വിവരണം – ശരത്ത് കൃഷ്ണൻ.
ഓരോ മൂന്നാർ യാത്രയും എനിക്ക് നൽകുന്നത് വേറിട്ട അനുഭവങ്ങൾ ആണ്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പൂർണ്ണത്രയീശ്യന്റെ ഉത്സവം കാണുവാനായി നേരെ തുപ്പുണ്ണിത്തുറയ്ക്ക് വിട്ടു. വഴിനീളെ മഴ പെയ്തെങ്കിലും ക്ഷേത്രം എത്തുന്നതിന് മുൻപ് ശുദ്ധികലശം കഴിഞ്ഞ് മഴ മടങ്ങി. ക്ഷേത്രമതിൽക്കകത്ത് ഭക്തജനങ്ങളുടെ തിരക്കും, ഒരു ഭാഗത്ത് കച്ചേരിയും, മറുഭാഗത്ത് മേളത്തിൽ ആറാടി നിൽക്കുന്ന പുരുഷാരവും, സർവ്വാലങ്കാര വിഭൂഷിതനായി, ഗജവീരന്മാരുടെ അകമ്പടിയിൽ നിൽക്കുന്ന പൂർണ്ണത്രയീശ്ൻ.. എല്ലാം കൂടി വല്ലാത്ത അനുഭൂതി.
ഭഗവാനെ തൊഴുത് പുറത്തിറങ്ങിയപ്പോൾ പതിവുപോലെ നമ്മുടെ മാതാശ്രീയ്ക്ക് വീട്ടിൽ പോകണ്ട വേറെ എങ്ങോട്ടെങ്കിലും പോയാൽ മതിയത്രെ! എന്നെ പറഞ്ഞിട്ടെ കാര്യമുള്ളു കുട്ടിയെ ആവശ്യമില്ലാത്ത ശീലങ്ങൾ പഠിപ്പിച്ചിട്ട് ഇപ്പോൾ പിന്നെ വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ രണ്ട് ജോഡി ഡ്രസ് വെക്കുന്ന ശീലം തുടങ്ങി അതിനാൽ ആ പ്രശ്നമില്ല. അങ്ങനെ എങ്ങോട്ട് പോകും എന്ന് അലോചിച്ചപ്പോഴാണ് മൂന്നാറിലെ രണ്ട് സുഹൃത്തുക്കളുടെ കാര്യം ഓർമ്മ വന്നത്. രണ്ടാളും അവരുടെ റിസോർട്ടിലേക്ക് കുറെ ആയി വിളിക്കണു.
അങ്ങനെ നമ്മുടെ രഥം നേരെ മൂന്നാർ ലക്ഷ്യമാക്കി നീങ്ങി. പുലർച്ചെ 3 മണിയോടു കൂടി ആനച്ചാൽ ഉള്ള കൈറ്റ്സ് റിസോർട്ടിൽ എത്തി. പ്രിയ സുഹൃത്ത് മനോജ് നാരായണൻ ആഥിത്യ മര്യാദയിൽ ഒട്ടും മോശക്കാരനല്ല എന്ന് എനിക്ക് മുൻപേ അറിയാം. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ഒരു ഭ്രാന്തായി കൊണ്ടു നടക്കുന്ന മനോജിന്റെ ഫോട്ടോകൾ പോലെ തന്നെ വളരെ വ്യത്യസ്തും, പ്രൗഢവും, സുന്ദരവുമാണ് കൈറ്റ്സിലെ ഓരോ മുറിയും. ബെഡ്റൂം മുതൽ ബാത്ത് റൂം വരെ എവിടെ ആയിരുന്നാലും മൂന്നാർ മലനിരകളുടെ ഭംഗിയും, സൂര്യാസ്തമയവും കാണാവുന്ന വിധത്തിലുള്ള നിർമ്മാണം.
ഓരോ കോട്ടേജുകളും ഓരോ പക്ഷികളുടെപേരിൽ ആയത് കൊണ്ടു തന്നെയാകാം കാലത്ത് എഴുന്നേൽക്കുന്നത് തന്നെ പക്ഷികളുടെ വിവിധങ്ങളായ കളകൂജനം കേട്ടുകൊണ്ടാണ്. കൈറ്റ്സ് ന്റെ ചുറ്റുപാട് നമുക്ക് ഒരു പുതു ഉന്മേഷം പകരും എന്നത് ഉറപ്പാണ്. എപ്പോഴും ചിരിച്ച് പെരുമാറുന്ന സ്റ്റാഫും, വരുന്നവർക്കെല്ലാം പ്രിയങ്കരനായി മാറുന്ന കൈറ്റ്സിന്റെ സ്വന്തം ചോക്കോയും (ലാബർഡോഗ് ) ,പിന്നെ കേരളത്തിലെ പല കാടുകളിൽ നിന്ന് മനോജേട്ടൻ പകർത്തിയ വന്യജീവികളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങും എല്ലാം കൂടി നമുക്ക് ഇവിടുന്ന് പോരാൻ തോന്നില്ല. അങ്ങനെ പ്രാതൽ കഴിഞ്ഞ് മനസ്സില്ലാ മനസ്സോടെ ഞങ്ങൾ കൈറ്റ്സിനോട് വിട പറഞ്ഞ് അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി… മൂന്നാറിലെ ഏറ്റവും ഉയരങ്ങളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരിടം.
അങ്ങനെ ഞങ്ങൾ കൈറ്റ്സിനോടും, മനോജേട്ടനോടും യാത്ര പറഞ്ഞ് അടുത്ത സുഹൃത്തായ തോമച്ചന്റെ (അഖിൽ) റിസോർട്ടിലേക്ക് യാത്ര തുടർന്നു. ഞങ്ങൾ അങ്ങോട്ട് ചെല്ലുന്നത് അറിഞ്ഞ തോമാച്ചൻ തൃശ്ശൂർന്ന് നേരെ മൂന്നാറിലേക്ക്. അവൻ പറഞ്ഞു തന്ന വഴി അനുസരിച്ച് ഓർഡ് മൂന്നാറിൽ നിന്നും ലച്ച്മി എസ്റ്റേറ്റ് ലക്ഷ്യമാക്കി നീങ്ങി. പിക്കപ്പ് പോയിന്റിൽ ഞങ്ങളെയും കാത്ത് തോമാച്ചന്റെ ഫോറസ്റ്റ് കോണ്ടി റിസോർട്ടിലെ വണ്ടിയും, പിള്ളാരും. ചെന്നപാടെ അവരോട് ഞങ്ങൾ തൃശ്ശൂർക്കാരുടെ തനി സ്വഭാവം കാണിച്ചു. കാട്ടാന ഉണ്ടോ ഇവിടെ? പിള്ളാര് അന്താളിച്ച് ഞങ്ങൾക്ക് ഭ്രാന്താണോ എന്ന മട്ടിൽ. പൊന്നു ചേട്ടാ കാണരുതെന്നാ ഞങ്ങൾ പ്രാർത്ഥിക്കുന്നത്. അതൊന്നും പറഞ്ഞാൽ പറ്റില്ല ഇവിടെ വന്നാൽ കാട്ടാനയെ കാണിക്കാമെന്ന് തോമാച്ചൻ പറഞ്ഞിണ്ട്, അവൻ ഇങ്കിട് വരട്ടെന്ന് അമ്മ! ഈശ്വരാ അമ്മയ്ക്കും മോനും വട്ടാണോ എന്ന മട്ടിൽ പിള്ളാര് ചിരിച്ചു.
റിസോർട്ടിലേക്കുള്ള വഴി പക്ക ഓഫ് റോഡാണ് അവരുടെ വണ്ടിയുടെ പിന്നാലെ പോന്നോളാൻ പറഞ്ഞ് യാത്ര തുടർന്നു. പിക്കപ്പ് പോയിന്റിൽ നിന്നും മൂന്ന് കിലോ മീറ്റർ കാട്ടുവഴിയാണ്. കാട്ടുചെടികളിൽ തൊട്ടുരുമി, കുണ്ടും, കുഴിയും കയറി ഇറങ്ങി കുലുക്കി സർബ്ബത്ത് ആയി മുകളിൽ എത്തിയപ്പോൾ ശരിക്കും അന്താളിച്ചു! ആകാശത്തിലേക്കാണോ വണ്ടി ഓടിച്ചു കയറ്റിയത് എന്നു തോന്നും. റിസോർട്ട് വരെ കാണാനില്ല അത്രയ്ക്ക് കോടമഞ്ഞും. വണ്ടിയിലിരുന്ന് കുലുങ്ങി മറിഞ്ഞ ക്ഷീണം ഈ മലമുകളിൽ എത്തുമ്പോൾ തനിയെ മാറും.
മൂന്നാറിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റിസോർട്ടുകളിൽ ഒന്ന് “ഫോറസ്റ്റ് കോണ്ടി”. ഒരു കൂട്ടം ചെറുപ്പക്കാരുടെ അദ്ധ്വാനം. മുറിയിൽ എത്തിയപ്പോഴാണ് അതിലേറെ രസം, പക്ക ഹെറിറ്റേജ് റൂം. മുറിയുടെ ബാൽക്കണി ജനൽ തുറന്നതും റിസോർട്ടിനെ പൊതിഞ്ഞു നിന്ന കോടമഞ്ഞ് മുറിയിലേക്ക് ഇരച്ചു കയറി. പറഞ്ഞറിയിക്കുവാൻ പറ്റാത്ത അനുഭൂതി. കോടമഞ്ഞിൻ പുതപ്പിന്റെ കൂടെ ലെമൺ ടി യും, ഒനിയൻ പക്കവടയും ഹോ. അതൊരു ഫീലാണെ.
വൈകിട്ടോടുകൂടി തോമാച്ചൻ എത്തി. അമ്മ ഉടൻ അവനോട് എവിടെടാ കാട്ടാന, എങ്ങനെയെങ്കിലും കാണിക്കാമെന്ന് പാവം തോമാച്ചൻ. ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇറങ്ങി .പുറത്ത് ക്യാമ്പ് ഫയർ ഒരുക്കി. ഭക്ഷണം കഴിഞ്ഞ് ക്യാമ്പ് ഫയർ ആസ്വദിക്കുമ്പോൾ ഷാജിയേട്ടൻ വന്ന് പറഞ്ഞു ആനക്കുളത്ത് പോയാൽ ഇപ്പോൾ ആനയെ കാണാം. കേട്ടപാതി കേൾക്കാത്ത പാതി എന്നേക്കാൾ മുൻപെ അമ്മ റെഡി. പിന്നെ ഒന്നും നോക്കീല നേരെ ആനക്കുളത്തേക്ക് വച്ച് പിടിച്ചു. ആദ്യമായി കാട്ടാനയെ കാണാൻ പോകുന്ന അമ്മയുടെ സന്തോഷം കണ്ടാൽ ഏതാണ്ട് ആട്ടിൻ കുട്ടിയെ കാണാൻ പോകുന്ന പോലെയാ.
ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്ത് രാത്രി 11.30ന് ഞങ്ങൾ ആനക്കുളത്തെത്തി. അതാ വെള്ളത്തിൽ നീരാടി നിൽക്കുന്നു നമ്മുടെ ഗെഡികൾ! സന്തോഷം കൊണ്ട് അമ്മ തുള്ളിച്ചാടി. സാമാധാനമായിരുന്ന് മതിവരുവോളം കണ്ടോളാൻ പറഞ്ഞു ഷാജിയേട്ടൻ. അദ്ദേഹം ആനക്കുളംകാരനാണ്, ചെറുപ്പം മുതലെ ഈ കാഴ്ച അദ്ദേഹത്തിന് സ്ഥിരമാണ്, ഈ ഭാഗത്തെ വെള്ളത്തിന് ലഹരി ഉണ്ടെന്ന് പറയുന്നു. അതിനാൽ ആനകൾ ഈ ഭാഗത്ത് നിന്നു മാത്രമെ വെള്ളം കുടിക്കു. നമ്മളെ ആനകൾ ശ്രദ്ധിക്കുന്നു കൂടിയില്ല, നമ്മൾ അവർക്കും ശല്ല്യം ഉണ്ടാക്കുന്നില്ല. സത്യത്തിൽ മനുഷ്യരെക്കാൾ ഭേദം ഈ മിണ്ടാപ്രാണികളാണ്, നെറിയുള്ളവയാണ്. അങ്ങോട്ട് ശല്ല്യം ചെയ്തില്ലെങ്കിൽ അവ തിരിച്ച് ഇങ്ങോട്ടും അതെ മര്യാദ നൽകും.
23 പേരടങ്ങുന്ന കാട്ടാനക്കൂട്ടത്തിൽ ഇത്തിരിക്കുഞ്ഞമാരുടെ കളി രസമാണ്. തള്ളയാനയുടെ സമീപത്ത് നിന്ന് ഓരോ വികൃതിത്തരങ്ങൾ ഒപ്പിക്കുന്നു. ഈ കൂട്ടം പോയിട്ട് ലഹരി നുണയാൻ വെയിറ്റ് ചെയ്യുന്ന അടുത്ത കൂട്ടത്തിന്റെ ചിഹ്നം വിളി കേൾക്കാം. ഒരു മണി വരെ ഞങ്ങൾ ഈ കാഴ്ച ആസ്വദിച്ച് തിരിച്ച് മടങ്ങുമ്പോഴും ആനക്കൂട്ടം അവിടെ തന്നെ നിൽപ്പുണ്ട്. തിരിച്ച് മുറിയിലെത്തിയതും ഉറക്കത്തിലേക്ക് വഴുതി വീണു.
കാലത്ത് എഴുന്നേറ്റ് മലനിരകളുടെ മാസ്മരിക സൗന്ദര്യം ആസ്വദിച്ച്, ഭക്ഷണം കഴിച്ച് തോമാച്ചനോടും, ഷാജിയേട്ടനോടും, നമ്മടെ പിള്ളാരോടും യാത്ര പറഞ്ഞ് മലയിറങ്ങി. വരുന്ന വഴി വീണ്ടും ഒരാഗ്രഹം മാട്ടുപെട്ടി ഫാം കാണണം. സന്ദർശന പരിമിതിയുള്ള ഫാമിൽ മറ്റൊരു പ്രിയ സുഹൃത്ത് സന്ദർശനാനുമതി വാങ്ങി തന്നു. ഹൈബ്രീഡ് ഫാമിൽ ദിവസവും 25 ലിറ്റർ പാൽ തരുന്ന സ്വിസ് പശുക്കൾ അടക്കം വിവിധ ബ്രീഡുകൾ. സായിപ്പ് നിർമ്മിച്ച ഈ ഫാം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലാണ്. ഇപ്പോഴും അതെ ഇംഗ്ലീഷ് പ്രൗഢിയിൽ പരിപാലിച്ചു പോരുന്ന മനോഹരമായ ഫാം, നാന്നൂറ്റി അൻപതോളം പശുക്കൾ, പുൽത്തകിടികൾ എല്ലാം വളരെ മനോഹരമാണ്. അങ്ങനെ മൂന്നാറിലെ മലനിരകളോട് വിട പറഞ്ഞ് നേരെ തൃശ്ശൂർക്ക്.