വിവരണം – Sharon Renin.
ആദ്യയാത്ര, ഇതാണാ യാത്രകളുടെ തുടക്കം. ഓർമ്മകൾ ഉറയ്ക്കാത്തപ്പോൾ എന്നെ ഞാനാക്കിയ എന്റെ ആദ്യത്തെ യാത്ര..
1992 സെപ്റ്റംബർ മാസത്തിലെ ഒരു വൈകുന്നേര സമയം. അന്നാണ് എന്റെ അച്ഛന് ഒരു വയസ്സുള്ള എന്റെ കുഞ്ഞി തലയിലെ ആകെയുണ്ടായിരുന്ന മുടിയൊക്കെ വെട്ടി തിരുപ്പതിയിൽ കൊടുക്കാമെന്നു നേർച്ച വെക്കാൻ തോന്നിയത്. തൊട്ടിലിൽ കിടന്നു ഭാവി കാര്യങ്ങൾ ആലോചിച്ചു കൊണ്ടിരുന്ന എന്നെ നോക്കി മൂപ്പര് ചിരിച്ചപ്പോഴും വരാൻ പോകുന്ന ദൂരയാത്രയെ പറ്റി എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു.
“ട്യേ… ഞമ്മക്ക് ന്നാ ഇവനേം കൊണ്ട് തിരുപ്പതി വരെ പോയാലോ?” “ഓഹ് അത്രേം ദൂരമൊക്കെയൊ? ഞമ്മക്ക് ഇവിടെ അടുത്ത് വല്ലതും പോയാ പോരേ.” അമ്മ എന്നും അമ്മ തന്നെ. ഹിമാലയം പോവ്വാണെന്നു പറഞ്ഞപ്പോ വയനാട് പോയി അഡ്ജസ്റ്റ് ചെയ്തൂടെ എന്ന് പറഞ്ഞ ടീമാണ്. തൊട്ടിലിൽ കിടന്നു ഇവരുടെ സംസാരമൊക്കെ ഡീകോഡ് ചെയ്തെടുത്ത എനിക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി. എങ്ങോട്ടോ പോകാനുള്ള പരിപാടിയിലാണ് ഇനി എന്നെ കൂട്ടാതെയോ മറ്റോ? ഓ മൈ ഗോഡ് !! ഇറ്റ്സ് ടൈം ടു സ്വിച്ച് ഓൺ മൈ സൈറൺ.
“ആ വാവേ കരയല്ലേ ഞമ്മക്ക് തിരുപ്പതി പോണ്ടേ അമ്മേന്റെ പൊന്നല്ലേ.” മിഷൻ സക്സസ്.. എന്റെ സൈറൺ തന്ത്രം ഫലിച്ച സന്തോഷത്തിൽ ഞാൻ അമ്മയെ നോക്കി പല്ലില്ലാണ്ട് ചിരിച് കൊടുത്തു. അങ്ങനെ എന്റെ ആദ്യത്തെ യാത്രക്ക് ഇവിടെ തുടക്കമായി. ട്രിപ്പ് മോഡ് ഓൺ.. യോ..
“അമ്മേ… എന്റെ പുതിയ ഡ്രെസ്സും പൗഡറും ഒന്നും എടുക്കാൻ മറക്കണ്ട ട്ടോ… ഏതേലും നല്ല വാവച്ചിസ് ഒക്കെ ഉണ്ടെങ്കിലോ.. മോശാക്കരുതല്ലോ “. അങ്ങനെ 1992 സെപ്റ്റംബർ 22നു കോയിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഞാൻ ആദ്യമായിട്ട് ട്രെയിനിൽ കയറാൻ പോകുന്നു. അച്ഛനും അമ്മയും ഡ്രെസ്സിന്റെ ബാഗും എനിക്കുള്ള സാധനങ്ങളുടെ ബാഗുമൊക്കെ തൂക്കി നിൽക്കുമ്പോഴാണ് ദൂരെ നിന്നും ഒരു സാധനം മെല്ലെ മെല്ലെ വരുന്നത്.
ഇതെന്താ സാധനം? അമ്മേന്റെ തോളിൽ കെടന്നു കറങ്ങി തിരിഞ്ഞു നോക്കിയിട്ടും എനിക്കൊരു കുന്തോം മനസ്സിലാകുന്നില്ല. ഇയിന് മുന്നേ ഒന്നും ഞാൻ കണ്ടില്ലലോ. ഇമ്മാരി ഒരു സാധനം. അമ്മേ വാ പോകാ അത് ഞമ്മളെ തിന്നും. കെടന്നു കാറി നിലവിളിക്കുകയല്ലാതെ എന്റെ മുന്നിൽ വേറെ വഴിയില്ലാരുന്നു. എന്റെ ശിവനേ… ഈ സഥലങ്ങളൊക്കെ കണ്ട് ഒന്ന് പച്ച പിടിച്ചു വരുമ്പോളേക്കും നീയെന്നെ ഈ ജീവിക്ക് തിന്നാൻ കൊടുക്കുവാണോ? അമ്മേ..
ഏകദേശം ട്രെയിൻ അടുത്തെത്തി അമ്മേം അച്ഛനും അതിന്റെ അകത്തു കയറിയപ്പോഴാണ് എനിക്ക് കാര്യങ്ങൾ ഒന്ന് മനസ്സിലായി തുടങ്ങിയത്. ഇത് കൊള്ളാലോ സെറ്റ് അപ്പ്. കൊറേ ആൾക്കാരൊക്കെ ഉണ്ടല്ലോ ദേ രണ്ട് മൂന്ന് വാവച്ചിമാരും ഉണ്ട്. ഇഷ്ട്ടായി ഇഷ്ട്ടായി, എനിക്ക് ഇഷ്ട്ടായി അമ്മേ.
അങ്ങനെ കോയിക്കോടും കടന്നു പാലക്കാടും കടന്നു റെനിഗുണ്ടേ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ട്രെയിൻ നീങ്ങി തുടങ്ങി. അന്നേരത്തേക്ക് അടുത്തുള്ള വാവാച്ചിമാർക്ക് ബിസ്ക്കറ്റ് ഓഫർ ചെയ്തും ചാടി പിടിച്ചു ഉമ്മ കൊടുത്തും ഞാൻ എല്ലാരേം വശത്താക്കിയിരുന്നു. ട്രിപ്പ് ഒന്ന് ചിൽ ആക്കണ്ടേ. ഈ അച്ഛനും അമ്മേം മിണ്ടാതെ ഇങ്ങനെ ഇരുന്ന ഇരുപ്പാണ്. ജനലിന്റെ ഉള്ളിൽ കൂടി മരങ്ങളൊക്കെ ഓടി പോണതും നോക്കി സ്ഥലങ്ങളും കണ്ടു ഞാൻ അങ്ങ് ഉറങ്ങിപ്പോയി. കൊറേ ആൾക്കാരും, ട്രെയിനും, പുതിയ സ്ഥലങ്ങളും എന്റെ കുഞ്ഞി കണ്ണിലൂടെ സ്കാൻ ചെയ്തെടുത്തു സ്വപ്നങ്ങളാക്കി കാണുകയായിരുന്നു ഞാൻ.
അങ്ങനെ സമയം ഏകദേശം രാത്രിയായി. ഞാനും കുറച്ചു വാവാച്ചിമാരും അവരുടെ അമ്മമാരും ഒഴിച് ബാക്കിയെല്ലാരും നല്ല ഉറക്കത്തിലാണ്. അങ്ങനെ പോകുമ്പോഴാണ് പെട്ടന്ന് എന്തോ ശബ്ദത്തോടെ ട്രെയിൻ എവിടെയോ ഇടിച്ചു നിന്നത്. ഉറങ്ങി പോയ ആൾക്കാരൊക്കെ ചാടിയെഴുന്നേറ്റു. ഇതെന്താപ്പോ പറ്റിയേ? !! അച്ഛനൊക്കെ ചാടി എഴുന്നേറ്റു നോക്കുന്നുണ്ട്. ഞാനും അങ്ങോട്ടും ഇങ്ങോട്ടും കൊറേ തലയിട്ടു നോക്കി. ഒരു രക്ഷേം ഇല്ല ഒന്നും കാണുന്നില്ല.
” ട്രെയിൻ എവിടെയോ ഇടിച്ചു നിന്നതാ ബോഗിയൊക്കെ പാളത്തിന്നു മാറിയിട്ടുണ്ട്… ഏതോ ഒരാൾ പറയണത് കേട്ടാണ് എല്ലാരും അങ്ങോട്ട് നോക്കിയത്. ശരിയാ എന്തോ പറ്റിയിട്ടുണ്ട്. ഏതോ കാട്ടിന്റെ നടുക്കാ പോരാത്തേന് പാതിരാത്രിയും. ആൾക്കാരൊക്കെ പുറത്തിറങ്ങി നോക്കുന്നുണ്ട് പിന്നെ കുറച്ചു പേർ ഇറങ്ങി പോകുന്നുമുണ്ട്.
വണ്ടി ഇനി രാവിലയേ എടുക്കുള്ളു. നന്നാക്കാൻ ആള് വരണം എന്നാ പറയുന്നേ. ഇനിയിപ്പോ എന്താ ചെയ്യാ? തെക്കു വടക്ക് നോക്കി കൊണ്ട് ഞാൻ അച്ഛനെ നോക്കി ചിരിച്ചു. ന്നിട്ട് മനസ്സിൽ വിചാരിച്ചു “വൗ വാട്ട് എ ഫസ്റ്റ് ട്രിപ്പ്..”
അങ്ങനെ ഞങ്ങടെ ബോഗിയിലെ കുറച്ചു മലയാളികളും ആൾക്കാരുമൊക്കെ കൂടി ഒരു കാര്യം തീരുമാനിച്ചു. എന്തായാലും ഇന്ന് രാത്രി വണ്ടിയിൽ തന്നെ കിടക്കാം അല്ലാതെ ഈ നേരത്തു ഈ സ്ഥലത്ത് ഇറങ്ങിയിട്ട് കാര്യമില്ല. ന്നാ പിന്നെ അങ്ങനെയാക്കാം.
അങ്ങനെ ബോഗിയുടെ വാതിലൊക്കെ അടച്ചു ഭദ്രമാക്കി എല്ലാരും കൂടി പാട്ടും ബഹളവുമൊക്കെയായിട്ട് അതിനുള്ളിൽ കൂടി. ഞാനും എന്റെ വാവാച്ചിമാരും കൂടി ടൈഗർ ബിസ്ക്കറ്റും പാലും കുടിച്ചു കഥയും പറഞ്ഞിരുന്നു. ഏകദേശം ഉറക്കം വരാൻ തുടങ്ങിയപ്പോഴേക്കും അച്ഛൻ അച്ഛന്റെ മുണ്ടൊക്കെ എടുത്തു ഒരു തൊട്ടിലുണ്ടാക്കി. ട്രെയിനിൽ തൊട്ടിലും കെട്ടി സുഖനിദ്ര.
രാവിലെയായപ്പോഴേക്കും ട്രെയിൻ നന്നാക്കി വീണ്ടും റെനിഗുണ്ട ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. സംഭവബഹുലമായ എന്റെ ആദ്യത്തെ ട്രെയിൻ യാത്ര. റെനിഗുണ്ടയിൽ നിന്നും ബസ്സൊക്കെ കയറി തിരുപ്പതിയിലെത്തി. തിരിച്ചു നല്ല തിളങ്ങുന്ന മൊട്ടയൊക്കെയായിട്ട് കോയിക്കോടേക്ക്.
ഇനിയും ഒരുപാടു യാത്രകൾ ചെയ്യാൻ ഒരുപാടു മുഖങ്ങൾ കാണാൻ. ഞാൻ അറിയാതെ എന്റെയുള്ളിലേക്ക് വിത്ത് പാകിയ ഒരു യാത്ര അതായിരുന്നു ഇത്. അച്ഛന്റേം അമ്മയുടേം തോളത്തിരുന്നു ലോകം കണ്ടു തുടങ്ങിയ ഇനിയും സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച എന്റെ തുടക്കം.