയാലോ?”പലരും ഗ്രൂപ്പ് ലീഡറോട് സൂചിപ്പിച്ചു.
ഒരല്പം തണലുള്ള ഇടത്തിൽ ഇരിപ്പുറപ്പിച്ച് ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തൽ തുടങ്ങി. ഗ്രൂപ്പംഗങ്ങളിൽ പലരേയും ആദ്യമായ് കാണുന്നതാണ് ഞാൻ. ഒരുമിച്ചൊരു
സായാഹ്നം പങ്കിടാൻ ഒത്തുചേർന്നവർ അവിടെ സൗഹൃദത്തിന്റെ വർണ്ണപ്പട്ടം പറത്തി. വെയിൽ ചൂടിലും നനുത്ത കാറ്റ് സ്നേഹാശ്ലേഷണം ചെയ്തു കൊണ്ടിരുന്നു. പിന്നെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം അവിടെ നിന്നും ഒരല്പം മുന്നിലേക്ക് നടന്നു. അവിടെയും വലിയ കരിങ്കൽക്കൂട്ടങ്ങൾ കാണാം.
പോകുന്ന വഴി നിറയെ വെയിൽ ചൂടിൽ കരിഞ്ഞു നിൽക്കുന്ന പുല്ലുകൾ. ചെറു മരങ്ങളിലേക്ക് പടർന്നു കയറി വള്ളിച്ചെടികൾ സമൃദ്ധമായ് കായ്ച്ചു നിൽക്കുന്നു. മരത്തലപ്പിലിരുന്ന കുഞ്ഞു കിളികളുടെ പാട്ടിന് കാതോർത്തു ഞാനും കരിങ്കല്ലിൽ കൊത്തിയ താമരയിതളുകൾക്ക് നടുവിലെ വലിയ കാൽപ്പാദങ്ങൾക്ക് മുന്നിലെത്തി. ഒരല്പനേരം അവിടെ ചെലവഴിച്ച് സൂര്യാസ്തമയമടുത്തതിനാൽ വേഗം ക്ഷേത്രത്തിനു സമീപം എത്തിച്ചേർന്നു. അപ്പോഴേക്കും കൂടുതൽ ആളുകൾ അസ്തമയം കാണാനായി അവിടേക്ക് വന്നുകൊണ്ടിരുന്നു.
ആളുകൾ കൂടുന്ന ഇത്തരം സ്ഥലങ്ങളിൽ അതിവേഗം കുന്നു കൂടുന്ന ഒന്നാണല്ലോ പ്ലാസ്റ്റിക്ക്. കൊറിക്കാനും കുടിക്കാനുമായി കയ്യിൽ കരുതുന്ന പലതിന്റെയും കവറുകൾ അവിടവിടെയായി വലിച്ചെറിയുന്നു. അങ്ങനെ കൂടി കിടക്കുന്ന പ്ലാസ്റ്റിക്ക് കവറുകൾക്കു നേരേ മുഖം തിരിച്ചു വച്ചൊരു ബോർഡും ശുചിത്വ പാലനത്തെ ഓർമ്മപ്പെടുത്തി. കയ്യിൽ പലഹാരപ്പൊതിയുമായി വന്നവരുടെ സമീപം സ്നേഹത്തോടെ ഇരിപ്പുറപ്പിച്ച വാനരൻമാർ അസ്തമയം ഇരിക്കുന്നവരുടെ മുഖത്താണെന്ന ഭാവേന കണ്ണുകൾ തുറന്നിരുന്നത് ചിരി പടർത്തി.
പടിഞ്ഞാറൻ ചക്രവാളത്തിൽ പൊന്നിൻ വെട്ടം പടർന്നു തുടങ്ങി. സൂര്യൻ വിടവാങ്ങലിനൊരുങ്ങുമ്പോൾ മയിലാടിപ്പാറയോട് വിട പറയാനൊരുങ്ങി ഞങ്ങളും. ഇതുവഴി ബൈപ്പാസിലേക്ക് എളുപ്പ വഴിയുണ്ടെന്ന കൂട്ടത്തിലൊരാളുടെ അഭിപ്രായത്തിന്റെ പിൻബലത്തിൽ എത്തിച്ചേർന്നത് പാറക്കല്ല് വിരിച്ച മൈതാനത്തെ അനുസ്മരിപ്പിക്കുന്ന ഒരിടത്തായിരുന്നു. ഓടിച്ചാടി മറയാൻ തോന്നുന്നൊരിടം. ഒരല്പ സമയം പാറക്കല്ലിലിരുന്ന് വിശ്രമിച്ചു.
മുന്നേ വന്ന വഴിയിൽ ഒരു ശ്മശാനമുണ്ട്. കൂട്ടത്തിലൊരാൾ വീണ്ടും ഓർമ്മപ്പെടുത്തി. ഓർത്തെടുത്താൽ ജീവിതവും ഇതു പോലാരു മലകയറ്റം തന്നെ. വരുന്നു എല്ലാം സ്വന്തമാക്കിയെന്ന് കരുതുമ്പോഴേക്കും തിരിച്ചിറക്കം. അത് മരണത്തിലേക്കാണെന്നു മാത്രം.
സമയം സന്ധ്യയോടടുത്തിരിക്കുന്നതിനാൽ തിരക്കിട്ട് അവിടെ നിന്നിറങ്ങുമ്പോൾ വഴി കാണാനില്ല. “ദൈവമേ ….! ഇനി വന്നവഴി തിരിച്ചു കയറണോ?”
കൂട്ടത്തിലുള്ള പലരും ഗദ്ഗദപ്പെട്ടു. “പുതിയൊരു വഴി വെട്ടി തെളിക്കേണ്ടി വരുമോ?” താഴെ ബൈപ്പാസ് റോഡിലൂടെ നീങ്ങുന്ന വാഹനങ്ങളുടെ ശബ്ദം കേൾക്കാം. മുന്നിലാണേൽ വഴി വ്യക്തമാകുന്നില്ല. കാട്ടുപുല്ലുകളും ചെടികളും കൊണ്ട് വഴി മൂടിയിരിക്കുന്നു. ഒരു പക്ഷെ അവയുടെ ചെറു തമാശകളാവുമോ ഇത്?
പല ഭാഗത്തായി പലരും വഴി തിരഞ്ഞെങ്കിലും കൂട്ടത്തിലൊരു വിരുതൻ അവസാനം വഴി കണ്ടെത്തി. ആ വഴുക്കൻ വഴിയിലുടെയുള്ള യാത്ര അല്പം സാഹസികത നിറഞ്ഞതായിരുന്നു. തെന്നിയും ഊർന്നും പരസ്പരം താങ്ങിയും താഴേ ബൈപ്പാസ് റോഡിലെത്തി. കൈനാട്ടി വരെ നടക്കാനൊരുങ്ങുമ്പോഴേക്കും മുന്നിലൊരു ഓട്ടോ. അതിൽ കയറി വീട്ടിലേക്ക്… പൊടുന്നനെ തീരുമാനിച്ച യാത്രാ വിശേഷവുമായി…