ആയിരക്കണക്കിൽ തുടങ്ങി ദശലക്ഷങ്ങൾ വരെ ജനങ്ങൾ ഉത്പാദനപരമായ തൊഴിലുകളിലേർപ്പെട്ട് ജീവസന്ധാരണം നിർവഹിക്കുകയും ഇടതൂർന്ന് നിവസിക്കുകയും ചെയ്യുന്ന അധിവാസകേന്ദ്രങ്ങളാണ് നഗരങ്ങൾ. നഗരങ്ങളിൽ വലിയ കെട്ടിടങ്ങളും തെരുവുകളും ഉണ്ടാകും. നഗരങ്ങളിൽ ജനങ്ങൾ ജീവിക്കുന്നതിനു പ്രധാന കാരണം അവശ്യ സാധനങ്ങളുടെ ലഭ്യതയും ജോലിസ്ഥലത്തിനോടുള്ള സാമീപ്യവുമാണ്.നഗരത്തിൽ സാധാരണയായി ആളുകൾക്ക് താമസിക്കാനുള്ള സ്ഥലങ്ങളും വ്യവസായശാലകളും കച്ചവട കെട്ടിടങ്ങളും ഉണ്ട്.ഭൂതലത്തിൽ മനുഷ്യർ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്നത് നഗരങ്ങളിലാണ്. ലോകരാഷ്ട്രങ്ങളിലോരോന്നിലെയും നഗരങ്ങളിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ പല മടങ്ങായി കാണപ്പെടുന്നു.
ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ?
1. ഷാങ്ഹായ്, ചൈന : പീപ്പിൾ റിപ്പബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരവും ലോകത്തെ പ്രോപ്പർ നഗരങ്ങളിൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ് ഷാങ്ഹായ്. ചൈനയിലെ നാലു പ്രവിശ്യാതല മുൻസിപ്പാലിറ്റികളിലൊന്നായ ഷാങ്ഹായിൽ 2010ലെ കണക്കനുസരിച്ച് 23 ദശലക്ഷം പേർ വസിക്കുന്നു. ചൈനയുടെ കിഴക്കൻ തീരത്തുള്ള യാങ്റ്റ്സെ നദീമുഖത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഒരു പ്രധാന സാമ്പത്തിക കേന്ദ്രവും ലോകത്തെ ഏറ്റവും തിരക്കേറിയ തുറമുഖവുമാണ്. ആദ്യകാലങ്ങളിൽ മത്സ്യബന്ധനത്തിന്റെയും തുണിത്തരങ്ങളുടേയും ഒരു പട്ടണമായിരുന്നു ഷാങ്ഹായ്. 19ആം നൂറ്റാണ്ടോടെ ഈ നഗരത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. ഇവിടുത്തെ തുറമുഖത്തിന്റെ അനുയോജ്യമായ സ്ഥാനമായിരുന്നു അതിന് കാരണം. 1842ലെ നാൻകിങ് ഉടമ്പടി പ്രകാരം ഈ നഗരത്തിൽ വിദേശ വ്യാപാരം ആരംഭിച്ചു.
2. കറാച്ചി, പാകിസ്താൻ : പാകിസ്താനിലെ ഏറ്റവും വലിയ നഗരമാണ് കറാച്ചി. സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമാണ് ഈ നഗരം. ജനസംഖ്യാപരമായി നോക്കുകയാണെങ്കിൽ ലോകത്തിലെത്തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് കറാച്ചി. സീന്ധൂ നദിയുടെ ഡെൽറ്റാ പ്രദേശത്തിന് പടിഞ്ഞാറായി അറബിക്കടലിന്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നു. മുമ്പ് പാകിസ്താന്റെ തലസ്ഥാനമായിരുന്ന കറാച്ചി ഇന്ന് പാകിസ്താന്റെ സാംസ്കാരിക, ധനകാര്യ തലസ്ഥാനമാണ്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖവും ഇവിടെയാണ്. നഗരത്തിലെ പ്രധാന സാമ്പത്തിക മേഖലകളിൽ ധനകാര്യം, വ്യാപാര സേവനങ്ങൾ, ഗതാഗതം, മാദ്ധ്യമം, ദൃശ്യമാദ്ധ്യമ നിർമ്മാണം, പ്രസിദ്ധീകരണം, സോഫ്റ്റ്വേർ, വൈദ്യ ഗവേഷണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവയെല്ലാം ഉൾപ്പെടുന്നു.
3,530 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരവും പരിസരപ്രദേശങ്ങളും ചേർന്ന മെട്രോപൊളിറ്റൻ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ ഇരുപതാമത്തെ മെട്രോപൊളിറ്റനാണ്. ഈ നഗരത്തിന്റെ വളർച്ചക്ക് പ്രധാന കാരണം പല രാജ്യങ്ങളിൽനിന്നും ഇവിടേക്ക് കുടിയേറിപ്പാർത്ത ജനങ്ങളാണ്. “വെളിച്ചത്തിന്റെ നഗരം” (روشنين جو شهر) എന്നാണ് നഗരത്തിന്റെ ഒരു വിളിപ്പേര്. പാകിസ്താന്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന ക്വയിദ്-ഇ-അസം മുഹമ്മദ് അലി ജിന്ന ജനിച്ചതും അടക്കപ്പെട്ടതു ഇവിടെയായതുനാൽ “ക്വയിദിന്റെ നഗരം”(شهرِ قائد), എന്നും അറിയപ്പെടുന്നു.
3. ബീജിങ്ങ്, ചൈന : ചൈനയുടെ (പീപ്പിൾസ് റിപബ്ലിക് ഓഫ് ചൈന) തലസ്ഥാനമാണ് ബെയ്ജിങ്ങ്. ലോകത്തിലെ ഏറ്റവും ജനവാസമേറിയ നഗരങ്ങളിലൊന്നായ ബെയ്ജിങ് ഇംഗ്ലീഷ് പേരായിരുന്ന പീക്കിങ്ങ് എന്ന പേരിലായിരുന്നു ഏറെക്കാലം അറിയപ്പെട്ടിരുന്നത്. 2010ലെ കണക്കുപ്രകാരം 19,612,368 പേർ അധിവസിക്കുന്ന ബെയ്ജിങ് ഷാങ്ഹായ്ക്കു ശേഷം ചൈനയിലെ ഏറ്റവും വലിയ നഗരവുമാണ് . 2008-ലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ് നടന്നത്.
4. ലാഗോസ്, നൈജീരിയ : നൈജീരിയയുടെ മുൻതലസ്ഥാനവും രാജ്യത്തെ സാമ്പത്തിക സിരാകേന്ദ്രവുമാണ് ലാഗോസ് അഥവാ ലെഗോസ്. 2006ലെ സെൻസസ് പ്രകാരം 7,937,932 പേർ വസിക്കുന്ന ലാഗോസ് നൈജീരിയയിലെ ഏറ്റവും ജനവാസമുള്ള മഹാനഗരപ്രദേശമാണ്. മാത്രവുമല്ല ആഫ്രിക്കയിലെ രണ്ടാമത്തെ ഏറ്റവും ജനവാസമുള്ള നഗരവും ഏറ്റവുമധികം വളർച്ചാനിരക്കുള്ള രണ്ടാമത്തെ നഗരവും ലോകത്തിലേയ്ക്കുംവച്ച് ഏറ്റവുമധികം വളർച്ചാനിരക്കുള്ള ഏഴാമത്തെ നഗരവുമാണിത്.
5. ഡെൽഹി, ഇന്ത്യ : 1.7 കോടി ജനസംഖ്യയുള്ള ഡെൽഹി, ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്. രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ പ്രത്യേക പദവിയാണ് ഡെൽഹിക്കുള്ളത്. ന്യൂ ഡെൽഹി, ഡെൽഹി, ഡെൽഹി കന്റോൺമെന്റ് എന്നിങ്ങനെ മൂന്നു നഗരപ്രദേശങ്ങളും കുറച്ചു ഗ്രാമപ്രദേശങ്ങളും ചേരുന്നതാണ് ഡൽഹി സംസ്ഥാനം. 1483 ചതുരശ്ര കി.മീ. വിസ്തീർണവും 17 ദശലക്ഷം ജനസംഖ്യയുമുള്ള ഡൽഹി, ചരിത്രപരമായും രാഷ്ട്രീയമായും തന്ത്രപ്രധാനമായ, ലോകത്തിലെ തന്നെ പഴക്കം ചെന്ന ഒരു നഗരമാണ്.
6. ടിയാൻജിൻ,ചൈന : ചൈനയിലെ ഏറ്റവും വലിയ ആറാമത്തെ നഗരമാണ് ടിയാൻജിൻ. പ്രവിശ്യാ പദവിയുള്ള നാല് മുൻസിപ്പാലിറ്റികളിലൊന്നാണിത്. കേന്ദ്ര സർക്കാർ ഇവിടെ നേരിട്ട് ഭരണം നടത്തുന്നു. ഹായ് ഹി നദിയുടെ തീരത്താണ് ഇതിന്റെ നഗരപ്രദേശം സ്ഥിതി ചെയ്യുന്നത്. വടക്കും തെക്കും പടിഞ്ഞാറും ഹെബെയ് പ്രവിശ്യ, വടക്ക് പടിഞ്ഞാറ് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്, കിഴക്ക് ബൊഹായ് ഉൾക്കടൽ എന്നിവയുമായി ടിയാൻജിൻ മുൻസിപ്പാലിറ്റി അതിർത്തി പങ്കിടുന്നു.
7. ഇസ്താംബുൾ,തുർക്കി : തുർക്കിയുടെ ഒരു പ്രധാന സാംസ്കാരിക, ധനകാര്യ കേന്ദ്രമാണ് ഇസ്താംബുൾ. ചരിത്രപരമായി ബൈസാന്റിയം എന്നും പിന്നീട് കോൺസ്റ്റാന്റിനോപ്പിൾ എന്നും അറിയപ്പെട്ടു. യൂറോപ്പിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരമാണിത്. ഇസ്താംബുൾ പ്രവിശ്യയിലെ 27 ജില്ലകൾ ഈ നഗരത്തിൽ ഉൾപ്പെടുന്നു. തുർക്കിയുടെ വടക്ക് പടിഞ്ഞാറൻ ദിക്കിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. ബോസ്ഫറസ് കടലിടുക്കിന്റെ ഇരു വശങ്ങളിലുമായി യൂറോപ്യൻ വൻകരയിലേക്കും (ത്രേസ്) ഏഷ്യൻ വൻകരയിലേക്കും (അനറ്റോളിയ) നീണ്ടുകിടക്കുന്ന ഒരു നഗരമാണിത്. രണ്ട് വൻകരകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേയൊരു മെട്രോപോളിസാണ് ഇസ്താംബുൾ.
8. ടോക്കിയോ, ജപ്പാൻ : ജപ്പാന്റെ ഡി ഫാക്റ്റോ തലസ്ഥാനവും 47 പ്രവിശ്യകളിൽ ഒന്നുമാണ് ടോക്കിയോ. 35 ദശലക്ഷം ജനങ്ങൾ അധിവസിക്കുന്ന ബൃഹദ് ടോക്കിയോ മെട്രോപൊളിറ്റൻ പ്രദേശം, ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോ നഗരമാണ്. നഗരത്തിലെ ജനസംഖ്യ വർദ്ധിച്ചതോടെ റ്റോക്യോയിലെ സബ് വേയും യാത്രാട്രെയിനുകളും ലോകത്തിലെ ഏറ്റവും തിരക്കേറിയവയിൽ ഒന്നായിമാറി. 1980ലെ സാമ്പത്തികവളർച്ചയിൽ സ്ഥലവില കുത്തനെ കുതിച്ചുയരുകയായിരുന്നു. എന്നാൽ 1990കളിൽ ഊതിവീർപ്പിച്ച ഈ കുമിള തകർന്നപ്പോൾ ജപ്പാന് സാമ്പത്തികമാന്ദ്യം നേരിടേണ്ടിവന്നു. ‘നഷ്ടപ്പെട്ട ദശവർഷ’ത്തിൽ നിന്ന് ജപ്പാനും റ്റോക്യൊയും മെല്ലെ തിരിച്ചുവരികയാണ് ഇപ്പോൾ. റ്റോക്യോയുടെ വളർച്ചാനിരക്ക് കുറയ്ക്കാനായി ദേശീയഭരണകൂടം റ്റോക്യോയിൽ നിന്ന് മാറ്റണമെന്നൊരു വിവാദപരമായ ആവശ്യം ജപ്പാനിൽ നിലവിലുണ്ട്.
9. ഗ്വാങ്ജോ,ചൈന : പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തുള്ള ഒരു ഉപ-പ്രവിശ്യാ നഗരവുമാണ് കാന്റൺ എന്നും ക്വാങ്ജോ എന്നും പരമ്പരാഗതമായി അറിയപ്പെട്ടിരുന്ന ഗ്വാങ്ജോ. നഗരവും സമീപ പ്രദേശങ്ങളും, പ്രത്യേകിച്ച് നഗരത്തിനും ഹോങ് കോങിനുമിടയിലുള്ള പ്രദേശങ്ങൾ പ്രവിശ്യയുടെ ഇംഗ്ലീഷ് നാമമായ കാന്റൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2000 കനേഷുമാരി പ്രകാരം ഏകദേശം 60 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. മെട്രൊപൊളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ 85 ലക്ഷമാണ്. ഇത് ഗ്വാങ്ജോയെ വൻകരാ ചൈനയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള മൂന്നാമത്തെ മെട്രൊപൊളിറ്റൻ പ്രദേശമാക്കുന്നു. ബെയ്ജിങ്, ഷാങ്ഹായ് എന്നിവക്ക് പിന്നിലായി ചൈനയിലെ ഏറ്റവും വലിയ നഗരപ്രദേശമാണിത്.
10. മുംബൈ, ഇന്ത്യ : മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് മുംബൈ, മുൻപ് ബോംബെ എന്ന പേരിലറിയപ്പെട്ടിരുന്നു. 1 കോടി 30 ലക്ഷം ആളുകൾ വസിക്കുന്ന മുംബൈ ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ളതും ഏറ്റവും ജനസാന്ദ്രതയുള്ളതുമായ നഗരമാണ്. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു. ഒരിക്കലും ഉറങ്ങാത്ത ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്. നഗരപ്രാന്തം കൂടി ഉൾപ്പെടുന്ന മുംബൈ മെട്രോപൊളിറ്റൻ പ്രദേശം 25 ദശലക്ഷം ജനസംഖ്യയോടുകൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ മെട്രോ നഗരമാണ്.
ലോകത്തിലെ ഏറിയകൂറും നഗരങ്ങൾ ജനപ്പെരുപ്പംമൂലമുള്ള പ്രശ്നങ്ങളെ നേരിടുന്നവയാണ്. മിക്കവയും ശബ്ദമലിനവും വൃത്തിഹീനവുമായി തുടരുന്നു. ഗതാഗതക്കുരുക്കുമൂലം ജനസാമാന്യത്തിന് സമയനിഷ്ഠ തികച്ചും അന്യമായി പരിണമിച്ചിരിക്കുന്നു. വിമാനങ്ങൾ, മോട്ടോർവാഹനങ്ങൾ, തീവണ്ടികൾ, വൈദ്യുതോത്പാദനകേന്ദ്രങ്ങൾ, വ്യവസായശാലകൾ തുടങ്ങി നിത്യോപയോഗ വസ്തുക്കളിൽപ്പെട്ട എയർകണ്ടിഷനർ, ശീതീകരണികൾ, ഹീറ്ററുകൾ മുതലായ ഉപകരണങ്ങൾവരെ വിസർജിത മാലിന്യങ്ങളിലൂടെ തുടർച്ചയായി അന്തരീക്ഷദൂഷണം നടത്തിക്കൊണ്ടിരിക്കുന്നു. ഇതുമൂലം ജനങ്ങളുടെ ആരോഗ്യത്തിന് സാരമായ ഹാനിയുണ്ടാകുന്നു. ശബ്ദശല്യംകാരണം പൗരസഞ്ചയത്തിന് ഉണ്ടാകുന്ന മാനസികാഘാതമുൾപ്പെടെയുള്ള പീഡനങ്ങൾ ക്രമാതീതമായി ഏറിവരുന്നു.
കുറ്റകൃത്യങ്ങൾക്കും നിയമനിഷേധങ്ങൾക്കും വളക്കൂറുള്ള മേഖലയാണ് നഗരം. വർഗീയവും മതപരവുമായ സംഘർഷങ്ങളും കലാപങ്ങളും എളുപ്പത്തിൽ ശക്തിപ്രാപിക്കുന്നതും നഗരത്തിലാണ്. ലഹരിപദാർഥങ്ങൾ മുതൽ മയക്കുമരുന്നുവരെയുള്ളവയുടെ കള്ളക്കടത്തും അധോലോകസംഘങ്ങളുടെ നിയമവിരുദ്ധവിഹാരവും വൻനഗരങ്ങളിലെ സാമൂഹികാർബുദമായി മാറിയിരിക്കുന്നു. ഇക്കാരണങ്ങളാൽ വൻകിട നഗരങ്ങൾ മിക്കവയിലും ക്രമസമാധാനപാലനം അതീവ ദുഷ്കരമാണ്. പൊതുവേ അപര്യാപ്തമായ പാർപ്പിടവ്യവസ്ഥയും ദുർവഹമായ ജീവിതച്ചെലവുകളും സാധാരണ പൌരന്മാരെ കഷ്ടതകളിലും അസംതൃപ്തിയുടെ ആഴങ്ങളിലും നിലയില്ലാത്തവണ്ണം ആഴ്ത്തുന്നത് നഗരങ്ങളുടെ പൊതുസ്വഭാവമായി പരിണമിച്ചിട്ടുണ്ട്. ഈവിധ പരാധീനതകളുടെ പശ്ചാത്തലത്തിലും ലോകജനതക്കിടയിൽ നഗരജീവിതത്തോടുള്ള ആകർഷണം അതിശക്തമായി നിലനില്ക്കുന്നു.
ആധുനിക നഗരങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ : ജനാധിവാസത്തിന്റെയും തന്മൂലം വ്യവസായം, ഗതാഗതം, വാർത്താവിനിമയം, സാമൂഹികക്ഷേമപ്രവർത്തനങ്ങൾ, ധനവിനിമയപ്രക്രിയകൾ, വാണിജ്യ ഇടപാടുകൾ, സാംസ്കാരിക സമീക്ഷ, ഭരണനിർവഹണം തുടങ്ങിയവയുടെയും സിരാകേന്ദ്രങ്ങളാണ് ലോകത്തിലെ വൻ നഗരങ്ങൾ; വിശിഷ്യ രാജ്യ തലസ്ഥാനങ്ങൾ. മുൻപന്തിയിൽ നില്ക്കുന്ന ഓരോ രാജ്യത്തിന്റെയും തലസ്ഥാനം കുറഞ്ഞത് പ്രയുതനഗരമെങ്കിലും ആയിക്കാണുന്നു. തങ്ങൾക്കിണങ്ങുന്ന ജീവനമാർഗ്ഗം കണ്ടെത്തി, സാമാന്യം മെച്ചപ്പെട്ട നിലവാരത്തിൽ ജീവിതം നയിക്കുവാൻപോന്ന സൌകര്യങ്ങൾ നഗരവാസികളിലോരോരുത്തർക്കും പ്രാപ്തമാക്കാവുന്നതേയുള്ളൂ.
നഗരങ്ങളിലെ ധനവിന്യാസക്രമത്തിലെ അന്തരം കഴിയുന്നത്ര കുറയ്ക്കുവാൻ ലോകത്തിലെ എല്ലാ രാജ്യങ്ങളുംതന്നെ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. എന്നിരിക്കിലും ഏതാനും ആളുകൾക്ക് അമിതമായി സമ്പാദിക്കുവാനും പുനർ നിക്ഷേപയോഗ്യമായ ധനം കുന്നുകൂട്ടി പൂഴ്ത്തിവയ്ക്കുവാനും കഴിയുന്ന ദുരവസ്ഥ ഇനിയും ഒഴിവാക്കാനായിട്ടില്ല. നഗരങ്ങൾ ഇന്നു നേരിടുന്ന ഭൗതികം, സാമൂഹികം, സാമ്പത്തികം, ഭരണപരം എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഏതു പ്രശ്നത്തിന്റെയും അടിസ്ഥാനപരമായ കാരണം ധനവിന്യാസത്തിലെ പന്തികേടാണ്. നഗരവാസികൾക്ക് കായികവും മാനസികവുമായ വിനോദങ്ങൾക്കും സാംസ്കാരിക വിനിമയത്തിനുമുള്ള നിരവധി ഉപാധികൾ നിലവിലുണ്ട്; നാഗരികരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതും തങ്ങളുടെ ദുർഭിക്ഷതകൾ മറന്ന് വിട്ടുവീഴ്ചാമനോഭാവത്തോടെ ജീവിതം നയിക്കുവാൻ അവർക്കു പ്രേരണ നല്കുന്നതിലും ഉല്ലാസ സൌകര്യങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.
© വിക്കിപീഡിയ.