കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്. അതിലും വിശേഷമാണ് നാലമ്പലദര്‍ശനം. ശ്രീരാമന്, ഭരതന്, ലക്ഷ്മണന്, ശത്രുഘ്നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങള്‍ എന്നുപറയുന്നത്. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്. എങ്കിലും മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ് കൂടുതല്‍ പ്രസിദ്ധി കൈവന്നിട്ടുള്ളത്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും.
നാലമ്പല ദർശനത്തിനായി വരുന്ന തീർത്ഥാടകർക്കായി കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ നടത്തി വരാറുണ്ട്. അതിൽ ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്നുള്ള സർവ്വീസിനാണ് ഏറ്റവും കൂടുതൽ ജനപ്രീതി. അത് എന്താണെന്നുള്ളത് വിവരിച്ചു തരികയാണ് തീർത്ഥാടകനായ രഞ്ജിത്ത് രാജ്. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു.
“പതിനായിരങ്ങൾക്ക് നാലമ്പല ദർശനത്തിന്റെ പുണ്യം സുഗമമാക്കിക്കൊണ്ട് ഇരിഞ്ഞാലക്കുട KSRTC ഡിപ്പോ 11 വർഷക്കാലമായി കർക്കിടക്ക മാസത്തിലെ നാലമ്പല ദർശനത്തിന് ഇരിഞ്ഞാലക്കുടയിൽ നിന്നും യാത്ര ആരംഭിച്ച് തൃപ്രയാർ ശ്രീരാമ സന്നിധി, കൂടൽമാണിക്യം ഭരതക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ സന്നിധി തുടർന്ന് പായമ്മൽ ശത്രുഘ്ന സ്വാമിയേയും തൊഴുത് അന്നദാനവും സ്വീകരിച്ച് ഒരു കുടുംബത്തേപ്പോലെ തിരിച്ച് ഉച്ചക്ക് 2 മണിയോടെ ഇരിഞ്ഞാലക്കുടയിൽ.
ആനവണ്ടിയുടെ ഈ പുണ്യ യാത്രയിൽ ഭക്തർക്ക് ഒരിക്കലും മറക്കാനാവാത്ത സാന്നിധ്യമാണ് കണ്ടക്ടർ സുബ്രമണ്യൻ. ഓരോ ക്ഷേത്രത്തിലും എത്തുന്നതിനു മുൻപു തന്നെ ക്ഷേത്രത്തേക്കുറിച്ച് അദ്ദേഹം വിവരിച്ചുകൊണ്ടിരുന്നു. ക്ഷേത്രസങ്കൽപം, വഴിപാട് വിവരങ്ങൾ, ആചാരക്രമങ്ങൾ കൂടാതെ ഒരു അധ്യാപകൻ തന്റെ വിദ്യാർഥികളെ കൊണ്ടു പോകുന്നതു പോലെ യാത്രക്കാരെ വരിയായി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി, ദർശനം സാധ്യമാക്കി തിരിച്ച് ഓരാളേപ്പോലും തിരക്കിൽ ഉപേക്ഷിക്കാതെ നാലു ക്ഷേത്രങ്ങളിലും ക്യത്യസമയത്തു തന്നെ എത്തിച്ച് യാത്ര സുഗമമാക്കുന്നു.
കർക്കിടക മാസത്തിന്റെ അവസാന ദിനമായ ഇന്നലെ നാലമ്പല ദർശനത്തിന് സഹായിച്ച KSRTC ഇരിഞ്ഞാലക്കുടക്കും, കണ്ടക്ടർ സുബ്രമണ്യനും, ഡ്രൈവർക്കും എന്റേയും ഭാര്യ മീനാക്ഷിയുടേയും നന്ദി അറിയിക്കുന്നു. ഏവർക്കും സംഗമേശന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.”
ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ദര്‍ശനം നടത്തുന്നത് പാപപരിഹാരമാണെന്ന് കരുതുന്നു. തൃപ്രയാറപ്പന്റെ നിര്‍മാല്യം തൊഴുത് മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക് തൃപ്രയാറില്‍ത്തന്നെ മടങ്ങിവരുന്നത് വളരെ പുണ്യപ്രദമാണെന്ന് കരുതുന്നു. ഇതുകൂടാതെ കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിവയാണ്. രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവാണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയില്‍ ശത്രുഘ്ന ക്ഷേത്രം ഇവയാണ് മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍.