കഴിഞ്ഞ വർഷം നടത്തിയ റഷ്യൻ യാത്രയ്ക്കിടെ അവിടത്തെ ആദ്യത്തെ മക്ഡൊണാൾഡ്‌സ് കഫേയിൽ കയറുകയും വീഡിയോ ചെയ്യുകയുമുണ്ടായി. നിങ്ങളിൽ പലരും ആ എപ്പിസോഡ് കണ്ടിട്ടുമുണ്ടാകും. എന്നാൽ ഇപ്പോൾ വളരെ വേദനാജനകമായ ആ വാർത്ത വന്നിരിക്കുകയാണ്. മക്ഡൊണാൾഡ്‌സ് റഷ്യയിൽ നിന്നും പിന്മാറുകയാണ്.
യുക്രെയ്നിലെ റഷ്യൻ ആക്രമണമാണ് റെസ്റ്റോറന്റുകൾ അടച്ചുപൂട്ടുന്നതിലേക്ക് കമ്പനിയെ നയിച്ചത്. റഷ്യയിലെ 850 റസ്റ്റോറന്‍റുകളും വിൽക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. നിലവിലുള്ള 62000 തൊഴിലാളികൾക്കും കരാർ കഴിയും വരെ ശമ്പളം നൽകുമെന്നും ഇവർക്കെല്ലാം ജോലി നൽകുന്ന പുതിയൊരു കമ്പനിക്ക് റസ്റ്റോറന്‍റുകൾ വിൽക്കുമെന്നും മക്ഡൊണാൾഡ്സ് വ്യക്തമാക്കി.
ഒരു പ്രധാന വിപണിയിൽ നിന്നും മക്ഡൊണാൾഡ്‌സ് കമ്പനി പുറത്ത് കടക്കുന്നത് ഇതാദ്യമായാണ്. റഷ്യയിലെ ബിസിനസ് അവസാനിപ്പിക്കുന്നതിലൂടെ 1.2 മുതൽ 1.4 ബില്യൺ ഡോളറിന്‍റെ ഇടിവ് കമ്പനിക്ക് ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ മാസം ആദ്യപാദത്തിൽ 1.1 ബില്യൺ ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. എന്നാൽ, 2021ൽ ഇത് 1.5 ബില്യൺ ഡോളറായി.
1990 ലാണ് മക്ഡൊണാൾഡ്‌സ് റഷ്യയിൽ ആരംഭിച്ചത്. പുഷ്കിൻസ് സ്‌ക്വയർ എന്ന സ്ഥലത്ത് കഫെ പുഷ്കിന് അടുത്തായിരുന്നു റഷ്യയിലെ ആദ്യത്തെ മക്ഡൊണാൾഡ്‌സ് ഷോപ്പ് സ്ഥിതി ചെയ്തിരുന്നത്. ഇത് ഇവിടെ തുടങ്ങിയ സമയത്ത് റഷ്യയിലെ ഒരു Expensive Food ആയിരുന്നു മക്ഡൊണാൾഡ്‌സ്.
ഒരു ദിവസം അയ്യായിരത്തിലധികം ആളുകൾ ഒരേ ക്യൂവിൽ നിന്നുകൊണ്ട് ഇവിടെ നിന്നും ഭക്ഷണം വാങ്ങിച്ച ചരിത്രവും റെക്കോർഡും കൂടിയുണ്ട് റഷ്യയിലെ ആദ്യത്തെ ഈ മക്ഡൊണാൾഡ്‌സ് കഫേയ്ക്ക്. പുതിയ പുതിയ ചെയിൻ റെസ്റ്റോറന്റുകളും, കഫേകളുമൊക്കെ റഷ്യയിൽ വേറെ വന്നെങ്കിലും മക്ഡൊണാൾഡ്‌സിൽ എപ്പോഴും തിരക്കു തന്നെയായിരുന്നു.
രാജ്യത്തു നിന്നും പിന്മാറുന്നുവെന്ന പ്രഖ്യാപനം വന്നതോടെ റഷ്യയിലെ വിവിധ ഭാഗങ്ങളിലുള്ള മക്ഡൊണാൾഡ്‌സ് പരസ്യങ്ങളും കമാനങ്ങളും മറ്റ് ചിഹ്നങ്ങളും നീക്കം ചെയ്യാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. അതേസമയം, റഷ്യയിൽ നിന്ന് പുറത്ത് കടന്നാൽ 1300 പുതിയ റസ്റ്റോറന്‍റുകൾ ആരംഭിക്കുമെന്നും കമ്പനി പറയുന്നുണ്ട്. നൂറിലധികം രാജ്യങ്ങളിലായി 39000 കേന്ദ്രങ്ങൾ കമ്പനിക്കുണ്ട്.