എഴുത്ത് – റോണി തോമസ്.
ദുരൂഹത നിഴലിക്കുന്ന പല തിരോധാനങ്ങളുടെ ചരിത്രത്തിലേക്കൊന്നു കണ്ണോടിച്ചാൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഭാവനാത്മകമായ പല കഥകൾ അതിനോട് ചേർത്തു വായിക്കാൻ കഴിയും. കൃത്യമായ തെളിവുകളേക്കാൾ ഏക കാലത്തിൽ സംഭവിക്കുന്നത് ചേർത്തു വെച്ചു തന്നെയാണ് പല ചരിത്രകാരന്മാരും ഇത്തരം അനുമാനങ്ങളിലേക്ക് എത്തിച്ചേരുന്നത്. ഒന്നാം സ്വതന്ത്ര സമരം എന്ന് വിലയിരുത്തുന്ന മദ്ധ്യേന്ത്യയിലും ഉത്തരേന്ത്യയിലും പൊട്ടി പുറപ്പെട്ട ഇന്ത്യൻ ലഹളയിലെ സുപ്രധാനമായ ഒരേടാണ് കാൺപൂരിനെ കേന്ദ്രീകരിച്ചു ഉയർന്നു വന്ന ബഹു ജനനേതാവായ നാനാ സാഹേബിന്റെ പോരാട്ടങ്ങൾ.
മാറാത്ത പേഷ്വയായ ബാജി റാവു രണ്ടാമന്റെ വളർത്തു പുത്രൻ സമര മുഖത്തേയ്ക്ക് ഇറങ്ങിയ ചരിത്ര രേഖകൾ പക്ഷെ 1858 സെപ്തംബർ മാസത്തോടെ എന്നന്നേയ്ക്കുമായി അടഞ്ഞു. അവദിലെ ബീഗം നസ്രത് മഹലുമായി നേപ്പാൾ മലനിരകളിലേക്ക് പലായനം ചെയ്ത നാനാ സാഹിബിനു തുടർന്ന് എന്താണ് സംഭവിച്ചതെന്നും , രക്ഷപെടുമ്പോൾ കൈവശം കൊണ്ടുപോയ തന്റെ വൻ സമ്പാദ്യ ശേഖരങ്ങൾ എവിടെയാണെന്നും യാതൊരു തെളിവുകളും ഇല്ല .മേല്പറഞ്ഞപോലെ യാദൃശ്ചികമായി അതെ കാലത്തു സംഭവിച്ച ചില അനുമാനങ്ങൾ തന്നെയാണ് പല ചരിത്രകാരന്മാരും മുന്നോട്ടു വെയ്ക്കുന്നത് …നിലവിലെ പ്രമാണങ്ങളുടെ വസ്തുത എന്തായാലും ഒന്ന് പരിശോധിച്ചാലോ ..?
1957 march 27, കൃത്യമായി പറഞ്ഞാൽ ഒന്നാം സ്വതന്ത്ര സമരത്തിന് നൂറു വർഷങ്ങൾക്ക് ശേഷം ..നേപ്പാൾ ഗവണ്മെന്റ് തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും വളരെ ദൂരെ സ്ഥിതി ചെയ്യുന്ന വന പ്രേദേശമായ നാഗാർജ്ജുന മല നിരകളിൽ തലസ്ഥാനമായ ഒരു നിധി ശേഖരത്തിനു തിരച്ചിൽ നടത്തുന്ന വാർത്ത പുറത്തു വന്നിരുന്നു …മലനിരകളിൽ കുഴിച്ചിട്ട വൻ സ്വർണ്ണ ശേഖരങ്ങൾ പുറത്തെടുത്തുവെന്നും അവയുടെ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ല എന്നും വാർത്തകൾ ഉണ്ടായിരുന്നു …ഇതിനെ തുടർന്ന് പലരും ഇത് നാനയുടെ സമ്പത്തായിരുന്നും മറ്റും പല വിധത്തിൽ പ്രചരിച്ചു …
കലാപകാരികൾക്കെതിരെ അന്ന് വേട്ട തുടർന്ന ഇംഗ്ലീഷ് സൈന്യത്തിന്റെ കണ്ണ് വെട്ടിച്ചു നേപ്പാൾ അതിർത്തി കടന്ന നാനാ സാഹേബ് ,ബീഗം ഹസ്രത് മഹലിനും സംഘത്തിനും പക്ഷെ ബ്രിട്ടീഷുകാരുടെ സുഹൃത്തായ നേപ്പാൾ രാജാവ് ജംഗ് ബഹദൂറിന്റെ ചതികൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചില്ല …ഇരുവരെയും പിന്തുടരാൻ ഇംഗ്ളീഷുകാരെ അനുവദിച്ച രാജാവ് അവർക്ക് വേണ്ട സഹായങ്ങൾ നൽകി ..തുടർന്നായിരുന്നു കണക്കറ്റ സമ്പാദ്യങ്ങളുമായി നാഗാർജ്ജുന മലനിരകളിലേക്ക് നാന സാഹേബ് നീങ്ങിയതെന്നും ചരിത്രകാരന്മാർ വിലയിരുത്തുന്നത്….
മഹാരാഷ്ട്ര സ്വദേശിനിയും ചരിത്ര കാരിയുമായ അന്തരിച്ച ശാരദ ദ്വിവേദിയുടെ കുറിപ്പുകളിൽ പക്ഷെ മറ്റൊരു വിചിത്രമായ മറ്റൊരു കണ്ടെത്തൽ ഒളിഞ്ഞിരുപ്പുണ്ട് ..ധന ശേഖരങ്ങളുമായി പലായനം ചെയ്ത നാനാ സാഹേബ് ഗംഗാ നദി മുറിച്ചു കിടക്കുന്ന ഘട്ടം വന്നപ്പോൾ ഭാരമേറിയ പല വസ്തുക്കളും സ്വർണ്ണ നിറഞ്ഞ വലിയ പെട്ടികളടക്കം രക്ഷപെടാനുള്ള തത്രപ്പാടിൽ ഉപേക്ഷിക്കുകയായിരുന്നു ..ഏകദേശം അറുപത് വർഷങ്ങൾക്ക് ശേഷം നദിയിൽ മത്സ്യബന്ധനം നടത്തിയ മുക്കുവരിൽ ഒരുവന് ഏകദേശം ഇരുപത് കിലോയോളം തൂക്കം വരുന്ന പൂർണ്ണമായും സ്വർണ്ണത്തിൽ നിർമ്മിച്ച ഒരു ഗണേശ വിഗ്രഹം ലഭിക്കുകയുണ്ടായത്രേ ..അദ്ദേഹം ഈ വിഗ്രഹം കാൺപൂരിലെ ഒരു വ്യാപാരിക്ക് വിൽക്കുകയുണ്ടായി ….(ഇന്നും ഈ വിഗ്രഹം പാരമ്പര്യമായി കൈമാറി ആ കുടുംബം പൂജകളും മറ്റും നടത്തുന്നു).
നാനായുടെ ഈ സ്വർണ്ണ ശേഖരത്തിന്റെ കഥകൾ ആ പ്രദേശത്തും നല്ല രീതിയിൽ പ്രചരിച്ചിരുന്നു …എന്തായാലും നല്ലൊരു ഭാഗം നദി കവർന്നെടുത്തുവെന്നു തന്നെയാണ് ഈ ചരിത്രകാരിയും കുറിച്ചിരുന്നത്. എങ്കിലും മറ്റു ചില ചരിത്രകാരന്മാരുടെ കണ്ടെത്തലുകൾ നേരെ മറിച്ചാണ് ..പ്രാണ രക്ഷാർത്ഥം കടന്നു കളയാനുള്ള വ്യഗ്രതയിൽ ഇത്രയും ഭാരമേറിയ ശേഖരങ്ങൾ ഒന്നും തന്നെ നാന സാഹിബ് എടുത്തു കൊണ്ടുപോവാൻ വഴിയില്ലെന്ന് തന്നെയാണ് …എന്നാൽ അവിടെയും മറ്റൊന്ന് പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു …നിധി ശേഖരങ്ങളെ കുറിച്ച് രഹസ്യ വിവരം ലഭിച്ച ഇംഗ്ലീഷുകാർ അത് കൈക്കലാക്കുവാനും അദ്ദേഹത്തെ പിടി കൂടാനും വേണ്ടി വൻ പടയുമായി നീങ്ങിയ സമയം ….!
കൊട്ടാരത്തിനുള്ളിൽ എട്ടു രഹസ്യ അറയിലാണ് ഈ സമ്പാദ്യശേഖരമെന്നു ചാരന്മാമാർ മുഖേന അവർ മനസ്സിലാക്കി ….പക്ഷെ ചെന്നെത്തേണ്ട സമയം ഇവയെല്ലാം തന്നെ ശൂന്യമായിരുന്നു .. സ്വർണ്ണത്തിൽ തീർത്ത ആനപ്പുറത്തും മറ്റും ഉപയോഗിക്കുന്ന ഒന്നു രണ്ടു ഇരിപ്പിട കവചങ്ങൾ(howdah) ,പിന്നെ വെടിക്കോപ്പുകളും നിറയ്ക്കുന്ന പെട്ടിയിൽ സുരക്ഷിതമായി പൊതിഞ്ഞ നിലയിലുള്ള ചില വെള്ളികൊണ്ടുള്ള വസ്തുക്കൾ മാത്രം മിച്ചം …! സ്വാഭാവികമായും ആലോചിച്ചാൽ അവിടെ നിന്നും ഒന്നും കൈവശം വെച്ചുകൊണ്ടല്ല ആശാൻ വലിഞ്ഞതെന്ന ചരിത്രകാരന്മാരുടെ കണ്ടെത്തൽ എങ്ങനെ സാധൂകരിക്കും ..?
ശത്രുക്കളിൽ നിന്നും രക്ഷപെട്ട നാനാ സാഹിബിനെ പിന്നീട് 36 വർഷത്തോളം ബ്രിട്ടീഷുകാർ അന്വേഷിച്ചുവെന്നു പറയുന്നു …ഇതിനിടെ പലരെയും നാന എന്ന സംശയത്തിൽ അറസ്റ് ചെയ്തിട്ടുണ്ട് …മലനിരകളിലേക്ക് പലായനം ചെയ്ത നാനാ സാഹേബ് കൊല്ലപ്പെട്ടിട്ടില്ല എന്നും എവിടെയോ ഒളിവു ജീവിതം നയിക്കുന്നുവെന്നും അവർക്ക് ഉറപ്പായിരുന്നു …കുറച്ചു വർഷങ്ങൾക്ക് ശേഷം ആശിച്ചു കാത്തിരുന്ന വെള്ളക്കാർക്ക് ഒരു കച്ചി തുരുമ്പ് വീണു കിട്ടി ..നോർത്ത് വെസ്റ്റേൺ പ്രോവിന്സിൽ നാനയുടെ രൂപ സാദൃശ്യങ്ങളുമായി ‘മോഹൻ ദത്ത് ദുരാന്തർ ‘ എന്നൊരു മനുഷ്യനെ അവർ പിടികൂടി …പക്ഷെ നിരാശയായിരുന്നു ഫലം …
1863 ലേ ‘കമ്മീഷണർ ഫോർജ്ജറ്റ് ‘ ഫയൽ ചെയ്ത പ്രകാരം ….ആരോഗ്യ ദൃഢഗാത്രമായ ശരീരവും , നല്ല നിറവും, പിരിച്ചു വച്ച മീശയും , വട്ട കണ്ണുകളുമുള്ള മനുഷ്യൻ ആയിരുന്നത്രേ നാനാസാഹിബ് ..കലാപാകാലത്ത് ഉദ്ദേശ്യം മധ്യവയസ്സ് ഊഹിക്കാവുന്ന മനുഷ്യന് ശരീരത്തിൽ ചില അടയാളങ്ങൾ ദർശിച്ചിരുന്നു ..അതിലൊന്ന് കാലിന്റെ തള്ള വിരലിൽ കുന്തം കൊണ്ട് മുറിവേറ്റപോലെയുള്ള ഒരു കലയാണ് …എന്നാൽ ഇതൊന്നും സ്ഥിതീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല ….ചില രഹസ്യ ചാരന്മാരുടെ അഭിപ്രായത്തിൽ ലഭിച്ച വിവരങ്ങളും തമ്മിൽ ധാരാളം വ്യത്യാസങ്ങൾ ഉണ്ടായിരുന്നു …ഒടുവിൽ അന്വേഷണം എങ്ങുമെത്താതെ കേസ് ഫയലുകൾ കൊട്ടിയടയ്ക്കപ്പെട്ടു ..അവയ്ക്കൊപ്പം ആരെയും മോഹിപ്പിക്കുന്ന ആ അമൂല്യമായ സമ്പത്തുകളുടെ വിവരങ്ങളും ….!!
ഒരു കടംകഥ പോലെ നാനാ സാഹേബിന്റെ തിരോധാനം 1857 ലെ സ്വതന്ത്ര സമര ചരിത്രത്തിൽ നിഴലിച്ചു നിൽക്കുന്നു …രക്ഷപെടുന്ന സമയം ഒപ്പമുണ്ടായിരുന്ന അവദിലെ നവാബായ വാജിദ് അലി ഷായുടെ പത്നി ബീഗം ഹസ്രത് മഹൽ പിന്നീട് കഠ്മണ്ഡുവിൽ വെച്ച് മരണപ്പെട്ടതായാണ് രേഖകൾ. നാട്ടു രാജാക്കന്മാരുടെ പ്രാദേശിക മുന്നേറ്റങ്ങളെ സ്വാതന്ത്ര്യ സമര പോരാട്ടമായി വ്യഖ്യാനിക്കുന്നത് ഇന്ന് ചരിത്ര ഗ്രൂപ്പുകളിൽ തമാശയേറുന്ന ചർച്ചകൾക്കാണ് വഴിതെളിക്കുന്നത് ..
ദത്തവകാശ നിരോധന നിയമവും പെൻഷൻ നിഷേധവുമൊക്കെയാണ് സമരമുഖത്തേയ്ക്ക് ഇറങ്ങാൻ നാനാ സാഹേബ് അടക്കമുള്ള രാജാക്കന്മാരെ പ്രേരിപ്പിച്ചതെന്നതിൽ തർക്കമില്ല. കനത്ത സമ്പാദ്യങ്ങളുമായി ബ്രിട്ടീഷുകാരെ വെട്ടിച്ചു കടന്നു കളഞ്ഞ ബിഥൂരിലെ ഈ നാട്ടുരാജാവിന്റെ കണക്കു കൂട്ടലുകൾ മറ്റും പലതുമായിരിക്കാം. പോരാട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഒരു ഭീരുവായിരുന്നിരിക്കില്ല നാനാ! …വഴിയിൽ കാലിടറിയത് എവിടെ ..?? മറഞ്ഞു കിടക്കുന്ന ആ സ്വർണ്ണ ശേഖരങ്ങൾ എവിടെ ..??…ആദ്യം സൂചിപ്പിച്ചത് പോലെ ചില അനുമാനങ്ങൾ ആണ് എല്ലാം ..! അങ്ങനെ നോക്കുമ്പോൾ ഒരു ചെറിയ ചരിത്രാന്വേഷണം നടത്തിയതിന് തെറ്റില്ലല്ലോ.