വിവരണം – Vinson Wanderer Tfz.
മേക്കെദാട്ടു – ആട് ചാടിക്കടന്ന പുഴ. ബാംഗ്ലൂരിൽ നിന്നും ഒരു വൺഡേ ട്രിപ്പ് പോകാൻ അനുയോജ്യമായ ഒരു സ്ഥലം.റൂട്ട് : ബാംഗ്ലൂർ – കനക്പുര – മേക്കെദാട്ടു. ഏകദേശം 100 കിലോമീറ്റർ ദൂരമുണ്ട്.
കനക്പുര കഴിഞ്ഞാൽ പിന്നെ മനോഹരമായ നാട്ടു വഴികളും കാടിനുളിലൂടെ ഉള്ള യാത്രയും നല്ല ഫീൽ ആണ്. മൂന്നു മനോഹരമായ സ്ഥലങ്ങൾ ആണ് ഇവിടെ കാണാൻ ഉള്ളത്. സംഗമ, മേക്കേദാട്ടു ഫാൾസ്, ചുഞ്ചി ഫാൾസ്.
സംഗമ : അർക്കാവതി, കാവേരി നദികൾ കൂടിച്ചേരുന്ന സ്ഥലത്തെയാണ് സംഗമ എന്ന് പറയുന്നത്. വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്ത് കുട്ട വഞ്ചിയിൽ വേണം മറുകരക്ക് പോകാൻ. കുട്ട വഞ്ചി യാത്ര കുറച്ചു ദൂരമേ ഉള്ളൂ. ഒരാൾക്ക് 50 രൂപയാണ് ചാർജ്. പുഴ കടക്കാൻ മറ്റു മാർഗങ്ങൾ ഒന്നും ഇല്ല. പുഴ കടന്നാൽ മനോഹരമായ ഒരു തുരുത്തിലേക്ക് ആണ് എത്തി ചേരുന്നത് വലിയ ഉരുളൻ കല്ലുകളും വലിയ മരങ്ങളും ഉള്ള ഒരു തുരുത്ത്. ഫോട്ടോഗ്രഫിക്ക് പറ്റിയ സ്ഥലം. ട്രെൻഡ് അനുസരിച്ച് Save The Date Photography ഒക്കെ ചെയ്യാൻ
പറ്റിയ കിടുക്കൻ സ്ഥലം എന്ന് പറയാം.
മേക്കേദാട്ടു : കുട്ട വഞ്ചി കയറി മറുകര എത്തിയാൽ ഇവിടുന്നു ഫോറെസ്റ്റ്കാരുടെ വണ്ടിയിൽ വേണം മേക്കെദാട്ടു ഫാൾസ്സിലേക്ക് പോകാൻ. ഒരാൾക്ക് 60 രൂപയാണ് ചാർജ്. ഏകദേശം 5 കിലോമീറ്റർ കാടിനുളിലൂടെ ഒരു യാത്ര അവസാനിക്കുന്നിടത്താണ് മേക്കെദാട്ടു ഫാൾസ്.
മേക്കെദാട്ടു എന്നാൽ കന്നഡയിൽ ‘ആട് ചാടി കടക്കുക’ എന്നാണ് അർത്ഥം. പണ്ടൊരിക്കൽ ഒരു പുലിയിൽ നിന്നും രക്ഷപെടാൻ ഒരു ആട് ഈ പുഴ ചാടി കടന്നു എന്നാണ് പറയപ്പെടുന്നത്. ഇതൊരു ഗ്രാമവാസി കാണുകയും അങ്ങനെ ഇവിടം ‘മേക്കെദാട്ട്’ എന്ന് പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.
മനോഹരവും എന്നാൽ കുറച്ചു പേടി തോന്നുന്നതുമായ സ്ഥലമാണിത്. ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കാലു തെറ്റി വീഴാൻ സാധ്യത വളരെയേറെയാണ്. സുരക്ഷാ കൈവരികൾ ഒന്നും തന്നെ ഇല്ല. വലിയ പാറക്കൂട്ടങ്ങളും കുത്തി ഒലിക്കുന്ന വെള്ളവും മനോഹരങ്ങളായ കാഴ്ച തന്നെയാണ്.
ചുഞ്ചി ഫാൾസ് : സംഗമ സ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ ആണ് ഇവിടേക്ക് സന്ദർശകർക്ക് പ്രവേശനമുള്ളത്. നേരത്തെ എത്തുന്നവർക്ക് സംഗമവും, മേക്കെദാട്ടും കഴിഞ്ഞ് തിരിച്ചു പോകുന്ന വഴിക്ക് ചുൻജി ഫാൾസും കണ്ട് തിരിച്ചു പോകാം.
പാർക്കിങ്ങിൽ നിന്നും അര കിലോമീറ്ററോളം നടന്ന് വേണം ചുൻജി ഫാൾസ്സിലേക്ക് എത്താൻ. ഇവിടുന്ന് വെള്ളച്ചാട്ടത്തിന്റെ ഒരു വിദൂര കാഴ്ച കാണാം എന്നല്ലാതെ മറ്റൊന്നും ഇല്ല. ഈ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങണം എന്നുള്ളവർക്ക് ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ പെർമിഷനും കൂടെ ഒരു Authorised ഗൈഡും കൂടെ വേണം. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്തെന്നാൽ, മുതലകൾ കാണപ്പെടുന്ന സ്ഥലം ആണിത്.
മലയാളികൾ അടക്കമുള്ളവർ താമസിക്കുന്ന ഒരു സ്ഥലമാണ് ബെംഗളൂരു. അവിടെ ജോലിത്തിരക്കുകളിൽ നിന്നും അൽപ്പം ടെൻഷൻ ഫ്രീയും, റിലാക്സേഷനും വേണ്ടി വീക്കെൻഡിൽ എവിടേക്ക് പോകണം എന്ന് പ്ലാൻ ചെയ്യുന്നവർക്ക് ഒന്നു പരീക്ഷിച്ചു നോക്കാവുന്ന ഒരു റൂട്ട് ആണിത്.