മൊറോക്കോയിൽ ലോക്ക്ഡൗൺ തുടങ്ങുന്നതിന്റെ മുന്നോടിയെന്നോണം എയർപോർട്ട്, ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവ അടയ്ക്കുകയും ചെയ്തതോടെ ഞങ്ങൾ ഏകദേശം പെട്ടുപോയ അവസ്ഥയിലായി. ഇന്ത്യൻ എംബസ്സിയിൽ വിളിച്ചന്വേഷിച്ചപ്പോൾ ആശ്വാസകരമായ വിവരങ്ങളായിരുന്നു ലഭിച്ചത്. നിലവിൽ മൊറോക്കോയിൽ പ്രശ്നങ്ങൾ ഇല്ലെന്നും, ആളുകൾ കൂടുന്ന , തിരക്കേറിയ സ്ഥലങ്ങളിൽ നിന്നും വിട്ടു യാത്ര ചെയ്യുവാൻ അനുമതിയും ലഭിക്കുകയുണ്ടായി.
അങ്ങനെ ഞങ്ങൾ ഗൈഡ് നിസ്‌റിന്റെയൊപ്പം കാറിൽക്കയറി ഒരു റോഡ്ട്രിപ്പ് ആരംഭിച്ചു. ഞങ്ങൾ നിന്നിരുന്ന മൊറോക്കൻ തലസ്ഥാനമായ റബാത്തിൽ നിന്നും ടാഞ്ചിയർ എന്ന സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. ഏകദേശം 250 കിലോമീറ്റർ ദൂരമുണ്ട് റാബത്തിൽ നിന്നും ടാഞ്ചിയറിലേക്ക്. രാവിലെയായിരുന്നെങ്കിലും റബാത്ത് നഗരം ഉണർന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ. തിരക്ക് കൂടുന്നതിന് മുൻപായി ഞങ്ങൾ നഗരാതിർത്തി കടന്നു.
മനോഹരമായ കാഴ്ചകളും, വ്യത്യസ്ത രൂപങ്ങളിലുള്ള കെട്ടിടങ്ങളുമൊക്കെ ഞങ്ങളുടെ യാത്രയ്ക്ക് രസം പകർന്നു. റാബത്തിൽ നിന്നും ഒരു പാലം കടന്ന് ഞങ്ങൾ സാലെ എന്ന സ്ഥലത്തായിരുന്നു എത്തിച്ചേർന്നത്. അവിടെ പഴയ കോട്ടകളും, കെട്ടിടങ്ങളും തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള പലതും ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. നിസ്‌റിൻ നല്ല സ്മൂത്ത് ആയി ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു. പോകുന്ന വഴിയിൽ പോലീസ് ചെക്കിംഗും, ട്രെയിൻ പോകുന്നതും ഒക്കെ കണ്ടു.
നഗരത്തിൽ നിന്നും വിട്ടുമാറി ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നപ്പോൾ കണ്ട കാഴ്‌ച ഞങ്ങളെ ഞെട്ടിച്ചു. കൊറോണപ്പേടിയിൽ മൊറോക്കോയിലെ നഗരങ്ങളെല്ലാം ഏതാണ്ട് അടച്ച സാഹചര്യത്തിലും ഗ്രാമപ്രദേശങ്ങളെല്ലാം യാതൊരു കൂസലുമില്ലാതെ തുറന്നു കാണപ്പെട്ടു. അവിടത്തെ ആളുകൾക്ക് രോഗവ്യാപനത്തെക്കുറിച്ച് കാര്യമായ വിവരം ഇല്ലാത്തതിനാലാണ് ഇങ്ങനെയെന്ന് നിസ്‌റിൻ പറഞ്ഞു. അവിടെയെങ്ങും നിർത്താൻ നിൽക്കാതെ ആൾത്താമസമില്ലാത്ത ഏരിയയിലേക്ക് ഞങ്ങൾ നീങ്ങി.
അങ്ങനെ പൊയ്‌ക്കൊണ്ടിരിക്കെ ആളുകൾ കുറഞ്ഞ, മരങ്ങൾ നിറഞ്ഞ ഒരു പ്രദേശത്ത് ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങി. ചില ഇംഗ്ലീഷ് സിനിമകളിലൊക്കെ കണ്ട തരത്തിലുള്ള പ്രദേശമായിരുന്നു അത്. മൊറോക്കോയിൽ പൊതുസ്ഥലത്തെ മദ്യപാനം നിരോധിതമായതിനാൽ ആ മരക്കൂട്ടങ്ങൾക്കിടയിൽ ചിലയിടങ്ങളിൽ ഒഴിഞ്ഞ മദ്യക്കുപ്പികളൊക്കെ കിടക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം ഞങ്ങൾ അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
പിന്നീട് ഞങ്ങൾ വീതിയേറിയ ഒരു വലിയ ഹൈവേയിലേക്ക് കയറി. ഒരു ടോൾ റോഡ് ആയിരുന്നു. മനോഹരമായ ഭൂപ്രകൃതിയിലൂടെയായിരുന്നു ആ ഹൈവേ പൊയ്‌ക്കൊണ്ടിരുന്നത്. ഞങ്ങൾക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ ഞങ്ങൾക്ക് കലശലായി തോന്നിത്തുടങ്ങിയിരുന്നു. ഹൈവേയിൽ എവിടെയാ കടകൾ? നിരാശയോടെ ഞങ്ങൾ യാത്ര തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് സന്തോഷം പകർന്ന ആ കാഴ്ച കണ്ടത്. ഹൈവേയോരത്ത് ഒരു ഫുഡ് ട്രക്ക് കിടക്കുന്നു.
ഞങ്ങൾ അവിടെ കാർ നിർത്തി കാപ്പിയും, സ്‌നാക്‌സും ഒക്കെ കഴിച്ചു. അങ്ങനെ നിൽക്കുന്നതിനിടെ അവിടെയൊരു വെളുത്ത കാരവൻ എത്തിച്ചേർന്നു. ഒരു പ്രായമായ ദമ്പതികളായിരുന്നു ആ കാരവനിൽ ഉണ്ടായിരുന്നത്. ഫ്രാൻസിൽ നിന്നും നാടുചുറ്റുവാൻ ഇറങ്ങിയവരായിരുന്നു അവർ. അവരോട് കൂടുതലായി വിശേഷങ്ങൾ ചോദിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അവർക്ക് ഇംഗ്ലീഷ് അറിയില്ല എന്ന കാരണത്താൽ അതുപേക്ഷിച്ചു. “ഇംഗ്ലീഷ് അറിയാത്ത സായിപ്പോ” എന്ന് തമാശയുടെ മനസ്സിൽ വിചാരിച്ചുകൊണ്ട് ഞങ്ങൾ അവിടെ നിന്നും യാത്ര തുടർന്നു.