കെഎസ്ആർടിസി-യുടെ നൂതന ആശയമായ ‘Food Truck’ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. 22.09.2020 ചൊവ്വാഴ്ച, വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ “മിൽമ” ഉൽപ്പന്നങ്ങളുടെ വിപണനം നടത്തുന്നതിനുള്ള ഫുഡ് ട്രക്കാണ് രൂപമാറ്റം വരുത്തിയ ബസിൽ പ്രവർത്തനം ആരംഭിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ സ്ട്രീറ്റ് ഫുഡുകൾ വളരെ ജനപ്രിയമായിക്കഴിഞ്ഞു. വളരെ രുചികരവും വ്യത്യസ്തവുമായ വിഭവങ്ങൾ ഇത്തരം വഴിയോര ഹോട്ടലുകളിൽ നിന്ന് ലഭിക്കും. ഇത്തരം ഹോട്ടലുകൾ പലതും പ്രവർത്തിക്കുന്നത് രൂപമാറ്റം വരുത്തിയ ബസ്, ട്രക്ക് എന്നിവയിലാണ്.
കേരളത്തിൽ വഴിയോര തട്ടുകടകൾ വ്യാപകമാണെങ്കിലും അവിടുത്തെ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്നു വരികയാണ്. വിദേശ രാജ്യങ്ങളിലെപ്പോലെ രൂപമാറ്റം വരുത്തിയ ബസുകളിലെ ഭക്ഷണ ശാലകൾക്ക് ഇക്കാരണത്താൽ തന്നെ കേരളത്തിലും നല്ല സാധ്യതയാണുള്ളത്. ഇത്തരം ഭക്ഷണശാലകളെ ഓൺലൈൻ ശൃംഖലകളുമായി ബന്ധപ്പെടുത്താനും പദ്ധതിയുണ്ട്.
കേരളം വൈവിധ്യമാർന്ന രുചി ഭേദങ്ങളുടെ കലവറയാണ്. കപ്പ എന്ന സാധാരണ വിഭവത്തിൽ തുടങ്ങി ബിരിയാണി പോലെയുള്ള രുചികരമായ വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്. അതിൽ തന്നെ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ ഭക്ഷണ വകഭേദങ്ങളും.
തെക്കൻ കേരളത്തിൽ വടക്കൻ കേരളത്തിലെ ഭക്ഷണത്തിനെ സ്നേഹിക്കുന്നവരുടെ വലിയ ഒരു സമൂഹം തന്നെയുണ്ട്. ഇത്തരം വൈവിധ്യമാർന്ന രുചി ഭേദങ്ങൾ യാത്രക്കാർക്കും പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ന്യായമായ വിലയിൽ നല്ല ഗുണനിലവാരത്തോടു കൂടി ശുചിത്വം ഉറപ്പാക്കി ലഭ്യമാക്കുക എന്നതാണ് ഫുഡ് ട്രക്ക് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ദിനംപ്രതി 30 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി-യിൽ കോവിഡ് വ്യാപിക്കുന്നതിന് മുൻപ് യാത്ര ചെയ്തിരുന്നത്. യാത്രക്കാർക്ക് നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. അപ്പോ തയ്യാറാകൂ…ഒരു നേരത്തെ ഭക്ഷണം “കെ.എസ്.ആർ.ടി.സി ഫുഡ് ട്രക്ക്” ൽ നിന്നാകാം.
കടപ്പാട് – സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി.