മൂന്നാറിൽ സ്ലീപ്പർ ബസ്സിൽ താമസിക്കാം; ഒരു രാത്രിയ്ക്ക് 100 രൂപ

ഏറെ കാത്തിരുന്നിട്ടും പൂർണ്ണമായും കോവിഡ് എന്ന ഭീകരൻ വിട്ടൊഴിയാത്തതിനാൽ അതിനെ പ്രതിരോധിച്ചുകൊണ്ട്, കോവിഡിനൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ നമ്മൾ തുടങ്ങിയിരിക്കുകയാണ്. അതിൻ്റെ ഭാഗമായി നമ്മുടെ നാട്ടിലെ ടൂറിസ്റ്റു കേന്ദ്രങ്ങൾ ഭൂരിഭാഗവും തുറന്നു കഴിഞ്ഞു. കേരളത്തിലെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വരുന്ന ഒരു ഹിൽസ്റ്റേഷനായ മൂന്നാറും പതിയെപ്പതിയെ ആക്റ്റീവ് ആയിത്തുടങ്ങുകയാണ്.

വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ഇത്തവണ നമ്മുടെ കെഎസ്ആർടിസിയും രംഗത്തുണ്ട് എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. സംഭവം മറ്റൊന്നുമല്ല, മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് വളരെ കുറഞ്ഞ തുകയിൽ താമസസൗകര്യമൊരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി. കെ.എസ്.ആർ.ടി.സിയുടെ മൂന്നാർ ബസ് സ്റ്റേഷൻ പരിസരത്ത് സജ്ജീകരിച്ചിരിക്കുന്ന സ്ലീപ്പർ ബസുകളിലാണ് ഈ സൗകര്യം.

ട്രെയിനുകളിലെ സ്ലീപ്പർ കോച്ച് മാതൃകയിൽ ഒരാൾക്കു മാത്രം കിടക്കാവുന്ന കംപാർട്മെന്റുകളാണ് ബസിൽ സജ്ജമാക്കിയിരിക്കുന്നത്. ഇതോടൊപ്പം കിടക്കയും മൊബൈൽ ചാർജിങ് പോർട്ടും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. ഇത്തരത്തിൽ ഒരു ബസ്സിൽ മൊത്തം 16 പേർക്ക് താമസിക്കുവാൻ സാധിക്കും. എസി ബസ് ആണെങ്കിലും മൂന്നാർ ആയതിനാൽ ഇതിൻ്റെ ഉപയോഗം ആവശ്യമായി വരില്ല.

സ്ലീപ്പർ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കിൽ വൈകിട്ട് 6 മണിമുതൽ പിറ്റേന്ന് ഉച്ചക്ക് 12 മണിവരെ സഞ്ചാരികൾക്ക് വാടകയ്ക്ക് നൽകും. ഇതോടൊപ്പം വാടകക്ക് തുല്യമായ തുക കരുതൽ ധനമായി നൽകണം. അവസാനം ഒഴിഞ്ഞ് പോകുമ്പോൾ നാശനഷ്ടങ്ങൾ വല്ലതുമുണ്ടെങ്കിൽ അത് ഈടാക്കിയ ശേഷം ബാക്കി തുക തിരികെ നൽകുന്നതാണ്.

താമസത്തിനായി ബസ് ഉപയോഗിക്കുന്നവർക്ക് നിലവിൽ മൂന്നാർ ഡിപ്പോയിൽ ഉള്ള ടോയ്ലറ്റ് സൗകര്യം ഉപയോ​ഗിക്കാനായി അനുവദിക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം പ്രത്യേകമായുള്ള ടോയിലറ്റുകളാണ് അനുവദിക്കുക. ഇതിനായി ടോയിലറ്റുകൾ നവീകരിച്ചു കഴിഞ്ഞു. ഓരോ ​ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച് ബസ് വൃത്തിയാക്കി അണു നശീകരണം നടത്തി മാത്രമേ അടുത്ത ​ഗ്രൂപ്പിന് നൽകുകയുള്ളൂ.

സ്ലീപ്പർ ബസും, ടോയ്ലെറ്റും വ‍ൃത്തിയാക്കുന്നതിനും, താമസിക്കുന്നവർക്ക് പുറമെ നിന്നും ഭക്ഷണം വാങ്ങി കൊടുക്കുന്നതിനും, ലഗേജ് വാഹനത്തിൽ എടുത്ത് വെക്കുന്നതിനും തിരികെ എടുത്തു കൊടുക്കുന്നതിനും വേണ്ടി രണ്ട് കാഷ്വൽ ജീവനക്കാരെ നിയമിക്കും.

കെ.എസ്.ആർ.ടി.സി-യുടെ മെയിൽ ഐഡി വഴിയും 9447813851, Land.No.04865230201 ഫോൺ നമ്പർ വഴിയും സ്ലീപ്പർ ബസ് ബുക്ക് ചെയ്യാം. ഇത് കൂടാതെ ബുക്കിം​ഗ് ഏജന്റുമാരെ 10% കമ്മീഷൻ വ്യവസ്ഥയിൽ അനുവദിക്കും. സ്ലീപ്പർ ബസ് ഉപയോ​ഗിക്കുന്ന അതിഥികൾക്ക് ഭക്ഷണം നൽകുന്നതിനു വേണ്ടി അടുത്തുള്ള ഹോട്ടലുമായി ധാരണയുണ്ടാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വിനോദ സഞ്ചാര മേഖലകളിൽ മിതമായ നിരക്കിൽ ബസിൽ താമസ സൗകര്യം നൽകാമെന്ന ആശയം കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകറിന്റേതാണ്. മികച്ച രീതിയിൽ ഇവ നടത്തിക്കൊണ്ടു പോകുകയാണെങ്കിൽ കെഎസ്ആർടിസിയ്ക്ക് മികച്ച ആദായം ലഭിക്കുന്ന ഒരു പദ്ധതിയാണിത്.

വിനോദസഞ്ചാര മേഖലയിലെ വിലങ്ങുതടികൾ മാറിയപ്പോൾ മൂന്നാര്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. സംസ്ഥാന അതിര്‍ത്തികള്‍ തുറന്നതോടെ മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണവും കൂടി. ദീര്‍ഘകാലം അടഞ്ഞ് കിടന്ന ഹോട്ടലുകളിലെ മുറികളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്.

ആറ് മാസമായി പൂട്ടിക്കിടന്ന കടകളില്‍ വീണ്ടും ആളുകളെത്തി തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ് വ്യാപാരികളും.അന്തര്‍ സംസ്ഥാന പാതിയിലൂടെയുള്ള സ്വകാര്യബസുകളുടെ ഗതാഗതം കൂടി പുനസ്ഥാപിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കും.