“മേഘങ്ങളുടെ ആലയം” എന്നറിയപ്പെടുന്ന മേഘാലയ സംസ്ഥാനത്തിൻ്റെ വിശേഷങ്ങൾ…

ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ. മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. അവശിഷ്ട ഹിമാലയ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‍വരകളും, ഉള്ള പ്രദേശമാണ്. മിക്കവാറും സമയങ്ങളിൽ മേഘാവൃതമായ ഇവിടം മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ്. അരുവികളും, നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു. അസം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.

ആസാം സംസ്ഥാനത്തെ ജൈന്റിയ ഹിൽസ്, ഐക്യ ഖാസി ഹിൽസ് എന്നീ രണ്ടു ജില്ലകൾ വേർതിരിച്ചാണ് 1972 ജനുവരി 21 ന് മേഘാലയ സംസ്ഥാനം രൂപം കൊണ്ടത്. പൂർണ സംസ്ഥാനമാകുന്നതിന് മുൻപ് ഈ പ്രദേശം ഒരു അർദ്ധ സ്വയംഭരണ പ്രദേശമായിരുന്നു. 1947 മുതൽ 1972 വരെ ആസ്സാം സംസ്ഥാനത്തിനകത് സ്വയംഭരണ പ്രവിശ്യയായ മേഘാലയ നിലനിന്നു.

മേഘാലയ സംസ്ഥാനത്തെ വ്യത്യസ്തമാക്കുന്ന ഏറ്റവും വലിയ സവിശേഷത അവിടത്തെ നദികളാണ്. ഗാരോ കുന്നിൻ പ്രദേശത്തെ പ്രധാന നദികൾ കാലു, റിങ്‌ജി, ടാറിംഗ്, സാന്താ, സിംസങ് എന്നിവയാണ്. മിന്റ്ടു, ദിഗാരു, ഉംഖരി ക്യൻചിയാങ് എന്നിവ സംസ്ഥാനത്തിന്റെ മധ്യഭാഗത്തും കിഴക്കുമുള്ള പ്രധാന നദികളാണ്. ഹരിത വൈവിധ്യമാണ് സംസ്ഥാനത്ത കാണാൻ കഴിയുന്ന ഏറ്റവും വലിയ സവിശേഷത. എന്നാൽ അനിയന്ത്രിതമായ വനനശീകരണം മേഘാലയ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

മേഘാലയയുടെ ജനസംഖ്യയിൽ ഭൂരിപക്ഷവും ഗോത്രവർഗ സമൂഹങ്ങളാണ്. ഏറ്റവും വലിയ സമൂഹം ഖാസി വർഗമാണ്. കൂടാതെ ഗാരോ, ഹജോങ്, മട്രിലീനിയൽ സമൂഹം, തീവ, പ്നാർ എന്നീ ഗോത്ര സമൂഹങ്ങളും മേഘാലയയിലെ ഉണ്ട്. ഏറ്റവും ഒടുവിലത്തെ സർവേ പ്രകാരം അര ലക്ഷത്തോളം നേപ്പാളികളും ഇവിടെയുണ്ട്. ഒരു വലിയ വിഭാഗം റിട്ടയർ ചെയ്ത സൈനികരും മേഘാലയയിൽ ജീവിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളിൽ 70% ക്രിസ്ത്യാനികളാണ്.

“മേഘങ്ങളുടെ വാസസ്ഥാനം” എന്നർത്ഥം വരുന്ന “അഡോബ് ഓഫ് ക്‌ളൗഡ്‌സ്” എന്ന് മേഘാലയയെ വിശേഷിപ്പിക്കുന്നു. വർഷത്തിൽ 1200 സെ.മീ. മഴ ലഭിക്കുന്ന മേഘാലയ ഇന്ത്യയിലെ ഏറ്റവും മഴയുള്ള സംസ്ഥാനമാണ്. ഗാനോൾ, ഉമിയം, ഉംങ്ങൊട് ഉംഖേം, ഡംറിങ്, ഉമിയം മൌഫ്ളങ്, ഖ്‌രി എന്നിങ്ങനെ നിരവധി നദികൾ മേഘാലയത്തിലുണ്ട്.

ഷില്ലോങ്ങ് : മേഘാലയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ഷില്ലോങ്ങ്‍. മേഘാലയ സംസ്ഥാനരൂപവത്കരണത്തിനു മുൻപേ, 1972-വരെ ആസാമിന്റെ തലസ്ഥാനമായിരുന്നു. ഷില്ലോങ്ങിനെ റോഡുകൾ മുഖാന്തരമാണ്‌ മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനും പ്രധാന വിമാനത്താവളവും 120 കിലോമീറ്റർ അകലെയുള്ള ഗോഹാട്ടിയിലാണ്‌. 30 കിലോമീറ്റർ അകലെ ഉം‌റോയ് എന്ന സ്ഥലത്ത് ഒരു ചെറിയ വിമാനത്താവളം സ്ഥിതിചെയ്യുന്നു. ഭാരതീയ വായുസേനയുടെ ഈസ്റ്റേൺ ഏയർ കമാന്റ് ഷില്ലോങ്ങിലാണ്‌ സ്ഥിതിചെയ്യുന്നത്. കൂടാതെ അസം റൈഫിൾസിന്റെ ആസ്ഥനവും ഗൂർഖ റെജിമെന്റിന്റെ പരിശീലനകേന്ദ്രവും ഇവിടെയാണ്‌.

ചിറാപ്പുഞ്ചി : മേഘാലയ സംസ്ഥാനത്തിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ ഒരു പട്ടണമാണ്‌ ചിറാപുഞ്ചി. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായിരുന്നു ചിറാപുഞ്ചി, എന്നാലിന്ന് കനത്ത പ്രകൃതി നാശം മൂലം ആ സ്ഥാനം മേഘാലയയിലെ തന്നെ മൗസിൻ‌റം എന്ന പ്രദേശത്തിനാണ്.

ഉമിയാം തടാകം : ഘാലയ സംസ്ഥാനത്തിൽ ഷില്ലോങ്ങിൽ നിന്ന് 15 കി മീ അകലെയുള്ള ഒരു ജലസംഭരണിയാണ് ഉമിയം തടാകം. സാധാരണയായി ബാരാപാനി തടാകം എന്നും അറിയപ്പെടുന്നു. മേഘാലയ സംസ്ഥാനത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഈ തടാകം. വാട്ടർ സ്പോർട്സ്, സാഹസിക സൗകര്യങ്ങൾ എന്നിവയ്ക്ക് പ്രശസ്തമാണ് ഇവിടം. കയാക്കിംഗ്, വാട്ടർ സൈക്ലിംഗ്, സ്കോർട്ടിങ്, ബോട്ടിംഗ് എന്നിവയാണ് ഇവിടത്തെ വിനോദങ്ങൾ.

ദൗകി : മേഘാലയയിലെ ഏറ്റവും പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ദൗകിയിലെ ഉംഗോട്ട് നദിയിലൂടെയുള്ള തോണിയാത്ര. വളരെ തെളിഞ്ഞ കണ്ണാടിപോലുള്ള ജലാശയത്തിലൂടെ തോണിയിൽ യാത്ര ചെയ്യുവാൻ നാലു പേർക്ക് ഏകദേശം 700 രൂപയോളം വരും. പക്ഷേ ഈ യാത്ര നിങ്ങൾക്ക് അവിസ്മരണീയമായിരിക്കും. ഇന്ത്യ – ബംഗ്ലാദേശ് ബോർഡറിൽ നിങ്ങൾക്ക് നിന്നുകൊണ്ട് ആ രാജ്യത്തെയും രാജ്യക്കാരേയുമൊക്കെ കാണുവാനും സാധിക്കും.

വേരു പാലം അഥവാ ലിവിംഗ് റൂട്ട് ബ്രിഡ്ജ് : മേഘാലയ, നാഗാലാ‌ൻഡ് സംസ്ഥാനങ്ങളിൽ ചിലയിടങ്ങളിലായി കാണപ്പെടുന്ന മനുഷ്യ നിർമ്മിതമായ ഒരു പ്രതിഭാസമാണ് ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള റബ്ബര്‍ മരങ്ങളുടെ വേരുകള്‍ പുഴയ്ക്ക് കുറുകെ വളര്‍ത്തികൊണ്ടാണ് മേഘാലയിലെ ഖാസി ഗോത്ര വിഭാഗത്തിലുള്ള ഇത്തരം അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്. വേരുകളില്‍ നിന്ന് രൂപപ്പെടുത്തുന്ന ഇത്തരം പാലങ്ങള്‍, മറ്റു മരപ്പാലങ്ങള്‍ പോലെ നശിക്കുകയോ കനത്ത വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുകോയോ ഇല്ല. പക്ഷെ ഇത്തരത്തില്‍ ഒരു പാലം നിര്‍മ്മിക്കാന്‍ ഏകദേശം 15 വര്‍ഷത്തോളം എടുക്കും. വേരുകള്‍ നദിക്ക് കുറുകേ വളര്‍ന്ന് മനുഷ്യരുടെ ഭാരം താങ്ങാന്‍ വേണ്ട ത്രാണി നേടാനുള്ള കാലയളവാണ് ഇത്. ചില വേരുപാലങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. മേഘാലയിലെ ഏറ്റവും പ്രശസ്തമായ വേരുപാലം ഡബിള്‍ ഡക്കര്‍ വേരുപാലം ആണ്. മഴയുടെ പേരില്‍ ലോകത്ത് പേരെടുത്ത ചിറാപുഞ്ചിയിലെ പ്രാന്തപ്രദേശത്താണ് ഈ വേരുപാലം സ്ഥിതി ചെയ്യുന്നത്. ഷില്ലോംഗില്‍ നിന്ന് ഏകദേശം രണ്ടര മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം. ഇവിടെ ഇത്തരത്തില്‍ പതിനൊന്നോളം വേരുപാലങ്ങള്‍ ഉണ്ട്.

മൗളിംലോംഗ് ഗ്രാമം : ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമാണ് മേഘാലയയുടെ കിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന മൗളിംലോംഗ് ഗ്രാമം. ഏകദേശം അഞ്ഞൂറോളം ആളുകൾ വസിക്കുന്ന ഒരു ഗ്രാമമാണ് മൗളിങ്‌ലോംഗ്. ഗ്രാമവാസികളൊക്കെ നല്ല വിദ്യാഭ്യാസവും വിവരവുമൊക്കെയുള്ളവരാണ്. ഗ്രാമത്തിലെ വീടുകളിൽ ഭൂരിഭാഗവും പഴമ നിലനിർത്തിക്കൊണ്ട് മുളയും, തടികളും, ഒരു പ്രത്യേകതരം പുല്ലും ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ളവയാണ്. സന്ദർശകർക്ക് 10 രൂപ ടിക്കറ്റെടുത്ത് ഈ ഗ്രാമം മുഴുവൻ കണ്ടാസ്വദിക്കാവുന്നതാണ്. ഗ്രാമത്തിലെ വിവിധ ട്രീ ഹൗസുകളിൽ നിന്നും നോക്കിയാൽ ബംഗ്ളാദേശ് കാണുവാൻ സാധിക്കും. ഇവിടെ സന്ദർശകർക്ക് താമസിക്കുന്നതിനായി ഹോം സ്റ്റേകളും ലഭ്യമാണ്. നമ്മുടെ നാട്ടിലെപ്പോലത്തെ ഒരു സാധാരണ ഗ്രാമം, ടൂറിസ്റ്റുകൾ വരുന്നതിനാൽ അവർ ടൂറിസത്തെ ഒരു വരുമാനമാർഗ്ഗവും ആക്കുന്നു. പ്രധാനമായും ഗ്രാമീണരുടെ ജീവിതമാർഗ്ഗം കൃഷിയാണ്. മഞ്ഞുകാലത്തും മഴക്കാലത്തുമാണ് ഈ ഗ്രാമം സന്ദർശിക്കുവാൻ ഏറ്റവും ഉചിതമായ സമയം.

നിങ്ങൾ ഒരു സഞ്ചാരപ്രിയനാണോ? എങ്കിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് മേഘാലയ.

കടപ്പാട് – Maps of India, വിക്കിപീഡിയ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ. ചിത്രങ്ങൾ – Sobin Chandran.