വിവരണം – ചാന്ദ്‌നി ഷാജു.
മീശപുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ!!!! ഒന്ന് മാറ്റി പിടിക്കാറായില്ലേഡേ !! എന്നാവും നിങ്ങൾ ചിന്തിക്കുന്നത് ല്ലേ. പക്ഷെ എനിക്ക് അങ്ങനെ അല്ല. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത യാത്ര ; അത് എനിക്ക് ഇത്രമേൽ ഹൃദ്യമാവാൻ കാരണം, ഇനി ഒരിക്കൽ കൂടി ഇതുപോലുള്ള ട്രിപ്പ് സാധ്യമാവോ എന്ന് ഉറപ്പില്ലെന്നത് തന്നെ……
എല്ലാരും പോയ അനുഭവങ്ങൾ ഇവിടെ പങ്കു വെക്കുമ്പോൾ എനിക്കു ഇവിടെ വ്യത്യസ്തമായ ഒരു കാര്യം ആണ് പറയാനുള്ളത്. Bcoz എന്നെ പോലെ ആഗ്രഹമുണ്ടായിട്ടും നമ്മളെ കൊണ്ടു ഈ ട്രെക്കിങ് പൂർത്തിയാക്കാൻ സാധിക്കുമോ എന്ന് ചിന്തിക്കുന്ന പെൺകുട്ടികൾ ക്കു വേണ്ടിയിട്ടാണ് ഇതു എഴുതുന്നത്. മാത്രമല്ല ഒരേ സ്ഥലത്തേക്ക് 10 പേർ പോയാൽ 10 വ്യത്യസ്ത അനുഭവം ആയിരിക്കും.
കഴിഞ്ഞ ഡിസംബറിൽ ആണ് മീശപുലിമല ക്ക് kfdc യുടെ പാക്കേജ് ഉണ്ടെന്നറിയുന്നതു. ചാർളി കണ്ടതു മുതൽ കേൾക്കുന്നതാണ് മീശപുലിമലയിൽ മഞ്ഞു വീഴുന്ന കഥ കേൾക്കാൻ. അപ്പോഴൊക്കെ യും അങ്ങോട്ട് പോവുന്ന കാര്യമൊക്കെ ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാ എന്നേ വിചാരിച്ചിരുന്നുള്ളു. എന്നാൽ യാത്ര പേജിൽ kfdc യുടെ പാക്കേജ് നെ കുറിച്ച് കേട്ടപ്പോൾ പോയാലോ എന്നൊരാഗ്രഹം. ചുമ്മാ ഹസിനോട് ചോദിച്ചപ്പോൾ ഓക്കേ ന്ന് പറഞ്ഞു. ശരിക്കും excited ആയി.മക്കളെ എന്റെ വീട്ടിൽ ആക്കാം. കൂടാതെ കസിൻ ശ്രീകാന്ത്, രോഹിണി കല്യാണം കഴിഞ്ഞിട്ട് അധികം ആയിട്ടില്ല. അവനാണെങ്കിൽ ട്രിപ്പ് പോവാൻ കൂട്ട് കിട്ടാൻ കാത്തിരിക്കാ. അപ്പൊ അവനെ വിളിച്ചപ്പോൾ അവൻ ഇന്നലെ റെഡി. എല്ലാ ഡീറ്റെയിൽസും തപ്പി എടുത്തു. അപ്പോ മനസിലായി, വിചാരിച്ച പോലെ അത്ര എളുപ്പമല്ലെന്ന്. പിന്നെ കസിൻ ബ്രദർ അവിടെ പോയിട്ടുണ്ടായിരുന്നു. അവനെ വിളിച്ചു കാര്യങ്ങൾ എല്ലാം അന്വേഷിച്ചു.
എല്ലാ അന്വേഷണങ്ങളിൽ നിന്നും, നടക്കാൻ കുറെ ഉണ്ടെന്നും നല്ല തണുപ്പാണെന്നും കേട്ടപ്പോൾ hus ന് doubt ആയി.വേണോ !! എന്നെ കൊണ്ടു പറ്റോ. പിന്നെ മാക്സിമം discourage ചെയ്യാൻ തുടങ്ങി. കാരണം, ആൾക്കറിയാം ; എന്തെങ്കിലും ആയാൽ യ്യോ വയ്യ വയ്യാന്നു പറയണ ആളാ ഞാൻ . വേണോ, നമുക്ക് മൂന്നാറിൽ തന്നെ വേറെ എവിടേക്കെങ്കിലും പോവാം. ന്ന് പറഞ്ഞു തുടങ്ങി. മുന്നേ മൂന്നാർ കണ്ടിട്ടുള്ളതാ. അതുകൊണ്ട് എനിക്കു ഒറ്റ ചിന്തയെ ഉണ്ടാരുന്നുള്ളു. മീശപുലിമല തന്നെ പോണം. I can. I will . എന്ന് മനസ്സിൽ ഉറപ്പിച്ചു. പിന്നെ ശ്രീകാന്തും നല്ല സപ്പോർട്ട് ആയിരുന്നു. ചേച്ചി അതൊക്കെ നമ്മള് കേറും…. പിന്നല്ല ! 2018 ഫെബ്രുവരി യിൽ ആണ് ഞങ്ങൾ പോയത്.
ബുക്ക് ചെയ്യുന്നതിന് മുമ്പുള്ള നിമിഷത്തിലും, hus പറയുന്നുണ്ടായിരുന്നു, നമുക്ക് മൂന്നാറിൽ ഒരു റൂം എടുത്തു അവിടത്തെ തണുപ്പ് ഒക്കെ കൊണ്ടു കറങ്ങിയാൽ പോരേ !!! വെറുതെ എന്തിനാ കയ്യിലെ പൈസയും കൊടുത്തു കഷ്ടപ്പെടാൻ പോണേ !!!! ആ മെന്റാലിറ്റി യോടെ പോയിട്ട് കാര്യല്ല ട്ടാ.. ഞാൻ ഓർമിപ്പിച്ചു. പിന്നീട് അങ്ങോട്ട് ,ബുക്ക് ചെയ്തിട്ടുള്ള കാത്തിരിപ്പായിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. കുട്ടികൾ ഇല്ലാത്തതു കൊണ്ടു തന്നെ ആന വണ്ടിയിൽ പോവാം ന്ന് തീരുമാനിച്ചിരുന്നു.കുറച്ചു കാലമായി കേൾക്കുന്നതാണ് ആന വണ്ടി ഇഷ്ടം. കുട്ടിക്കാലത്തു അമ്മ വീട്ടിൽ പോവുമ്പോളാണ് ആന വണ്ടിയിൽ പോയിരുന്നത്. അന്ന്, ആ യാത്ര മാത്രം തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം വേറൊന്നുമല്ല. എനിക്കു യാത്രയിൽ ഛർദ്ദിയുടെ അസ്കിത ഉണ്ടേ !! പക്ഷെ കല്യാണത്തിന് ശേഷം പിന്നെ ഇപ്പോളാണ് അതിൽ കയറാൻ പൂതി തോന്നിയത്.
അങ്ങനെ തൃശൂർ നിന്നും രാവിലെ 7മണിക്ക് മൂന്നാർക്കുള്ള ksrtc യിൽ ഞങ്ങൾ 4 പേരും കയറി. നല്ല സുഖകരമായ യാത്ര. കുറച്ചു നേരം ഉറങ്ങിയെങ്കിലും അടിമാലി തൊട്ടു കാത്തിരുന്നു , നേരിയ തണുപ്പ് ശരീരത്തിലേക്കു അരിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ മനസിലായി , മൂന്നാറിലേക്ക് അടുത്ത് കൊണ്ടിരിക്കയാണെന്നു. കണ്ണും മനസും മൂന്നാറിന്റെ മായകാഴ്ചകളിലേക്കു തുറന്നിട്ടു. പച്ച പട്ടു ഉടുത്തു നല്ല സുന്ദരി ആയി, ഞങ്ങളുടെ മുമ്പിലേക്ക് മൂന്നാറിന്റെ സൗന്ദര്യം ഒഴുകി വരുമ്പോൾ ഉണ്ടല്ലോ എന്റെ സാറെ !! ചുറ്റും, വട്ടം തിരിഞ്ഞു നോക്കാൻ, എന്റെ രണ്ടു കണ്ണും മതിയാകാതായി.
സമയം 12:15 ആയപ്പോൾ ടൗണിൽ എത്തി. നേരെ ശരവണ ഭവനിലേക്ക് വച്ചു പിടിച്ചു. Kfdcyude ഓഫീസിൽ എത്തിയാൽ പിന്നെ ഹോട്ടൽ ഒന്നും കാണില്ല ന്ന് അവർ പറഞ്ഞിരുന്നു.ഫുഡിങ് കഴിഞ്ഞു അവിടെ എത്തിയപ്പോൾ ഒരു ടീം kfdc ഓഫീസിൽ വെയ്റ്റിംഗ് ഉണ്ടാരുന്നു. Kfdc യുടെ റോസ് ഗാർഡൻ തൊട്ടു മുകളിൽ ഉണ്ട്. ഞങ്ങളോട് അവിടൊക്കെ ചുറ്റി നടന്നു കണ്ടോളാൻ പറഞ്ഞു. പാക്കേജ് ആയതിനാൽ പിന്നെ വേറെ ടിക്കറ്റ് എടുക്കേണ്ടി വന്നില്ല. കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു തിരിച്ചു വന്നപ്പോളേക്കും ബാക്കി ടീം എല്ലാം എത്തിയിരുന്നു.
പിന്നെ അവർ അറേഞ്ച് ചെയ്തു തന്ന ജീപ്പിൽ 21 km അപ്പുറം ഉള്ള ബേസ്‌ക്യാമ്പിലേക്കു. പോവുന്ന വഴി ആന ഇറങ്ങിയിട്ടുണ്ട് ന്നു പറഞ്ഞു ഡ്രൈവർ ചേട്ടൻ ഞങ്ങളെ വേറെ വഴി കുറച്ചു ദൂരം കൂടി കൊണ്ടുപോയി. പക്ഷെ നിരാശ ആയിരിന്നു ഫലം. തിരിച്ചു, തേയില തോട്ടങ്ങൾക്കു നടുവിലൂടെ കാഴ്ചകൾ കണ്ടു 1:30മണിക്കൂറിനു ശേഷം ക്യാമ്പിൽ എത്തി. അവസാന 2 km കട്ട ഓഫ് റോഡ് ആണെ!!കുലുങ്ങി കുലുങ്ങി ചാഞ്ഞും ചെരിഞ്ഞും നല്ല രസം. ഇതാണല്ലേ ഈ ചെക്കന്മാരൊക്കെ ഓഫ് റോഡ് എന്നും പറഞ്ഞു അലമുറ ഇടണേ ന്ന് അപ്പൊ മനസിലായി.
വിശാലമായ സ്ഥലം. തട്ട് തട്ടായി ടെന്റ് സെറ്റ് ചെയ്തിരിക്കുന്നു ; അടുക്കളയും ക്യാമ്പ് ഫയർ ഏരിയയും നല്ല വൃത്തി ആയി സൂക്ഷിച്ചിരിക്കുന്നു ;പൂന്തോട്ടം മനോഹരം ; അവിടത്തെ ആവശ്യങ്ങൾക്ക് കറന്റ് ഉല്പാദിപ്പിക്കുന്ന ഒരു ചെറിയ സെറ്റപ്പ് ; മുള കൊണ്ടുള്ള ഇരിപ്പിടങ്ങൾ, എല്ലാം കൊണ്ട് മനസ് നിറക്കുന്ന കാഴ്ച തന്നെ. അവിടത്തെ മെയിൻ ‘കുക്കർ ‘ വിൻസെന്റ് ചേട്ടനും ഡ്രൈവർ കുമാർ ചേട്ടനും ഞങ്ങൾക്ക് കട്ടൻ ചായയും ബിസ്ക്കറ്റ് ഉം തന്നു. ഓഫീസർ ഞങ്ങളുടെ ടെന്റ് കാണിച്ചു തന്നു. പുതിയ ടെന്റുകൾ അടിച്ചിട്ട് 1 ആഴ്ച ആയിട്ടേ ഉള്ളൂ ന്ന് പറഞ്ഞു. അവിടെയെല്ലാം ചുറ്റിക്കണ്ടു.
സ്കൈ കോട്ടജ് ന്റെ അവിടെ പോയാൽ കുറിഞ്ഞി വെള്ളച്ചാട്ടം,ആനമുടി ഒക്കെ കാണാൻ പറ്റുമെന്നു പറഞ്ഞു. അവിടെ നിന്നും മുന്നോട്ടു ഒരു കാരണവശാലും പോവരുത് എന്നും നിർദേശം തന്നു. തിരിച്ചു വന്നു, അപ്പോളേക്കും തണുപ്പ് കൂടി. സന്ധ്യ ആയപ്പോൾ ഫുഡിന്റെ കാര്യം എന്തായി ന്ന് നോക്കാൻ അടുക്കളയിൽ കയറി. അല്ലാതെ വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ടല്ല ട്ടോ. കുക്ക് ചേട്ടൻ നല്ല അടിപൊളി ഫ്രൈഡ് റൈസ് ഉം, ചിക്കനും, ചപ്പാത്തി, കുറുമ, ദാൽ, അച്ചാറ്, പൈനാപ്പിൾ ഇത്രയും റെഡി ആക്കി കൊണ്ടിരിക്കുന്നു… അവരോടു കൊച്ചു വാർത്താനോം പറഞ്ഞു അങ്ങനെ ഇരിക്കാൻ നല്ല സുഖം. എന്താന്നോ. നല്ല തണുപ്പത്തു നമ്മളല്ലാതെ വേറെ ഒരാൾ ഇങ്ങനെ ഫുഡ് ഒക്കെ വച്ചു തരുമ്പോൾ നല്ല രസമാ.
കിടിലൻ ഫുഡ്. പറയാതെ ഇരിക്കാൻ പറ്റില്ല. ക്യാമ്പ് ഫയർ ഉം ഫുഡിങ്ങും കഴിഞ്ഞു ഞങ്ങൾക്ക് ഉള്ള സ്ലീപ്പിങ് ബാഗ് ഉം വാങ്ങി ടെന്റലോട്ടു പോയി. അവിടെ ഇരുന്നു നക്ഷത്രങ്ങളെ കാണാൻ എന്തു ഭംഗി ആണെന്നോ !!! നക്ഷത്രങ്ങൾ നമ്മുടെ തൊട്ടു മുകളിൽ ആണെന്ന് തോന്നിപ്പോയി. സീലെവെൽ നിന്നും 7000അടി ഉയരത്തിൽ ഇരിക്കല്ലേ. ഞങ്ങൾ ഏറ്റവും മുകളിലെ തട്ടിലെ ടെന്റ് ആണ് എടുത്തത്. രാത്രി ആന ഇറങ്ങാറുണ്ടായിരുന്നു ത്രെ. പക്ഷെ ടെന്റ് നു ചുറ്റും ഇലക്ട്രിക് ഫെൻസിങ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് പേടിക്കാനില്ല.
രാത്രി സുഖമായി ഉറങ്ങി. സ്ലീപ്പിങ് ബാഗിനുള്ളിലാണ് എങ്കിലും തണുപ്പ് ഭയങ്കരമായിരുന്നു. നേരത്തെ വെള്ളം തൊട്ടപ്പോൾ കയ്യൊക്കെ മരവിക്കുന്ന പോലെ തോന്നിയിരുന്നു. പുലർച്ചെ എപ്പോളോ എണീറ്റപ്പോ ഒരു ഉൾ ഭയം ഇല്ലാതിരുന്നില്ല. തൊട്ടു പിന്നിൽ ആണ് ഫെൻസിങ് ചെയ്തിരിക്കുന്നത്. ന്നാലും ആനയെങ്ങാനും വന്നാൽ, കറന്റ് കണക്ഷൻ എങ്ങാനും പോയാൽ ആദ്യം ഞങ്ങളുടെ ടെന്റിൽ ആവും ചവിട്ടുന്നത്. ആവേശം അല്പം കൂടിയോ ന്ന് ഒരു സംശയം. ഇഷ്ടം പോലെ ടെന്റ് ഉണ്ടായിട്ടും ഇതു തന്നെ എടുത്തിട്ട്…. പിന്നെ ഒന്നും ആലോചിച്ചില്ല… കണ്ണടച്ച് കിടന്നു.
രാവിലെ നേരത്തെ ഉണർന്നു റെഡി ആയി ഫുഡിങ് നു പോയി. പുട്ട് കടല, ബ്രെഡ്, ബട്ടർ, ജാം, ഓംലെറ്റ്, ആപ്പിൾ , കട്ടൻ ചായ. ശ്ശോ!! ഇവരെ കൊണ്ടു തോറ്റു!!!! 😎എല്ലാരും കഴിച്ചതിനു ശേഷം, ബാക്കിയുള്ള, ബ്രെഡും ആപ്പിളും , കൊണ്ടു പോയ്ക്കോളാൻ പറയേണ്ട താമസം, ഓരോരുത്തരും അവർക്കിഷ്ടമുള്ളത് പാക്ക് ചെയ്തു. പോകുന്ന വഴിക്ക് വേണ്ടി വരും. 8:30 നു ട്രെക്കിങ്ങ് തുടങ്ങി അധികം വൈകാതെ എനിക്കു ചില തിരിച്ചറിവുകൾ തോന്നി തുടങ്ങി…. അത് വഴിയേ പറയാം.
രോഹിണി ബോട്ടണി ആയതുകൊണ്ട് വഴിയിൽ കണ്ട ഇലയും ചെടിയും ഒക്കെ ശേഖരിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കൂടെവന്ന ഗൈഡ് – പ്രഭു – പറയാതെ വയ്യ an awesome guy…. എല്ലാ ചെടികളെ കുറിച്ചും മൃഗങ്ങളെ കുറിച്ചും പക്ഷികളെ കുറിച്ചും നല്ല അറിവ്. ഇപ്പോളും പഠിച്ചു കൊണ്ടേ ഇരിക്കുന്നു. ലീവ് കിട്ടിയാലും വീട്ടിൽ പോവാതെ കാടിന്റെ ഉള്ളറകൾ തേടി പോവുന്നത് അവന്റെ ഹോബി ആണത്രേ. പറയാൻ മറന്നു – ഞങ്ങൾടെ കൂടെ ശ്രീകാന്ത് , രോഹിണി കൂടാതെ രണ്ടു ഹൈദരാബാദി പയ്യന്മാർ, രണ്ടു ഇടുക്കിക്കാർ പിന്നെ തിരുവനന്തപുരത്തു നിന്നുള്ള ഒരു കപ്പിൾ . മൊത്തം 10 പേർ.
ഞങ്ങൾ പോകുന്ന വഴി പുലി കളുടെ സഞ്ചാര വഴി കൂടി ആണത്രേ. 6 പെൺപുലികൾ ഉണ്ടെന്നും ഓരോ പുലി ക്കും ഓരോ ഏരിയ ഉണ്ടെന്നും ഗൈഡ് പറഞ്ഞു. കാട്ടിൽ കടന്നാൽ നിശബ്ദരായി സഞ്ചരിക്കാൻ പറഞ്ഞു. പേടി ഒന്നും തോന്നിയില്ല. അവർക്ക് ഇര തേടാൻ ഓരോ സമയമുണ്ടെന്നൊക്കെ പറഞ്ഞു. പിന്നെ ഗൈഡ് ന്റെ കൂടെ അല്ലേ പോവുന്നെ. പല കാര്യങ്ങളെ കുറിച്ചും പറഞ്ഞു തന്നു. നടക്കാൻ ചിലപ്പോൾ ഒക്കെ ബുദ്ധിമുട്ടി. ഇറക്കവും കയറ്റവും ഒരുപാട് ഉണ്ടായിരുന്നു. ഞങ്ങൾ ഒരുപാട് നടന്നു . അതിനിടക്ക് കുറിഞ്ഞി വെള്ളച്ചാട്ടം കണ്ടു . കുറച്ചു നേരം അവിടെ വിശ്രമിച്ചു. പിന്നെയും നടത്തം.
പിന്നെ നേരത്തെ പറഞ്ഞ “തിരിച്ചറിവ്”— നടത്തം എന്നു പറഞ്ഞാൽ ഒന്നൊന്നര നടത്തം തന്നെ ആയിരുന്നു. കയറ്റവും ഇറക്കവും !! കുറെ ദൂരം പിന്നിട്ടപ്പോൾ ഞാൻ മനപ്പൂർവം ചോദിക്കാതിരുന്ന ആ എമണ്ടൻ ചോദ്യം ആരോ ചോദിച്ചിരിക്കുന്നു 😣ഇപ്പോ എത്ര km ആയി ന്ന്. 1 1/2 km ആയിട്ടുള്ളു എന്നു കേട്ടപ്പോൾ !!! ഒന്നും മിണ്ടിയില്ല. അങ്ങോട്ട് മാത്രം 8 1/2km. തിരിച്ചും അത്ര തന്നെ. “”എന്റെ ഐഡിയ ആയി പോയി “”. വേണമെങ്കിൽ റോദൊമാന്ഷൻ വരെ ജീപ്പിൽ പോവാമായിരുന്നു. എന്നിട്ട് അവിടെനിന്നും ട്രെക്കിങ്ങ് മതിയാരുന്നു. പക്ഷെ അതിലൊരു ത്രില്ലില്ലാ എന്നായിരുന്നു എന്റെ ഒരിത്.. ഏതു.. ശ്രീകാന്ത് എന്നെ കൈ പിടിച്ചു വലിച്ചു വലിച്ചായി പിന്നെ യാത്ര. ഷാജുവേട്ടൻ തള്ളി തന്നും. ഏതാണ്ട് കയറ്റം മുഴുവൻ push pull ആയിട്ടായിരുന്നു. ഇറക്കം കുഴപ്പമില്ലാരുന്നു. നിരപ്പായ സ്ഥലങ്ങളും ഇറക്കങ്ങളും ഞാൻ ആസ്വദിച്ചു നടന്നു. എന്നാൽ കയറ്റം നന്നേ ബുദ്ധിമുട്ടി.
“നിങ്ങൾക്കു ഒരു ആഗ്രഹമുണ്ടെങ്കിൽ അത് ദൃഢമാണ് എങ്കിൽ അത് നേടാൻ ലോകം മുഴുവൻ കൂടെ നിൽക്കും” ഇതാരാ പറഞ്ഞെ,,, ആ നമ്മുടെ പൌലോ ചേട്ടൻ. എന്റെ ആഗ്രഹം ശക്തമായിരുന്നു. എന്റെ മാത്രം ആഗ്രഹം ആയിരുന്നു. അത് കൊണ്ടു തന്നെ ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ. പൌലോ ചേട്ടനെ മനസ്സിൽ ധ്യാനിച്ച് വച്ചു പിടിച്ചു. പക്ഷെ ഞങ്ങളെ ഞെട്ടിച്ചു കൊണ്ടു രോഹിണി ഓടി ഓടി കയറുന്നുണ്ടായിരുന്നു. ഉയരം കൂടും തോറും നമുക്ക് ശ്വാസം കിട്ടാൻ ബുദ്ധിമുട്ടാകും. അതുകൊണ്ട് ഗൈഡ് പ്രഭു പറയുന്നത് പോലെ റസ്റ്റ് എടുത്താണ് കയറിയത്. കയറ്റങ്ങളിൽ പലപ്പോളും വിശ്രമിക്കാൻ എനിക്കു തോന്നിയെങ്കിലും അവർ സമ്മതിച്ചില്ല. നിരപ്പായ സ്ഥലങ്ങളിൽ മാത്രമേ വിശ്രമിച്ചുള്ളൂ.
കൊണ്ടുവന്ന ആപ്പിളും ബ്രെഡും ഒക്കെ എല്ലാരും കൂടി കഴിച്ചു. ശ്രീകാന്ത് കൊണ്ടുവന്ന നാരങ്ങ മിട്ടായി ആയിരുന്നു ഹിറ്റ്. നൊസ്റ്റാൾജിക് ഫീലിംഗ്. ഹൈദരാബാദി പയ്യന്മാർ ഇഷ്ടത്തോടെ കഴിക്കുന്നത് കാണാമായിരുന്നു. രോഹിണിടെ ബാഗിൽ വേണ്ടുവോളം eatables ഉണ്ടായിരുന്നു. പൊരി, പുളിങ്കുരു, ഇവയൊക്കെ അവന്മാർ ആസ്വദിച്ചു കഴിക്കുന്നുണ്ടായിരുന്നു, കൂടെ ഇടുക്കി പയ്യന്മാരും.കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എല്ലാരും നല്ല കമ്പനി ആയി. തമാശ പറഞ്ഞും പരസ്പരം കളയാക്കിയും ആയിരുന്നു പിന്നെ യാത്ര. തുറന്നു പറയാലോ — പോരുന്നതിനു മുമ്പ്, കൂടെ വരുന്നവർ എങ്ങനെ ഉള്ളവരാകും എന്നു നല്ല ടെൻഷൻ ഉണ്ടാരുന്നു. എന്തെങ്കിലും ഉണ്ടായിട്ടു പറഞ്ഞിട്ട് കാര്യമില്ലാലോ. പക്ഷെ സഞ്ചാരത്തിന് വരുന്നവർക്കെല്ലാം ഒരേ മനസായിരിക്കും എന്നു മനസിലാക്കാൻ അധികം നേരം വേണ്ടി വന്നില്ല. ഞങ്ങൾ ലേഡീസ് നെ കൂടി മുകളിൽ എത്തിക്കേണ്ട ബാധ്യത അവർക്ക് ഉള്ളതായി തോന്നി.
ഷൂട്ടിംഗ് പോയിന്റ് എത്തിയിട്ടുള്ള വ്യൂ കാണാൻ സൂപ്പർ ആയിരുന്നു. ഉച്ചക്ക് കഴിക്കാനുള്ള ചപ്പാത്തി പൊതിഞ്ഞു തന്നയിച്ചിട്ടുണ്ടായിരുന്നു. അത് എപ്പോളാ കഴിക്കുക എന്നു തിരുവനന്തപുരത്തു നിന്നുള്ള സിമി ചോദിച്ചപ്പോൾ തമാശക്ക് ഞാൻ പറഞ്ഞു, മെയിൻ aim ലേക്ക് എത്തിയാൽ മാത്രേ കഴിക്കാൻ പറ്റുള്ളൂ ന്ന്. പലപ്പോഴും എന്നെക്കാൾ പിന്നിലോ എന്റൊപ്പമോ ഉണ്ടായിരുന്ന സിമി പിന്നെ എങ്ങനെ മുമ്പിൽ എത്തിന്ന് അറിയില്ല. രോഹിണിടെ കാര്യം പിന്നെ പറയണ്ട. ഇപ്പോ ഇവിടെ കണ്ടാൽ തൊട്ട നിമിഷം ‘ അങ്ങ് ദൂരെ ….. മലേഷ്യയിൽ …… അല്ല അടുത്ത മലയിൽ’ കാണാം. അവന്മാർ പറയുന്നുണ്ടായിരുന്നു, രോഹിണി എന്തു ബൂസ്റ്റ് ഇട്ടു കലക്കി കുടിച്ചിട്ടാണോ വന്നേ എന്ന്. അത്ര ഉഷാറായിരുന്നു.
അവസാനം ലാസ്റ്റ് പോയിന്റ് ആയ മീശപുലിമല കയറുമ്പോൾ തീർത്തും തളർന്നു പോയ എനിക്കു deep breath എടുക്കാൻ പറഞ്ഞു തന്നിട്ടാണ് ഹൈദരാബാദി പയ്യന്മാർ കടന്നു പോയത്. അവസാന മല കയറ്റം കഠിനമായിരുന്നു. കയറിയിട്ടും കയറിയിട്ടും അവസാനിക്കുന്നില്ല. മേലോട്ട് നോക്കാൻ തോന്നിയില്ല. 10 സ്റ്റെപ് എടുത്തു ഒന്ന് നിന്ന് അടുത്ത സ്റ്റെപ് എടുത്തു അങ്ങനെ ഞങ്ങൾ മുകളിൽ എത്തിയപ്പോൾ കണ്ട കാഴ്ച്ച !!!! മനോഹരമായിരുന്നു.അത് വരേക്കുള്ള ക്ഷീണമെല്ലാം ആ മഞ്ഞിൽ അലിഞ്ഞു ഇല്ലാതായി. കിടിലൻ എന്ന് പറഞ്ഞാൽ പോരാ!!!! ശരിക്കും പറഞ്ഞാൽ ഇതു ഞങ്ങളുടെ സെക്കന്റ് ഹണി മൂൺ ആണെന്ന് തോന്നിപോയി !!
പിന്നെ അവിടെ ഇരുന്നു ഫുഡ് കഴിച്ചു എല്ലാരും. പലരും കുറച്ചു നേരം കണ്ണടച്ച് കിടന്നു. ശേഷം തിരിച്ചു ഇറക്കം. കയറ്റത്തേക്കാൾ സുഖമായിരുന്നു എങ്കിലും, സൂക്ഷിച്ചു വേണമായിരുന്നു ഇറക്കം. കുത്തനെ ഉള്ള ഇറക്കം, സൂക്ഷിച്ചില്ലെങ്കിൽ ഊർന്നു വീഴാവുന്ന അവസ്ഥ. വടി കുത്തിപ്പിടിച്ചു ഇറങ്ങുന്നത് കൊണ്ട് അനായാസം ഇറങ്ങാൻ പറ്റി. Rodo mansion വരെ നടന്നു വന്ന ഞങ്ങൾ അവിടുന്ന് ജീപ്പിൽ ബേസ് ക്യാമ്പിലേക്ക് പോന്നു. ഇനിയും നടന്നാൽ ഞങ്ങൾക്ക് അന്ന് തിരിച്ചു വരാനുള്ള ബസ് കിട്ടില്ലാരുന്നു. തിരിച്ചു എത്തിയപ്പോളേക്കും കട്ടൻ ചായ റെഡി ആയിരുന്നു.
എല്ലാരോടും യാത്ര പറഞ്ഞു മൂന്നാർ ടൗണിൽ എത്തിയപ്പോൾ എറണാംകുളത്തേക്കുള്ള ബസ് ഫുൾ. പിന്നെ ksrtc സ്റ്റാൻഡിൽ പോയി അന്വേഷിച്ചപ്പോൾ 8 മണിക്കുള്ള മിന്നൽ എറണാകുളം വഴി തിരുവനന്തപുരത്തേക്ക് ഉണ്ട്. പക്ഷെ ബുക്കിങ് ആൾറെഡി കഴിഞ്ഞിരിക്കുന്നു. പിന്നെ സ്റ്റേഷൻ മാസ്റ്ററോട് സോപ്പ് ഇട്ടു 4 സീറ്റ് ഒപ്പിച്ചു.അതിൽ കയറിയതും എല്ലാരും സുഖമായി ഉറങ്ങി. മിന്നൽ ന്ന് പേരുണ്ടെങ്കിലും അത്ര മിന്നിയിട്ടൊന്നും അല്ല പോന്നത്. Ekm എത്തിയതും അപ്പോ തന്നെ തൃശൂർ ക്കുള്ള ബസ് കിട്ടി. നന്നേ ക്ഷീണമുള്ളതു കൊണ്ടു ഉറങ്ങി പോയി. ബസിൽ ഇരുന്നുള്ള ഉറക്കത്തിലെല്ലാം ബസ് പോകുന്നത് ഞങ്ങൾ ട്രെക്ക് ചെയ്ത മലമുകളിൽ കൂടി ആയിരുന്നു എന്ന് തോന്നി പോയി. ശരീരം മുഴുവൻ ക്ഷീണവും അതിലേറെ മനസ് നിറഞ്ഞ സന്തോഷവും ആയി വീണ്ടും മക്കളുടെ അടുത്തേക്ക്..
1 comment