വിവരണം & ചിത്രങ്ങൾ – C U Sreeni.
പഴൂർ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കഴിഞ്ഞ് നമ്പ്യാര്കുന്നിലെ അയനിപുരയിൽ നിന്നും വണ്ടി ഇടത്തോട്ടുള്ള ഇടുങ്ങിയ റോഡിലേക്ക് തിരിയുമ്പോൾ പുറകിലെ സീറ്റിൽനിന്നും വിബിന്റെ ശബ്ദം” ശ്രീനിയേട്ടാ വണ്ടി ഇനി സൂക്ഷിച്ച് ഓടിക്കണം ഏപ്പോവേണമെങ്കിലും റോഡിൽ ആനയുണ്ടാകാം”. മനസിനുള്ളിൽ ഒരു വെള്ളിടിവെട്ടിയെങ്കിലും വിബിന്റെ പിന്നീടുള്ള വാക്കുകൾ എനിക്ക് ആശ്വാസമായി.പേടിക്കേണ്ട ഇവിടുത്തെ ആനകൾ ഇതുവരെ മനുഷ്യനെ ആക്രമിച്ച ചരിത്രം ഇല്ല . അതേ അതാണ് നമ്പ്യാര്കുന്ന് ഗ്രാമവും അയനിപുര പ്രദേശവും. പതിവിന് വിപരീതമായി മനുഷ്യനും വന്യമൃഗങ്ങളും പാരസ്പര്യം വച്ചുപുലർത്തി സമരസപെട്ട് ജീവിക്കുന്ന ഒരു ഗ്രാമം.
ഇരുട്ട് വീഴുന്നത് വരെ മനുഷ്യപുത്രന്മാർ നാട് കയ്യടക്കുമ്പോൾ രാത്രിയുടെ യാമങ്ങളിൽ സഹ്യപുത്രന്മാർ കാടിറങ്ങി നാട് കയ്യടക്കുന്നു. നേരംപുലരുമ്പോൾ തെങ്ങും കവുങ്ങും വാഴയും പറിച്ചെറിഞ്ഞും, പാതിതിന്ന നിലയിലും കാണുമ്പോൾ ഈ നാട്ടുകാർക്ക് കാടിന്റെ പുത്രൻമാരോട് തെല്ലും പരാതിയില്ല. കാരണം മനുഷ്യന്റെ വിവേകവും വിശേഷവും ചേർന്ന ബുദ്ധി ഇവറ്റകൾക്ക് ഉണ്ടായിരുന്നേൽ നമ്മുടെ നാടെല്ലാം ഈ ഭീമാകാരന്മാർ എന്നേ കയ്യടക്കിയേനെ. മറിച്ച് ഈ നാട്ടുകാർക്ക് പരാതിയുള്ളത് സർക്കാരിനോടാണ്, കാരണം ഈ ഗ്രാമത്തിനോട് ചേർന്നുള്ള കാട് സ്ഥിതിചെയ്യുന്നത് കേരളത്തിലും, ഗ്രാമം സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലുമാണ്. അതുകൊണ്ട് കൃഷിനാശം വന്നാൽ തമിഴ്നാട് സർക്കാർ ഇവരെ കയ്യൊഴിയും.ഇത് സ്ഥിരം രീതി ആയതുകൊണ്ട് ഈ നാട്ടുകാർക്ക് ഇപ്പോൾ ആരോടും ഒരു പരാതിയോ, പരിഭവമോ ഇല്ല. പരാതിപെട്ടിട്ടും കാര്യമില്ല.
ഞങ്ങളുടെ വണ്ടി ഭാഗ്യത്തിന് ഒരു കരിവീരന്റെയും മുന്നിൽച്ചെന്നുപെടാതെ നേരെ ചെന്ന് നിന്നത് വിബിന്റെ വീടിന് മുന്നിലാണ്. നല്ല ആഢ്യത്വമുള്ള നമ്മുടെ നാട്ടിലെ പഴയ മനകളെ വെല്ലുന്ന ഇരുനിലയുള്ള മച്ചിട്ട വീട്.ഞങ്ങൾക്ക് താമസിക്കാൻ വിബിന്റെ അച്ഛനും അമ്മയും മുകളിലെനിലയിൽ റൂം ഒരുക്കിയിരുന്നു. “വിശേഷങ്ങളൊക്കെ കാലത്ത് സംസാരിക്കാം വേഗംചെന്ന് ഉറങ്ങാൻ നോക്കിക്കോളൂ..” എന്ന വിബിന്റെ അച്ഛന്റെ വാക്ക് കേട്ട് ക്ലോക്കിലേക്ക് നോക്കുമ്പോൾ സമയം 2.30 നോട് അടുത്തിരിക്കുന്നു. മുകളിൽ എത്തി ഡ്രസ്സൊക്കെ മാറി നേരെ കട്ടിലിൽ കയറികിടന്നു. ഏപ്രിൽ മാസത്തെ ചൂടിൽ കൊച്ചിക്കാര് രാത്രി ഫാനിന്റെ സ്പീഡ് കുറച്ചുംകൂടി കൂട്ടാൻ പറ്റിയിരുന്നെങ്കിൽ എന്ന് പ്രാകി നേരം വെളുപ്പിക്കുമ്പോൾ, ഒരു ഫാനിന്റെ കാറ്റ്പോലും വേണ്ടിവന്നില്ല ഞങ്ങളെ നിദ്രവന്ന് തഴുകാൻ.
ഉറക്കത്തിനിടക്ക് താഴത്ത് എന്തോ ശബ്ദം കേട്ടാണ് ഞാനും ഗോപീകൃഷ്ണനും ഞെട്ടിയുണർന്നത്. എഴുന്നേറ്റ് ജനലിലൂടെ മൊബൈലിന്റെ വെളിച്ചത്തിൽ താഴോട്ട് നോക്കുമ്പോൾ അതാ നിൽക്കുന്നു ഞങ്ങളുടെ കാർ പാർക്ക് ചെയ്തിരുന്ന പോർച്ചിനു താഴേ ഒരു കരിവീരൻ. അവൻ താഴെനിന്ന് പോർച്ചിന്റെ സൈഡിൽ നിന്നിരുന്ന പ്ലാവിൽനിന്നും ചക്കയിട്ട് ശാപ്പാടാക്കുകയാണ്. മുറിക്കുള്ളിൽ വെളിച്ചം കണ്ടതും ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന കണക്കെ അവൻ അവിടെനിന്നും സ്ഥലം കാലിയാക്കി. അതേ ,ആ നാടിന്റെ രാത്രിയിലെ ഭീകരത ഞങ്ങൾ മനസിലാക്കിയത് അപ്പോഴാണ്.
കാലത്ത് 8 മണിയോടെ എഴുന്നേറ്റ ഞങ്ങൾ കുളി തേവാരങ്ങൾക്ക് ശേഷം നേരെ വീടിന്റെ ഉമ്മറപടിയിൽ എത്തിയപ്പോൾ വിബിന്റെ അമ്മ ഞങ്ങൾക്കായി നല്ല ചൂടൻ കാപ്പിയും ആ നാടിന്റെ സ്പെഷ്യൽ ഐറ്റമായ “നുള്ളി പുട്ടും” ഒരുക്കിയിരുന്നു. അരിപ്പൊടിയും പഴവും മറ്റ് എന്തൊക്കെയോ ചേർത്ത് ഉണ്ടാക്കിയ ഒരു സ്വയമ്പൻ ഐറ്റം ആണ് നുള്ളി പുട്ട് . ചെറിയ ചെറിയ ഉണ്ടകളായി ഉണ്ടാക്കുന്നത് കൊണ്ടായിരിക്കാം അതിന് നുള്ളി പുട്ട് എന്ന പേര് വന്നത്. ഇപ്പോഴും അതിന്റെ രുചി നാവിൽനിന്നും പോയിട്ടില്ല.
കാപ്പികുടിച്ച് ഞങ്ങൾ പോയത് തലേദിവസം ആനയെ കണ്ട സ്ഥലത്തേക്കാണ്. പോകുന്ന വഴിക്ക് വിബിന്റെ അച്ഛൻ പറയുന്നുണ്ടായിരുന്നു ആന ഇറങ്ങി താഴോട്ട് പോയത് അവിടെ കിടന്നിരുന്ന കാറുകൾക്ക് ഇടയിലൂടെ ആയിരുന്നു എന്ന്. ഞങ്ങൾക്ക് അത്ഭുതമാണ് തോന്നിയത് കാരണം അവന് ഒന്ന് ചാരിയാൽ പപ്പടം ആകാവുന്ന ഒന്നേ ഒള്ളു നമ്മുടെ വണ്ടി. പക്ഷെ അവറ്റകൾ അങ്ങനെയൊന്നും ആ നാട്ടുകാരോട് പ്രതികരിക്കാറില്ല. പക്ഷെ വയറ് വിശക്കുമ്പോൾ ചായക്കടയിൽ കയറി കട്ടൻചായയും പരിപ്പുവടയും കഴിക്കാനുള്ള വിവേകബുദ്ധി അവറ്റകൾകില്ല . മുമ്പിൽ കാണുന്നത് എന്താണോ,അത് നമ്മൾ വർഷങ്ങളായി താലോലിച്ച് വളർത്തിയ തെങ്ങോ, പ്ലാവോ എന്നൊന്നുമില്ല വലിച്ച് വാരി അകത്താക്കി വിശപ്പടക്കും.
ആന നിന്നയിടം ഞങ്ങൾ ചെന്ന് നോക്കുമ്പോൾ അതിനോട് ചേർന്നുള്ള ഭാഗത്തെ വെള്ളത്തിന്റെ പൈപ്പ് പൊട്ടിയിട്ടുണ്ടായിരുന്നു. വിബിന്റെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ഇപ്പോൾ വാഴ വക്കാറില്ല. കാരണം,വച്ചാൽ കുലക്കുന്നതിന് മുന്നേ ആന തിന്നും. അതുകൊണ്ട് ഇപ്പോൾ തേയിലയും കാപ്പിയും ആണ് കൃഷി. ഇത് രണ്ടിലും ആനകൾ പൊതുവെ കൈവക്കാറില്ല. പക്ഷെ കാപ്പിക്കുരു പഴുക്കുന്നതിനു മുന്നേ നമ്മുടെ പൂർവിക ശിരോമണികൾ അവ അകത്താക്കും. കാപ്പി കൃഷിക്ക് ഇപ്പോൾ ശല്യം വാനരന്മാരെ കൊണ്ടാണ്.
വിബിന്റെ പറമ്പിൽനിന്നും ഞങ്ങൾ നേരെ ഇറങ്ങിച്ചെന്നത് അവന്റെ ചിറ്റയുടെ വീട്ടിലേക്കാണ്. അവിടുത്തെ സ്ഥിതിയും മറിച്ചല്ല.തലേദിവസം ഇറങ്ങിയ ആനകൂട്ടം വീടിന് സൈഡിൽ ഉണ്ടായിരുന്ന വാഴകണ്ണുകൾ മുഴുവൻ അകത്താക്കി. തലേദിവസം പുറകുവശത്ത് എന്തോ ഒച്ചകേട്ട് ചിറ്റയുടെ മകൾ ജനാല തുറന്നപ്പോൾ ജനലിന്റെ തൊട്ട് ചേർന്ന് ആനയുടെ പുറംഭാഗം. ഭാഗ്യത്തിന് ജനൽപ്പാളി ആനയുടെ ദേഹത്ത് കൊണ്ടില്ല. കൊണ്ടിരുന്നെങ്കിൽ ഒരുപക്ഷേ ആ വീട് ഇന്ന് കാണാൻ ഉണ്ടാകുമായിരുന്നില്ല. എന്നിരുന്നാലും ഇതെല്ലാം ഇവടത്തുകാർക്ക് സർവ്വ സാധാരണമാണ്.
അവിടെ നിന്നും തിരികെ ഞങ്ങൾ വീട്ടിലേക്ക് നടന്നത് റോഡിലൂടെ ആയിരുന്നു. റോഡിൽ മുഴുവൻ ആനപ്പിണ്ടം കിടക്കുന്നുണ്ട്. ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്ക് അതിശയം ആയിരുന്നു. ഈ നാട്ടുകാർ പേടികൂടാതെ ഇവിടെ എങ്ങനെ ജീവിക്കുന്നു? തിരികെ വീട്ടിൽ എത്തിയപ്പോൾ പ്രാതലിന് വിബിന്റെ അമ്മയുടെ വക മറ്റൊരു ഐറ്റം. വയനാടൻ ചെട്ടിയാർമാരുടെ സ്പെഷ്യൽ “ഒട്ടി”. അരിപ്പൊടി വെള്ളം ചേർത്ത് കുഴച്ച് കനലിൽ ചുട്ടെടുക്കുന്ന ഒരു അത്യുഗ്രൻ പലഹാരം. ചൂടോടെ ഞങ്ങളുടെ മുന്നിൽ എത്തിയപ്പോൾ അമ്മയുടെ പ്രത്യേക നിർദ്ദേശം “മുകളിലെ പാളി ഇളക്കി മാറ്റിയിട്ട് ലേശം നെയ്യ് അതിൽ ഒഴിച്ച് കഴിക്കൂ” .
നിർദ്ദേശം ശിരസാവഹിച്ചപ്പോൾ നാവിന്റെ രസമുകുളങ്ങൾ സന്തോഷം കൊണ്ട് ആറാടി. പറഞ്ഞറിയിക്കാൻ പറ്റാത്ത രുചി. കൂടെ അമ്മയുടെ ചെറുപയർ കറികൂടി ആയപ്പോൾ വയറ് പെരുമ്പറ കൊട്ടാൻ തുടങ്ങി. ഭക്ഷണത്തിന് ഇടയിലെ കുശാലാന്വേഷണത്തിൽ വിബിന്റെ വീട്ടിലെ പട്ടിയെ കൂട്ടിൽ നിന്നും പുലി പിടിച്ചുകൊണ്ടുപോയ കഥയും, തൊട്ടപ്പുറത്തെ വീടുകളിൽ നിന്നും ആടിനെയും കോഴിയേയും കടുവയും, കുറുനരിയും പിടിച്ച കഥയും ഒക്കെ ഉണ്ടായിരുന്നു. അതിൽ നിന്നും ഞങ്ങൾ മനസ്സിലാക്കി ഈ കാനനഗ്രാമം ഞങ്ങളുടെ ജീവിതത്തിൽ നൽകിയത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണെന്ന്.
വീണ്ടും വരുമെന്ന ഉറപ്പോടെ, മനസ്സില്ലാ മനസ്സോടെ നമ്പ്യാര്കുന്ന് എന്ന കാനന ഗ്രാമത്തെ വിട്ടിട്ട് നാഗർഹോളയിലേക്ക് ഞങ്ങൾ യാത്ര തുടർന്നു. നമ്പ്യാര് കുന്നിലേക്ക് പോകുന്ന വഴി – വയനാട് ബത്തേരിയിൽനിന്ന് ചീരൽ, നമ്പ്യാര്കുന്ന്, അമ്പലമൂല, അയനിപ്പുര. വിബിന്റെ വീട്ടുപേര് തോട്ടപ്പുര. നിലമ്പൂർ വഴി വരുമ്പോൾ നാടുകാണി, പന്തല്ലൂർ, അയ്യൻകൊല്ലി, അമ്പലമൂല, അയനിപുര.