കാട്ടിൽവെച്ച് ആദ്യമായി കടുവാ ദർശനം കിട്ടിയ യാത്രയുടെ വിശേഷങ്ങൾ…

നേരത്തെ നിശ്ചയിച് ഉറപ്പിച്ച യാത്രകൾ പൊതുവെ നടക്കാറില്ല എന്നത് എന്നെയും, ഉറ്റമിത്രം K.C.അനീഷിനെയും സംബന്ധിച്ച് സത്യം ആണെങ്കിലും, ഇത്തവണ എങ്കിലും അത് തിരുത്തണം എന്നുള്ള ദൃഢനിശ്ചയത്തിൽ നവംബർ 17ന് ഞങ്ങളുടെ ഇഷ്ടസങ്കേതമായ കബനി നദിയുടെ തീരത്തെ കർണാടക ടൈഗർ റീസെർവ് ആയ നാഗർഹോളെയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്തു. ഇത്തവണ കൂട്ടിന് കൂട്ടത്തിലെ കാരണവരായ മോഹനേട്ടനും. നവംബർ 16ന് കാലത്തെ ബാങ്കിലെ ജോലിസംബന്ധമായ ആവശ്യത്തിന് കോഴിക്കോട് കൊടുവള്ളിവരെ എനിക്ക് പോകേണ്ടിവന്നു. “നിങ്ങൾ 17ന് കാലത്ത് അവിടെ എത്തിയാൽ മതി. ഞാൻ കൊടുവള്ളിക്ക് അടുത്തുള്ള വയനാട് റീജൻസിയിൽ താമസിച്ചോളാം” എന്നു പറഞ് യാത്രതിരിച്ചു.

എന്നാൽ ഏകദേശം ഉച്ചക്ക് 3 മണിയോടെ ആവർത്ത ഞെട്ടലോടെ ഞാൻ കേട്ടു. 17ന് കേരളത്തിന്റെ ദേശീയ ഉത്സവമായ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നു. കേട്ടപാടെ അനീഷിനെ ഫോൺവിളിച്ച് കാര്യം ധരിപ്പിച്ചു. ഇത്തവണയും എല്ലാ പ്രാവശ്യത്തെയും പോലെ ട്രിപ്പ് മുടങ്ങുമല്ലോ എന്ന വിഷമത്തിൽ ഇരിക്കുമ്പോൾ അങ്ങേ തലക്കലിൽ അനീഷിന്റെ പോസിറ്റീവ് മറുപടി “ഞാൻ ഇപ്പോ മോഹനേട്ടനെ വിളിച്ച്‌ ഫോൺ വച്ചതേ ഒള്ളൂ. ഞങ്ങൾ കാലത്തേ ഇറങ്ങാൻ നോക്കാം. പറ്റിയില്ലേൽ നീ വിഷമിക്കേണ്ട. ഒരു ദിവസം കൂടി അവിടെ നിൽക്കൂ. ഞങ്ങൾ രാത്രിയോടെ അവിടെ എത്തിക്കൊള്ളാം.”

നമ്മൾ എന്തൊക്കെ ആയാലും ഇത്തവണ പ്ലാൻചെയ്തപോലെ പോയിരിക്കും എന്ന അവരുടെ ഉറപ്പിൽ ഞാൻ നേരെ നേരത്തെ ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ റൂം എടുത്തു. പിറ്റേന്ന് കാലത്ത് അനീഷിന്റെ കോൾ “ഹർത്താൽ കുറച്ച് സ്‌ട്രോങ് ആണ്. അതുകൊണ്ട് വൈകിട്ടേ ഇറങ്ങാൻ പറ്റുകയുള്ളൂ” എന്നും പറഞ്ഞു. ഹോട്ടലിലെ താരീഫ് കുറച്ച് കത്തി ആയതിനാൽ ഞാൻ രാവിലെ 11 മണിക്ക് റൂം വെക്കേറ്റ് ചെയ്ത് അവിടുത്തെ ബസ്റ്റോപ്പിൽ കുത്തി ഇരിപ്പു തുടങ്ങി. അങ്ങനെ ഇരിക്കുമ്പോൾ നമ്മുടെ ചങ്ങാതിയും പ്രമുഖ വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറും, കൊടുവള്ളിക്കാരുടെ രോമാഞ്ജ കഞ്ചുകവുമായ ബിജുലാൽ കൊടുവള്ളിയെ വിളിച്ച് നോം ഇവിടെ പെട്ടുകിടക്കുന്ന അവസ്ഥ ബോധിപ്പിച്ചു. പുള്ളിക്കാരൻ കുറച്ച് തിരക്കിൽ ആയിരുന്നിട്ടും 6 മണിയോടെ ഞങ്ങൾ കണ്ടുമുട്ടി.

കോഴിക്കോടൻ ആതിഥ്യ മര്യാദ അത് വേറെ ലെവൽ തന്നെ ആണെന്ന് എനിക്ക് അന്ന് മനസിലായി. കാലത്തെ മുതലുള്ള എന്റെ വിശപ്പിനെ മറികടക്കാൻ ബസ്റ്റോപ്പിന്റെ അടുത്തുള്ള ഹോട്ടലിൽ ഞാൻ ഒരു 20 തവണയെങ്കിലും പോയിട്ടുണ്ടായിരുന്നു. അവസാനം ഹോട്ടൽ മുതലാളി നിവർത്തികേട്കൊണ്ട് എന്നോട് പറഞ്ഞു “5 മണിക്കെ ഹോട്ടൽ തുറക്കൂ. എന്നിരുന്നാലും 4.30 ആകുമ്പോൾ ചേട്ടൻ വന്നോ. ഷട്ടർ താഴ്ത്തി ഇട്ടിട്ടു ചേട്ടന് ഞാൻ ഭക്ഷണം തരാം.” പൊതുവെ ആരെയും ബുദ്ധിമുട്ടിക്കാൻ താല്പര്യം ഇല്ലാത്ത ഞാൻ 4.10 ആയപ്പോഴേക്കും ഹോട്ടലിന് മുന്നിൽ ഹാജർ. അവിടുന്ന് മൂക്കുമുട്ടെ അല്ഫാമും കഴിച്ച് ഇരിക്കുമ്പോൾ ആണ് ബിജുവിന്റെ വരവ്. ബിജുവിനും ഒറ്റനിർബന്ധം കൊടുവള്ളിയിൽ വന്നിട്ട് ഭക്ഷണം കഴിക്കാതെ വിടില്ലാ എന്ന്. (മുകളിൽ സൂചിപ്പിച്ച കോഴിക്കോടൻ ആതിഥ്യ മര്യാദ).

മനസ്സില്ലാ മനസ്സോടെ ആണെങ്കിലും വയറ് വാടകയ്ക്ക് എടുത്തപോലെ അവിടുന്നും കയറ്റി ഒരു കോർട്ടർ അൽഫം. പിന്നീട് അനീഷും മോഹനേട്ടനും വരുന്നവരെ പഴയ കഥകളൊക്കെ പറഞ്ഞ് അവിടെ ഇരുന്നു. ഏകദേശം 8.45ന് അനീഷും മോഹനേട്ടനും കൊടുവള്ളി എത്തി. ബിജുവിനെ കൂടെ വരാൻ ഞങ്ങൾ ഒരുപാട് നിർബന്ധിച്ചു. എങ്കിലും ചില ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യങ്ങൾകൊണ്ട് ബിജുവിന് ഞങ്ങളുടെ നിർബന്ധത്തെ സ്നേഹപൂർവം നിരസിക്കേണ്ടിവന്നു.

ഞങ്ങളുടെ അന്നത്തെ യാത്ര 1 മണിയോടെ കാട്ടിക്കുളത് ഒരു ലോഡ്ജിൽ അവസാനിച്ചു. അവിടുന്ന് കാലത്തെ 5.30 ന് തുടങ്ങിയ യാത്ര 7.30ന് കബനിയിലെ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ എത്തിച്ചു. ചെന്നപാടെ ആദ്യമേ കയറി ക്യൂ നിന്നു. 10 മണിക്ക് കൊടുത്തുതുടങ്ങുന്ന വൈകിട്ടത്തെ ടിക്കറ്റ് ആദ്യമേ കൈക്കലാക്കിയ സന്തോഷത്തോടെ ഹാൻഡ്‌പോസ്റ്റിൽ വന്ന് റൂം എടുത്ത് നല്ല ഉറക്കം ഉറങ്ങി.

വൈകീട്ട് 3.30 ന് തുടങ്ങുന്ന സഫാരിക്ക് ഞങ്ങൾ 2 മണിയോടെ ഹാജർ. 3.30ന് എ സോണിലേക്ക് യാത്ര ഡ്രൈവർ മഞ്ജുനാഥിന്റെ നേതൃത്വത്തിൽ പുറപ്പെട്ടു. കഴിഞ്ഞ പത്ത് പന്ത്രണ്ടു യാത്രകളിൽ നടക്കാത്ത സ്വപ്നം. അവനെ, കമ്പനിയുടെ സ്വന്തം രാജാവിനെ കാണാൻ ഇത്തവണ എങ്കിലും നടക്കുമോ? അതോ ഈ യാത്രയും അടുത്ത യാത്രയ്ക്കുള്ള സ്വപ്നമായി മാറുമോ എന്ന വേവലാതിയും മനസ്സിനെ അലട്ടിയിരുന്നു. വണ്ടിയിൽ കയറിയപ്പോൾ മുതൽ ഞാൻ ഒരു കന്നഡകാരനെ ശ്രദ്ധിച്ചിരുന്നു. ഫോറസ്റ്റ് ഓഫിസർമാരുമായി നല്ല ചങ്ങാത്തം പുലർത്തുന്ന ഒരു മനുഷ്യൻ. അതിലേക്ക് പിന്നീട് വരാം.

ഞങ്ങളുടെ എല്ലാം സന്തോഷത്തിന് മുക്കാൽ മണിക്കൂറെ ആയുസ് ഉണ്ടായിരുന്നുള്ളു. പെട്ടെന്ന് എവിടെനിന്നോ വന്ന മഴ ഞങ്ങളുടെയെല്ലാം സന്തോഷത്തിന് കരിനിഴലായി. കയറുമ്പോൾ കണ്ട ഒരുകൂട്ടം കാട്ടുപോത്തിനെ അല്ലാതെ വേറെ ഒന്നിനെയും അതുവരെ കണ്ടതും ഇല്ല. വണ്ടി ഒരുതരി മുന്നോട്ട് എടുക്കാൻ പറ്റാത്ത അവസ്ഥ. ഡ്രൈവർക്ക്, മുൻപിലുള്ള ഒന്നും കാണാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ വണ്ടി ഒരു സൈഡ് ആക്കുകയെ നിവർത്തി ഉണ്ടായിരുന്നുളൂ. 15 മിനിട്ടോളം മഴ തകർത്തു പെയ്തു. മാനത്ത് ഉദിച്ച കാർമേഘങ്ങളെക്കാൾ വലിയ കരിനിഴൽ വണ്ടിയിലുള്ള എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു.

വണ്ടി അനങ്ങാതെ കിടക്കുമ്പോഴാണ് നേരത്തെ ഞാൻ സൂചിപ്പിച്ച കന്നടകാരന്റെ കൂടെയുണ്ടായിരുന്ന ആളുടെ ഫോണിലേക്ക് കോൾ വരുന്നത്. പെട്ടെന്ന് അദ്ദേഹം ഫോൺ വാങ്ങി സംസാരിച്ചൂ എങ്കിലും കാടിന്റെ അകം ആയത് കൊണ്ട് സംസാരം അദ്ദേഹത്തിന് ക്ലിയർ ആയില്ല. അദ്ദേഹം ഞങ്ങളോടെല്ലാം പറഞ്ഞു “എന്തിന്റെയോ അലാംകോൾ ആണ് എന്ന് ഉറപ്പാണ് പക്ഷെ ഫോൺ കട്ടായിപോയി.” ഏകദേശം 2 മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും കോൾ, “എം എം റോഡിൽ അതാ കമ്പനിയുടെ സ്വന്തം രാജാവ് പുൽത്തകിടിയിൽ കിടന്ന് വിശ്രമിക്കുന്നു, പെട്ടെന്ന് വന്നാൽ കാണാം” എന്ന്.

കേട്ടപാടെ ഡ്രൈവർ മഞ്ജുനാഥ്‌ വണ്ടിയെടുത്തു നേരെ എം എം റോഡ് ലക്ഷ്യമാക്കി യാത്ര. ഭ്രമരത്തിലെ മോഹൻലാലിന്റെ ഹൈറേഞ്ച് ഡ്രൈവിങ്ങിനെ ഓർമ്മിപ്പിക്കും പോലെ പിന്നീട് ഒരു പറക്കലായിരുന്നു വണ്ടി. എല്ലാവരുടെയും മുഖം ആകാംഷ കൊണ്ട് തിളങ്ങി. അപ്പോൾ വീണ്ടും കോൾ, എല്ലാവരുടെയും മുഖം വീണ്ടും അമ്പരപ്പിൽ. പക്ഷെ കോൾ വന്നത് “കക്ഷി കിടക്കുകയാണ്, കണ്ടിട്ട് ഇപ്പോഴൊന്നും പോകുന്ന മട്ടില്ല പതുക്കെ വന്നാമതി” എന്നുപറയാൻ ആയിരുന്നു. എം എം റോഡിലെ നേരെയുള്ള വഴിയിൽ ഏകദേശം അരകിലോമീറ്റർ മുന്നേ ഞങ്ങൾക്ക് കാണാമായിരുന്നു. എന്തിനോ ചുറ്റും 3,4 ബസുകളും അത്രതന്നെ ജിപ്സികളും നിർത്തിയിട്ടിരിക്കുന്നു.

മുന്നോട്ട് അടുക്കുംതോറും അവന്റെ മുഖം കണ്ണുകളിൽ വ്യക്തമായിക്കൊണ്ടിരുന്നു. അതാ വർഷങ്ങളായി ആഗ്രഹിച്ച ആ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. സാക്ഷാൽ കടുവ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപെട്ടിരിക്കുന്നു. ഏകദേശം അര മണിക്കൂറോളം ഞങ്ങൾക്ക് ദർശനം തന്നിട്ട്, “ഇന്ന് ഇതുമതി ബാക്കി നാളെ” എന്ന മട്ടിൽ മൂട്ടിലെ പൊടിയും തട്ടി അവൻ നേരെ കാടിന്റെ അകത്തേക്ക് പോയി മറഞ്ഞു. ഞാൻ ഉൾപ്പെടെയുള്ള ആളുകളുടെ മനസ് സന്തോഷംകൊണ്ട് ആറാടി. അപ്പോൾ സമയം 6 മണി. സഫാരി മതിയാക്കി ഞങ്ങൾ വീണ്ടും ഫോറസ്റ്റ് ഓഫീസിലേക്ക്.

പിറ്റേദിവസം കാലത്തെ എഴുന്നേറ്റ് രാവിലത്തെ സഫാരിക്ക് പോകാം എന്ന് വിചാരിച്ച് ഇരിക്കുമ്പോൾ വീണ്ടും ഒരു കലക്കൻ മഴ. തൊട്ടടുത്തുള്ള മലയാളീ ഹോട്ടൽനിന്ന് ഭക്ഷണം കഴിക്കുമ്പോൾ സുഹൃത്ത് ഹർഷാദ് ഭായിയുടെ കോൾ. മഴകാരണം കാലത്തെ സഫാരി റദ്ദാക്കി. അങ്ങനെ കാലത്തെ സഫാരി മുടങ്ങിയ നഷ്ടബോധത്തിൽ റൂമിൽ പോയികിടന്നുറങ്ങി പിറ്റേന്ന് രാവിലെ ആലുവക്ക് യാത്ര തിരിച്ചു.

വിവരണം – C U Sreeni, Pic courtesy- Mohan Cp, Special Thanks – K.c. Aneesh, Bijulal Koduvally.