കടപ്പാട് – Sigi G Kunnumpuram, Pscvinjanalokam.
മൈക്കൾ ഷുമാക്കർ (റെയിസിങ്ങ് ലോകത്തെ ഇതിഹാസം ) ലോകത്ത് ഏതൊരു കായികതാരവും കൊതിക്കുന്ന ഒട്ടേറെ നേട്ടങ്ങളും റെക്കോർഡുകളുമാണ് റേസ് ട്രാക്കിലെ ഈ നിത്യഹരിത നായകൻ സ്വന്തമാക്കിയത്. ഫോര്‍മുലവണ്‍ ചരിത്രത്തില്‍ ഷുമാക്കർ ഏഴുതവണയാണ് ലോകകിരീടം കൈക്കലാക്കിയത്. (1994, 95,2000 മുതൽ 2004 വരെ) ഏറ്റവും കൂടുതൽ ഗ്രാൻപ്രി 91 വിജയങ്ങള്‍ നേടിയിട്ടുണ്ട്. കരിയറിൽ 1000 പോയിന്റെ തികയ്ക്കുന്ന ആദ്യ താരം. 155 തവണ മെഡല്‍ പൊസിഷനിലെത്തിയിട്ടുണ്ട്. 68 തവണ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയിട്ടുണ്ട്(യോഗ്യതാ നിർണയത്തിലു ടെ നേടുന്ന ഒന്നാം സഥാനം). 77 തവണ ഫാസ്റസ്റ് ലാപ്പ് ടൈം കുറിച്ചയാളെന്ന ബഹുമതിയും ഷൂമിക്കു സ്വന്തം. ഫെറാറി ടീമിനുവേണ്ടി 181 തവണ മത്സരിച്ചു തുടങ്ങിയവ അവയിൽ ചിലതു മാത്രം.
1969 ജനുവരി മൂന്നിനാണ് മൈക്കൾ ഷുമാക്കറിന്റെ ജനനം. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഹ്യൂര്‍ത്തിലാണ് ഷുമാക്കർ ജനിച്ചതെങ്കിലും വളര്‍ന്നത് ജര്‍മനിയിലെ കെര്‍പ്പനിലാണ്. 1991 ല്‍ ബെല്‍ജിയന്‍ ഗ്രാന്‍പ്രിയിലൂടെയാണ് ഷുമാക്കർ തുടക്കം കുറിച്ചത്. ഇതിഹാസപര്യായമായിരുന്ന അയര്‍ട്ടന്‍ സെന്നെ മരിച്ച വര്‍ഷമായ 1994 ലാണ് ഷുമാക്കർ ആദ്യമായി ചാമ്പ്യന്‍ പട്ടം നേടുന്നത്. 1994 ലും 1995 ലും ബെന്നട്ടണില്‍ ഫോര്‍മുല വണ്‍ കിരീടം നേടി. പിന്നീട് 2000 മുതല്‍ 2004 വരെ തുടര്‍ച്ചയായി അഞ്ചുതവണ ഫെറാറിയില്‍ ലോകചാമ്പ്യനായി. 1995 ഓഗസ്റ്റിൽ മൈക്കൾ കൊറിന്നാ ബെറ്റ്ചിനെ വിവാഹം കഴിച്ചു. 2007ല്‍ വിരമിച്ച ശേഷം ഫെറാറിയില്‍ ഉപദേഷ്ടാവായി തുടര്‍ന്നു. 2009 ല്‍ ബ്രസീല്‍ താരം ഫെലിപ് മാസയ്ക്ക് അപകടമുണ്ടായതിനെത്തുടര്‍ന്ന് പകരക്കാരനായി തിരിച്ചെത്തി. 2010 ല്‍ മെഴ്സിഡസുമായി മൂന്നുവര്‍ഷത്തെ കരാറില്‍ വീണ്ടും ട്രാക്കിലെത്തിയെങ്കിലും വിജയം കണ്ടില്ല. 2006 ല്‍ ചൈനീസ് ഗ്രാന്‍പ്രിയിലാണ് ഷുമാക്കർ ഏറ്റവുമൊടുവില്‍ വിജയിച്ചത്. മൈക്കളിന്റെ ഇളയ സഹോദരൻ റാൽഫ് ഷൂമാക്കർ 2007 വരെ ഫോർമുല വൺ ഡ്രൈവറായിരുന്നു.
2013 ഡിസംബര്‍ 29 നാണ് ഷൂമാക്കറുടെ ജീവിതത്തെ കരിനിഴലിലാക്കിയ ആ അപകടം സംഭവിച്ചത്. ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായാണ് ഷൂമാക്കറും മകനും സുഹൃത്തുകള്‍ക്കൊപ്പം ഫ്രാന്‍സിലെ ആല്‍പ്സ് മേഖലയിലെത്തിയത്. സ്കീയിങിനിടെ ഷൂമാക്കര്‍ പാറക്കെട്ടില്‍ തലയിടിച്ച് വീഴുകയായിരുന്നു. ബോധം നഷ്ടപ്പെട്ട് കോമയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കറുടെ കുടുംബം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വേണ്ടി ചെലവഴിച്ചത് 116 കോടി ഇന്ത്യന്‍ രൂപയ്ക്ക് തത്തുല്യമായ തുകയാണ്. മരണത്തിനും ജീവിതത്തിനും ഇടയില്‍ ദീര്‍ഘനാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഷൂമാക്കാര്‍ അബോധാവസ്ഥയിലാണ് വീട്ടിലേക്ക് മടങ്ങിയത്.
ഏകദേശം 96 ലക്ഷം ഇന്ത്യന്‍ രൂപയാണത്രെ മൈക്കല്‍ ഷുമാക്കറുടെ പരിചരണത്തിന് വേണ്ടി ആഴ്ചയില്‍ ചെലവഴിക്കുന്നത്. മൈക്കല്‍ ഷുമാക്കറുടെ ജനീവയിലെ വീടിനോട് ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ മെഡിക്കല്‍ സ്യൂട്ടില്‍ വെച്ച് പതിനഞ്ച് ഡോക്ടര്‍മാരടങ്ങിയ സംഘമാണ് അദ്ദേഹത്തിന് ഇപ്പോള്‍ ചികിത്സ നല്കി വരുന്നത്. വളരെ രഹസ്യ സ്വഭാവത്തോടുകൂടിയതാണ് മൈക്കല്‍ ഷുമാക്കറിന് നല്കുന്ന ചികിത്സകള്‍. ഏതാണ്ട് മുഴുവന്‍ സമയവും ഭാര്യയും മക്കളും അദ്ദേഹത്തെ പരിചരിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച പ്രത്യേക മുറിയിലാണ് ഷൂമാക്കര്‍. ദ്രാവകരൂപത്തിലുള്ള ഭക്ഷണവും മരുന്നുമാണ് ഇപ്പോള്‍ നല്‍കിവരുന്നത്. ഷൂമാക്കര്‍ പഴയരീതിയിലേക്ക് മടങ്ങിയെത്തണമെങ്കില്‍ മഹാത്ഭുതം സംഭവിക്കണമെന്ന് ഇന്റര്‍നാഷണല്‍ ഓട്ടോമൊബൈല്‍ ഫെഡറേഷന് പ്രസിഡന്റ് ജീന്‍ ടോഡ് പറയുന്നു.
വേഗതയെ അത്രയധികം സ്നേഹിച്ചയാളായിരുന്നു ഷൂമാക്കര്‍. അതുതന്നെയാണ് അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക കാരണമായതും. പ്രതികൂല കാലാവസ്ഥയിലും അതിവേഗത്തില്‍ മഞ്ഞിലൂടെ സ്കീയിങ് നടത്താന്‍ ഷൂമാക്കര്‍ ആഗ്രഹിച്ചതും അതുകൊണ്ടുതന്നെ. എന്നാല്‍ മഞ്ഞില്‍ ഒളിച്ചിരുന്ന പാറയില്‍ത്തട്ടി വീണ ഷൂമാക്കറിന്റെ തലയില്‍ ഗുരുതരമായ പരിക്കേല്‍ക്കുകയായിരുന്നു. എന്നെങ്കിലും ഒരുദിനം ഷൂമാക്കര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രതീക്ഷ. മൈക്കല്‍ ഷുമാക്കറുടെ മകന് മിക്ക് ഷുമാക്കർ ജര്‍മ്മന്‍ ഫോര്‍മുല ഫോര്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിയാണ്.