‘നാടോടി’ എന്ന പേരിൽ ഒരു ട്രാവൽ ഗ്രൂപ്പ് തുടങ്ങിയപ്പോൾ മുതലുള്ള ഞങ്ങളുടെ ആഗ്രഹമായിരുന്നു. കാട്ടിലൂടെ ഒരു ആനവണ്ടി യാത്ര. ആയിടയ്ക്കാണ് ആനവണ്ടി കൂട്ടായ്മയുടെ നേതൃത്വത്തിൽ KSRTC ബസ്സിൽ കുട്ടനാട്ടിലേക്ക് ഒരു യാത്ര നടത്തിയ കാര്യം അറിയുന്നത്. അതോടെ നമുക്കും KSRTC ബസ്സ് റെന്റിന് എടുക്കാൻ പറ്റും എന്ന് മനസ്സിലായി. അങ്ങനെ മലക്കപ്പാറയ്ക്ക് ഒരു ആനവണ്ടിയാത്ര എന്ന സ്വപനം കാണാൻ തുടങ്ങി.
എടത്വ ഡിപ്പോയിലെ കണ്ടക്റ്റർ ആയ ഷെഫീഖ് സാറിനോട് ഞങ്ങളുടെ ആവശ്യങ്ങൾ പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ എല്ലാ കാര്യങ്ങളും അന്വേഷിച്ചു വളരെ വിശദമായി തന്നെ ഞങ്ങൾക്ക് പറഞ്ഞു തന്നു. അദ്ദേഹത്തിന്റെ ഇടപെടലും, സപ്പോർട്ടും, ഗൈഡൻസും കൊണ്ടാണ് സത്യത്തിൽ ഈ യാത്രയുമായി മുന്നോട്ട് പോകാനുള്ള ഒരു ആത്മവിശ്വാസം ഞങ്ങൾക്കുണ്ടായത് തന്നെ.
ചാലക്കുടി ഡിപ്പോയിൽ നിന്നാണ് മലക്കപ്പാറയ്ക്കുള്ള ബസുകൾ പുറപ്പെടുന്നത്. ഡിപ്പോയിലെത്തി ഇൻസ്പെക്ടർ ഡൊമിനിക്ക് സാറുമായി കാര്യങ്ങൾ സംസാരിച്ചപ്പോൾ ആത്മവിശ്വാസം ഒന്നുകൂടി ഇരട്ടിച്ചു. അത്ര കാര്യമായി എല്ലാ വിവരങ്ങളും അദ്ദേഹം പറഞ്ഞു തന്നു. പിന്നെ ട്രിപ്പ് പ്ലാനിങ്ങിന്റെ നാളുകൾ ആയി. ആനവണ്ടിയാത്രയുടെ ഒരു കിടിലൻ പോസ്റ്റർ ഞങ്ങളുടെ സ്വന്തം ഡിസൈനർ ആര്യ ശിവരാജ് റെഡിയാക്കി. യാത്രയെക്കുറിച്ച് അറിഞ് കേരളത്തിന്റെ പല ഭാഗത്ത് നിന്നും നാടോടിക്ക് ഒപ്പം കൂടാൻ ഒരുപാട് പേർ വിളിച്ചു. പോസ്റ്റർ KSRTC യുടെ പേജിലും, മനോരമഓൺലൈൻ പേജിലും, നമ്മുടെ സുഹൃത്തുക്കളുടെ ടൈംലൈനിലുമൊക്കെ ഇടംപിടിച്ചപ്പോൾ വിചാരിച്ചതിലും നേരത്തെ ബുക്കിങ് പൂർത്തിയാക്കാൻ പറ്റി.
യാത്രയുടെ പ്ലാനിങ്ങുകൾ തകൃതിയായി നടക്കുമ്പോൾ ഉള്ളിലുള്ള ഏറ്റവും വലിയ ടെൻഷൻ നമുക്കൊപ്പം വരുന്ന ക്രൂ എങ്ങിനെ ആയിരിക്കും എന്നോർത്തായിരുന്നു. സ്ത്രീകൾ മാത്രമുള്ള യാത്രയാണ്.. ആനയും, കടുവയും, പുലിയുമുള്ള കാട്ടിലൂടെ മാത്രം ഏതാണ്ട് 50 KM യാത്ര. പോകുന്ന വഴിയിൽ ബാത്രൂം സൗകര്യങ്ങൾ ഇല്ല. മലക്കപ്പാറ എത്തിയാലും രക്ഷയില്ല. ഒന്നോ രണ്ടോ പേരെയും കൊണ്ടുള്ള യാത്രയല്ലല്ലോ കുഞ്ഞുങ്ങളടക്കം 50 പേരാണ്. അതും പല പ്രായത്തിലുള്ള പെണ്ണുങ്ങൾ. പുരുഷൻമാരോട് മുഴുവൻ കടുത്ത അസൂയ തോന്നിയ നിമിഷമായിരുന്നു അത്. ഒരുപാട് കൊതിയുണ്ടെങ്കിലും സ്ത്രീകൾ പല യാത്രകളിൽ നിന്നും മാറി നിൽക്കുന്നതിന്റെ കാരണങ്ങളിൽ ഒന്നാണല്ലോ ഈ ടോയ്ലറ്റ് സൗകര്യങ്ങളില്ലായ്മ്മ.
ഷെഫീഖ് സാറിന്റെയും, അരുൺസാറിന്റെയുമൊക്കെ ഇടപെടലുകൾ കൊണ്ട് തന്നെ ഈ റൂട്ടിലെ ഏറ്റവും ബെസ്റ്റ് ക്രൂവിനെ ആണ് KSRTC ഞങ്ങൾക്ക് തന്നത്. അവരാണ് ശെരിക്കും ഈ യാത്രയിലെ താരങ്ങൾ.. KSRTC ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ രഞ്ജിത്തേട്ടനും, കണ്ടക്ട്ടർ സുധീഷേട്ടനും.. ഈ യാത്രയുടെ 75 ശതമാനം ക്രെഡിറ്റും അവർക്കുള്ളതാണ്. സത്യം പറയാല്ലോ ഈ യാത്രയോടെ കുഞ്ഞുങ്ങളടക്കം ഞങ്ങൾ 50 പേരും ഇവരുടെ കട്ട ഫാൻസ് ആയിമാറി. ഞങ്ങളെ ക്ഷമയോടെ കേട്ട്, ഞങ്ങൾക്കുള്ള ഉപദേശനിർദേശങ്ങൾ നൽകി, എല്ലാവിധത്തിലും ഞങ്ങളെ സഹായിച്ചും സഹകരിച്ചും രണ്ടുപേരും ഞങ്ങൾക്കൊപ്പം കൂടി. ഈ യാത്ര മുഴുവനും അവരുടെ യാത്രാനുഭവങ്ങൾ കേട്ട് അവർക്ക് ചുറ്റും കൂട്ടം കൂടി നിൽപ്പായിരുന്നു ഞങ്ങൾ സംഘാടകർ.
ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ പറഞ്ഞുതന്ന്, ഓരോ കാഴ്ച്ചകളും കാട്ടിത്തന്ന് അത്ര സുരക്ഷിതമായി ഞങ്ങളെ കൊണ്ടുപോയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വീതികുറഞ്ഞ ഹെയർപിൻ വളവുകളിലൂടെ ആനവണ്ടി വളച്ചെടുത്തും ഒടിച്ചെടുത്തും, അസാധ്യമായി റിവേഴ്സ് എടുത്തും, സൈഡ് കൊടുത്തും രഞ്ജിത്തേട്ടൻ ഞങ്ങളെ ഞെട്ടിച്ചപ്പോൾ, രഞ്ജിത്തേട്ടനെ സഹായിച്ചും, കഥകൾ പറഞ്ഞും, നിർദേശങ്ങൾ നൽകിയും ഫോറെസ്റ്റ് ഓഫീസുകളിൽ ചെന്ന് സംസാരിച്ച് ബാത്രൂം സൗകര്യങ്ങൾ ഏർപ്പാടാക്കി തന്നും, ആനയെ കാട്ടിത്തന്നും സുധീഷേട്ടൻ ഒരേട്ടനെ പോലെ കൂടെ നിന്നു.
AT 369, KL 15 A 2266 കൊണ്ടോടി വണ്ടിയാണ് നാടോടിയെയും കൊണ്ട് ആലുവയിൽ നിന്ന് മലക്കപ്പാറ വരെ ഓടിയത്. കണ്ട കാഴ്ച്ചയിൽ തന്നെ ഞങ്ങളുടെ ചങ്കിൽ കേറിയ കൊമ്പൻ. കാട്ടിലൂടെ ഇത്ര വലിയ യാത്രയായിരുന്നിട്ട് പോലും അവൻ ആരെയും അതിന്റെ ബുദ്ധിമുട്ടുകൾ അറിയിക്കാതെ കാടുകേറി. എതിരെ വരുന്ന വണ്ടികൾ നാടോടിയുടെ സ്റ്റിക്കറൊട്ടിച്ച, ബോർഡ് വയ്ക്കാത്ത കൊമ്പനെ അത്ഭുതത്തോടെ നോക്കി. ചിലർ പ്രതീക്ഷയോടെ കൈ നീട്ടി. എവിടെയും നിർത്താതെ ഞങ്ങളുടെ കൊമ്പൻ കടന്ന് പോയപ്പോൾ അവരും KSRTC യെയും അതിലെ ജീവനക്കാരെയും കുറ്റം പറഞ്ഞുകാണും. പക്ഷെ ഞങ്ങളുടെ അനുഭവത്തിൽ നിന്ന് ഞങ്ങൾക്കറിയാം മത്സരപ്പാച്ചിലും, തിരക്ക്കൂട്ടലും, ബഹളവുമില്ലാതെ സാധാരണക്കാരന് ഇത്ര സുരക്ഷിതമായി യാത്ര ചെയ്യാൻ മറ്റൊരു വാഹനവും ഇല്ല നമ്മുടെ ആനവണ്ടിയല്ലാതെ.
ഒരുപാട് പേരോട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയാൻ ഉണ്ട്. ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ രാധാകൃഷ്ണൻ സാർ, ജനറൽ കോൺട്രോളിങ് ഇൻസ്പെക്ടർ ജോസഫ് സാർ, യൂണിറ്റ് ഇൻസ്പെക്ടർ ദിലീപ് സാർ, ഇൻസ്പെക്ടർ ഡൊമിനിക് സാർ, സ്റ്റേഷൻ മാസ്റ്റർ ഷാജു സാർ, ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്ത, KSRTC ഫാൻസ് അസോസിയേഷന്റെയും, ബസ് പാസ്സൻഞ്ചേഴ്സ് അസോസിയേഷന്റെയും പ്രതിനിധികൾ എന്നിവർക്ക് നാടോടിയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഞങ്ങളുടെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യാനായി ചാലക്കുടി ഡിപ്പോയിൽ നിർത്തുമ്പോൾ അവിടെ മൈക്കിലൂടെ ഞങ്ങൾക്കായി മുഴങ്ങികേട്ട ആശംസകൾക്ക്, ഞങ്ങൾക്ക് വിതരണം ചെയ്ത മനോഹരമായ ബ്രോഷറിനും, മധുരത്തിനും, ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കാണിച്ച ജാഗ്രതയ്ക്കും KSRTC മീഡിയ സെല്ലിന് പ്രത്യേകം നന്ദി.
നന്ദി ഒരു വാക്കിൽ ഒതുക്കാൻ പറ്റാത്തവർ ഉണ്ട്. ട്രിപ്പ് ഫ്ളാഗ്ഓഫ് ചെയ്യാനുള്ള ക്ഷണം സ്വീകരിച്ചെത്തിയ KSRTC ലേഡി ഡ്രൈവർ Ms. ഷീല, ഞങ്ങളുടെ യാത്രയിൽ ഞങ്ങളിലൊരാളായി കൂടെക്കൂടിയ ആകാശവാണി പ്രോഗ്രാം ഹെഡ് അനിതാ വർമ്മ, ഞങ്ങളുടെ സാരഥികൾ രഞ്ജിത്തേട്ടൻ, സുധീഷേട്ടൻ, ഷെഫീഖ് സാർ, KSRTC മീഡിയ സെല്ലിലെ അരുൺ സാർ, മനോരമഓൺലൈൻ റിപ്പോർട്ടർ പൊന്നു ടോമി, ആരോഗ്യപ്രശ്നങ്ങൾ വകവെക്കാതെ യാത്രയുടെ ഓരോ നിമിഷങ്ങളും ക്യാമറയിലാക്കിയ പ്രിയപ്പെട്ട സുഹൃത്തും ഫോട്ടോഗ്രാഫറുമായ അംബിക കൃഷ്ണ, മറ്റ് co-ordinators ശ്യാമ, മഞ്ജു, സിമി, സിംന ഒരുപാടൊരുപാട് സ്നേഹം.. ബഹുമാനം..
യാത്രയിൽ ഞങ്ങൾക്കുള്ള ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിത്തന്ന അതിരപ്പിള്ളിക്കടുത്തുള്ള ജവാൻ പാർക്കിലെ ജയൻ ചേട്ടനും, ജോർജെട്ടനും, അശോകേട്ടനും ചേച്ചിമാർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.
പല സ്ഥലങ്ങളിൽ നിന്ന്.. പല ചുറ്റുപാടുകളിൽ നിന്ന് മനോഹരമായ ഒരു യാത്ര എന്ന സ്വപ്നം കണ്ട് നാടോടിക്കൊപ്പം കൂടിയ എല്ലാ പെണ്ണുങ്ങൾക്കും ഒരുപാടൊരുപാട് സ്നേഹം. ട്രാവൽ ഗ്രൂപ്പുകൾ പ്രായമുള്ളവരെയും കുഞ്ഞുങ്ങളെയും യാത്രയിൽ നിന്ന് ഒഴിവാക്കുമ്പോൾ കാഴ്ച്ചകൾ അവർക്ക് കൂടിയുള്ളതാണ് എന്ന് ഉറക്കെപ്പറഞ്ഞാണ് നാടോടിയുടെ യാത്ര.
ഇത്തവണ നമ്മുടെ യാത്രക്കാരിൽ 71 വയസ്സുകാരിയായ രാജം ടീച്ചർ മുതൽ 3 വയസ്സുകാരിയായ ശങ്കരി മോൾ വരെയുണ്ടായിരുന്നു. ആ യാത്ര മറക്കാനാവാത്തൊരു അനുഭവമായി എന്ന് കേൾക്കുന്നതിൽ ഒരുപാട് സന്തോഷമുള്ളതുപോലെ തന്നെ സമയം പാലിക്കുന്നതിൽ വന്ന പിഴവുകൾക്ക് നാടോടിയുടെ പേരിൽ ആത്മാർത്ഥമായി ക്ഷമയും ചോദിക്കുന്നു. നിങ്ങൾ ഓരോരുത്തരും കാണിച്ച സ്നേഹത്തിനും, സഹകരണത്തിനും ക്ഷമയ്ക്കും ഒരുപാടൊരുപാട് നന്ദി.. സ്നേഹം..
വിവരണം – മഞ്ജുഷ മനോഹരൻ, ചിത്രം – അംബിക കൃഷ്ണ.