എഴുത്ത് – Shihab A Hassan.
ഞാനും സുഹൃത്ത് നിഷാദും നേപ്പാളിൽ നിന്ന് മടങ്ങും വഴി ആഗ്രയിൽ പോകുന്നെന്ന് പറഞ്ഞപ്പോൾ സുഹൃത്ത് ഷിബുരാജ് പറഞ്ഞു, “ആഗ്രയിലെ ഓട്ടോറിക്ഷക്കാരെ സൂക്ഷിക്കണം, ഞങ്ങൾ പോയപ്പോൾ ആദ്യമേ തുക പറഞ്ഞുറപ്പിച്ചിട്ടും അവിടെ എത്തിയപ്പോൾ അവന്മാർ വാക്ക് മാറ്റി ഞങ്ങളോട് കൂടുതൽ പണം വാങ്ങി. പോലീസും അവന്മാർക്ക് സപ്പോർട്ട് ആണ്”.
നേപ്പാളിൽ നിന്ന് മടങ്ങും വഴി ഗോരഖ്പൂറിൽ നിന്നാണ് വൈകിട്ട് ആഗ്രക്ക് ബസ് കയറിയത്. ദില്ലിക്ക് പോകുന്ന ബസ് ആയതിനാൽ ആഗ്ര സിറ്റിയിൽ പോകില്ല, 3 കിലോമീറ്റർ അകലെ ഹൈവേയിൽ ഇറങ്ങാനെ പറ്റൂ എന്ന് ട്രാവൽസുകാർ പറഞ്ഞിരുന്നു. വെളുപ്പിനെ 4.30 നാണ് ആഗ്ര ഹൈവേയുടെ സൈഡിൽ ബസ് നിർത്തിയത്.
പുറത്തിറങ്ങിയപ്പോൾ തന്നെ അവിടെ കിടന്നിരുന്ന ഓട്ടോക്കാരൻ ഓടി വന്നു. “ഭായ്, ആഗ്രയിൽ പോകണോ?” അയാൾ ചോദിച്ചു. “അതേ, എത്രയാകും.” “ഇവിടെ നിന്ന്18 കിലോമീറ്റർ ദൂരമുണ്ട്.” ങേ, 18 കിലോമീറ്ററോ, അപ്പൊ ബസുകാരൻ തേച്ചു. “എത്രയാകും ഭയ്യാ?” ഞാൻ ഞെട്ടാൻ തയ്യാറായിക്കൊണ്ട് ചോദിച്ചു. “200” അയാളുടെ മറുപടി കേട്ടപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. വെളുപ്പിനെ 4.30 മണിക്ക്, ഒരു പരിചയവും ഇല്ലാത്ത സ്ഥലത്ത്, എത്ര ചോദിച്ചാലും കൊടുത്തുപോയേക്കുന്ന അവസ്ഥയിൽ!
ഒന്നും പറയാതെ വേഗം ഓട്ടോയിൽ കയറിയിരുന്നു. ശരിയായ വഴി തന്നെയല്ലേ പോകുന്നത് എന്നുറപ്പാക്കാനും, ഓട്ടോക്കാരൻ പറഞ്ഞത് പോലെ 18 കിലോമീറ്റർ ഉണ്ടോ എന്നറിയാനും വേണ്ടി ഗൂഗിൾ മാപ് ഓണാക്കി സൈലന്റ് മോഡിലിട്ടു. പറഞ്ഞത് പോലെ കൃത്യം 18 കിലോമീറ്റർ ഉണ്ട്.
ഇടക്ക് വച്ച് ഒരു കടയിൽ ഡ്രൈവർ പാൻ വാങ്ങാൻ നിർത്തിയപ്പോൾ ഒരു തടിയൻ കൂടി ഡ്രൈവറുടെ കൂടെ മുൻസീറ്റിൽ കയറി. കുറച്ച് ദൂരം ഓടിക്കഴിഞ്ഞപ്പോൾ മുന്നിൽ കയറിയ തടിയൻ ഹിന്ദിയിൽ കുശലപ്രശ്നങ്ങൾ ആരംഭിച്ചു. താജ്മഹൽ സന്ദർശനം ആണ് ലക്ഷ്യം എന്നറിഞ്ഞപ്പോൾ താജ്മഹൽ കൂടാതെ ആഗ്ര ഫോർട്ട്, ഫത്തേപൂർ സിക്രി തുടങ്ങിയ വേറെയും സ്ഥലങ്ങൾ ആഗ്രയിൽ ഉണ്ടെന്നും അതൊക്കെ കണ്ടു പോയാൽ മതിയെന്നും നിർദ്ദേശിച്ചു.
നാളെ രാവിലെ ഡെൽഹിയിൽ നിന്ന് കേരളാ എക്സ്പ്രസിൽ നാട്ടിലേക്ക് മടങ്ങേണ്ടതുള്ളതിനാൽ ഇന്ന് വൈകിട്ട് തന്നെ മടങ്ങണം എന്ന് ഞാൻ പറഞ്ഞു. “താജ്മഹൽ 7 മണിക്കെ തുറക്കൂ, സമയം 4.30 ആയിട്ടുള്ളൂ, അതുവരെ റൂം എടുത്തു കുറച്ച് ഉറങ്ങി, കുളിച്ചു ഫ്രഷ് ആയി പോയാൽ മതി. വിജനമായ സ്ഥലത്ത് അസമയത്ത് നിൽക്കുന്നത് നല്ലതല്ല”. അയാൾ പറഞ്ഞത് ശരിയാണെന്ന് ഞങ്ങൾക്ക് തോന്നി.
അങ്ങനെയെങ്കിൽ ഏതെങ്കിലും ഹോട്ടലിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. ആദ്യം ചെന്ന ഹോട്ടലിലെ റിസപ്‌ഷനിസ്റ്റ് കിഴവൻ മുറി ഒഴിവില്ലെന്ന് പറഞ്ഞു. അപ്പോൾ അടുത്ത് തന്നെയുള്ള മറ്റൊരു ഹോട്ടലിലേക്ക് പോയി. “എസി റൂം 1400 രൂപ.” റിസപ്‌ഷനിസ്റ്റ് പറഞ്ഞു. “റൂം കാണണം” ബോയ്ടെ കൂടെ ഞാൻ പോയി നോക്കി. മൂന്നാം നിലയിൽ ഒരു കൂതറ റൂം. ഗോരഖ്പൂറിൽ റെയിൽവേ സ്റ്റേഷന്റെ തൊട്ടു മുന്നിൽ 900 നു കിട്ടിയ മുറിയേക്കാൾ മോശം.
“ഈ മുറിക്ക് 1400 ഭയങ്കര കൂടുതൽ ആണ്. ഞങ്ങൾ റൂമിൽ അധികസമയം ചെലവഴിക്കാൻ ഉദ്ദേശിക്കുന്നില്ല, അതുകൊണ്ട് നോൺ എസി ആയാലും മതി.” റിസപ്‌ഷനിസ്റ്റ് കാൽക്കുലേറ്ററിൽ 900 എന്നടിച്ചു കാണിച്ചു. 900 എങ്കിൽ തൊള്ളായിരം. താഴെ നിലയിൽ എതാണ്ടതേ വലിപ്പവും സൗകര്യങ്ങളും ഉള്ള മുറി, എസി ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല എന്ന്മാത്രം.
“സർ, 9 മണിക്ക് എന്റെ ഭായി വരും. അവൻ നിങ്ങളെ താജ് മഹൽ കൊണ്ടുകാണിച്ച് തിരികെ റൂമിൽ കൊണ്ട് വന്ന ശേഷം ബസ് കിട്ടുന്നിടത്ത് കൊണ്ടു വീടും. 300 രൂപ കൊടുത്താൽ മതി.” ഓട്ടോഡ്രൈവർ അജ്മൽ പറഞ്ഞു. “ശരി” ഞങ്ങൾ സമ്മതിച്ചു.
രാവിലെ 8.30 ക്ക് അലാം വച്ച് എഴുന്നേറ്റ ഉടനെ മുറിയുടെ വാതിലിൽ ഒരു തട്ട് കേട്ടു. തുറന്നപ്പോൾ ഒരു ചെറുപ്പക്കാരൻ. “സലാം സാബ്. അജ്മലിന്റെ ഭായിയാണ്, ഇസ്തിയാഖ്. നിങ്ങൾ എത്ര മണിക്ക് റെഡിയാകും?” “9” ഞാൻ പറഞ്ഞു. കൃത്യം ഒമ്പതിന് ഞങ്ങൾ പുറത്തിറങ്ങി. ഓട്ടോയിൽ കയറി.
“ഞങ്ങളെ വൈകിട്ട് 3 വരെ ആഗ്രയിൽ കറക്കാൻ എത്ര തരണം?” ഞാൻ ചോദിച്ചു. “സർ, നമുക്ക് ആദ്യം ബാലാജി ടെമ്പിൾ പോകാം. പിന്നെ ആഗ്രാ ഫോർട്ട്, താജ് മഹൽ, പിന്നെ ഫുഡ് കഴിച്ച് ഒരു ലെതർ ഫാക്ടറി സന്ദർശിച്ച് ഷോപ്പിംഗും ചെയ്യാം. താങ്കൾ ഇഷ്ടമുള്ളത് തന്നാൽ മതി.” “ഏയ് അത് ശരിയാകില്ല. താങ്കൾ ചാർജ് പറയൂ.” “750” ചെറുപ്പക്കാരൻ മനസ്സില്ലാ മനസ്സോടെ എന്നോണം പറഞ്ഞു. “ശരി.”
ഓരോ സ്ഥലത്തും ഇറക്കി വിട്ട ശേഷം തിരിച്ച് എവിടെ വന്നു നിൽക്കണം, എവിടെയാണ് ടിക്കറ്റ് കൗണ്ടർ, ഓരോ സ്ഥലത്തും എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങി എല്ലാം ഇസ്തിയാഖ് വിശദമായും വ്യക്തമായും പറഞ്ഞു തന്നു. വഴിക്ക് ഞാൻ സുഹൃത്ത് ആഗ്രയിലെ ഓട്ടോ ഡ്രൈവർമാരെക്കുറിച്ച് പറഞ്ഞ കാര്യം പറഞ്ഞപ്പോൾ ഇസ്തിയാഖ് കുറച്ച് സമയം നിശബ്ദനായി. പിന്നെ പറഞ്ഞു” ഞങ്ങൾ ഇവിടെ ജനിച്ചു വളർന്നവരാണ് ഭായ്, ഇത് ഞങ്ങൾക്ക് അന്നം തരുന്ന നാടാണ്. ഞങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. എല്ലായിടത്തും കാണുമല്ലോ മോശം ആളുകൾ.”
“വളരെ ശരിയാണ്, ഇസ്തിയാഖ്.” ഇടക്ക് ഇസ്തിയാഖ് മൊബൈലിൽ മക്കളുടെ ഫോട്ടോ കാണിച്ചു തന്നു. ഒരു മോളും രണ്ട് ആണ്കുട്ടികളും. ആഗ്രാ ഫോർട്ടും, താജ്മഹലും കണ്ടിറങ്ങിയപ്പോൾ നല്ല വിശപ്പ്. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. “ഭായി, നമുക്ക് ഭക്ഷണം കഴിക്കാം.” “വേജ് ഓർ നോൺ വേജ് സാർ?” “വെജ്”. ഡൽഹി ദർബാർ എന്ന ഹോട്ടലിനു മുന്നിൽ ഇസ്തിയാഖ് വണ്ടി നിർത്തി.
“മെനുവിൽ പൈസ നോക്കി വാങ്ങിയാൽ മതി” അകത്തേക്ക് കയറുന്ന ഞങ്ങളോട് അയാൾ പറഞ്ഞു. “വരുന്നില്ലേ?” ഞാൻ ചോദിച്ചു. “ഇല്ല, നിങ്ങൾ കഴിച്ചു വരൂ”. എത്ര നിർബന്ധിച്ചിട്ടും അടുത്തുള്ള മേശയിൽ വന്നിരുന്നതല്ലാതെ ഇസ്തിയാഖ് ഒന്നും കഴിച്ചില്ല. ഡൽഹി ദർബാർ എന്ന ഹോട്ടലിൽ നിന്നും കിട്ടിയത് ഒന്നാം തരം വെജിറ്റേറിയൻ ഭക്ഷണം. വയറും മനസ്സും നിറഞ്ഞു.
ഭക്ഷണശേഷം ദില്ലിക്കുള്ള ബസ് ബുക്ക് ചെയ്ത ശേഷം തുകൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരിടത്തും, താജ്മഹലിന്റെ മാർബിളിൽ തീർത്ത ചെറുമാതൃകകൾ വിൽക്കുന്ന കടയിലും, പ്രശസ്തമായ ആഗ്ര പേഡ വിൽക്കുന്നിടത്തും എല്ലാം ഇസ്തിയാഖ് ഞങ്ങളെ കൊണ്ടുപോയി. തിരികെ ഹോട്ടലിൽ എത്തിയ ശേഷം ബാഗെടുത്ത് ബസ് ബുക്കിംഗ് ഓഫിസിന് മുന്നിൽ കൊണ്ട് പോയി ഇറക്കുമ്പോൾ സമയം 2.45. പറഞ്ഞതിലും 50 രൂപ കൂടുതൽ കൊടുത്തപ്പോൾ ഇസ്തിയാഖിന്റെ കണ്ണുകൾ തിളങ്ങി.
“നിങ്ങൾ ഹാപ്പിയല്ലേ സർ?” “അതേ ഇസ്തിയാഖ്, ഞങ്ങൾ ഹാപ്പിയാണ്.” പോകും മുന്നേ മൊബൈലിൽ ഇസ്തിയാഖിന്റെ ഫോട്ടോ എടുത്തു കൊണ്ട് ഞാൻ പറഞ്ഞു, “താങ്കളുടെ ഫോട്ടോയും മൊബൈൽ നമ്പറും ഞാൻ എന്റെ സുഹൃത്തുക്കളുമായി പങ്കു വെക്കും. ഇനിയും ധാരാളം സഞ്ചാരികൾ നിങ്ങളെ തേടി വരും.” നന്ദി പറഞ്ഞു പോകുമ്പോൾ ഇസ്തിയാഖിന്റെ കണ്ണുകൾ പ്രതീക്ഷയാൽ തിളങ്ങുന്നുണ്ടായിരുന്നു.
ആഗ്രയിൽ പോകുന്നെങ്കിൽ ധൈര്യമായി നിങ്ങൾക്കും ഇസ്തിയാഖിനെ വിളിക്കാം. നമ്പർ : 9149073602 / 9627651440.