മൈസൂർ ദസറയുടെ തിരക്കിൽ കണ്ട കുസൃതിക്കുരുന്നു ബാല്യം; ഉള്ളുലച്ച കാഴ്ച

പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൈസൂർ ദസറ ആഘോഷത്തിൻറെ പ്രധാന ആകർഷണം 100,000 ബൾബുകൾ ഉപയോഗിച്ചു ദിവസവും വൈകീട്ട് 7 മണി മുതൽ 10 മണി വരെ പ്രകാശിക്കുന്ന മൈസൂർ പാലസാണ്. ഇതിൻറെ പണികൾക്ക് മാത്രമായി എല്ലാ വർഷവും 10 മില്യൺ രൂപ ചിലവഴിക്കുന്നു.

എന്നാൽ ഈ ആഘോഷങ്ങൾക്കിടയിൽ ആരും കാണാത്ത ചില ജീവിതങ്ങളുണ്ട്. ആഘോഷരാവുകളിൽ വയർ നിറയ്ക്കുവാനായി, ജീവിക്കുവാനായി നെട്ടോട്ടമോടുന്ന ചിലർ. കണ്ണഞ്ചിപ്പിക്കുന്ന മൈസൂർ പാലസിന്റെ ശോഭയിൽ ആരുമറിയപ്പെടാതെ പോകുന്ന ഈ ജീവിതങ്ങൾ, മനസ്സു പിടയ്ക്കുന്ന കാഴ്ചകൾ ഇവയെല്ലാം തൻ്റെ കണ്ണുകളാലും, മനസ്സുകൊണ്ടും, ക്യാമറ കൊണ്ടുമൊക്കെ അടുത്തറിഞ്ഞ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നടനും ഫോട്ടോഗ്രാഫറുമായ അരുൺ പുനലൂർ. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ.

“മൈസൂരിൽ ചെന്നിറങ്ങിയ സന്ധ്യ മുതൽ പാലസിന്റെ പരിസരങ്ങളിൽ പലയിടങ്ങളിലായി ഇവനെയും അമ്മയെയും കാണുന്നുണ്ട്.
പകൽ സമയങ്ങളിലിരുന്നു LED ബൾബുകൾ പിടിപ്പിച്ച ബലൂണുകൾ ഉണ്ടാക്കി രാത്രിയിൽ അതു കൊണ്ടുനടന്നു വിൽക്കലാണ് അമ്മക്ക് പണി. അങ്ങിനെ ഈ ദിവസങ്ങളിൽ പലപ്പോഴായി എന്റെ മുന്നിൽ വരികയും പോവുകയും ചെയ്ത തെരുവിലെ കുസൃതികളിൽ ഒരാളായിരുന്നു ഇവനും.

മിനിയാന്ന് രാത്രി ഹാർഡിങ് സർക്കിളിനു സമീപം കറങ്ങി നടക്കുമ്പോൾ അതാ നഗരം നിറഞ്ഞൊഴുകുന്ന ആഘോഷത്തിന്റെ വർണ്ണ വെളിച്ചങ്ങളിൽ നിന്നൊഴിഞ്ഞു ഇരുട്ട് വീണ മൂലയിലിരുന്നു തന്റെ കളിപ്പാട്ട മൊബൈലിൽ അവനാ കാഴ്ചകൾ റിക്കോർഡ് ചെയ്യുകയാണ്. ഒരു നിമിഷമാ കാഴ്ച ഉള്ളിനെ വല്ലാതെ ഉലച്ചു കളഞ്ഞു. മുന്നിലൂടെ കടന്നു പോകുന്നോർ മൊബൈലിൽ പകർത്തുന്നത് കണ്ടു മോഹിച്ചാവും അവനാ കളിപ്പാട്ടം ഉയർത്തിപ്പിടിച്ചു താനും പകർത്തുന്നതായി സങ്കൽപ്പിച്ചത്.

വെളിച്ചം കുറഞ്ഞയിടത്തു ദൂരെ നിന്ന് അവനറിയാതെ ഈ ഫോട്ടോ പകർത്താനുള്ള ബുദ്ധിമുട്ടിൽ ഞാനല്പം അടുത്തേക്ക് ചെന്നത് ശ്രദ്ധയിൽ പെട്ട് തന്റെ നേരെ തിരിഞ്ഞ ക്യാമറ കണ്ടപ്പോ അവനു ചെറിയ നാണം. പിന്നൊരു ചിരി. ഞാനെടുത്തു പോയിരുന്നു കയ്യിലുണ്ടായിരുന്ന തണ്ണിമത്തന്റെ ചെറു കഷ്ണം കൊടുത്തപ്പോ വാങ്ങണോ വേണ്ടയോ എന്ന സംശയത്തോടെ അമ്മയെ ഒന്ന് നോക്കി അനുവാദം വാങ്ങി.

ഒത്തിരി ഇഷ്ടത്തോടെ കഴിക്കുന്നത് കണ്ടപ്പോ അവർക്കായി രണ്ടു പങ്ക് വാങ്ങിക്കൊടുത്തു. തിരിച്ചു പോകുമ്പോൾ ഒന്നുകൂടി നോക്കി. അമ്മ പറഞ്ഞിട്ടാകും വലതു കൈ ഉയർത്തി അവൻ ടാറ്റ പറഞ്ഞു. ഇന്നലെ പകൽ തിരിച്ചു പോരും മുൻപ് അവനെ ഒന്നുകൂടി കാണാനായി അതേ പരിസരത്തൊക്കെ കുറെ തിരഞ്ഞെങ്കിലും കണ്ടില്ല. ഞാനവന്റെ പേര് പോലും ചോദിച്ചില്ല. ആ നാണത്തിൽ കുതിർന്ന ചിരി വീണ്ടും കാണാനായില്ല..

കുഞ്ഞേ ഈ ലോകത്തു നീയൊട്ടും സുരക്ഷിതനല്ലെന്നറിയാം എങ്കിലും ഈ കണ്ണില്ലാത്ത കാലത്തിന്റെ തിരസ്‌ക്കാരങ്ങളും കഷ്ടപ്പാടുകളുമെല്ലാം അതിജീവിച്ചു കുഞ്ഞിക്കണ്ണുകൾ കൊണ്ടു ലോകത്തെ പകർത്തി നീ വീണ്ടും ചിരിക്കുമെന്നുള്ള പ്രതീക്ഷയിൽ ഈ ചുമരുകളിൽ നിന്നേ കാലത്തിനു സമ്മാനിച്ചു ഞാൻ മടങ്ങിപ്പോകുന്നു.”