എഴുത്ത് – ജെയിംസ് സേവ്യർ (Nishkaasithante Vilaapam).
1968 ആഗസ്ത് 21 സന്ധ്യാസമയം ബാർബറ ലോസിയും (32 വയസ്) കാമുകനായ അന്റോണിയോ ലോ ബിയാങ്കോയും സിനിമ കഴിഞ്ഞ് കാറിൽ വരുകയായിരുന്നു. നഗരത്തിൽ രതിക്രീഡയുടെ കാര്യത്തിൽ ബാർബറ അറിയപ്പെട്ടിരുന്നത് ”ക്വീൻ ബീ” എന്നായിരുന്നു. കാറിന്റെ ബാക്ക് സീറ്റിൽ ബാർബറയുടെ ആൺകുട്ടി നല്ല ഉറക്കത്തിലാണ്. ഒരു സിമിത്തേരിയുടെ സമീപമെത്തിയപ്പോൾ അന്റോണിയോയുടെ ലൈംഗിക ദാഹം ഉണർന്നു!. ബാർബറ ഒരെതിർപ്പും പറഞ്ഞില്ല. എന്നാൽ അവരുടെ ആ പ്രകടനത്തിന് അധികം ആയുസ്സുണ്ടായില്ല. ബാർബറയുടെ വസ്ത്രങ്ങൾ അഴിക്കുന്നതിനിടയിൽ ഇരുട്ടിൽ നിന്നും ഒരാൾ അവരെ സമീപിച്ച് വെടിയുതിർത്തു. രണ്ടുപേരും പരലോകം പൂകി. കൊലയാളി ബാർബറയുടെ മകനുമായി സ്ഥലം വിട്ടു.
കുറച്ച്‌സമയം കഴിഞ്ഞ് ആ രാത്രിയിൽ സമീപവാസിയായ ഒരു കർഷകൻ വീടിന്റെ വാതിലിൽ മുട്ടുകേട്ട് കതക് തുറന്നു. കണ്ണീരൊലിപ്പിച്ച് ബാർബറയുടെ മകൻ പറഞ്ഞു ” എന്റെ അമ്മയും അങ്കിളും മരിച്ചു. വിവരമറിഞ്ഞ് ക്രൈം സീനിൽ പോലീസ് എത്തി. അറെസോ പ്രവിശ്യ നമ്പർ പ്ളേറ്റ് ഉള്ള ആൽഫാ റോമിയോ (GUILETTA )കാറിൽ നിന്ന് എട്ട് .22 കാലിബർ ഷെൽ കേസ് പോലീസ് കണ്ടെത്തി. കാറിന്റെ രെജിസ്ട്രേഷനിൽ നിന്ന് അതിന്റെ ഉടമ അന്റോണിയോ ആണെന്ന് പോലീസ് മനസ്സിലാക്കി. രാവിലെ ആറേഴുമണിയായപ്പോൾ ബാർബറയുടെ ഭർത്താവായ സ്‌റ്റെഫാനോ മെലിയുടെ വീട്ടിൽ പോലീസ് എത്തി. വാതിൽ തുറന്ന് ഒരു സ്യൂട് കേസുമായി ധൃതിയിൽ സ്‌റ്റെഫാനോ പുറത്തെത്തി. ഭാര്യയുടെ മരണവാർത്തയിൽ സ്‌റ്റെഫാനോ വലിയ താത്പര്യം കാണിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം വർദ്ധിച്ചു. സ്‌റ്റെഫാനോ പോലീസുകാരോട് സഹകരിക്കാൻ തയ്യാറായില്ല.
സ്റ്റേഷനിലെത്തിയ സ്‌റ്റെഫാനോ കൊലപാതകം നടന്ന ദിവസം തനിക്ക് സുഖം ഇല്ലായിരുന്നുവെന്നും, അന്ന് ഉച്ച കഴിഞ്ഞ് കാർമിലോ കുട്രോണയും അന്റോണിയോയും സന്ദർശിച്ചിരുന്നുവെന്നും, അവർ രണ്ടുപേരും തന്റെ ഭാര്യയുടെ കാമുകന്മാരാണെന്നും പറഞ്ഞു. പിന്നെയുള്ള ചോദ്യം ചെയ്യലിൽ ഫ്രാൻസിസ്‌കോ വിൻസി എന്നൊരു കാമുകന്റെ പേരും പറഞ്ഞു.
1967 ൽ പരസ്ത്രീ ബന്ധത്തിന്റെ പേരിൽ വിന്സിയുടെ ഭാര്യയുടെ പരാതിയിൽ വിൻസിയെ അറസ്റ്റ് ചെതിട്ടുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ മോചിതനായ വിൻസി ബാർബറയുമായുള്ള ബന്ധം തുടർന്നു. വിൻസിയുടെ സഹോദരന്മാരായ ജിയോവാനിയും സാൽവ ഡോറും ബാർബറയുടെ കാമുകന്മാരായിരുന്നു!. സ്‌റ്റെഫാനോയുടെ ആരോപണം അന്വേഷിക്കാൻ പോലീസ് തീരുമാനിച്ച് , പിന്നീട് വരണമെന്ന് പറഞ്ഞ് സ്‌റ്റെഫാനോയെ വിട്ടയച്ചു. ആഗസ്ത് 23 നു ഇരട്ടക്കൊലക്ക് പിന്നിൽ ഭാര്യയുടെ കാമുകന്മാരായിരിക്കും എന്ന് സ്‌റ്റെഫാനോ അറിയിച്ചു. പിന്നീട് പോലീസിനെ ഞെട്ടിക്കുന്ന ഒരു വാർത്തയും സ്‌റ്റെഫാനോ പറഞ്ഞു ” ഞാനും സാൽവഡോർ വിൻസിയും കൂടിയാണ് ബാർബറയെയും ആന്റണിയെയും കൊന്നത്!”.
കുറ്റസമ്മതത്തിൽ സ്‌റ്റെഫാനോ വെളിപ്പെടുത്തിയത്, ആഗസ്ത് 21 നു രാത്രിയായിട്ടും ഭാര്യയേയും കുട്ടിയേയും കാണാഞ്ഞ് അന്വേഷിച്ച് പോയെന്നും, ലാസ്ട്ര എ സിഗ്ന നഗര ചത്വരത്തിലെത്തിയ താൻ സാൽവഡോർ വിൻസിയെ കണ്ടെന്നും അന്റോണിയോ ഭാര്യയും കുട്ടിയുമായി സിനിമക്ക് പോയിരിക്കാമെന്നും പറഞ്ഞു. സാൽവഡോർ സ്‌റ്റെഫാനോയോട് ബാർബറ ചതിക്കുകയാണെന്നും ഇതിനൊരു പരിഹാരം കാണണമെന്നും പറഞ്ഞ് കളിയാക്കി. സാൽവഡോറിന്റെ കൈയ്യിൽ ചെറിയൊരു പിസ്റ്റൾ ഉണ്ടായിരുന്നു. രണ്ടുപേരും ജിയാർഡിനോ മൈക്കലാസി തിയേറ്ററിനു സമീപം അന്റോനോയോയുടെ ആൽഫാ റോമിയോ കണ്ടെത്തി. കാത്തിരിപ്പിനൊടുവിൽ അന്റോണിയോ, ബാർബറ, കുട്ടി എന്നിവർ പുറത്തേക്ക് വരുന്നത് അവർ കണ്ടു. സ്‌റ്റെഫാനോയും സാൽവഡോറും അവരെ കാറിൽ പിൻതുടർന്നു. നഗരത്തിന്റെ പുറത്തുള്ള സിമിത്തേരിക്ക് സമീപം എത്തി. അന്റോണിയോയും ബാർബറയും കാര്യത്തിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ ബാഗിൽ നിന്ന് ചെറിയ പിസ്റ്റൾ സൽവഡോർ സ്‌റ്റെഫാനോക്ക് കൈമാറി.
സ്‌റ്റെഫാനോ ആൽഫാ റോമിയോ കാറിനു നേരെ നടന്ന് ബുള്ളറ്റ് തീരും വരെ വെടിയുതിർത്തു.വെടിശബ്ദം കേട്ട് കുട്ടിയുണർന്നു. സ്‌റ്റെഫാനോ സാൽവഡോറിന്റെ കാറിനരുകിലെത്തി രണ്ടിനേം തട്ടിയെന്ന് പറഞ്ഞു, അവിടെ നിന്ന് പുറപ്പെട്ട സാൽവഡോറും സിഗ്ന പാലത്തിനു സമീപം പിസ്റ്റൾ ഉപേക്ഷിച്ചു. താമസിയാതെ സ്‌റ്റെഫാനോ വീട്ടിൽ തിരിച്ചെത്തി”. ഇതായിരുന്നു സ്‌റ്റെഫാനോ പൊലീസിന് നൽകിയ വിവരം, വർഷങ്ങളോളമായി ഭാര്യ ചതിക്കുകയായിരുന്നെന്നും താനാകെ നാണം ക്രട്ടിരുന്നുവെന്നും സ്‌റ്റെഫാനോ പറഞ്ഞു. എന്നാൽ സ്‌റ്റെഫാനോയുടെ കഥയിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. കുട്ടി തന്നെ ക്രൈം സീനിൽ കണ്ടിരുന്നുവെന്നോ, എങ്ങനെയാണു കർഷകന്റെ വീടിനടുത്തെത്തിയതെന്നോ കൃത്യമായ ഉത്തരം സ്‌റ്റെഫാനോക്ക് ഉണ്ടായിരുന്നില്ല. സ്‌റ്റെഫാനോ അറസ്റ്റ് ചെയ്യപ്പെട്ടു.
ആഗസ്ത് 24 നു സിഗ്ന പാലത്തിനു സമീപം പോലീസ് പിസ്റ്റളിനായി തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. പ്രോസിക്യൂട്ടർ പിസ്റ്റളിനെക്കുറിച്ച് സ്‌റ്റെഫാനോയർ ചോദ്യം ചെയ്തപ്പോൾ സ്‌റ്റെഫാനോ കഥ മാറ്റി!.പിസ്റ്റൾ എറിഞ്ഞ് കളഞ്ഞില്ലായെന്നും സാൽവഡോറിനു തിരിച്ചുകൊടുത്തെന്നും പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും കഥ മാറി!. സാൽവഡോറിന്റെ സഹോദരനായ ഫ്രാൻസെസ്കോയുടെയാണ് പിസ്റ്റൾ എന്നും ഫ്രാൻസെസ്കോയാണ് ബാർബറയെ കൊന്നതെന്നും പറഞ്ഞു. പിന്നീടുള്ള മൂന്നുദിവസം പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് സ്‌റ്റെഫാനോ പോലീസിനെ വട്ടംകറക്കി. രണ്ട് വർഷത്തിനുശേഷം സ്‌റ്റെഫാനോയെ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഭാഗികമായി ഭ്രാന്തുണ്ടെന്ന കാരണത്താൽ 14 വർഷം തടവിന് വിധിച്ചു.
6 വർഷം കടന്നുപോയി. സ്‌റ്റെഫാനോയെ എല്ലാവരും മറന്നു. 1974 സെപ്റ്റംബർ 14
ഫ്ലോറൻസിന്റെ വടക്ക് ഭാഗത്തുള്ള ബോർഗോ സാൻ ലോറൻസോ എന്ന ഭാഗത്ത് പാർക്ക് ചെയ്തിരിക്കുന്ന കാറിൽ രണ്ട് മൃതദേഹങ്ങൾ വഴിപോക്കനായ ഒരാൾ കണ്ടു. അയാൾ പോലീസിനെ വിവരം അറിയിച്ചു. ക്രൈം സീനിൽ എത്തിയ പോലീസ് ഒരു ഫിയറ്റ് 127 ന്റെ ഡ്രൈവിംഗ് സീറ്റിൽ അർദ്ധ നഗ്നനായ യുവാവിന്റെ ശരീരത്തിൽ ധാരാളം വെടിയുണ്ടകൾ കയറിയ നിലയിൽ കണ്ടെത്തി. മൽപ്പിൽടുത്താം നടന്നതിന്റെ യാതൊരു സൂചനയും പരിസരത്തുണ്ടായിരുന്നില്ല. ബുള്ളറ്റ് ഷെൽ കേസുകൾ പരിസരത്തു കാണാമായിരുന്നു. 19 വയസുള്ള പാസ്‌ക്വയൽ ജെന്റികോറിന്റെ മൃതദേഹമായിരുന്നു അത്.
കാറിന്റെ പുറകിൽ തറയിൽ പരിപൂർണ നഗ്നമായനിലയിൽ സ്റ്റേഹനിയ പെറ്റിനിനിയുടെ മൃതദേഹവും പോലീസ് കണ്ടെത്തി. കൊലയാളി പൈശാചികമായ രീതിയിൽ അവളുടെ ശരീരത്തിൽ ആക്രമണം നടത്തിയിട്ടുണ്ടായിരുന്നു. ഓട്ടോപ്‌സിയിൽ രണ്ടുപേർക്കും വളരെയധികം വെടിയേറ്റിരുന്നുവെന്നും ചെറിയ കാലിബറുള്ള പിസ്റ്റളിൽ നിന്നാണെന്നും വെളിപ്പെട്ടു. ബാലിസ്റ്റിക് റിപ്പോർട്ടിൽ നിന്നും 73 അല്ലെങ്കിൽ 74 മോഡൽ” .22 ഓട്ടോമാറ്റിക് ബെറേറ്റ” പിസ്റ്റളാണെന്നും വെടിയുണ്ടകൾ 1950 ൽ നിർമ്മിച്ച വിൻചെസ്റ്റർ ടൈപ്പാണെന്നും മനസിലായി. പാസ്‌ക്വയറിനു 5 ഉം 3 ഉം വെടിയേറ്റിരുന്നു.എന്നാൽ സ്‌റ്റെഫാനിയയുടെ മരണം ഏറ്റവും കുറഞ്ഞത് 96 കത്തിക്കുത്തിൽ നിന്നായിരുന്നു. കത്തിക്ക് 10 -12 സെന്റിമീറ്റർ നീളവും 1 .5 സെന്റിമീറ്റർ വീതിയും ഒരു വശത്തിനു മൂർച്ചയുള്ളതാണെന്നും പോലീസ് മനസ്സിലാക്കി.
അന്വേഷണത്തിന്റെ തുടക്കത്തിൽ പോലീസിന്റെ ശ്രദ്ധ 3 പേരിലായി. 53 വയസ്സുള്ള അസുഖങ്ങൾ ശമിപ്പിക്കാൻ കഴിവുള്ളവനെന്ന് ബ്രൂണോ മോകാലി, ഇരട്ടക്കൊല നടത്തിയെന്ന് അവകാശപ്പെട്ട് സ്റ്റേഷനിലെത്തിയ മനോനില ശരിയല്ലാത്ത ഗിസേപ്പേ ഫ്രാൻസിനി, കൊലനടന്ന സ്ഥലത്തെ വായിൽനോക്കിയും ഒളിഞ്ഞുനോട്ടക്കാരനുമായ ഗിഡോ ജിയോവാനിനി എന്നിവരായിരുന്നു അവർ. എന്നാൽ കൊലപാതകവുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും അവർക്കെതിരെ ഉണ്ടായിരുന്നില്ല. അവരും സംശയത്തിന്റെ പുറത്തായി.
1981 ജൂൺ 6 ശനി . 7 വർഷത്തിനുശേഷം ഒരു പോലീസ് സർജന്റ് മകനുമായി നടക്കാനിറങ്ങുമ്പോൾ അവിചാരിതമായി 21 വയസ്സുള്ള കാർമേല ഡി നുസ്സിയോ , കാമുകനായ 30 വയസ്സുള്ള ജിയോവാനി ഫോഗി എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സർജെന്റിന്റെ ശ്രദ്ധയിൽ ആദ്യം പെട്ടത് കോപ്പർ കളറുള്ള ഒരു റിറ്റ്‌മോ വാഹനം റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുന്നതാണ്. ഡ്രൈവർ സൈഡിലെ ഡോറിനു പുറത്ത് ഒരു ഹാൻഡ് ബാഗിലെ സാധനങ്ങൾ തറയിൽ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. നമ്മുടെ സർജന്റ് ജിജ്ഞാസാ കുലനായി, അയാളിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഉണർന്നു. പുള്ളിക്കാരൻ നന്നായി നിരീക്ഷണം തുടർന്നു. ഡ്രൈവറുടെ സൈഡിലെ വിൻഡോ തകർന്നിരുന്നു. ജിയോവാനിയുടെ കഴുത്ത് കണ്ടിക്കപ്പെട്ടിരുന്നു. സർജന്റ് പെട്ടെന്ന് പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് വിളിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർ ക്രൈം സീനിലെത്തി. ഒരു ചുവന്ന ഫിയറ്റ് കാറിന്റെ 20 വാരയകലെയായി നദീതീരത്തായി ഒരു പെൺകുട്ടിയുടെ മൃതദഹം കണ്ടെത്തി. അവളുടെ കാലുകൾ അകത്തിവച്ച നിലയിലായിരുന്നു. ടി ഷർട്ടും ജീൻസും കീറി മുറിക്കപ്പെട്ടിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ വികൃതമായ നിലയിൽ മുറിച്ച് മാറ്റിയിരുന്നു!. ഓട്ടോപ്‌സിയിൽ കാറിലിരുന്ന രണ്ടുപേരും വെടിയുണ്ടകളാൽ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു. ചെറുപ്പക്കാരന് മൂന്ന് കത്തിക്കുത്തേറ്റിരുന്നു. രണ്ടെണ്ണം കഴുത്തിലും ഒരെണ്ണം ചങ്കിലുമായിരുന്ന. യുവതിയുടെ യോനി നീക്കം ചെയ്തത് നല്ല മൂർച്ചയുള്ള ഉപകരണം കൊണ്ടാണെന്നും കൊലയാളിക്ക് അതിൽ സാമർഥ്യമുണ്ടെന്നും പാതോളജിസ്റ്റ് പറഞ്ഞു. ബാലിസ്റ്റിക് വിദഗ്ദ്ധർ അവർ കൊല്ലപ്പെട്ടത് ചുരുങ്ങിയത് 7 വെടിയുണ്ടകളേറ്റാണെന്നും അതൊരു .22 കാലിബറുള്ള ഓട്ടോമാറ്റിക് പിസ്റ്റളാണെന്നും വിൻചെസ്റ്റർ വെടിയുണ്ടകളാണെന്നും വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തൽ പഴയ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടു. 1974 ൽ നടന്ന ഇരട്ടക്കൊലയിലെ വെടിയുണ്ടകളുമായി താരതമ്യം ചെയ്യണമെന്നവർ അഭ്യർത്ഥിച്ചു. ഒരു ബാലിസ്റ്റിക് പഠനം നടന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഒരു സീരിയൽ കില്ലറുടെ സാന്നിധ്യം തിരിച്ചറിഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധ എൻസോ സ്പാലേറ്റി എന്ന ഒളിഞ്ഞ് നോട്ടക്കാരനിലേക്കായി. എൻസോയുടെ ചുവന്ന ഫോർഡ് ക്രൈം സീനിനു സമീപം പാർക്ക് ചെയ്തതായി കണ്ടെത്തിയിരുന്നു. എൻസോ അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയാസ്പദമായ ഒരു ആലിബെ (സംഭവം നടന്ന സമയത്ത് മറ്റൊരിടത്തായിരുന്നു ) പൊലീസിന് നൽകി. എൻസോയുടെ വെളിപ്പെടുത്തൽ കോപ്പർ കളറുള്ള റിറ്റ് മോയിൽ 9 .30 നു രാവിലെ പത്രത്തിൽ കണ്ടു എന്നായിരുന്നു. എന്നാൽ ഒരു ദിവസത്തിനുശേഷമായിരുന്നു ആ മൃതദേഹങ്ങൾ കണ്ടെത്തിയത്.എൻസോ അറസ്റ്റ് ചെയ്യപ്പെട്ട് അഴികൾക്കുള്ളിലായി.
1981 ഒക്ടോബർ 23 . മാസങ്ങൾക്കുശഷം കൊലയാളി വീണ്ടും ആഞ്ഞടിച്ചു!. 24 വയസ്സുകാരിയായ സൂസന്ന കാമ്പിയും പഴയ ബോയ് ഫ്രണ്ടായ സ്‌റ്റെഫാനോ ബാൾഡിയും ഒരു സായന്തനത്തിൽ ഫ്ളോറന്സിനു വടക്കുള്ള പ്രകൃതി രമണീയമായ കാലൻസനോ എന്ന സ്ഥലത്തിനടുത്ത് വാഹനം പാർക്ക് ചെയ്തു. സമീപത്ത് കൊലയാളി പതിയിരിക്കുന്നത് അവരറിഞ്ഞില്ല!. അന്ന് സന്ധ്യക്ക് വേറെ രണ്ട് ഇരട്ട ജോഡികൾ വെടിയുണ്ടകളേറ്റ് തകർന്ന രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ക്രൈം സീനിലെത്തിയ പോലീസ് ഒരു വോക്‌സ് വാഗണരുകിലായി അർദ്ധ നഗ്നനായി വെടിയേറ്റും അനേകം കത്തിക്കുത്തേറ്റും ഒരു മനുഷ്യനെ കണ്ടു. എതിർവശത്തായി വാഹനത്തിനു സമീപം സമാന രീതിയിൽ ഒരു യുവതിയുടെ മൃതദേഹവും കണ്ടു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ഒരു കാര്യം പെട്ടു. കാർമേല ഡി നുസ്സിയോയുടെ സ്വകാര്യ ഭാഗങ്ങൾ നീക്കം ചെയ്യപ്പെട്ടപോലെ സൂസന്ന കാമ്പിയുടെയും നീക്കം ചെയ്യപ്പെട്ടിരുന്നു!. ഒരു പതോളജിസ്റ്റ് ഫ്രണ്ട് വിൻഡോ കടന്നാണ് വെടിയുണ്ടകൾ എത്തിയതെന്നും കത്തിക്കുത്തുകൾ ഏൽക്കുന്നതിനു മുമ്പും അവർക്ക് ജീവനുണ്ടായിരുന്നുവെന്നും പറഞ്ഞു.
ഒരുവശം മൂർച്ചയുള്ള 3 സെന്റിമീറ്റർ വീതിയുള്ള 5 -7 സെന്റിമീറ്റർ നീളമുള്ള കത്തിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും പറഞ്ഞു. മുമ്പത്തെ കേസുപോലെ സ്വകാര്യ ഭാഗങ്ങൾ മുറിച്ചുനീക്കിയത് ഒരേ ഉപകരണം ഉപയോഗിച്ചാണെന്നും , എന്നാൽ കൃത്യതയില്ലാതെ കൂടിയ ഭാഗം മുറിച്ചുനീക്കിയെന്നും പറഞ്ഞു. അടിവയറിന്റെ ഭാഗം മുറിച്ചു നീക്കിയപ്പോൾ കുടലിന്റെ ഭാഗം വെളിയിൽ കണ്ടതിനാൽ കൊലയാളി ധൃതിയിലാണ് കാര്യങ്ങൾ നടത്തിയതെന്ന് അവർ കണ്ടെത്തി. ബാലിസ്റ്റിക് വിദഗ്ദ്ധർ മുമ്പ് നടന്ന കോലായിൽ ഉപയോഗിച്ച .22 ബെറേറ്റ തന്നെയാണ് ഈ കൊലയിലും ഉപയോഗിച്ചതെന്നും കണ്ടെത്തി.
പത്രവാർത്തകൾ നിറഞ്ഞപ്പോൾ മറ്റൊരു ജോഡി ഇണകൾ മുന്നോട്ടു വന്ന് ഒരു ചുവന്ന ആൽഫാ ജി റ്റി ക്രൈം സീനിൽ നിന്ന് ഒരാൾ ഓടിച്ചുപോകുന്നതായി കണ്ടു എന്ന് പറഞ്ഞു. എന്നാൽ ഒരു തെളിവും കിട്ടിയില്ല. ഭയന്ന ജനങ്ങൾ അടുത്ത ഇര തണ്ടലായിരിക്കും എന്നോർത്ത് പേടിച്ച് കതകടച്ച് കഴിഞ്ഞുകൂടി. പത്ര മാധ്യമങ്ങൾ കൊലയാളിക്ക് ഒരു പേര് നൽകി ” മോൺസ്റ്റർ ഓഫ് ഫ്ലോറൻസ് ”.
എൻസോ സ്പാലേറ്റി കാർമേല ഡി നുസ്സിയുടേയും ജിയോവാനി ഫോഗിയുടെയും വധത്തിൽ നിന്ന് നിരപരാധിയാന്നെന്നുകണ്ട് മോചിതനായി. സൂസന്ന കമ്പിയുടെയും സ്‌റ്റെഫാനോ ബാൾഡിയുടെയും വധം നടക്കുമ്പോൾ എൻസോ അഴിക്കുള്ളിലായിരുന്നു.
1982 ജൂൺ 19 ശനിയാഴ്ച രാത്രി. ഫ്ളോറന്സിനു തെക്ക് പടിഞ്ഞാറുള്ള മോണ്ടെസ് പേർട്ടോളിയുടെ സമീപത്തുള്ള വായ നുവോവയുടെ സമീപത്തുള്ള പാർക്കിങ്ങിൽ 20 വയസ്സുള്ള അന്റോനെല്ല മിഗ്ലിയോറിനിയും 22 വയസ്സുള്ള പാവ്ലോ മൈനാർഡിയും പ്രണയത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കുറ്റിക്കാട്ടിൽ നിന്നും കൊലയാളി പ്രത്യക്ഷപ്പെട്ട് വെടിയുതിർത്തു. വെടിശബ്ദത്തിൽ രണ്ടുപേരും ഞെട്ടി. അന്റോനെല്ല തൽക്ഷണം മൃതിയടഞ്ഞു. പാവ്ലോക്ക് വെടിയേറ്റെങ്കിലും ഒരുവിധത്തിൽ കാർ സ്റ്റാർട്ട് ചെയ്ത് ഹെഡ് ലൈറ്റ് ഓൺ ചെയ്ത് പുറകോട്ടെടുത്തു. നിർഭാഗ്യവശാൽ കാര് കുഴിയിൽ വീണു.കൊലയാളി സമയം കളയാതെ ഹെഡ് ലൈറ്റ് വെടിവച്ചുതകർത്ത് രണ്ട് ഇരകളുടെ നേരെയും വെടിയുതിർത്തു. എൻജിൻ ഓഫ് ചെയ്ത് കൊലയാളി കീ വലിച്ചെറിഞ്ഞു. ആ പ്രദേശത്തെ ട്രാഫിക്ക് തടസ്സങ്ങൾ കാരണം കൊലയാളി കീറിമുറിക്കൽ പരിപാടി ഉപേഷിച്ച് സ്ഥലംവിട്ടു. എന്നാൽ പാവ്ലോക്ക് അപ്പോഴും ജീവനുണ്ടായിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം പാവ്ലോ മരണമടഞ്ഞു.
അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോർണിയായ സിൽവിയ ഡെല്ല മോണിക്ക പത്രപ്രവർത്തകരെ വിളിച്ചുകൂട്ടി ഒരു പദ്ധതി ആസൂത്രണം ചെയ്തു. ഹോസ്പിറ്റലിലെത്തുമ്പോൾ പാവ്ലോക്ക് ജീവനുണ്ടായിരുന്നുവെന്നും കൊലയാളിയെക്കുറിച്ച് പാവ്ലോ പോലീസിന് വിവരം നൽകിയിരുന്നുവെന്നും പത്രങ്ങൾ മുഖേനെ പ്രചരിപ്പിച്ചു. കൊലയാളി തെറ്റായ നീക്കങ്ങൾ എന്തെങ്കിലും നടത്തുമെന്ന് പ്രതീക്ഷിച്ചു. ആ പണി ഏറ്റെന്ന് പറയാം. പാവ്ലോയെ എസ്‌പിറ്റലിലേക്ക് കൊണ്ടുപോയ റെഡ് ക്രോസ് ജീവനക്കാരിലൊരാൾക്ക് ഡിസ്ട്രിക്ട് അറ്റോർണിയുടെ ഓഫീസിൽ നിന്നാണെന്നു പറഞ്ഞ് ഒരാൾ വിളിച്ചു. മരിക്കുന്നതിനുമുമ്പ് പാവ്ലോ എന്താണ് പറഞ്ഞെതെന്നായിരുന്നു അയാളുടെ ചോദ്യം!.
കുറച്ച് ദിവസങ്ങൾക്കുശേഷം ഫ്രാൻസിസ്‌കോ ഫിയോർ എന്ന പോലീസ് സർജന്റ് 1968 ൽ നടന്ന ബാർബറയുടെയും അന്റോണിയോയുടെയും ഇരട്ടക്കൊലപാതകത്തിന് ഇപ്പോൾ നടന്ന കൊലപാതകങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം തുടങ്ങി. ബാർബെറയുടെയും അന്റോണിയോയുടെയും കൊലക്ക് ഉപയോഗിച്ച .22 കാലിബർ ബെറേറ്റ പിസ്റ്റൾ തന്നെയാണ് പാവ്ലോയുടെയും അന്റോനെല്ലയുടെയും കൊലക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തി. 50 വിൻചെസ്റ്റർ ബുള്ളറ്റുകൾ അടങ്ങുന്ന ഒരു ബോക്സിൽ നിന്നാണ് ബുള്ളറ്റുകൾ വന്നതെന്നും മനസ്സിലാക്കി.
സ്റ്റെഫാനോയല്ല മോൺസ്റ്റർ ഓഫ് ഫ്ലോറൻസെന്ന് പോലീസ് ഊഹിച്ചു. എന്നാൽ പോലീസ് മറ്റൊരു നിഗമനത്തിലെത്തി. സ്‌റ്റെഫാനോക്ക് ഒരു കൂട്ടാളി ഉണ്ടായിരിക്കാമെന്നും സ്‌റ്റെഫാനോ തടവിലായിരുന്ന സമയത്ത് കൂട്ടാളിയായിരിക്കാം കൊലപാതകങ്ങൾ നടത്തിയിരിക്കുകയെന്നുമായിരുന്നു അത്. സ്‌റ്റെഫാനോ തന്റെ നിരപരാധിത്വം അവകാശപ്പെട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ല.
1983 സെപ്റ്റംബർ 9 . ഒരു വർഷത്തിനുശേഷം കൊലയാളി വീണ്ടും പണി തുടങ്ങി, പടിഞ്ഞാറൻ ജർമ്മൻകാരായ രണ്ട് ആൺകുട്ടികളാണ് ഇത്തവണ കൊല്ലപ്പെട്ടത്. ഫ്ലോറൻസിൽ നിന്ന് 19 കിലോമീറ്റർ അകലെ ഒരു പുൽപ്രദേശത്താണ് സംഭവം നടന്നത്. ഹോസ്റ്റ് മെയർ, യുവേ റഷ് സെൻസ് എന്ന രണ്ട് സ്വർഗ്ഗാനുരാഗികളാണ് കൊല്ലപ്പെട്ടത്. അവരുടെ ശരീരം കീറിമുറിക്കപ്പെട്ടിരുന്നില്ല. എന്നാൽ ബാലിസ്റ്റിക് വിദഗ്ദ്ധർ .22 ബേറെറ്റയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. ഇവിടെ കൊലയാളിയുടെ മോഡസ് ഓപ്പറാണ്ടിക്ക് മാറ്റം ഉണ്ടായിരുന്നു. കാരണം, രണ്ട് ആൺകുട്ടികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട ഒരാൾക്ക് സ്വർണ്ണ വർണ്ണമുള്ള തലമുടിയുണ്ടായിരുന്നു. ഒരു പക്ഷെ, കൊലയാളി അത് പെൺകുട്ടിയാണെന്ന് കരുതിയിരിക്കാം. കാര്യം തിരിച്ചറിഞ്ഞ കൊലയാളി കീറിമുറിക്കൽ ഉപേക്ഷിച്ച് കടന്നുകാണുമെന്ന് പോലീസ് നിഗമനത്തിലെത്തി.
ഈ കൊലപാതകങ്ങളിൽ ചില സാമ്യങ്ങൾ കണ്ടിരുന്നു. കൊല്ലപ്പെട്ടവർ വൈകുന്നേരം ഡിസ്‌ക്കോ തെക്കുകളിൽ ചെലവഴിച്ചിരുന്നു. കൊലയാളി ശനിയാഴ്ചകളിൽ രാത്രികളിലാണ് കൊല നടത്തിയിരുന്നത്. പെൺകുട്ടികളിൽ നിന്ന് നീക്കം ചെയ്ത ഭാഗങ്ങൾ മരണ ഭീതി ഉളവാക്കുന്ന ഒരു സ്മരണികയായി കൊലയാളി സൂക്ഷിച്ചിരിക്കാമെന്നും പോലീസ് ഊഹിച്ചു. മാസിമോ ഇൻട്രോ വിഗ്നെയെന്ന റിലീജിയസ് ഹിസ്റ്റോറിയൻ ആഭിചാരകർമ്മങ്ങളായിരിക്കും ഇതിന്റെ പിന്നിലെന്നും ആഭിചാരത്തിന്റെ ഭാഗമായിട്ടായിരിക്കാം യോനി നീക്കം ചെയ്തതെന്നും പറഞ്ഞു. പാവ്ലോയെ ഹോസ്പിറ്റലിലേക്ക് അനുധാവനം ചെയ്ത റെഡ് ക്രോസ് ജോലിക്കാരനെ വീണ്ടും കൊലയാളി ഫോൺ ചെയ്ത ശല്യപ്പെടുത്തി. പാവ്ലോ മരിക്കുന്നതിനുമുമ്പ് എന്താണ് പറഞ്ഞതെന്നായിരുന്നു വീണ്ടുമുള്ള ചോദ്യം!. പോലീസ് ഞെട്ടിയെന്ന് പറയാം!.
1984 ജൂലൈ 29 . ഫ്ളോറന്സിന്റെ വടക്ക് ഭാഗത്തുള്ള വിച്ചിയോ ഡി മുഗേല്ലോ എന്ന സ്ഥലത്തു രണ്ട് ഇണകൾ കൊല്ലപ്പെട്ടു. വെടിയുണ്ടയേറ്റും കത്തിക്കുത്തേറ്റ നിലയിലിലും കാറിന്റെ പിന് സീറ്റിൽ യുവാവും, കുറച്ചകലെയായി കുട്ടിക്കാടിനു മറവിലായി കാലുകൾ അകത്തിവച്ച നിലയിൽ പൂർണ നഗ്നയായിട്ടുമാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഇത്തവണയും സ്വകാര്യ ഭാഗങ്ങൾ നീക്കം ചെയ്തിരുന്നു. ശരീരം നൂറിലേറെ പ്രാവശ്യം വരഞ്ഞുകീറിയിരുന്നു. കൊലക്കുള്ള ആയുധം .22 ബെറേറ്റ തന്നെയായിരുന്നു. ക്രൈം സീനിൽ നിന്ന് ഫിംഗർ പ്രിന്റോ മറ്റു തെളിവുകളോ ലഭിച്ചില്ല. കൊലയാളി സർജിക്കൽ ഗ്ലൗസ് ധരിച്ചിരിക്കാം എന്ന നിഗമനത്തിൽ പോലീസ് എത്തി. ഇൻവെസ്റ്റിഗേഷന്റെ നേതൃത്വമുള്ള ഡിസ്ട്രിക്‌ട് അറ്റോർണി പത്രസമ്മേളനത്തിൽ പറഞ്ഞു ”ആ കൊലയാളി ബഹുമാന്യനായ, സംശയത്തിനതീതനായ നിങ്ങളുടെ അടുത്ത അയൽക്കാരനായിരിക്കാമെന്ന് ”.
1985 സെപ്റ്റംബർ 8 . ഫ്ളോറന്സിനു പുറത്ത് സാൻ കാസിയാനോയിൽ ഫ്രഞ്ചുകാരായ 25 വയസ്സുള്ള ജീൻ മിഷെലും 36 വയസ്സുള്ള നദീൻ മോറിയറ്റും കൊല്ലപ്പെട്ടു. ഒരു ടെന്റിനുള്ളിൽ തലയോട്ടി തകർത്ത് 3 ബുള്ളറ്റും 1 ബുള്ളറ്റ് കഴുത്തിലൂടെയും കടന്ന നിലയിലായിരുന്നു യുവതിയുടെ മുതദേഹം. യുവാവിന്റെ വായിൽ 1 ഉം ഇടതു കൈയ്യിൽ രണ്ടും വലത് കൈമുട്ടിൽ ഒന്നും വെടിയുണ്ടകൾ കാണപ്പെട്ടു. യുവാവിന് വെടിയേറ്റെങ്കിലും രക്ഷപെടാനായി ഓടിയിരുന്നു. പുറകെയെത്തിയ കൊലയാളി യുവാവിനെ കുത്തിക്കൊന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. പിന്നെ ടെന്റിലെത്തിയ കൊലയാളി യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ നീക്കം ചെയ്ത് സ്ഥലം വിട്ടു.
പൊലീസിന് ആദ്യമായി ഒരു തെളിവുകിട്ടി. സമീപത്തുള്ള ഹോസ്പിറ്റലിന്റെ സമീപത്തുനിന്ന് ഒരു വിൻചെസ്റ്റർ ബുള്ളറ് കണ്ടെത്തി. ഹോസ്പിറ്റൽ സ്റ്റാഫിനെ ചോദ്യം ചെയ്‌തെങ്കിലും ഒരു തെളിവും കിട്ടിയില്ല. പിന്നീട് അസിസ്റ്റന്റ് അറ്റോർണി സിൽവിയക്ക് ഒരു എൻവലപ്പ് കിട്ടി. എൻവലപ്പിലെ അഡ്രസ് മാഗസിനിൽ നിന്നോ പേപ്പറിൽ നിന്നോ വെട്ടിയെടുത്ത അക്ഷരങ്ങൾ ഉപയോഗിച്ചുള്ളതായിരുന്നു. അതിൽ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് ഉണ്ടായിരുന്നു. എൻവലപ്പിനുള്ളിലായി പേപ്പർ കണ്ടെയ്നറിനുള്ളിലായി ചെറിയ പ്ലാസ്റ്റിക് കൂടിൽ നദീൻ മോറിയറ്റിന്റെ സ്വകാര്യ ഭാഗങ്ങളുടെ ഒരു ഭാഗം അടക്കം ചെയ്തിരുന്നു!. ഫ്ലോറൻസ് മോൺസ്റ്ററുടെ അവസാനത്തെ ഇരട്ടക്കൊലയായിരുന്നു അത്. പോലീസ് ഒരു ലക്ഷത്തോളം പേരെ ചോദ്യം ചെയ്‌തെങ്കിലും നിരാശയായിരുന്നു ഫലം.
1990 കളിൽ പീട്രോ പാസ്സിയാനി എന്നയാളിൽ പോലീസിന്റെ ശ്രദ്ധ പതിഞ്ഞു. വേട്ടയാടലും മൃഗത്തോലിൽ പഞ്ഞി നിറച്ച് ആകൃതിവരുത്തി സൂക്ഷിക്കുന്നതിലും കമ്പമുള്ള കൃഷിക്കാരനായിരുന്നു അയാൾ. 1951 ൽ പീട്രോ ഒരു സെയിൽസ് മാനെ കൊലപ്പെടുത്തിയിരുന്നു. പ്രതിശ്രുത വധുവുമായി കിടന്നതായിരുന്നു അയാൾ ചെയ്ത കുറ്റം. അയാളെ 19 പ്രാവശ്യം കുത്തിക്കൊലപ്പെടുത്തിയ പീട്രോ അരസം മൂത്ത് ആ മൃതദേഹത്തെ ബലാത്സംഗം ചെയ്തു!. 13 വർഷം തടവുശിക്ഷക്ക് അകത്തായി. മോചിതനായ പീട്രോ വിവാഹം കഴിച്ച് താമസം തുടങ്ങി. എന്നിരുന്നാലും പീട്രോ വീണ്ടും ജയിലിലായി. ഭാര്യയെ തല്ലിയതിനും പെണ്മക്കളെ പീഡിപ്പിച്ചതുമായിരുന്നു കാരണം.
അറിയപ്പെടാത്ത കേന്ദ്രങ്ങളിൽ നിന്ന് മറ്റുചില റിപ്പോർട്ടുകളും ഉണ്ടായിരുന്നു. പീട്രോ ആഭിചാരക്കാരായ മാറിയോ വാനി, ജിയോവാനി ഫാഗി, ജിയാണ് കാർലോ ലോട്ടി എന്നിവരുമായി കൂടാറുണ്ടെന്നും, പെറ്റ്രോയും മരിയോയും സാൻ കാസിനോയിലെ ഒരു മന്ത്രവാദിയുമായി ചേർന്ന് ബ്ലാക്ക് മസ്സിൽ പങ്കെടുക്കാറുണ്ടെന്നും അതിനുവേണ്ടി യുവതികളുടെ ശരീര ഭാഗങ്ങൾ ഉപയോഗിക്കാറുണ്ടെന്നുമായിരുന്നു ഒരു വാർത്ത. ഒരു ക്ലിനിക്കിലെ നേഴ്സ് പീട്രോയെ പൂന്തോട്ടക്കാരനായി എടുത്തിരുന്നു. ഒരു ഡോക്റ്ററുടെ നേതൃത്വത്തിലുള്ള സാത്താൻ സെറിമണിയിൽ പീട്രോ പങ്കെടുത്തിട്ടുണ്ടെന്ന് പീട്രോ പറഞ്ഞതായി നേഴ്സ് പറഞ്ഞു.
ഫ്ലോറൻസ് ഡിറ്റക്റ്റീവ് ഫോഴ്‌സിന്റെ തലവനായ മൈക്കൾ ഗിയൂട്ടാരി 1993 ജനുവരി 13 നു അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളം പീറ്ററോയുടെ വിചാരണ നീണ്ടു, തന്റെ നിരപരാധിത്വം പീട്രോ പറഞ്ഞു. എന്നിരുന്നാലും സാഹചര്യതെളിവുകളാൽ ഇരട്ടക്കൊലപാതകങ്ങളുടെ പേരിൽ പീട്രോയെ ആജീവനാന്തം ശിക്ഷിച്ചു. വിധി പ്രഖ്യാപിച്ചപ്പോൾ പീട്രോയെ കോടതിയിൽ നിന്ന് വലിച്ചിഴച്ചു. അപ്പോൾ പീട്രോ മോങ്ങിക്കൊണ്ട് പറഞ്ഞു ” ഞാൻ നിരപരാധിയാണ്…കുരിശിൽ കിടന്ന ക്രിസ്തുവിനെപ്പോലെ!”. 1996 ഫെബ്രുവരി 13 നു അപ്പീലിനെത്തുടർന്ന് തെളിവുകളുടെ അഭാവത്തിൽ പീട്രോ കുറ്റവിമുക്തനായി. വളരെ വലിയ ജനരോക്ഷം ഉണർന്നു.
പോലീസ് പുതിയ നിഗമനത്തിലെത്തി. ഒരു കൂട്ടം കൊലയാളികളാണ് ഇരട്ടക്കൊലക്ക് പിന്നിലെന്നും ആ സംഘത്തെ നയിക്കുന്നത് 71 കാരനായ പീട്രോയാണെന്നും മറ്റുള്ളവർ 70 കാരനായ മരിയോ, 54 കാരനായ ജിയാണ് കാർലോ, 77 കാരനായ ജിയോവാനി എന്നിവരാണെന്ന് ഉറപ്പിച്ചു. പ്രോസിക്യൂട്ടർമാർ ആ വാദത്തിൽ കടിച്ചുതൂങ്ങി. ഇറ്റാലിയൻ സുപ്രിം കോർട്ട് പീട്രോയെ വിട്ടയക്കാൻ തീരുമാനിച്ചു.
1996 ഡിസംബർ 12 നു പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു പുനർവിചാരണക്ക് ഓർഡർ ഇട്ടു. ജിയാൻ കാർലോ പോലീസിനോട് കുറ്റകൃത്യങ്ങൾ ചെയ്തത് താനും പീട്രോയുമാണെന്ന് പറഞ്ഞു!.
1997 മെയ് 21 നു വിചാരണയിൽ മരിയോയും ജിയാൻ കാർലോയും 26 വർഷത്തെ തടവിന് വിധിക്കപ്പെട്ടു. പുനര്വിചാരണയിൽ ഇരട്ടക്കൊലപാതകങ്ങളിൽ തനിക്കൊരു പങ്കുമില്ലെന്നാണ് പീട്രോ പറഞ്ഞത്. 1998 ഫെബ്രുവരി 23 നു കമിഴ്ന്നുകിടക്കുന്ന രീതിയിൽ പീട്രോ സ്വന്തം വീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടു. പീറ്ററോയുടെ മുഖം കരിനീലിച്ച് കോടിയ നിലയിലായിരുന്നു. ട്രൗസർ കണങ്കാൽ വരെ ഊരിയ നിലയിലും ഷർട്ട് കഴുത്തിനൊപ്പവും കാണപ്പെട്ടു. പ്രാഥമികമായി കാർഡിയാക് അറസ്റ്റെന്നാണ് പോലീസ് കരുതിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം ഡ്രഗ്സിന്റെ അമിത സ്വാധീനമായിരുന്നു.
മജിസ്‌ട്രേറ്റ് പാവ്ലോ കൺസയുടെ വിശ്വാസം യഥാർത്ഥ കുറ്റവാളി ആരെന്നറിയാതിരിക്കാൻ പീട്രോയെ നിശ്ശബ്ദനാക്കിയതെന്നാണ്. 20 വർഷങ്ങൾക്ക് ശേഷവും മോൺസ്റ്റർ ഓഫ് ഫ്ലോറൻസ് ദുരൂഹമായി അവശേഷിക്കുന്നു. പിന്നീട് 2001 സെപ്റ്റംബറിൽ സിസ്ഡെ സീക്രട്ട് സർവ്വീസിലെ സൈക്കളോജിസ്റ്റായ ഒറേലിയേ മാറ്റി , ഇറ്റലിയിലെ പ്രധാന സൈക്കളോജിസ്റ്റായ ഫ്രാൻസിസ്‌കോ ബ്രൂണോ എന്നിവരുടെ ഓഫീസും വീടും റെയിഡ് ചെയ്ത് കമ്പ്യൂട്ടർ ഡിസ്‌ക്കുകൾ, ബുക്കുകൾ, ഇരട്ടക്കൊലപാതകത്തെക്കുറിച്ചുള്ള നോട്ടുകൾ എന്നിവ പിടിച്ചെടുത്തു. 9 മണിക്കൂറിലധികം അവരെ നിരന്തരം ചോദ്യം ചെയ്‌തെങ്കിലും അവരെ കൊലപാതകവുമായി ബന്ധപ്പെടുത്താൻ ഒരു തെളിവും ലഭിച്ചില്ല. മോൺസ്റ്റർ ഓഫ് ഫ്ലോറൻസ് ഇന്നും സമസ്യയായി അവശേഷിക്കുന്നു.