വിവരണം – Fahiz Muthuvallur.
ഓരോ കാടിനും ഓരോ സമയത്തും ഓരോ ഭംഗിയാണ് മഴ കാലത്ത് കാട് വർണ്ണനകൾക്ക് അപ്പുറത്താവും. ഇനി കാട്ടിലെ കാഴ്ച്ചകളോ ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കും. എത്ര കണ്ടാലും വീണ്ടും കാണുമ്പോൾ നോക്കി നിന്നുപോകുന്ന കരിവീരൻ മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാം. തീർത്തും അപ്രതീക്ഷിതമായാണ് ഈ യാത്ര തരപ്പെട്ടത്. രാത്രി വെറുതെ അങ്ങാടിയിൽ ഇരിക്കുമ്പോൾ “എന്താടാ നമുക്ക് എവിടേക്കെങ്കിലും പോയാലോ?” എന്ന ചോദ്യത്തിൽ നിന്ന് ഉടലെടുത്തത് ആയിരുന്നു ഈ യാത്ര.
പിന്നെ എവിടെ പോകും എന്നായി ചർച്ച. കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയിൽ അലിഞ്ഞും ഒരു യാത്രയാണ് പ്ലാൻ ചെയ്തത്. മുതുമല, ബന്ദിപ്പൂർ, ഗോപാൽസ്വാമി ഹിൽസ്, മുത്തങ്ങ എന്നിങ്ങനെ ഒരു പ്ലാൻ ഉണ്ടാക്കി.
രാവിലെ 6 മണിക്ക് തന്നെ യാത്ര ആരംഭിച്ചു. നിലമ്പൂർ നാടുകാണി ചുരം വഴി മുതുമല ആയിരുന്നു ലക്ഷ്യം. തലേദിവസം നല്ല മഴ പെയ്തു. അതുകൊണ്ട് യാത്രക്ക് ഒന്നുംകൂടി ആവേശം കൂടി. നിലമ്പൂരിൽ പലവട്ടം പോയിട്ടുണ്ടെങ്കിലും ഇത്ര നല്ല കാഴ്ച ആദ്യമായിട്ടാണ്. കാഴ്ചയോടൊപ്പം ചെറു തണുപ്പും ആയപ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷവും. തുടക്കം തന്നെ ആവേശമായിരുന്നു. നേരെ നാടുകാണി ചുരം.. വെള്ളപ്പൊക്കത്തിനു ശേഷം ഇതുവരെ ആ റൂട്ട് പോകാത്തത് കൊണ്ടായിരിക്കാം ചുരം മുഴുവൻ റോഡ് പണിയിലായിരുന്നു. രാവിലെ ആയതുകൊണ്ടും കൂടുതൽ വാഹനം ഇല്ലാത്തതു കൊണ്ടും തിരക്കില്ലാതെ പെട്ടെന്ന് തന്നെ ഗൂഡല്ലൂർ എത്താൻ സാധിച്ചു. അവിടെ നിന്ന് ചെറുതായിട്ട് ചായകുടിച്ച് നേരേ മുതുമല ഫോറസ്റ്റിലേക്ക്.
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമായി വയനാട് ഉള്‍പ്പെടുന്ന വനമേഖലകള്‍ മാറുകയാണ്. കര്‍ണ്ണാടകയിലെ നാഗര്‍ഹോള, എന്ബേഗൂര്, തോല്‍പ്പെട്ടി, ബന്ദിപ്പൂര്‍, മുതുമല സങ്കേതങ്ങള്‍ ഉള്‍പ്പെട്ട വലിയൊരു ആവാസമേഖലയാണ് കാട്ടാനകളുടെ പ്രധാന താവളമായി മാറുന്നത്. ബന്ദിപ്പൂര്‍ നാഗര്‍ഹോള മുതുമല കടുവ സങ്കേതങ്ങള്‍ക്ക് നടുവിലാണ് വയനാട് വന്യജീവി സങ്കേതം. കര്‍ണ്ണാടകയിലെ കൊക്കലഹണ്ടി മുതല്‍ നിലമ്പൂര്‍ കാടുകള്‍ വരെയും തമിഴ്നാട്ടിലെ മസിനഗുഡി മുതല്‍ ദുബരെ വരെയും നീളുന്ന ആനത്താരകളില്‍ തലങ്ങും വിലങ്ങുമാണ് ഇവയുടെ സഞ്ചാരം. ബെന്നാര്‍ഘട്ടില്‍ നിന്നും ആനത്താരകളിലൂടെ കൂട്ടമായി നീങ്ങുന്ന കാട്ടാനകള്‍ എക്കാലത്തെയും മനോഹരമായ കാഴ്ചകളാണ്.
മുതുമലയിൽ നിന്ന് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലേക്ക്. 1480 sq.km ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ഇവിടം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്. കേരളത്തിലെ മുത്തങ്ങയും തമിഴ്നാട്ടിലെ മുതുമലയും ഇതിനോട് ചേർന്ന് കിടക്കുന്നു. ജന്തുജാല വൈവിധ്യം കൊണ്ട് സമ്പന്നമാണ് ഈ വനം. കൂടുതലും വേനലിൽ ഇലപൊഴിക്കുന്ന മരങ്ങളാണ് ഇവിടെ. ലോകത്തിലെ ഏറ്റവും മികച്ച കടുവ സങ്കേതം കൂടിയാണ് ബന്ദിപ്പൂർ. സ്വാഭാവികമായ നിറവും ഗാംഭീര്യവും പേറുന്ന South Indian Tigers ന്റെ പറുദീസ. വേനൽമഴ പെയ്ത് പുല്ലുകൾ കിളിർത്തു തുടങ്ങുമ്പോൾ മാനുകളും പോത്തുകളുമെല്ലാം സജീവമാവും.
പക്ഷേ ഞങ്ങൾക്ക് ഇവിടെ കാണാൻ സാധിച്ചത് കത്തിനശിച്ച കുറെ മുട്ട കുന്നുകളാണ്. സ്വാർത്ഥ താൽപര്യത്തിനു വേണ്ടി തീ കൊളുത്തി ആയിരത്തോളം ഏക്കർ കത്തിനശിച്ചു. ഒരു തലമുറയുടെ ആവാസവ്യവസ്ഥയാണ് അവിടെ നശിച്ചത്. അതുവഴിയുള്ള യാത്രയിൽ മനസ്സിന് വല്ലാത്ത ഒരു നീറ്റലായിരുന്നു.
അടുത്ത ലക്ഷ്യം ഹിമവദ് ഗോപാലസ്വാമി ബെട്ടയിലേക്ക് ആയിരുന്നു. ഗുണ്ടൽപ്പേട്ട എത്തുന്നതിന്ന് മുൻപ് തിരിഞ്ഞു വേണം യാത്ര നീണ്ടു നിവർന്നു നിൽക്കുന്ന റോഡും കൃഷിയിടവും പൂപാടങ്ങളും. ഒടുവിൽ ചെക്ക് പോസ്റ്റ്, അവിടെ വാഹനങ്ങൾ പാർക്ക് ചെയ്ത് വേണം യാത്ര. KSRTC (കർണാടക) യിൽ മാത്രമേ അങ്ങോട്ടുള്ള യാത്ര അനുവദിക്കുകയുള്ളു.
ചുരം കയറുമ്പോൾ ഉള്ള ആകാശകാഴ്ച മനോഹരം.. സമുദ്രനിരപ്പിൽ നിന്നും 1500 -2000 അടിമുകളിൽ ആണ് ഗോപാലസ്വാമി ഹിൽസ്. വീരപ്പൻ ഇവിടെ സ്ഥിരം സന്ദർശകനായിരുന്നത്രേ. മേഘത്തെ തൊട്ടുനിൽക്കുന്ന ക്ഷേത്രം. ഏതു സമയത്തും നല്ല തണുപ്പ്. ചുറ്റം മനോഹരമായ മലനിരകളും മഞ്ഞും.. ആനയും മാൻകൂട്ടങ്ങളും മേയുന്ന മലനിരകൾ. ഒരിക്കൽ വന്നാൽ തീർച്ചയായും വീണ്ടും വരും. ഞാനും വീണ്ടും വരുമെന്ന തീരുമാനത്തോടെ മലയിറങ്ങി.
അവിടെനിന്ന് നേരെ മുത്തങ്ങയിലേക്ക്. കാടിന്റെ മനോഹര കാഴ്ചകൾ കണ്ടു നേരെ നാട്ടിലേക്ക്. ഒരു ദിവസം കൊണ്ട് ഇത്രയും മനോഹരമായ സ്ഥലങ്ങളും കണ്ടു, കുറെ ചരിത്രങ്ങളും കേട്ടു നാട്ടിലെത്തിയപ്പോൾ വൈകാതെ വീണ്ടും അവിടേക്ക് പോകണമെന്ന് മനസ്സ് മുറവിളി കൂട്ടി. യാത്ര ഒരിക്കലും ഒരു വിചാരം അല്ല, അതൊരു വികാരമാണ്.