വിവരണം – സിറിൾ ടി. കുര്യൻ.
കറങ്ങി തന്നെ തിരിച്ചു പോകാൻ ആയിരുന്നു ആദ്യത്തെ തീരുമാനം എങ്കിലും ചില കാരണങ്ങളാൽ നേർവഴി എടുക്കുവാൻ നിർബന്ധിതനായി. വ്യത്യസ്ത റൂട്ട് പോകുവാനായി ശങ്കരേട്ടനോട് വഴി ചോദിച്ചു എല്ലാം ഉറപ്പിച്ചു കഴിഞ്ഞാണ് ഈ മനംമാറ്റം. അപ്പോൾ മനസ്സിൽ വന്നൊരു മിന്നലടി ആണ് നമ്മുടെ പാലക്കാടൻ മിന്നൽ…
അങ്ങനെ കഴിഞ്ഞ ദിവസം രാവിലെ തന്നെ വൈകിട്ടുള്ള പാലക്കാട് – തിരുവനന്തപുരം മിന്നലിന് (2130 PLK -TVM via Ktm) ഒരു വിൻഡോ സീറ്റ് തന്നെ എടുത്തു. നമ്മുടെ സ്വഭാവം വെച്ച് ഹോട്ട് സീറ്റ് ഇല്ലാത്ത വണ്ടി ആയതോണ്ടു, മുന്നിലെ ആദ്യ റോ സീറ്റ് (സീറ്റ് 1/2, കണ്ടക്ടറുടെ അടുത്തു) എടുക്കാൻ ആയിരുന്നു പ്ലാൻ. ഇത് മനസിലാക്കിയ ആൽബിൻ അപ്പോൾ തന്നെ വാണിംഗ് തന്നു. “പിടിച്ചു ഇരിക്കാൻ ഒരു കമ്പി പോലും ഇല്ല, വണ്ടി ബ്രേക്ക് ഇട്ടാൽ, നീ ഡോറിൽ എത്തും” എന്ന്. സമയത്തിന് വാണിംഗ് കിട്ടിയതുകൊണ്ട് ഞാൻ നടു ഭാഗം കണ്ടു വലതു ഭാഗത്തു വിന്ഡോ സീറ്റ് എടുത്തു. 0930 pm നാണു വണ്ടി എങ്കിലും, കുറച്ചു bus fanning നടത്തണം എന്നുമുണ്ട്. അൽബിനും ഫ്രീ ആണ്. നേരത്തെ പാലക്കാടെക്ക് വരുവാനും അവൻ പറഞ്ഞു.
ട്രിപ്പ് പ്ലാൻ മാറ്റിയ വിവരം ഞാൻ നമ്മുടെ ശങ്കരേട്ടനെ വിളിച്ചു അറിയിച്ചു. മിന്നൽ ഇറങ്ങി 3 വര്ഷം കഴിഞ്ഞിട്ടും ഇതേ വരെ കയറിയിട്ടില്ല എന്നും ഞാൻ പറഞ്ഞപ്പോൾ അങ്ങേ തലക്കൽ ചിരി. പാവം ഞാൻ. എന്ത് ചെയ്യാൻ. ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു സുഹൃത്തു ദീപ്കുമായി മായന്നൂർ കുറച്ചു കറങ്ങി നടന്നു. മഴ ഇടയ്ക്കു തടസം സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഒരു 5 മണിയോടെ പാലക്കാട് എത്തുവാനാണ് അൽബിൻ പറഞ്ഞേക്കുന്നത്. അത് കണ്ട് ഒറ്റപ്പാലത്തേക്ക് ഇറങ്ങി. എങ്കിലും, മഴ വില്ലനായി അവതരിച്ചു. ഞാൻ ഒറ്റപ്പാലം വിടുമ്പോൾ സമയം 5 pm ആയി.
ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം പാലക്കാട് എത്തിയപ്പോൾ അവന്റെ വക കുറച്ചു നേരം പോസ്റ്റ്. പോസ്റ്റ് ഒകെ കഴിഞ്ഞു ഒരു ചായ കുടിച്ചു നേരെ സ്റ്റാണ്ടിലേക്കു. കുറച്ചു ഫോട്ടോസ് ഒകെ എടുത്തു കറങ്ങി നടന്നു ഞങ്ങൾ. അപ്പോളേക്കും ശരത്തും ശ്രീനാഥും വന്നു. ശരത് പഞ്ചാബികളുടെ ഇടി കൊള്ളാൻ പോകുവാണ് എന്ന് അറിഞ്ഞിരുന്നു. ഇനിയേത് കോലത്തിൽ കാണാനാ. കുറച്ചു നേരം ഞങ്ങൾ വർത്താനം പറഞ്ഞു നിന്ന്. വെട്ടം കുറഞ്ഞു തുടങ്ങി. ചെറിയ മീറ്റ്-അപ്പിനു ശേഷം അവർ യാത്ര പറഞ്ഞു പിരിഞ്ഞു. ഫാനിങ് ഇനി നടക്കില്ല എന്ന് മനസിലായപ്പോൾ ഞങ്ങൾ നേരെ ആൽബിന്റെ വീട്ടിലേക്ക്. കുറച്ചു വിശ്രമം കഴിഞ്ഞു വീണ്ടും തിരിച്ചു വരണം. കുറച്ചു നേരത്തെ തന്നെ സ്റ്റാൻഡിൽ എത്തണം എന്ന് ഞാൻ പറഞ്ഞിരുന്നു. ഞങ്ങളുടെ വേളാങ്കണ്ണി വണ്ടി ഒന്നു കാണണം എന്നും, രാത്രിയിൽ അവന്റെ ഒരു പിക് എടുക്കണം എന്നും നല്ല ആഗ്രഹം ഉണ്ടേ…
ഇതൊക്കെ മനസ്സിൽ കണ്ടു ഞങ്ങൾ 2100മണിയോടെ പാലക്കാട് എത്തി. എന്റെ കണ്ണുകൾ ഞങ്ങളുടെ വേളങ്കണ്ണിയെ തിരഞ്ഞു നടന്നു. പക്ഷെ കണ്ടില്ലേ. അപ്പോളേക്കും എനിക്ക് പോകേണ്ട മിന്നൽ സ്റ്റാൻഡ് പിടിച്ചിരുന്നു. കയറാൻ മനസ്സ് വന്നില്ല. 2120 വരെ ഞങ്ങൾ സ്റ്റാൻഡിൽ കറങ്ങി നടന്നു. ഇപ്പോ വരും ഇപ്പോ വരും വേളാങ്കണ്ണി എന്ന ചിന്തയിൽ. പക്ഷെ വന്നില്ല. ഞങ്ങളുടെ വണ്ടി എടുക്കുമ്പോൾ കറക്ടയി അവൻ സ്റ്റാണ്ടിലേക് വരും എന്ന് തോന്നി. അതെ പോലെ തന്നെ സംഭവിച്ചു. ദൂരെ നിന്ന് ഒരുനോക്ക് കാണുവാൻ അല്ലാതെ, ഒരു ഫോട്ടോ എടുക്കാൻ പോലും അവസരം കിട്ടിയില്ല.
21.25 ആയപ്പോൾ ഞാൻ ആൽബിനോട് യാത്ര പറഞ്ഞു ബസ് കയറി. റിസർവേഷൻ മെസ്സേജ് കണ്ടക്ടർ നെ കാണിച്ചു സീറ്റിൽ ഇരുന്നു. ATC 126 ആണ് വണ്ടി. 21.30 നു തന്നെ വണ്ടി എടുത്തു. അപ്പോൾ അതാ വരുന്നു ഞങ്ങളുടെ വേളാങ്കണ്ണി വണ്ടി. പ്രതീക്ഷിച്ച പോലെ ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ തന്നെ അച്ചായൻ കയറി വന്നു. വല്ലാത്ത അവസ്ഥ. ഇത് കണ്ട ആൽബിൻ ഈ പേരിൽ ഒന്ന് ഞൊണ്ടാനും മറന്നില്ല. നേരിട്ട് രാത്രിയിൽ ഒരു മിന്നായം പോലെ കാണാൻ സാധിച്ചല്ലോ എന്ന ചെറിയ ആശ്വാസത്തിൽ ഞാൻ ആൽബിനോട് യാത്ര പറഞ്ഞു. വൃത്തിയുള്ള ഉൾവശം. പുഷ്ബാക്ക് സീറ്റ്, ഓരോ വിന്ഡോയ്ക്കും ചാർജിങ്ങ് പ്ളഗ്, വർക്കിങ്ങുമാണ്.
വണ്ടി ഓടി തുടങ്ങി ടൌൺ ലിമിറ്റ് വിട്ടതും, മിന്നൽ, സ്വഭാവം പോലെ പറക്കുവാൻ തുടങ്ങി. അടുത്തിരുന്ന പ്രായം ചെന്ന ആൾ പേടിച്ചു ഇരിക്കുവാണോ എന്ന് തോന്നി.. പുള്ളിയുടെ പരിഭവം അതേപോലെ. 3 വർഷമായി മിന്നലടി തുടങ്ങിയിട്ട് എങ്കിലും എന്റെ കന്നി യാത്ര ആണല്ലോ. അതിന്റെ ത്രില്ലും ഉണ്ട്. കോട്ടയത്തു സമയം പറഞ്ഞേക്കുന്നത് 01:15 am ആണ്. മിന്നൽ മിക്കപ്പോഴും സമയം പാലിക്കാറുണ്ട് എന്ന വാർത്തകളാണ് ഞാൻ അധികവും കണ്ടിരിക്കുന്നത്. അതിനാൽ ഒരു വിശ്വാസവും ഉണ്ട്. ചിലപ്പോൾ കോട്ടയത്തു ബിഫോർ ടൈം വരുവാനും സാധ്യത ഉണ്ടെന്നും ആൽബിൻ സൂചിപ്പിച്ചിരുന്നു. ആകെ വളരെ ചുരുങ്ങിയ സ്റ്റോപ്പുകൾ മാത്രമാണ് ഇവയ്ക്കുള്ളത്. പാലക്കാട് വിട്ടാൽ തൃശൂർ, മുവ്വാറ്റുപുഴ എന്നിവിടങ്ങളിലെ കോട്ടയത്തിനു മുൻപേ സ്റ്റോപ്പുകൾ ഉള്ളു. അങ്കമാലിയിൽ റിക്വസ്റ്റ് സ്റ്റോപ്പും.
ചെറു ചാറ്റൽ മഴ അകമ്പടിയായി ഉണ്ട്.. എങ്കിലും മിന്നലൂട്ടി അത്യാവശ്യം നല്ല വേഗതയിൽ പോകുന്നുണ്ട്. കുതിരനിൽ കുറച്ചു ബ്ലോക്ക് കിട്ടി.അതെല്ലാം തരണം ചെയ്തു ചെറു മഴയുടെ അകമ്പടിയിൽ വണ്ടി തൃശൂർ എത്തുമ്പോൾ സമയം 22.50. പ്രതീക്ഷിച്ച പോലെ തൃശൂർ സ്റ്റാൻഡ് congested ആയി തന്നെ കെടക്കുന്നു. ഒരുവിധം ട്രാക്ക് പിടിച്ചു.. ഒരു 5 മിനിറ്റ് ബ്രേക്ക് ഉണ്ട്. അധികം വൈകാതെ തന്നെ യാത്ര തുടങ്ങി. മഴയുടെ കുറുമ്പ് കൂടി വരുന്ന പോലെ. വളരെ സൂക്ഷ്മതയാർന്ന ഡ്രൈവിംഗ്, അനാവശ്യ ബ്രേക്കിംഗ് ഒന്നുമില്ല. ബസ്സിൽ എല്ലാവരും നല്ല ഉറക്കമാണ്. ഞാൻ ഫോണിൽ കൊച്ചുകളിച്ചു ഇരിക്കുന്നു. ഇടയ്ക്ക് മഴയുടെ കുറുമ്പ് കൂടുമ്പോൾ വിൻഡോ അടയ്ക്കുവാൻ ഞാൻ നിർബന്ധിതനായി.
ചാലക്കുടി അടുത്തപ്പോൾ ഒരു നല്ല ബ്ലോക്ക് കണ്ടു, ഒരു ട്രക്ക് ഉം മിനി ട്രക്ക് ഉം തമ്മിൽ ഇടിച്ചതിന്റെ ബ്ലോക്ക്. ഇത് കാരണം ഞങ്ങൾ സർവീസ് റോഡിൽ ഇറങ്ങി പ്രയാണം തുടർന്നു. കൃത്യതയാർന്ന വേഗതയിൽ വണ്ടി സ്ഥലങ്ങൾ താണ്ടുന്നത് കണ്ടു രോമാഞ്ചം വന്നു എന്ന് വേണം പറയാൻ. 23.50 ഓടെ അങ്കമാലി ഞങ്ങൾ കടന്നു യാത്ര തുടർന്നു. 00.30 ഓടെ ഞങ്ങൾ മുവാറ്റുപുഴ എത്തി. കുറച്ചു പേർ ഇറങ്ങി, അതേപോലെ കുറെ പേർ കയറുകയും ചെയ്തു. ഇത്രെയും നേരമായിട്ടും ഞാൻ ഉറങ്ങിയിട്ടില്ല, ജനാലകളിലൂടെ കാഴ്ചകൾ കണ്ടിരിപ്പാണ്. മുവാറ്റുപുഴ കഴിഞ്ഞപ്പോൾ ഉറക്കത്തിന്റെ കയത്തിലേക്ക് ഞാൻ വഴുതി വീഴുന്ന പോലെ. ഉറക്കം തന്റെ കയത്തിലേക്ക് ഞാൻ അറിയാതെ എപ്പോളോ വലിച്ചിട്ടു. സുഖകരമായ ഉറക്കം തന്നെ ലഭിച്ചു.
കണ്ണ് തുറക്കുമ്പോൾ വണ്ടി കോട്ടയം ബേക്കർ ജംഗ്ഷൻ കടക്കുന്നു. മഴയുടെ അകമ്പടി നിന്നിരിക്കുന്നു. കോട്ടയം ബസ്റ്റാണ്ടിലേക്ക് വണ്ടി പ്രവേശിച്ചപ്പോൾ സമയം 01:35 am.സമയം കണ്ട എനിക്കും അത്ഭുതം !! 01:15 am ആണ് schedule ടൈം. കുതിരാൻ ബ്ലോക്ക് ഒക്കെ ചാടി കടന്നു 180 kms-ൽ അടുത്ത് ഓടി എത്തിയതാണെന്നു ഓർക്കണം. വന്ന വഴിയും, താണ്ടിയ ദൂരവും വെച്ച് നോക്കുമ്പോൾ ഈ 20 മിനിറ്റ് വൈകി എന്നത് ഒരു delay അല്ലേയല്ല.
കോട്ടയത്തു 10 മിനിറ്റ് ബ്രേക്ക് എടുത്തിനു ശേഷം പാലക്കാടൻ മിന്നലുട്ടി തലസ്ഥാനം ലക്ഷ്യമാക്കി യാത്ര തുടർന്നു. അടുത്ത സ്റ്റോപ്പ് കൊട്ടാരക്കര മാത്രം. 01.55നു തിരുവല്ലക്കുള്ള കൊണ്ടോടി LSFP, AT380 വന്നു. അതിൽ ഞാൻ ചങ്ങാനാച്ചേരിക്കു യാത്രയായി. 02.20ഓടെ ഞാൻ ചങ്ങനാശേരിയിൽ എത്തി. 02.45 ഓടെ വീട്ടിലും. വെറും 4 മണിക്കൂർ കൊണ്ട് പാലക്കാട് നിന്ന് കോട്ടയം എത്തുക എന്നത് ഒരു മഹത്തായ കാര്യം തന്നെയെന്ന് പറയാതെ വയ്യ. അപ്പോൾ നിങ്ങൾ ഓർക്കും, over speed ആവണം എന്ന്. എന്നാൽ അങ്ങനെയല്ല. 80-85 ആണ് ഞാൻ കണ്ട ടോപ് സ്പീഡ്. അതും വല്യ റോഡിൽ. ആവറേജ് സ്പീഡ് 65-70 km/hr മിക്കപ്പോഴും maintain ചെയ്തു, വളരെ ചുരുങ്ങിയ സ്റ്റോപ്പുകൾ മാത്രം എടുത്തു പോകുന്നതാണ് മിന്നലിന്റെ വിജയം. ആശംസകൾ. മിന്നലുകൾ ഇനിയും രാത്രിയുടെ യാമങ്ങളിൽ കേരളം ഒട്ടാകെ അടിക്കട്ടെ എന്ന് ആശംസിക്കുന്നു…