ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലേക്ക് ഒരു യാത്ര പോകണം എന്നുണ്ടോ? ഇങ്ങനെ ചിന്തിക്കുന്നവര്‍ അധികം വൈകിക്കരുത്. ഉടനെ യാത്ര പ്ലാന്‍ ചെയ്തോളൂ. ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ നമ്മുടെ നാടിന്‍റെ ചരിത്രമുറങ്ങുന്ന ഡല്‍ഹി ഒന്ന് സന്ദര്‍ശിക്കുക തന്നെ വേണം. ഡല്‍ഹിയില്‍ പ്രധാനമായും കണ്ടിരിക്കേണ്ട മൂന്നു സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തരാം.
ഇന്ദിരാഗാന്ധി മ്യൂസിയം : ഇന്ത്യയുടെ കരുത്തുറ്റ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ചരിത്രമുറങ്ങുന്ന കാഴ്ചകളാണ് ഇവിടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇന്ദിരാജിയുടെ ബാല്യകാലം മുതലുള്ള ചരിത്രം നമുക്ക് ഇവിടെ വന്നാല്‍ കൂടുതലായി അറിയുവാന്‍ സാധിക്കും. ഇന്ദിരാജിയെക്കുറിച്ച് ഒന്നും അറിയാത്ത ഇന്നത്തെ പുതു തലമുറയ്ക്ക് എല്ലാം മനസ്സിലാക്കുവാന്‍ സഹായിക്കും ഇവിടത്തെ സന്ദര്‍ശനം. കൊല്ലപ്പെടുന്ന സമയത്ത് ഇന്ദിരാഗാന്ധി ധരിച്ചിരുന്ന വസ്ത്രങ്ങളും ചെരിപ്പും ഒക്കെ മ്യൂസിയത്തില്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. സത്യത്തില്‍ ഇതൊക്കെ കാണുമ്പോള്‍ ശരിക്കും ഇന്ദിരാജി എന്ന ആ ധീരവനിതയെ നമ്മള്‍ മനസ്സില്‍ വണങ്ങും. പണ്ട് ഹിസ്റ്ററി ക്ലാസ്സുകളില്‍ പഠിച്ച ചരിത്രത്തേക്കാള്‍ വളരെയേറെ കാര്യങ്ങള്‍ ഇവിടം സന്ദര്‍ശിച്ചാല്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ് എന്നതാണ് എടുത്തു പറയേണ്ട ഒരു പ്രധാന കാരണം.
ഈ മ്യൂസിയത്തിന്‍റെ ഒരു സെക്ഷനില്‍ ഇന്ദിരാജിയുടെ മകന്‍ രാജീവ് ഗാന്ധിയുടെ ചരിത്രങ്ങള്‍ അടങ്ങിയ രേഖകളും മറ്റും നമുക്ക് കാണാം. ബോംബ് സ്ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്ന സമയത്ത് ധരിച്ചിരുന്ന ഷൂസും വസ്ത്രവും (ബാക്കിയുണ്ടായിരുന്ന ഭാഗങ്ങള്‍) ഒക്കെ അവിടെ നമുക്ക് കാണാം. ഓരോ ഭാരതീയനും വന്നു കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്. തിങ്കളാഴ്ച മ്യൂസിയത്തിന് അവധിയായിരിക്കും.
രാജ് ഘട്ട് : നമ്മുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ശവസംസ്കാരം നടത്തിയിട്ടുള്ള സ്മാരകമാണ് രാജ്‌ഘട്ട്. 1948 ജനുവരി 31 നാണ് നമ്മുടെയെല്ലാം പ്രിയങ്കരനായ ഗാന്ധിജിയെ ഇവിടെ സംസ്കരിച്ചത്. യമുനാ നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് മനോഹരമായ ഒരു മാര്‍ബിള്‍ സ്മാരകം നിലനില്‍ക്കുന്നു. ഇതോടൊപ്പം തന്നെ ഒരു കെടാവിളക്ക് സ്ഥിതി ചെയ്യുന്നുണ്ട്. വിദേശികളായ പല സന്ദര്‍ശകരും ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ രാജ്ഘട്ടിലേക്ക് വരാറുണ്ട്. ഇവിടെ വളരെ മനോഹരമായ പൂന്തോട്ടവും ഉദ്യാനവുമൊക്കെയുണ്ട്.
റെഡ് ഫോര്‍ട്ട് : മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ പണികഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് റെഡ്ഫോര്‍ട്ട് അഥവാ ചെങ്കോട്ട. വെയിലത്ത് നടക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പത്തുരൂപ കൊടുത്താല്‍ ഇ – റിക്ഷയില്‍ നമുക്ക് പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും കോട്ടയുടെ മുന്‍ഭാഗത്തേക്ക് സഞ്ചരിക്കാവുന്നതാണ്. കോട്ടയ്ക്ക് ഉള്ളിലേക്ക് കയറുവാനായി ഏകദേശം 35 രൂപയുടെ ഒരു ടിക്കറ്റ് എടുക്കേണ്ടതായുണ്ട്. മിക്കവാറും നല്ലൊരു ക്യൂ ഇതിനായി നില്‍ക്കേണ്ടി വരും. തിങ്കളാഴ്ച ഇവിടെ സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരികൾ വസിച്ചിരുന്നതും ഈ കോട്ടയിൽ തന്നെയായിരുന്നു. യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ടയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇനി ഡല്‍ഹിയിലേക്ക് യാത്ര പോകുമ്പോള്‍ ഈ മൂന്നു സ്ഥലങ്ങളും കൂടി കാണുവാന്‍ ശ്രമിക്കുക.