തുടർച്ചയായി നിയമലംഘനം നടത്തിക്കൊണ്ട് ഓടിയ സ്വകാര്യ ബസ്സിനെ മോട്ടോർവാഹന വകുപ്പ് പിടികൂടി. തിരുവനന്തപുരം – കട്ടപ്പന റൂട്ടിൽ അനധികൃതമായി സർവ്വീസ് നടത്തിയിരുന്ന കൈറോസ് എന്ന സ്വകാര്യ ബസ്സാണ് പിടിയിലായത്. ഇതിനു മുൻപ് ഏഴു പ്രാവശ്യം ഇതേപോലെ പിടിക്കപ്പെട്ടെങ്കിലും അന്നൊക്കെ ഉടനെത്തന്നെ പിഴയീടാക്കി രക്ഷപ്പെടുകയാണുണ്ടായത്. എന്നാൽ എട്ടാം തവണ മോട്ടോർ വാഹന വകുപ്പ് പിടുത്തം ശരിക്കു മുറുക്കി.
കട്ടപ്പനയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി വരുന്നതിനിടെ കഴക്കൂട്ടത്തു വെച്ചായിരുന്നു കൈറോസിന് പിടിവീണത്. ഈ സമയം ബസ്സിൽ നാൽപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. കൂടാതെ പല സ്ഥലങ്ങളിലേക്കുള്ള വിവിധതരം പാർസലുകളും ബസ്സിലുണ്ടായിരുന്നു. പി.എം.ജി., പട്ടം, കോസ്മോ, സ്റ്റാച്യു, അരിസ്റ്റോ എന്നിവിടങ്ങളില്‍ ഇറങ്ങാന്‍ ബസില്‍ യാത്രക്കാരുണ്ടായിരുന്നു. ഇവരെല്ലാം പ്രത്യേകം ടിക്കറ്റ് നല്‍കി ബസില്‍ കയറിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. യാത്രക്കാരെ ഇറക്കേണ്ട സ്ഥലങ്ങളിൽ ഇറക്കിയതിനു ശേഷം ബസ് പിടിച്ചെടുത്ത് തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ കൊണ്ടുപോയി. യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയാണ് കേസ് എടുത്തത്.
അന്തര്‍സംസ്ഥാന പാതകളില്‍ യാത്രാക്ലേശം ഉണ്ടെങ്കിലും സംസ്ഥാനത്തിനുള്ളില്‍ ആവശ്യത്തിലധികം കെ.എസ്.ആര്‍.ടി.സി. ബസുകളുണ്ട്. ഇവയ്ക്ക് നഷ്ടമുണ്ടാക്കിക്കൊണ്ടാണ് സ്വകാര്യ ബസ് ഓടിയിരുന്നത്. ചൊവ്വാഴ്ച രാവിലെ കഴക്കൂട്ടം ഇന്‍ഫോസിസിനു സമീപം യാത്രക്കാരെ ഇറക്കുമ്പോഴാണ് കേയ്റോസിന്റെ ബസ് പരിശോധിച്ചത്. മുൻപ് ഏഴ് തവണ ഇതേ നിയമലംഘനത്തിന് ഈ ബസിനെ പിടികൂടിയിട്ടുണ്ട്. രണ്ട് തവണ കഴക്കൂട്ടം RTO ഓഫീസിലെ ഇൻസ്പെക്ടർമാരും, മൂന്നുതവണ എൻഫോഴ്സ്മെൻറ് സ്ക്വാഡും, രണ്ടുതവണ തിരുവനന്തപുരം ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരും പിടികൂടിയിട്ടുണ്ട്.
കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൊണ്ടോഡി മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ് കൈറോസ് ബസ്. ഇത്തരത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കൈറോസ് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. സിസി പെർമിറ്റുള്ള ബസ്സുകൾ ടിക്കറ്റും ഓൺലൈൻ റിസർവ്വേഷനുമെല്ലാം വെച്ചുകൊണ്ട് കെഎസ്ആർടിസിയ്ക്ക് സമാന്തരമായി സർവ്വീസ് നടത്തുന്നതിനെതിരെ ഓപ്പറേഷൻ മേധാവി ഷറഫ് മുഹമ്മദ് ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഗതാഗത മന്ത്രിക്കും പരാതിനൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോർവാഹന വകുപ്പ് നടപടി തുടങ്ങിയത്.
കെ.എസ്.ആര്‍.ടി.സി.യുടെ പരാതിപ്രകാരം കസ്റ്റഡിയിലെടുക്കുന്ന ബസുകള്‍ ഡിപ്പോകളില്‍ സൂക്ഷിക്കാം. ഇതുകൊണ്ടാണ് പിടിച്ചെടുത്ത ബസ് കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്നത്. ഇങ്ങനെ തുടര്‍ച്ചയായി നിയമലംഘനം നടത്തിയ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കാം.പ്രമുഖ ട്രാവൽസായ എസ്.ആര്‍.എസ്. കമ്പനിയുടെ ബസ് ഈ രീതിയില്‍ കോടതില്‍ ഹാജരാക്കിയിരുന്നു. അന്ന് ബസ് വിട്ടുകൊടുക്കാന്‍ കര്‍ശന വ്യവസ്ഥകളാണ് കോടതി ഏര്‍പ്പെടുത്തിയത്.
കെഎസ്ആർടിസിയും മോട്ടോർ വാഹന വകുപ്പും ചേർന്ന് നടത്തുന്ന ഓപ്പറേഷനുകൾ കേരളത്തിലുടനീളം ഇനിയും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ പെർമിറ്റ് ലംഘനം നടത്തി യാത്രക്കാരെയും കൊണ്ട് സർവ്വീസ് നടത്തുന്ന ബസ്സുകളെ പൂട്ടിക്കെട്ടുവാനുള്ള തയ്യാറെടുപ്പിൽത്തന്നെയാണ് ഉദ്യോഗസ്ഥർ.
വാർത്തയ്ക്ക് കടപ്പാട് – മാതൃഭൂമി, അന്വേഷണം.