ആദ്യത്തെ മോഡലായ ഹെക്ടറിനു ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെ അടുത്ത മോഡലിനെക്കൂടി ഇന്ത്യൻ വിപണിയിലെത്തിക്കുവാൻ തയ്യാറെടുക്കുകയാണ് മോറിസ് ഗാരേജ് എന്ന എംജി മോട്ടോർസ്. എംജി eZs എന്നു പേരിട്ടിരിക്കുന്ന ഈ മോഡൽ ഇലക്ട്രിക് പതിപ്പായാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. വാഹനം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനു മുന്നോടിയായി eZs ൻ്റെ ടീസർ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് കമ്പനി. ഈ ടീസർ സോഷ്യൽ മീഡിയയിൽ ഹിറ്റായി തുടരുകയാണ്.
നിലവിൽ വിദേശരാജ്യങ്ങളിൽ എംജി ZS എന്ന മോഡൽ നിരത്തുകളിലുണ്ട്. അതേ മോഡലിന്റെ ഇലക്ട്രിക്ക് പതിപ്പാണ് ഇന്ത്യയിൽ ഇറങ്ങാനിരിക്കുന്നതെന്നു മാത്രം. നിലവിൽ തായ്‌ലൻഡ്, യു.കെ, ചൈന എന്നിവയുൾപ്പെടെയുള്ള വിവിധ വിപണികളിൽ എംജി ZS എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് വിൽപ്പനക്കെത്തുന്നുണ്ട്. എംജി കമ്പനിയുടെ സാങ്കേതികമായി ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു മോഡലാണ് ഇത്. ഒറ്റത്തവണ ഫുൾ ചാർജ്ജ് ചെയ്‌താൽ 260 ഓളം കിലോമീറ്ററുകൾ ഓടുവാൻ ഈ ഇലക്ട്രിക് എസ്.യു.വി.യ്ക്ക് സാധിക്കും.
ഇലക്ട്രിക് മോട്ടോറും 44.5 kWh ലിഥിയം അയേണ്‍ ബാറ്ററിയും ചേര്‍ന്ന് 143 പിഎസ് പവറും 353 എന്‍എം ടോര്‍ക്കും നല്‍കും. 7 മണിക്കൂറോളം എടുത്താവും ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യപ്പെടുക. എന്നാൽ ഫാസ്റ്റ് ചാർജിങ്ങിലൂടെയാണെങ്കിൽ 40 മിനിറ്റുകൾ കൊണ്ട് 80 ശതമാനത്തോളം ചാർജ് ചെയ്യുവാനാകും. ബാറ്ററിയ്ക്ക് 7 വർഷത്തെ വാറന്റിയും കമ്പനി നൽകുമെന്ന് പറയപ്പെടുന്നു. മണിക്കൂറില്‍ 140 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 8.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താനും ZS ഇലക്ട്രിക്കിന് സാധിക്കും.
2019 അവസാനത്തോടു കൂടി എംജിയ്ക്ക് ഇന്ത്യയിൽ 120 ഓളം സെയിൽസ് ആൻഡ് സർവ്വീസസ് ഔട്ട്ലറ്റുകൾ ആകുമെന്ന് കമ്പനി അധികൃതർ പറയുന്നു. കൂടാതെ രാജ്യത്തുടനീളം ചാർജ്ജിംഗ് പോയിന്റുകൾ ഒരുക്കുന്നതിനായി പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ ഡെൽറ്റ ഇലക്ട്രോണിക്സുമായി സഹകരിച്ചു പ്രവർത്തിക്കുവാനുള്ള ശ്രമത്തിലാണ് എംജി. പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ പ്രകാരം ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാവും eZS ആദ്യം എത്തുന്നത് എന്നാണു അറിയുവാൻ സാധിച്ചത്. 2019 ഡിസംബർ മാസത്തോടെ ഒഫീഷ്യൽ ലോഞ്ച് ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.
ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക്കിന് എതിരാളിയായിട്ടാണ് eZS എത്തുന്നത്. എംജി eZS ൻ്റെ ടീസർ പുറത്തിറങ്ങിയതിനു പുറമെ ഇന്ത്യയിലെ പരീക്ഷണ ഓട്ടത്തിന്റെ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. ഗുജറാത്തിലെ പ്ലാന്റിൽ തദ്ദേശീയമായി അസംബിൾ ചെയ്ത മോഡലുകളായിരിക്കും എംജി ഇന്ത്യയിൽ പുറത്തിറക്കുക. ജിഎസ്‌ടിയിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഇളവുകൾ ലഭിക്കുമെന്നതിനാൽ വാഹനവില 21 മുതൽ 23 വരെയാകുമെന്നാണ് കണക്കുകൂട്ടലുകൾ. ഈ കാര്യങ്ങളെക്കുറിച്ച് അധികം വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല. എന്തായാലും ഹെക്ടറിന്റെ വിജയത്തിനും ജനപ്രീതിയ്ക്കും ശേഷം ഇന്ത്യൻ വിപണിയിലേക്ക് രണ്ടും കൽപ്പിച്ചു തന്നെയാണ് എംജി ഇറങ്ങുന്നതെന്നു സാരം.
1 comment
നിങ്ങളുടെ പോസ്റ്റുകൾ ഒരുപാട് ഉപകാരപ്രദമാണ്..
love quotes in malayalam