കെഎസ്ആർടിസി ബസിൽ കയറി ഡ്രൈവറെ മർദിച്ചു താക്കോൽ എടുത്തു കൊണ്ടു പോയി. യാത്രക്കാർ പെരുവഴിയിലായി. ചൊവാഴ്ച രാത്രി എത്തുമണിയോടെ എറണാകുളം ജില്ലയിലെ കലൂർ ഭാഗത്തു വെച്ചാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. പാലായിൽ നിന്നും കൊന്നക്കാട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് കലൂർ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്നതിനിടയിൽ ബസ്സിന്റെ പിൻഭാഗം കാറിൽ ചെറുതായി തട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
കാർ ഡ്രൈവറും കാറിലുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് ബസ്സിൽക്കയറി ഡ്രൈവറെ മർദ്ദിക്കുകയും ഷർട്ട് വലിച്ചു കീറുകയും പോരാഞ്ഞിട്ട് വയറ്റിൽ ശക്തിയായി ഇടിക്കുകയുമാണ് ഉണ്ടായത്. ബസ് ഡ്രൈവറായ സാജു ചാക്കോയ്ക്കാണ് ഇത്തരത്തിൽ മർദ്ദനമേറ്റത്. ഇതിനിടയിൽ കണ്ടക്ടർ അനൂപും യാത്രക്കാരും എത്തിയപ്പോൾ ഇവർ ബസിന്റെ താക്കോലുമായി കടന്നു കളഞ്ഞു. സംഭവത്തിൽ സ്ത്രീകളും വിദ്യാർഥികളും അടക്കമുള്ള അറുപതോളം യാത്രികരാണു മണിക്കൂറുകളോളം വഴിയിൽ കുരുങ്ങിയത്.
പറഞ്ഞാൽ തീരാവുന്ന പ്രശ്‌നത്തിനാണ് തന്നെ ആക്രമിച്ചതെന്ന് ഡ്രൈവർ സാജു പറഞ്ഞു. രണ്ടു മണിക്കൂറോളം യാത്ര മുടങ്ങിയത് യാത്രക്കാരെ വലച്ചു. സ്ത്രീകളും കുട്ടികളുമടക്കം ബസിൽ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. ഹ്രസ്വദൂര യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. കറുത്ത ടീ ഷർട്ട് ധരിച്ച ഒരാളും വെളള ഷർട്ട് ധരിച്ച മറ്റൊരാളുമാണു ഡ്രൈവറെ മർദിച്ചതെന്നു കണ്ടക്ടർ അനൂപ് പോലീസിനോട് പറഞ്ഞു. പരിക്കേറ്റ ഡ്രൈവർ സാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എറണാകുളത്തു നിന്നു മറ്റൊരു ഡ്രൈവറെ എത്തിക്കുകയും ചെയ്തിട്ടാണ് പിന്നീട് ഈ സർവീസ് തുടർന്നത്.
തുടർന്നുണ്ടായ അന്വേഷണത്തിൽ പൊലീസ് പ്രതിയെ തിരിച്ചറിയുകയും ചെയ്തു. സംഭവത്തിൽ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച് താക്കോൽ ഊരിയെടുത്ത കാർ ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. പള്ളുരുത്തി സിവിൽലൈൻ സ്വദേശി ഹണീഷി(24)നെതിരേയാണ് ആണ് എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബസ് യാത്രികർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്നും വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ അറസ്റ്റ് സംബന്ധിച്ച് വ്യക്തതയുണ്ടാകൂവെന്നും അധികൃതർ പറഞ്ഞു.
അപകടം ഉണ്ടാക്കിയതിൽ തെറ്റ് ചിലപ്പോൾ ബസ് ഡ്രൈവറുടെ ഭാഗത്തായിരിക്കാം, പക്ഷേ അതിനു ഇങ്ങനെ മർദ്ദിക്കേണ്ടതുണ്ടോ എന്നാണു സംഭവമറിഞ്ഞവർ ഒന്നടങ്കം ചോദിക്കുന്നത്. വ്യക്തമായ തെളിവുകളും പരാതിയും ബോധ്യപ്പെട്ടാൽ കുറച്ചു ദിവസം അകത്തു കിടക്കുവാനുള്ള സാധ്യതയും ഇത്തരം സംഭവങ്ങളിൽ കാണുന്നു. മുൻപ് ഇതുപോലെ ബസ് തടഞ്ഞു നിർത്തി മർദ്ദിച്ചവരുടെയെല്ലാം അനുഭവം അതാണ്. എന്തൊക്കെയായാലും നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരം ഇല്ലെന്ന് ഇത്തരം ആക്രമണങ്ങൾക്ക് മുതിരുമ്പോൾ എല്ലാവരും ഒന്നോർക്കുക.