മൂന്നാർ എന്ന ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക് പ്രിയതമയുമൊത്തൊരു സെക്കൻഡ് ഹണിമൂൺ !!

Total
11
Shares

വിവരണം – ബിബിൻ സ്‌കറിയ.

വളരെ നാളുകളായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് മൂന്നാർ. കല്യാണത്തിന് ശേഷം ഹണിമൂണിനായി മൂന്നാറിലേക്ക് യാത്ര പോകാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും ചില കാരണങ്ങളാൽ അത് നടക്കാതെ പോയി. അന്നുമുതൽ എപ്പോഴെങ്കിലും പോകാൻ തയ്യാറാക്കി വെച്ചിരുന്ന ലിസ്റ്റിൽ മൂന്നാർ ഇടംപിടിച്ചു. ഈ യാത്ര ഞാൻ തനിച്ചല്ല. സഹയാത്രിക എന്റെ പ്രിയപത്നി ബിൻജോയാണ്. യാത്ര കാറിൽ പോകാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും ബസ്സിലാക്കാം യാത്രയെന്ന് പെട്ടെന്ന് തീരുമാനിച്ചു. രാവിലെ കോട്ടയത്ത് നിന്നും മൂന്നാറിലേക്ക് ഒരു ബസ്സുണ്ട്. ഏകദേശം 6 മണിക്കൂർ കൊണ്ട് ആ ബസ്സ് മൂന്നാറിൽ എത്തിച്ചേരും. ജനുവരിയായതിനാൽ മൂന്നാറിൽ അത്യാവശ്യം നല്ല തണുപ്പാണ്‌. അതുകൊണ്ടു മോളെ ഈ യാത്രയിൽ നിന്നും ഒഴിവാക്കി.

ഉച്ചകഴിഞ്ഞ് രണ്ടു മണിയായപ്പോൾ ഞങ്ങൾ മൂന്നാറിൽ എത്തിച്ചേർന്നു. ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത കൊളുക്കുമല കാണുക എന്നതായിരുന്നു. ശാന്തസുന്ദരവും പ്രകൃതിരമണീയവും പച്ചപുതച്ച കുന്നിൻചെരിവുകളും ഇടതൂർന്ന മഴക്കാടുകളും കൊണ്ട് പ്രകൃതിയുടെ വരദാനമായ മൂന്നാർ എന്ന കൊച്ചു പ്രദേശം സഞ്ചാരികളുടെ പറുദീസ എന്നാണ് വിളിക്കപ്പെടുന്നത്. കേരളത്തിലെ നാനാഭാഗങ്ങളിൽ നിന്നും, ഇന്ത്യയിൽ നിന്നുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രകൃതി സ്നേഹികളും, ഉല്ലാസയാത്രക്കാരും ഹണിമൂൺ ജോഡികളും മൂന്നാറിൽ എത്തിക്കൊണ്ടിരിക്കുന്നു.

ദി വിൻഡ് എന്ന അതിമനോഹരമായ റിസോർട്ട് ആയിരുന്നു ഞങ്ങൾ ബുക്ക് ചെയ്തിരുന്നത്. മൂന്നാർ ടൗണിൽ നിന്നും ഏതാണ്ട് 22 കിലോമീറ്റർ അകലെയുള്ള ചിന്നക്കനാൽ എന്ന സ്ഥലത്താണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ടു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ മൂന്നാറിൽ എത്തിച്ചേർന്നു. മൂന്നാർ ടൗണിൽ നിന്നും ഒരു ജീപ്പിൽ ഞങ്ങൾ റിസോർട്ടിലേക്ക് യാത്രയായി. ഞങ്ങൾ റിസോർട്ടിൽ എത്തിച്ചേർന്നു. വളരെ ശാന്തസുന്ദരമായ സ്ഥലത്താണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. റിസോർട്ടിലെ മാനേജർ നോബി ചേട്ടനാണ് ഞങ്ങളുടെ ഈ ടൂർ അറേഞ്ച് ചെയ്തത്. ആകെ മൊത്തം എട്ടു റൂമുകളാണ് ഈ റിസോർട്ടിൽ ഉള്ളത്. അതിൽ ആറു മുറികൾ ഹണിമൂൺ കോട്ടേജ് ആണ്. ബാക്കിയുള്ള രണ്ടു മുറികൾ സാധാരണ മുറികളും. ഹണിമൂൺ കോട്ടേജ് ആയിരുന്നു ഞങ്ങൾ ബുക്ക് ചെയ്തത്.

ഞങ്ങളുടെ ആവശ്യപ്രകാരം മാനേജർ ഒരു കാർ അറേഞ്ച് ചെയ്തു തന്നു. ഞങ്ങളുടെ ആദ്യ യാത്ര അതിമനോഹരമായ ആനയിറങ്കൽ ഡാമിലേക്ക് ആയിരുന്നു. സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്ന ഒരു സ്ഥലമാണ് ആനയിറങ്കൽ ഡാം. അതിമനോഹരവും പ്രത്യേകം വെട്ടി നിർത്തി ഇരിക്കുന്നതുമായ തേയിലത്തോട്ടങ്ങൾ നിറഞ്ഞതുമായ ആനയിറങ്കൽ ഡാം സഞ്ചാരികൾക്ക് മറക്കാനാവാത്ത ഓർമ്മകൾ ആണ് സമ്മാനിക്കുന്നത്. രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെയാണ് ബോട്ടിംഗ് നടത്തുന്നതിനുള്ള സമയം. ഞങ്ങൾ അവിടെ ചെന്നപ്പോൾ അഞ്ചു മണി കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ബോട്ടിംഗ് നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അവിടെയുള്ള മനോഹരമായ കാഴ്ചകൾ കണ്ടു ഫോട്ടോ എടുത്ത് അടുത്ത സ്ഥലത്തേക്ക് ഞങ്ങൾ യാത്രയായി.

പിന്നീട് ഞങ്ങൾ പോയത് മൂന്നാറിലെ പ്രസിദ്ധമായ ഒരു സ്പൈസ് ഗാർഡൻ കാണാനായിരുന്നു. ഞങൾക്ക് വളരെയധികം കൗതുകം തോന്നിയ കാഴ്ചകളായിരുന്നു അവിടുത്തേത്. കാരണം നമ്മൾ വലിയ വിലകൊടുത്ത് വാങ്ങുന്ന ഓരോ സാധനങ്ങളും അവിടെ പ്രകൃതിദത്തമായ രീതിയിൽ കൃഷി ചെയ്തെടുക്കുകയാണ്. തേയില ,കാപ്പി,മഞ്ഞൾ ,മുളക് ,ഇഞ്ചി,കറുവപ്പട്ട, കുരുമുളക് ,ഏലം എന്നിങ്ങനെ പല രീതിയിലുള്ള കൃഷികളാണ് അവിടെ ചെയ്യുന്നത്. അവിടുത്തെ കാഴ്ചകളും കൃഷി ചെയ്യുന്ന രീതികളും വിശദീകരിച്ചു തുടരുന്നതിനായി ആളുണ്ടാകും. കാഴ്ചകൾ കണ്ടു മടങ്ങുമ്പോൾ അവിടെ തന്നെ കൃഷി ചെയ്ത ഈ സാധനങ്ങളൊക്കെ വാങ്ങുന്നതിനും സൗകര്യമുണ്ടായിരുന്നു.

സമയം ഏറെ വൈകിയിരുന്നു. ആദ്യദിവസത്തെ കാഴ്ചകൾ മതിയാക്കി ഞങ്ങൾ റിസോർട്ടിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ കൊളുക്കുമല പോകാനുള്ള ജീപ്പ് റിസോർട്ടിലെ മാനേജർ അറേഞ്ച് ചെയ്തു തന്നു. ഇന്ന് മൂന്നാറിലെ ഞങ്ങളുടെ രണ്ടാം ദിനം. ഇന്നത്തെ ഞങ്ങളുടെ യാത്ര കൊളുക്കുമലയിലേക്ക് ആണ്. മൂന്നാറിൽ പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് കൊളുക്കുമല. കേരള തമിഴ്നാട് ബോർഡർ ൽ ആണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. ജീപ്പിൽ മാത്രമേ കൊളുക്കുമല യാത്ര സാധ്യമാകൂ. അതിരാവിലെ 3.30 am മണിമുതൽ കൊളുക്കുമലയിലേക്ക് ജീപ്പ് സർവീസ് തുടങ്ങും.

പ്രഭാതഭക്ഷണത്തിനു ശേഷം റിസോർട്ടിന് പുറത്തുവന്നപ്പോൾ ഞങ്ങളെ കാത്തു ഒരു ജീപ്പ് കിടക്കുന്നുണ്ടായിരുന്നു. മുരുകൻ എന്നായിരുന്നു ജീപ്പ് ഡ്രൈവറുടെ പേര്. സമയം കളയാതെ ഞങ്ങൾ ജീപ്പിൽ കയറി. കുറച്ചുദൂരം പോയപ്പോൾ ജീപ്പ് ഒരു കടയുടെ മുന്നിൽ നിർത്തി. എന്താണെന്ന് അന്വേഷിച്ചപ്പോൾ മുരുകൻ ഞങ്ങളോടായി പറഞ്ഞു. സാർ കൊളുക്കുമലയിൽ കടകൾ ഒന്നുംതന്നെയില്ല വെള്ളമോ മറ്റെന്തെങ്കിലും വാങ്ങണമെങ്കിൽ ഇവിടെനിന്നും വാങ്ങിക്കോളൂ. ഉടൻ തന്നെ ഞാൻ ജീപ്പിൽ നിന്നിറങ്ങി. ഒരു കുപ്പി വെള്ളവും കുറച്ച് സ്നാക്സും മേടിച്ചു. ചിന്നക്കനാലിൽ നിന്നും കൊളുക്കുമലയിലേക്ക് ഏതാണ്ട് 20 കിലോമീറ്റർ ദൂരമുണ്ട്. ഏകദേശം ഒരു മണിക്കൂർ യാത്ര. പക്ഷേ ജീപ്പിൽ അവിടെ എത്താൻ രണ്ടുമണിക്കൂറിൽ കൂടുതൽ എടുക്കും. കാരണം അതുപോലെ ദുർഘടം പിടിച്ച വഴികൾ താണ്ടിയാണ് അങ്ങോട്ടേക്കുള്ള യാത്ര.

യാത്ര ദുഷ്ക്കരമെങ്കിലും അതിമനോഹരമായ തേയിലത്തോട്ടങ്ങൾ വഴിയാണ് മലമുകളിലേക്ക് കയറുന്നത്. ശരിക്കും പറഞ്ഞാൽ റോഡില്ല. വഴിയിൽ മുഴുവനും ഉരുളൻ കല്ലുകളാണ്. ഒരു ജീപ്പിനു മാത്രം പോകാനുള്ള വഴിയേ ഉള്ളൂ. വേറൊരു ജീപ്പ് വന്നാൽ നമ്മൾ സഞ്ചരിക്കുന്ന ജീപ്പ് സൈഡിലേക്ക് മാറ്റി കൊടുക്കണം. പോകുന്ന വഴിയിൽ ഡ്രൈവർ മുരുകൻ ജീപ്പിൽ നിന്നിറങ്ങി. റോഡിലെ ഉരുളൻകല്ലുകൾ മുരുകൻ എടുത്തുമാറ്റി ഇടുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത്. ഇതുപോലെയുള്ള ഓഫ് റോഡിൽകൂടി ഡ്രൈവ് ചെയ്യണമെങ്കിൽ അയാൾ ഒരുമികച്ച ഡ്രൈവർ ആയിരിക്കണം. മുരുകൻ ഒരു അതിഗംഭീര ഡ്രൈവർ ആണെന്ന് ഞങ്ങൾ നേരത്തേ മനസ്സിലാക്കിയിരുന്നു.

ഒരു മണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും ക്ഷീണിതരാണെന്ന് മുരുകന് മനസ്സിലായി. പോകുന്ന വഴിയിൽ ഒരു വെള്ളച്ചാട്ടത്തിന് അടുത്തായി മുരുകൻ ജീപ്പ് നിർത്തിയിട്ട് പറഞ്ഞു, സാർ ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലമാണിത്. ഉടൻ തന്നെ ഞങ്ങൾ രണ്ടുപേരും ജീപ്പിൽ നിന്നിറങ്ങി വെള്ളച്ചാട്ടത്തിനടുത്തെത്തി. അവിടെ നിന്ന് കുറച്ചു റിലാക്സ് ചെയ്ത് ഫോട്ടോകൾ എടുത്ത് ഞങ്ങൾ കുറച്ചു ദൂരം നടന്നു. കാരണം വളരെ കുത്തനെയുള്ള ഒരു കുന്നിലേക്കാണ് ഇനി ജീപ്പ് കയറാൻ പോകുന്നത്. ആ കയറ്റം വരെ നടക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ. ആ വലിയ കയറ്റം നടന്നു കയറിയപ്പോഴേക്കും ഞങ്ങൾ അവശരായി നിന്നു. അപ്പോഴേക്കും മുരുകൻ ജീപ്പുമായി എത്തിക്കഴിഞ്ഞിരുന്നു.

സമുദ്രനിരപ്പിൽ നിന്നും 7130 അടി മുകളിലാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ ടീ ഫാക്ടറിയാണ് ഇവിടുത്തേത്. ഓരോ നോട്ടത്തിലും വിസ്മയങ്ങൾ നിറച്ച് മേഘങ്ങളുടെ താഴ്‌വാരമായ കൊളുക്കുമല സഞ്ചാരികളെ സദാ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. Tea Factory ഞങ്ങൾ വീണ്ടും യാത്ര തുടർന്നു കൊളുക്കുമല ടീ ഫാക്ടറിയിൽ എത്തിച്ചേർന്നു. ടീ ഫാക്ടറി തമിഴ്നാടിന് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. 1900 കളുടെ തുടക്കത്തിൽ ഒരു സ്കോട്ടിഷ് തോട്ടക്കാരനാണ് കൊളുക്കുമല ടീ എസ്റ്റേറ്റ് ആരംഭിച്ചത്.

കൊളോണിയൽ തോട്ടക്കാർ പോയതിനുശേഷം ഇവിടെ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ആധുനിക മെഷീനുകളോ കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റങ്ങളോ ഇല്ല, പഴയ മെഷീനുകളിൽ പലതും അഭിമാനത്തോടെ തങ്ങളുടെ ഇംഗ്ലീഷ് നിർമ്മാതാക്കളുടെ ലേബലുകളും 1940 ലെ പഴക്കമുള്ള ടൈം സ്റ്റാമ്പുകളും പ്രദർശിപ്പിക്കുന്നു. പരമ്പരാഗത വിദ്യകൾ ഉപയോഗിച്ചാണ് ഇവിടെ തേയില ഉണ്ടാക്കിയെടുക്കുന്നത്. 1930 ൽ ബ്രിട്ടീഷുകാർ വികസിപ്പിച്ചെടുത്ത തേയില ഉൽപ്പാദന രീതി ഇപ്പോഴും ഒരു മാറ്റവും കൂടാതെ തുടർന്നുകൊണ്ടിരിക്കുന്നു. കൊളുക്കുമലയുടെ ചരിവുകളിൽ വളരുന്ന ചായ സവിശേഷവും രുചികരവും സുഗന്ധവുമുള്ളതാണ്. ചായയുടെ ഗുണനിലവാരം മെച്ചപ്പെടുന്നു എന്നതാണ് ഇവിടുത്തെ ചായയുടെ സവിശേഷത.

ടീ ഫാക്ടറിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഞങ്ങൾ കുറേ തേയിലപ്പൊടി പായ്ക്കറ്റുകൾ വാങ്ങുകയും ചെയ്തു. ടീ ഫാക്ടറിക്കരികിലെ തേയിലത്തോട്ടത്തിലൂടെ വർണ്ണാഭമായ വസ്ത്രധാരികളായ സ്ത്രീകൾ ചായ ഇലകൾ നിറഞ്ഞ കൊട്ടകൾ ചുമന്ന് പരസ്പരം കുശലം പറഞ്ഞുകൊണ്ട് പോകുന്നത് ഞങ്ങൾ രണ്ടുപേരും കുറച്ചു നേരം നോക്കിനിന്നു. കാഴ്ചകൾ മതിയാക്കി ഞങ്ങൾ റിസോർട്ടിലേക്കു മടങ്ങുമ്പോൾ ഉച്ചകഴിഞ്ഞിരുന്നു. ഏതാണ്ട് ഒന്നര മണിക്കൂറെടുത്തു തിരിച്ചു റിസോർട്ടിൽ എത്തിച്ചേരാൻ.

വിശപ്പ് മുറവിളികൂട്ടിയപ്പോൾ ഉച്ചഭക്ഷണത്തിനായി വിളിച്ചു പറഞ്ഞു. ബാഗ് തുറന്നു നോക്കിയപ്പോഴാണ് ഞങ്ങൾ കൊളുക്കുമലയിൽ നിന്നും വാങ്ങിയ ടീ പാക്കറ്റുകൾ അടങ്ങിയ കവർ ജീപ്പിൽ വെച്ച് മറന്നു പോയതെന്ന് മനസിലായത്. ഉടൻ തന്നെ ഞാൻ മുരുകനെ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും ഞങ്ങളെ റിസോർട്ടിൽ വിട്ടതിനുശേഷം മുരുകൻ അയാളുടെ വീട്ടിൽ എത്തിക്കഴിഞ്ഞിരുന്നു. എങ്കിലും അയാൾ ഉടൻതന്നെ തേയിലപാക്കറ്റുകൾ റിസോർട്ടിൽ എത്തിച്ചുതന്നു. മുരുകന് കുറച്ചു പണം നൽകി ഞാൻ അയാളെ യാത്രയാക്കി. കൊളുക്കുമല യാത്രക്കുശേഷം റിസോർട്ടിൽ ചിലവഴിക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ.

ഇന്നത്തെ ഏറ്റവും വലിയ പ്രേത്യേകത നേരത്തെ ഞാൻ പ്ലാൻ ചെയ്തതനുസരിച്ചു പ്രിയതമയ്ക്കു ഒരു സർപ്രൈസ് കൊടുക്കുക എന്നതായിരുന്നു. അതിനായി ഞാൻ ടൂർ ബുക്ക് ചെയ്തപ്പോൾ തന്നെ മാനേജർ നോബിച്ചേട്ടനോട് പറഞ്ഞിരുന്നു. ഒരു ക്യാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കമായിരുന്നു ഞാൻ ആവശ്യപ്പെട്ടിരുന്നത്. സമയം സന്ധ്യയായി. ക്യാൻഡിൽ ലൈറ്റ് ഡിന്നർ റെഡിയാക്കാൻ റൂമിൽ നിന്നും കുറച്ചുനേരം മാറികൊടുക്കാൻ മാനേജർ ആവശ്യപ്പെട്ടു. സർപ്രൈസ് ഗിഫ്റ്റ് ആയതുകൊണ്ട് ബിൻജോയോട് ഞാൻ ചോദിച്ചു നമുക്കൊന്ന് നടക്കാൻ പോയാലോ? കൊളുക്കുമല പോയ ക്ഷീണത്തിൽ ഇരിക്കുന്ന അവൾ പറഞ്ഞു. ഞാൻ ഇവിടെ ഇരുന്നു വിശ്രമിക്കട്ടെ, ചേട്ടൻ നടന്നിട്ടു വാ. ദൈവമേ ഇനിയെന്ത് ചെയ്യും.

ഒടുവിൽ മനസ്സില്ലാ മനസ്സോടെ അവൾ എന്റെ നിർബന്ധത്തിനു വഴങ്ങി. ഞങ്ങൾ നടത്തം ആരംഭിച്ചു. ഒരുമണിക്കൂർ നടത്തത്തിനുശേഷം ഞങ്ങൾ റിസോർട്ടിലേക്കു മടങ്ങി. റൂം തുറന്നപ്പോൾ ഞങ്ങൾ അത്ഭുതസ്തബ്ധരായി നിന്നുപോയി. മുറിമുഴുവൻ മെഴുകുതിരിവെട്ടത്താൽ അലങ്കരിച്ചിരിക്കുന്നു. ടേബിളിൽ ചെറിയ മെഴുകുതിരിവെട്ടത്തിൽ ഡിന്നറും ഞങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. വളരെ റൊമാന്റിക് ആയ ഒരു അന്തരീക്ഷം! സർപ്രൈസ് ഗിഫ്റ്റ് കണ്ടു ബിൻജോക്ക് വളരെയധികം സന്തോഷമായി. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം! ഞങ്ങളുടെ ആദ്യത്തെ ക്യാൻഡിൽ ലൈറ്റ് ഡിന്നർ ആയിരുന്നു അത്. മെഴുകുതിരിവെട്ടത്തിന്റെ മുന്നിലിരുന്ന്‌ അതിഗംഭീരമായ ഒരു അത്താഴം.

അപ്പോൾ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിലെ ഡയലോഗ് ഞാൻ എന്റെ പ്രിയതമയോട് പറഞ്ഞു. വരൂ പ്രിയേ,നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം. അതികാലത്തെഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തുപൂവിടുകയും മാതളനാരങ്ങ പൂക്കുകയും ചെയ്തോയെന്നും നോക്കാം. അവിടെവെച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും.

ഇന്ന് ഞങളുടെ മൂന്നാറിലെ മൂന്നാം ദിനം, അതായതു അവസാന ദിനം. അതിരാവിലെ ഞങ്ങൾ ഉറക്കമുണർന്നു. രാവിലെ 10.30 മണിക്കാണ് മൂന്നാറിൽ നിന്നും കോട്ടയത്തേക്കുള്ള ബസ്സ്. പ്രഭാത ഭക്ഷണത്തിനുശേഷം ഞങ്ങൾ രണ്ടു ദിവസം താമസിച്ച റിസോർട്ടിനോട് വിട പറഞ്ഞു. പ്രകൃതിയുടെ വരദാനമായ മൂന്നാറിലേക്ക് ഇനിയും വരാമെന്ന പ്രത്യാശയോടെ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post