പരുന്തുംപാറ, സത്രം, കമ്പം, തേനി വഴി മേഘമലയിലേക്കൊരു യാത്ര..

വിവരണം – Babi Sarovar.

ചില യാത്രകളുണ്ട്, എത്തിച്ചേരാനുദ്ദേശിക്കുന്ന ഇടത്തേക്കാൾ വഴിയോരക്കാഴ്ചകൾ കൊണ്ടും ചിലപ്പോഴൊക്കെ വഴി തെറ്റിച്ചെന്നെത്തിച്ചേരുന്നിടങ്ങൾ കൊണ്ടും നമുക്ക് മറക്കാനാവത്തത്. മേഘമലതേടിയുള്ള യാത്ര പ്രിയപ്പെട്ടതാവുന്നത് അത്തരം ചില ഓർമകൾ കൂട്ടിനുള്ളതുകൊണ്ടാണ്.

തിരക്കുകളിൽ നിന്നെല്ലാമൊഴിഞ്ഞ് ആളും ആരവവും ഇല്ലാത്തൊരു പുതുവർഷപ്പിറവി എന്ന ആഗ്രഹത്തിന്റെ പുറത്താണ് കമ്പം തേനി വഴിയൊരു മേഘമല യാത്ര പ്ലാൻ ചെയ്തത്. അതിരാവിലെ തിരുവനന്തപുരത്തു നിന്നും തുടങ്ങിയ ബൈക്ക് യാത്ര പാഞ്ചാലി മേടും, കുമളിയും കമ്പത്തിലെ കൃഷിത്തോട്ടങ്ങളും കടന്ന് തേനിയിൽ അവസാനിച്ചപ്പോഴേക്കും രാവിരുട്ടിയിരുന്നു. പിറ്റേ ദിവസം പുലർച്ചെ മേഘമലയിലേക്കുള്ള യാത്ര തുടങ്ങിയ ഞങ്ങളെ എതിരേറ്റത് ജീവിതത്തിലെ തന്നെ അതി മനോഹരമായ സൂര്യോദയങ്ങളിലൊന്നായിരുന്നു. ഇളം പച്ച നെൽപാടത്തിൽ, മഞ്ഞിന്റെ നേർത്ത ആവരണത്തിനു മുകളിൽ സ്വർണ നിറത്തിൽ ഉദിച്ചുയരുന്ന സൂര്യൻ. എത്ര സമയം ആ കാഴ്ച്ച നോക്കി നിന്നെന്നറിയില്ല.

ഗൂഗിൾ മാപ്പും നോക്കി നോക്കിപ്പോയ യാത്രയിൽ വഴികൾക്കിരുവശവും കാഴ്ച്ചകളുടെ വസന്തമായിരുന്നു. പരന്നു കിടക്കുന്ന ചോളപ്പാടങ്ങൾക്കതിരിടുന്ന മലനിരകൾ, അതിന്റെ പശ്ചാത്തലത്തിൽ കൂറ്റൻ കാറ്റാടി യന്ത്രങ്ങൾ, ഇടയ്ക്കിടക്കെത്തുന്ന ആട്ടിൻ പറ്റങ്ങൾ, കുഞ്ഞു കുഞ്ഞു പൂപ്പാടങ്ങൾ, റോഡിൽ ഒരു തരത്തിലുള്ള ചോളം ഉണക്കാനിട്ട് വാഹനങ്ങൾ കടന്നു പോകുമ്പോൾ പതിരാറ്റി അതിനെ വേർതിരിച്ചെടുക്കുന്ന ഗ്രാമീണർ, ഇതിനെല്ലാം കൂട്ടായി പുലരിയുടെ ഇളം തണുപ്പും.

ഇടയ്ക്കെപ്പോഴോ വഴിയോരക്കാഴ്ചകളുടെ സ്വഭാവം മാറിത്തുടങ്ങി. ഇരുവശവും മുളങ്കൂട്ടങ്ങളും പാറക്കുന്നുകളുമായി. ഏറ്റവും അത്ഭുതപ്പെടുത്തിയത് ആ കുന്നുകളിൽ വളർന്നു കിടക്കുന്ന മരക്കൂട്ടങ്ങളായിരുന്നു. പച്ചിലകൾ കൊണ്ട് കുട ചൂടിയതുപോലുള്ള മരങ്ങൾ… മരുഭൂമിയിൽ വളരുന്ന അത്തരം മരങ്ങളുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ടെന്നല്ലാതെ നേരിട്ടു കാണുന്നതാദ്യമായിട്ടായിരുന്നു. റോഡിനിരുവശവും നിറയെ പൂത്തു കിടക്കുന്ന കാട്ടുപൂക്കളും, ഇടയ്ക്കിടയ്ക്കുള്ള കുഞ്ഞു വീടുകളും, വേലിപ്പടർപ്പുകളും, വഴിയരികിലെ അമ്പലത്തിലെ ഉത്സവവും, എല്ലാം ചേർന്ന് ആ നാട് മുത്തശ്ശി കഥയിലൊരിടം പോലെ തോന്നിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഈ കാഴ്ചയിലേക്ക് മറ്റൊരത്ഭുതം കടന്നു വന്നത്. ഇതിനെല്ലാം മുകളിലായി മേഘക്കൂട്ടങ്ങൾ ചൂഴ്ന്നു നിൽക്കുന്നൊരു മല!

” ദാ… മേഘമല “ എന്നു ഞാൻ അറിയാതെ പറഞ്ഞു പോയി. ലക്ഷ്യസ്ഥാനമടുത്ത സന്തോഷത്തിലിരുന്ന ഞങ്ങളുടെ മുന്നിലേക്ക് പെട്ടെന്നാണൊരു ചെക്ക് പോസ്റ്റിന്റെ ഗേറ്റ് താഴ്ന്നു വന്നത്. “എവിടേക്കാ പോകുന്നത്” സൗമ്യമായ തമിഴിലൊരു ചോദ്യം.
മേഘമലക്കാണെന്നു പറഞ്ഞതും ചിരിച്ചു കൊണ്ട് ഞങ്ങളോട് ചോദിച്ചു. “ഫോൺ നോക്കിയാണല്ലേ വന്നത്. മേഘമലയ്ക്ക് പലരും ഈ വഴി തെറ്റി വരാറുണ്ട്. ഇതൊരു കാട്ടിലേക്കുള്ള വഴിയാ, ശരിക്കുള്ള വഴി ഞാൻ പറഞ്ഞു തരാം, ആ വഴിയേ പോയാൽ മതി”.

വന്ന വഴി പാതിയും തിരികെപ്പോയി ആ ചേട്ടൻ പറഞ്ഞു തന്ന വഴിയിലൂടെ ചുരം കയറി മേഘമലയിലെത്തിയിട്ടും എന്റെ മനസ്സാകെ വഴിതെറ്റിയെത്തിയ ആ നാടായിരുന്നു. മുൻപെങ്ങോ ഞാൻ കണ്ട സ്വപ്നത്തിലെ മേഘമല ഒരു പക്ഷേ അതായിരിക്കണം. അതു കൊണ്ടായിരിക്കണം ഇത്രനാളുകൾക്കിപ്പുറവും ഞാനാ പേരറിയാത്ത നാടിനെ ഇത്ര ഗൃഹാതുരതയോടെ ഓർക്കുന്നത്. വീണ്ടും പോവാൻ കൊതിക്കുന്നത്….

മേഘമല സുന്ദരിയായിരുന്നു. മൂന്നാറിലെ കണക്കൊപ്പിച്ചു നട്ടുവളർത്തിയ തേയിലത്തോട്ടങ്ങൾ കണ്ടു പരിചയിച്ചവർക്ക് മലഞ്ചെരിവുകൾക്കിടയിലെ തേയിലത്തോട്ടങ്ങളും, കാടുകളും കുഞ്ഞരുവികളും തടാകങ്ങളും ഇളം തണുപ്പുമായി വരവേൽക്കുന്ന മേഘമല കണ്ണിനു വിരുന്നായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. ടൂറിസത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ഇനിയും എത്തിചേരാത്തതിന്റെ എല്ലാ നല്ല വശങ്ങളും അവിടെയുണ്ട്. പുതുവത്സര ദിനമായിട്ടു പോലും നീണ്ട വാഹനക്കുരുക്കുകളുള്ള റോഡുകളോ, മലനിരകളെയാകെ കവർന്ന് കെട്ടിപ്പൊക്കിയ മണിമാളികകളോ, തിരക്കോ ബഹളമോ ഒന്നുമില്ലാതെ സ്വഛന്ദമായിരിക്കുന്നൊരിടം. താമസിക്കാനാണെങ്കിൽ വളരെ കുറച്ച് ഹോം സ്റ്റേകളും പഞ്ചായത്ത് ഗസ്റ്റ് ഹൗസും മാത്രമാണുള്ളത്. ഒരു പക്ഷേ കുറച്ച് വർഷങ്ങൾക്കുള്ളിൽ മനുഷ്യന്റെ ആർത്തി ഈ ശാന്തതയേയും നശിപ്പിച്ചേക്കാം.

മേഘമല വരെ നല്ല റോഡാണെങ്കിലും പിന്നീടങ്ങോട്ട് നല്ല ഓഫ് റോഡാണ്. ബ്രിട്ടീഷുകാരുടെ കാലെത്തെങ്ങോ പണിത ഏതൊക്കെയോ എസ്റ്റേറ്റ് ബംഗ്ലാവുകളിലേക്കുള്ള റോഡുകൾ പിന്നീടു തിരിഞ്ഞുനോക്കാതെ പൊട്ടിപ്പൊളിഞ്ഞ് ഏതൊരു ഓഫ് റോഡിനെയും വെല്ലുന്ന പരുവത്തിലായിട്ടുണ്ട്. കുറേ ദൂരം മുന്നോട്ട് പോയെങ്കിലും പഴകിതേയാറായ ബൈക്കിന്റെ ടയർ ഞങ്ങളെ പിന്തിരിപ്പിച്ചു. തിരിച്ചുള്ള യാത്രയിലായിരുന്നു ഉച്ചഭക്ഷണം. ഒരേയൊരു ഹോട്ടൽ മാത്രമേ ഞങ്ങളുടെ കണ്ണിൽ പെട്ടുള്ളൂ. കുറേ സമയം കാത്തു നിന്നിട്ടാണു കിട്ടിയതെങ്കിലും ഭക്ഷണത്തിനു നല്ല രുചിയായിരുന്നു. അന്നു രാത്രി അവിടെ തങ്ങാൻ ഉദ്ദേശിക്കുന്നില്ലാത്തതിനാൽ വൈകുന്നേരത്തിനു മുൻപേ മലയിറങ്ങണമായിരുന്നു. രാത്രിയായാൽ ആനയിറങ്ങുന്ന റോഡാണ് അതുകൊണ്ട് ഇരുട്ടുന്നതിനു മുൻപ് താഴെ എത്തണമെന്ന് ചെക്ക് പോസ്റ്റിലുള്ളവർ നിർബന്ധം പറഞ്ഞിരുന്നു. അതു കൊണ്ട് മനസ്സില്ലാ മനസ്സോടെ മേഘമലയോട് യാത്ര പറഞ്ഞു.

മൂന്നാം ദിനം തേനിയിൽ നിന്നും തിരികെയുള്ള യാത്രയിലാണ് ഇപ്പോഴും ഓർത്തു ചിരിക്കുന്ന പലതും നടന്നത്. ഇങ്ങോട്ടുള്ള യാത്രയിൽ കാണാനാവാതെ പോയ മുന്തിരിത്തോട്ടങ്ങൾ അന്വേഷിച്ചായിരുന്നു തുടക്കം. ഒരു പാട് സ്ഥലങ്ങളിൽ അലഞ്ഞു തിരിഞ്ഞെങ്കിലും പലതും വിളവെടുപ്പ് കഴിഞ്ഞതും പാകമാകാത്തതുമൊക്കെയായിരുന്നു. തിരഞ്ഞു തിരഞ്ഞൊടുവിൽ ഒന്നു കണ്ടെത്തി. അനുവാദം ചോദിച്ചപ്പോ കയറി കണ്ടോളാൻ പറഞ്ഞു. തലയക്കൊപ്പം ഉയർത്തിയ പന്തലിലെ മുന്തിരിക്കുലകളെല്ലാം പഴുത്തു പാകമായി വിളവെടുപ്പിനു തയ്യാറായിരുന്നു.

അതിലൊന്ന് പറിച്ചോട്ടെ എന്നു ചോദിച്ചപ്പോൾ പിറകിൽ നിന്നൊരശരീരി “അത് പറിക്കല്ലേ..” തിരിഞ്ഞു നോക്കിയപ്പോൾ തോട്ടത്തിൽ പണിയെടുക്കുന്ന ഒരു മുത്തശ്ശിയാണ്. “അതപ്പടി മരുന്നടിച്ചതാണ്. കഴിക്കാനാണേൽ വേറെ തരാം.” ഇരുവശവും വലിയ മൂക്കുത്തിയും നിറഞ്ഞ ചിരിയുമായി ആ മുത്തശ്ശി അങ്ങനെ പറഞ്ഞപ്പോൾ സത്യത്തിൽ എനിക്കത്ഭുതമാണ് തോന്നിയത്. മുന്തിരിയായാലും മറ്റെന്തായാലും നമ്മുടെ തീൻമേശയിലെത്തുന്നത് കീടനാശിനിയിൽ മുങ്ങിക്കുളിച്ചാണ് എന്ന് നേരത്തെ തന്നെ അറിയാവുന്നതാണ്. എന്നെ അത്ഭുതപ്പെടുത്തിയത് തീർത്തും അപരിചിതരായ ഞങ്ങളോടവർ കാട്ടിയ കരുതലാണ്.

മുത്തശ്ശി കീടനാശിനി കലരാത്ത രണ്ട് മുന്തിരിക്കുലകൾ ഞങ്ങൾക്ക് കൊണ്ടു തന്നു. അത് കഴിച്ചോണ്ട് കുറേ സമയം അറിയാവുന്ന മുറിത്തമിഴിൽ അവരോട് വർത്താനം പറഞ്ഞിരുന്നു. കൈയിലെ ക്യാമറ കണ്ടപ്പോൾ ഞങ്ങളെ കൂടെ ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചു. ആ ക്യാമറയിൽ അന്നോളം അത്ര നിഷ്കളങ്കമായൊരു ചിരി പതിഞ്ഞിട്ടില്ലെന്നെനിക്ക് തോന്നി. തിരികെ മടങ്ങുമ്പോൾ മറ്റൊരു കാര്യമാണെന്നെ അലട്ടിയത്. നമുക്ക് വേണമെങ്കിൽ കീടനാശിനി അടിച്ചതെന്നുറപ്പുള്ള പഴങ്ങൾ വാങ്ങാതിരിക്കാൻ കഴിയും പക്ഷേ അവിടെ ജോലി ചെയ്യുന്നവരുടെ കാര്യമോ? വിഷമാണെന്നറിഞ്ഞിട്ടും ദിവസവും മറുത്തൊരക്ഷരം പറയാതെ കൈകാര്യം ചെയ്യേണ്ടത് അവരാണ്. മറ്റൊരു വഴി മുന്നിലില്ലാത്തിടത്തോളം കാലം അവർക്കത് ചെയ്തേ മതിയാകൂ.

തേനിയും കുമളിയും കഴിഞ്ഞ് വണ്ടിപ്പെരിയാറിനു കുറച്ച് മുന്നിലെത്തിയപ്പോഴാണ് റോഡ് മൂന്നായി പിരിയുന്നൊരു ഇടമെത്തിയത്. സത്രം, പരുന്തുംപാറ, പിന്നെ പത്തനംതിട്ട. പേരിലെ കൗതുകം കൊണ്ടാണോ അവിടെ എന്താണുള്ളത് എന്നറിയാനുള്ള ആകാംക്ഷ കൊണ്ടാണോ വണ്ടി നേരെ സത്രം എന്ന റോഡിലേക്ക് തിരിഞ്ഞു. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള കുഞ്ഞുറോഡിലൂടെയുള്ള യാത്ര പക്ഷേ അധികദൂരം പോയില്ല. മേഘമലയിലെ ഓഫ് റോഡ് പണിപറ്റിച്ചൂ എന്ന് പിൻ ടയറിലെ കാറ്റ് പതുക്കെ പതുക്കെ കുറയാൻ തുടങ്ങിയപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്. പിന്നെന്തു ചെയ്യാൻ ! വന്ന വഴിയേ തിരികെ വിട്ടു.

ഭാഗ്യം കൊണ്ട് കാറ്റ് മുഴുവനായി പോവും മുൻപേ വണ്ടിപ്പെരിയാറിലൊരു വർക്ക്ഷോപ്പിലെത്തി. പഞ്ചർ എവിടെയാണെന്നറിയാൻ ടയറൂരി സോപ്പു വെള്ളമൊഴിച്ച കടക്കാരൻ എല്ലാ മൂലയിൽ നിന്നും കുമിള പൊങ്ങുന്നത് കണ്ടപ്പോൾ “എന്തോന്നടേയ് ഇതിലിനി പഞ്ചറാവാൻ ഒരിഞ്ചും ബാക്കിയില്ലല്ലോ, മക്കളെവിടുന്നാ കുറ്റീം പറിച്ച്” എന്ന ഭാവത്തിൽ ഞങ്ങളെയൊന്നു നോക്കി. മേഘമല പോയിട്ടു വരുന്നതാണെന്നു പറഞ്ഞപ്പോ “ഈ തേഞ്ഞു തീർന്ന ടയറും വെച്ചോണ്ടാണോ അവിടം വരെ എത്തിയത്” എന്ന് ചോദിച്ചു. അപ്പഴാണ് ഞാൻ വണ്ടീടെ ടയർ ശരിക്കും നോക്കിയത്. ഇനി മിനുസപ്പെടുത്താൻ ഒന്നുമില്ലാത്തവിധം തേഞ്ഞു തീർന്ന ടയർ, ഇനീം എന്നെക്കൊണ്ട് പണിയെടുക്കാൻ വയ്യ മുതലാളീ എന്ന ദയനീയ ഭാവത്തിൽ എന്നെ നോക്കണ പോലെ എനിക്ക് തോന്നി.

പഞ്ചറൊട്ടിക്കൽ നടക്കില്ലെന്നും ടയറു മാറ്റാതെ പറ്റില്ലന്നും കടക്കാരൻ കട്ടായം പറഞ്ഞപ്പോ പിന്നെ ടയറന്വേഷിച്ചായി നടത്തം. ബസ്സ് പിടിച്ച് കുമളിയിലെത്തിയപ്പോഴേക്കും ടയറ്കടക്കാരൻ കടേം പൂട്ടി പുട്ടടിക്കാൻ പോയിരുന്നു. പിന്നെ കുറേ നേരം അവിടെ കുത്തിയിരുന്നു കടക്കാരൻ വന്ന് ടയറും വാങ്ങി പുറത്തെത്തിയപ്പോഴേക്കും ശ്ശടേന്നൊരു കേസാർട്ടീസി മുന്നിൽ നിർത്തി. ബോർഡ് പോലും നോക്കാതെ അതിൽ വലിഞ്ഞു കേറി ഇരിപ്പുറപ്പിച്ച് കുറേ കഴിഞ്ഞപ്പോഴാണ് കണ്ടക്ടർ വന്നത്. രണ്ട് വണ്ടിപ്പെരിയാർ എന്ന് പറഞ്ഞതും മക്കളേ ഇത് എറണാകളത്തിനുള്ള ബസ്സാണെന്നും വണ്ടിപ്പെരിയാർ പോവില്ലെന്നും പറഞ്ഞു.
അങ്ങനെ വീണ്ടും പെരുവഴിയിലായി.

കൈയിലൊരു ടയറും ചുമലിൽ എടുത്താൽ പൊങ്ങാത്ത ബാഗുമായി നടന്നോണ്ടിരുന്ന ഞങ്ങടെ മുന്നിലേക്കാണ് ദൈവദൂതനെപ്പോലൊരു ജീപ്പ് പ്രത്യക്ഷപ്പെട്ടത്. ഒന്നും നോക്കില്ല കൈ കാണിച്ച് നിർത്തിച്ചു. കാര്യം പറഞ്ഞപ്പോ ബസ്സ് കിട്ടണ സ്റ്റോപ്പ് വരെ കൊണ്ടുവിട്ടു തന്നു. ചേട്ടനോട് താങ്ക്സും പറഞ്ഞ് ബസ്സും പിടിച്ച് ടയറൊക്കെ മാറ്റി യാത്ര തുടർന്നപ്പോഴേക്കും ഉച്ച ഉച്ചര ഉച്ചേ മുക്കാലായിരുന്നു.

വീണ്ടും ആ മൂന്നായി പിരിയുന്ന റോഡ് ഞങ്ങളുടെ മുന്നിലെത്തി. ഇത്തവണ പക്ഷേ തിരഞ്ഞെടുത്തത് പരുന്തുംപാറയായിരുന്നു. ഒരു പത്തു പതിനഞ്ചു കിലോമീറ്റർ എത്തിയപ്പോഴേക്കും ആൾക്കാരുടെ ബഹളം കേട്ടു തുടങ്ങി. നിരനിരയായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും ഉപ്പിലിട്ടവ വിൽക്കുന്ന പെട്ടിക്കടകളും പുതുവർഷത്തിലെ ആദ്യത്തെ ഒഴിവു ദിനം ആഘോഷിക്കാൻ വന്ന സഞ്ചാരികളുമൊക്കെയായി അവിടെ മൊത്തം നല്ല തിരക്കായിരുന്നു. അതിമനോഹരമായ ഒരു വ്യു പോയന്റായിരുന്നു പരുന്തുംപാറ. പരുന്തിന്റെ ആകൃതിയിലുള്ള കൊക്കയിലേക്ക് തള്ളി നിൽക്കുന്ന ഒരു പാറ കാരണമാണിതിനീ പേരു വരാൻ കാരണം.

ചുറ്റും നീല മലനിരകളും പുൽമേടുകളുമൊക്കെയായി സുന്ദരി ആയിരുന്നെങ്കിൽ പോലും ഒരു ടൂറിസ്റ്റ് കേന്ദ്രം നമ്മൾ എങ്ങനെ നശിപ്പിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പരുന്തും പാറ. ഒരു മലഞ്ചെരിവാകെ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. അവിടെയുള്ളവരോ അധികൃതരോ ഒന്നും ഇതിൽ യാതൊരു വിധ ശ്രദ്ധയും കാണിക്കുന്നില്ല. വേസ്റ്റ് ഇടാൻ ഒരു ബാസ്കറ്റ് പോലും എവിടേം കണ്ടില്ല. കാടാണെന്നും നാളേക്കും വേണ്ടതാണെന്നും സംരക്ഷിച്ചില്ലെങ്കിൽ നാശം നമുക്ക് തന്നെയാണെന്നും ഇനിയെന്നാണാവോ നമ്മൾ പഠിക്കുക!. കാത്തിരുന്നെങ്കിൽ ഒരു പക്ഷേ നല്ലൊരു അസ്തമയം കാണാൻ കഴിയുമായിരുന്നുവെങ്കിൽ പോലും എന്തുകൊണ്ടോ അവിടെ കൂടുതൽ സമയം ചിലവഴിക്കാൻ തോന്നിയില്ല.

തിരിച്ചുവരവിലാണ് നേരത്തെ ഉപേക്ഷിച്ചു പോന്ന സത്രത്തിലേക്കുള്ള വഴി വീണ്ടും മാടി വിളിച്ചത്. സൂര്യനാണെങ്കിൽ നിറം മാറിത്തുടങ്ങിയിരുന്നു. ഓരോ മലമടക്കു കഴിയുമ്പോഴും മുന്നിൽ പ്രത്യക്ഷപ്പെട്ടും തിരിയുമ്പോൾ അപ്രത്യക്ഷമായും സൂര്യൻ ഒളിച്ചു കളിക്കുകയായിരുന്നു. നല്ലൊരു അസ്തമയക്കാഴ്ച കിട്ടാൻ സൂര്യനെ പിന്തുടർന്ന് ഞങ്ങളും. ഒരു തരത്തിൽ പറഞ്ഞാൽ “Chasing the Sun “. ഒടുവിൽ മനോഹരമായൊരിടത്തു തന്നെ എത്തി. വശ്യമായ നിശ്ശബ്ത കൂട്ടിനുള്ള ഒരു മലഞ്ചെരിവിൽ അകലെ ഏതോ മലനിരകളെ ചുവപ്പണിയിച്ച് പോയൊളിക്കുന്ന സൂര്യൻ. അവസാനത്തെ രശ്മിയും ആകാശച്ചെരിവിൽ മായവേ നമ്മെ മൂടാനെത്തുന്ന ധനുമാസക്കുളിർ. മനസ്സില്ലാ മനസ്സോടെ വണ്ടി തിരിച്ചതും സന്തോഷം കൊണ്ട് ഞാൻ കൂവി വിളിച്ചു പോയി. ഒരു വളവിനപ്പുറത്ത് മരക്കൂട്ടങ്ങൾക്കിടയിൽ ഉദിച്ചുയരുന്ന പൂർണചന്ദ്രൻ! ഇനി “Chasing the Moon “.

ഭൂപടത്തിലെവിടെയും അടയാളപ്പെടുത്തി വെക്കാത്ത ഇത്തരമിടങ്ങളിൽ നിന്നാണല്ലോ യാത്രയുടെ അടങ്ങാത്ത ലഹരി നമ്മളിൽ വന്നു നിറയുന്നത്….