കൊല്ലം ജില്ലയിലെ പള്ളിമൺ ഇളവൂരിൽ കാണാതായ ദേവനന്ദയെ അന്വേഷിച്ചുള്ള തിരച്ചിലിലായിരുന്നു കഴിഞ്ഞ 24 മണിക്കൂർ നേരത്തേക്ക് കേരളം. എന്നാൽ എല്ലാവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ആ കുഞ്ഞിൻ്റെ മൃതദേഹം സമീപത്തുള്ള ആറ്റിൽ നിന്നും ഇന്ന് രാവിലെ കണ്ടെത്തി. രാവിലെ മുങ്ങൽ വിദഗ്ധർ അടക്കമുള്ളവർ നടത്തിയ തിരച്ചിലിനൊടുവിലാണ് ദേവനന്ദയുടെ ചലനമറ്റ ശരീരം ആറ്റിൽ നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് ഇളവൂർ തടത്തില്‍മുക്ക് ധനേഷ് ഭവനത്തില്‍ പ്രദീപിന്റെ മകള്‍ ദേവനന്ദയെ കാണാതാകുന്നത്. സംഭവം നടക്കുമ്പോൾ അമ്മ ധന്യയും 4 മാസം പ്രായമുള്ള ഇളയകുട്ടിയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അമ്മ ധന്യ തുണികഴുകാന്‍ പോകുമ്പോള്‍ ദേവനന്ദ വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാലെ എത്തിയ കുഞ്ഞിനോട് അമ്മ അകത്തുപോയിരിക്കാന്‍ പറഞ്ഞു. ദേവനന്ദ അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് ധന്യ തുണി കഴുകാന്‍ പോയി. എന്നാല്‍ തിരികെ വന്നപ്പോള്‍ ദേവനന്ദയെ കണ്ടില്ല. വീടിൻ്റെ വാതിൽ പാതി തുറന്നുകിടക്കുന്ന നിലയിലുമായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുന്ന സമയമായിരുന്നു. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്ര കമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ സംഭവമറിഞ്ഞു പോലീസും ഡോഗ് സ്‌ക്വാഡും ഫയർഫോഴ്‌സും എല്ലാം സ്ഥലത്തെത്തുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. സംഭവം സോഷ്യൽ മീഡിയയിലൂടെ പുറംലോകം അറിഞ്ഞപ്പോൾ എല്ലാവരും കുട്ടിയുടെ ഫോട്ടോ സഹിതം ഷെയർ ചെയ്യുകയും ചെയ്തു.
ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം വ്യാപകമാക്കിയിരുന്നു. വാഹന പരിശോധനയും നടത്തിയിരുന്നു. കുട്ടിക്കായി സംസ്ഥാന അതിർത്തികളിലും, പ്രധാനപ്പെട്ട സ്ഥലങ്ങളിലുമെല്ലാം നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ കുട്ടിയെ കണ്ടെത്തിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ആരോ വ്യാജപ്രചാരണവും നടത്തി. ഇതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.
ഒടുവിൽ കോസ്റ്റല്‍ പൊലീസിന്റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് ഇത്തിക്കരയാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതേദഹം. ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും നടത്തിയതിനു ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു. വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ.
കുട്ടിയെ കാണാതായ സംഭവം അറിഞ്ഞതു മുതൽ സിനിമാതാരങ്ങൾ അടക്കമുള്ള പല പ്രമുഖരും കുട്ടിയെ കണ്ടെത്തുന്നതിനായി പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു. ദേവാനന്ദയെ തിരികെ ലഭിക്കുമെന്നു തന്നെയായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷകളെ ആസ്ഥാനത്താക്കിക്കൊണ്ട് കേരളത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വാർത്തയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി എങ്ങനെ പുഴയിൽ എത്തി? ഇതിൽ എന്തെങ്കിലും ദുരൂഹത ഉണ്ടെങ്കിൽ കേരളാ പോലീസ് അത് പുറത്ത് എത്തിക്കുമെന്ന വിശ്വാസത്തോടെ ഈ ദുഃഖത്തിൽ നമുക്കും പങ്കുചേരാം. വിടരും മുന്നേ കൊഴിഞ്ഞുപോയ ആ പൊന്നുമോൾക്ക് ആദരാഞ്ജലികൾ…