വിവരണം : Shabeer Ahammed.
കുലാരെ ക്യാമ്പിൽ മഞ്ഞ് പെയ്തു തുടങ്ങിയിരിക്കുന്നു. ഇരുട്ടും ഏകാന്തതയും തളം കെട്ടി നില്‍ക്കുന്ന ഒരു രാത്രി. സാധാരണ നക്ഷത്രങ്ങൾ കാണാറുള്ളതാണ്, ഇന്ന് അതുമില്ല. പ്രദീപും സംഘവും പുറപ്പെട്ടിട്ട് കുറച്ച് നേരമായല്ലോ! അവർ തിരിച്ച് വരുമ്പോഴേക്കും നേരം പുലരും. എത്രയോ തവണ ക്യാമ്പിൽ തനിച്ചുറങ്ങിയിട്ടുണ്ട്, പക്ഷെ അന്നോന്നുമില്ലാത്തൊരു മൂകത.
ഒരോ കാര്യങ്ങൾ ആലോചിച്ച് അയാൾ ഉറങ്ങാൻ ശ്രമിച്ചു. “ഉഠോ… ഉഠോ…..” പതിഞ്ഞൊരു ശബ്ദം അയാളുടെ ചെവിയിൽ മുഴങ്ങി. ശക്തമായ രണ്ട് കരങ്ങൾ അയാളുടെ ശരീരത്തെ പതുക്കെ വലിച്ച് മുറുക്കുന്നു. തൊണ്ട വരണ്ട്,ശ്വാസം നിലക്കുന്നത് പോലെ. ഒരു തേങ്ങലോടെ അയാൾ ഞെട്ടിയുണര്‍ന്നു. ചുറ്റും നോക്കിയപ്പോൾ ആരേയും കാണാനില്ല. സ്വപ്നമല്ല! യാഥാർത്ഥ്യമാണെന്ന് മനസ്സിലാക്കിയതോടെ, കൊടും തണുപ്പിലും അയാൾ വിയർക്കുന്നുണ്ടായിരുന്നു… ചെറിയ നെടുവീർപ്പോട്കൂടി ട്രെക്ക് ലീഡർ സംക്കിത്ത് കഥ പറച്ചിൽ ഒന്ന് നിർത്തി.
ഞങ്ങൾ എല്ലാവരുടേയും മുഖത്ത് ആശ്ചര്യവും ഭീതിയും നിറഞ്ഞു…
സംക്കിത്തിന്റെ അടുത്ത സുഹൃത്തും ട്രെക്ക് ലീഡറുമായ പ്രദീപിനും സംഘത്തിനും കുലാര ക്യാമ്പിലുണ്ടായ അനുഭവം പങ്ക് വെക്കുകയാണ് അദ്ദേഹം. ശരീരം വിറയ്ക്കുന്നു… സർവശക്തിയുമെടുത്ത് അയാൾ ടെന്റിൽ നിന്ന് പുറത്തേക്ക് ചാടി.. ഒരു നിമിഷം…ടെന്റിന്റെ അകത്ത് ആരോ ഉള്ളത് പോലെ തോന്നുന്നു, തിരിഞ്ഞ് നോക്കാൻ ധൈര്യമില്ല…മുന്നോട്ട് ഓടാൻ തുനിഞ്ഞപ്പോൾ, ഒരു തണുത്ത ശ്വാസം അയാളുടെ കഴുത്തിൽ പതിച്ചു…അത് പതുക്കെ ചെവിയിൽ മന്ത്രിച്ചു…. “അന്തർ ആവോ, തംബൂ മേ ആവോ “.. സർവ്വകരുത്തോടെ അയാൾ ഓടി, എന്നിട്ട് അടുത്തുള്ള ഒരു ഗുഹയിൽ കയറി ഇരുന്നു… ആ രാത്രി മുഴുവൻ ക്യാമ്പിൽ നിന്നും ആവോ അന്തർ ആവോ എന്ന അശരീരി മുഴങ്ങി കൊണ്ടിരുന്നു.
നേരം പുലർന്ന് തിരികെ ക്യാമ്പിലെത്തിയ പ്രദീപും സംഘവും കണ്ടത് ഞെട്ടിയ്ക്കുന്ന കാഴ്ച്ചയാണ്. തൊട്ടടുത്തുള്ള ഗുഹയിൽ ഭ്രാന്തനേപ്പോലെ അയാൾ അലമുറയിട്ട് കരയുന്നു… ഒരു ജാക്കറ്റ് പോലുമണിയാതെ,തണുത്ത് വിറങ്ങലിച്ച്….”ദൈവമേ ഈ വഴികളിലൂടെയായിരുന്നോ ഞങ്ങൾ സഞ്ചരിച്ചിരുന്നത്, ആ ക്യാമ്പിലായുരുന്നോ ഒരു രാത്രി മുഴുവനും കഴിഞ്ഞ് കൂട്ടിയത് ” എല്ലാവരും പരസ്പരം ചോദിച്ചു…
ട്രെകിംഗ് കഴിഞ്ഞ് ജോഷിമത്തിലെ യാൻച്ചാവതി ലോഡ്ജിൽ ഒത്തുകൂടിയതായിരുന്നു എല്ലാവരും. ഞങ്ങൾ ഇരുപതിനാല് പേരുണ്ട് . ഉത്തരാഖണ്ഡ് ഹിമാലയനിരകളുടെ പരിത്രാണ ദേവതയായ നന്ദാ ദേവിയേ ഒരു നോക്ക് കാണാൻ വേണ്ടി മാത്രം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തി ചേർന്നവർ. “നിനക് ഇപ്പോൾ ഈ യാത്ര പോകണോ, ഇസ്സു മോൾക്ക് രണ്ട് മാസം പോലുമായിട്ടില്ല! ആ പിഞ്ചു കുഞ്ഞിനെ മറന്ന് ഇപ്പോൾ തന്നെ പോകണോ?”
യാത്രക്ക് മുമ്പേയുള്ള എല്ലാവരുടെയും ചോദ്യങ്ങൾക്ക് എനിക്ക് ഒരു ഉത്തരമേയുണ്ടായിരുന്നുള്ളു “നന്ദാദേവി വിളിച്ചാൽ എങ്ങനെയാ പോവാതിരിക്കുക. അവൾ കുറച്ച് വലുതാവട്ടേ എന്നിട്ട് അവളെയും കാണിക്കണം പർവ്വത ദേവിയേ. സഞ്ചരിക്കണം അവളേയും കൊണ്ട്, ദിശ സുചികളില്ലാതെ.. ഭൂമിയിലെ ധ്രുവങ്ങളും സപ്തസാഗരങ്ങളും മഹാനദികളും നഗരങ്ങളും വനാന്തരങ്ങളുമെല്ലാം താണ്ടി, കാലുകൾ തളരുവോളം, ദേശങ്ങളുടെ, സംസകാരങ്ങളുടെ വൈവിധ്യമറിഞ്ഞ് ,ദുരിതവും ആഹ്ലാദവും അത്ഭുതവുമെല്ലാം തൊട്ടറിഞ്ഞ്, സ്വയം കണ്ടത്തുന്നതു വരെ…”
തൽക്കാലം അവളുടെ ഓർമ്മക്കായി ഒരു പാവ കൈയിൽ കരുതി, ചെറിയ നൂലിൽ ചേർത്ത് എന്റെ ബാക്ക് പാക്കിന്റെ പുറകിൽ കെട്ടിവെച്ചു… അങ്ങനെയാവുമ്പോൾ നീ എപ്പോഴും എന്റെ കൂടെയുണ്ടാകുമല്ലോ! ഒരിക്കലും നിന്നെ വേർപിരിഞ്ഞതായി എനിക്ക് തോന്നുകയുമില്ല. നമുക്ക് കഥകൾ പറഞ്ഞും കാഴ്ചകൾ കണ്ടും പതുക്കെ നീങ്ങാം.
6696 അടി ഉയരമുള്ള ജോഷിമത്തിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഹിമാലയത്തിൽ ആദ്യമായി കാൽ വെക്കാൻ ഉദ്ദേശിക്കുന്നവർക്ക് പറ്റിയ ട്രെക്കാണ് കുറി (ക്വാറി) പാസ്സ്. ദേവദാരുവും ഓക്കും നിറഞ്ഞ കാടുകളിലൂടെ സഞ്ചരിച്ച് മഞ്ഞ് പെയ്യുന്ന പുല്‍ത്തകിടിൽ ക്യാമ്പ് ചെയ്തും, ആദ്യ ദിവസം മുതൽ തന്നെ നന്ദാദേവിയുടെയും ദ്രോണാഗിയു തടയും പരിദര്‍ശനം അനായസം ലഭിക്കുമെന്നതുമാണ് ഈ ട്രെക്കിന്റെ സവിശേഷത.
ലോർഡ് കർസ്സൻ ട്രെയിൽ എന്നായിരുന്നു കുറി പാസ്സിന്റെ പഴയ പേര്. ഇന്ത്യയുടെ മുൻ വൈസ്റോയി നടത്തിയ എക്സ്പേടിഷനാണ് ഈ പാത കണ്ടത്താൻ സഹായിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിമാലയത്തിലെ ഗാർവാൽ റീജ്യൺ എക്സ്പേടിഷൻ വളരെ പ്രസിദ്ധമായിരുന്നു. നെഹ്റു ഈ സ്ഥലത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ് “extraordinary to be so near and yet so far from the rest of the world”.
ജോഷിമത്ത് നിന്ന് ജീപ്പ് മാർഗ്ഗം ഔലിയിൽ എത്തി. സ്കിയിങ്ങ്നും സ്നോ സ്പ്പോർട്ട്സിനും പ്രസിദ്ധമാണ് ഔലി.ശൈത്യകാലങ്ങളിൽ ഇവിടെ നല്ല തിരക്കാണ്. ചെറിയ ഗ്രൂപ്പ് ഇൻട്രോടക്ഷനിനും വാം അപ്പിനും ശേഷം നടത്തം ആരംഭിച്ചു. പൂനെയിൽ നിന്നുള്ള മൂന്ന് ഫിസിയോ തെറാപ്പിസ്റ്റുകളായിരുന്നു എന്റെ പ്രധാന കമ്പനി. അര മണിക്കൂർ നടത്തതിനു ശേഷം പർവ്വത ദേവത അവതരിച്ചു – സാക്ഷാൽ നന്ദാ ദേവി.
ഇന്ത്യയിൽ പൂർണ്ണമായും സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വതമാണ് നന്ദാദേവി. നന്ദാദേവി കേവലമൊരു പർവ്വതമല്ല! ദേവിയാണ്. ശത കോടി ജനതകളുടെ ദേവി. ചൈനയുടെ ചാരപ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി 1965 ഒക്ടോബറിൽ, ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോയും അമേരിക്കയുടെ ClAയും സംയുക്തമായി പ്ലുട്ടോണിയം അടങ്ങിയൊരു ഉപകരണം നന്ദാദേവിയിൽ നിക്ഷേപിക്കാനായി പുറപ്പെട്ടു. ഇരുപത്തിനാലായിരം അടി ഉയരമുള്ള ക്യാമ്പ് നാലിൽ എത്തിയ സംഘം, ശക്തമായ മഞ്ഞ് വീഴ്ച്ചയും കൊടുങ്കാറ്റും മൂലം ഉപകരണങ്ങളെല്ലാം അവിടെ ഉപേക്ഷിച്ച് തിരിച്ച് പോരേണ്ടി വന്നു.
അടുത്ത വർഷം ഉപകരണത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്തനായില്ല. ഹിറോഷിമ നഗരത്തെ ചാമ്പലാക്കിയ അണുബോബിന്റെ പകുതി പ്രഹര ശേഷിയുള്ള പ്ലുട്ടോണിയമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്നും അത് എവിടെയാണന്നത് അഞാതം. നന്ദാദേവിയിൽ നിന്ന് ഉത്ഭവിക്കുന്ന ഋഷിഗംഗ, കോടി ജനങ്ങളുടെ പുണ്യനദിയാണ്. പലതവണകളായി സമീപ പ്രദേശങ്ങളിലും നദികളിലും റേഡിയോ ആക്ടീവ് പ്ലൂട്ടോണിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി പരീക്ഷണം നടത്തിയെങ്കിലും, പരാജയമായിരുന്നു ഫലം. ആ വിഭത്തിനെ പർവ്വത ദേവത വിഴുങ്ങിയതായി ജനങ്ങൾ ഇപ്പോഴും വിശ്വവസിക്കുന്നു.
ഇതെ തുടർന്ന് നന്ദാ ദേവിയിലോട്ടുള്ള പർവ്വതാരോഹരണത്തിന് ഇപ്പോൾ അനുമതിയില്ല. നിരവധി ഹിമാവൃത കൊടുമുടികൾ ഈ ദേവതക്ക് ചുറ്റുമുണ്ട്. അവയിൽ പ്രധാനികൾ മൌണ്ട് ഡ്രാനാഗിരി, കാമേറ്റ്, ത്രിഷൂൽ, ഹാതി ഗൗഡി എന്നിവയാണ്. അടുത്ത പരിസരങ്ങളിൽ മിലിട്ടറി പരിശീലനങ്ങളുള്ളതിനാൽ വെടിയൊച്ചകൾ ഉയർന്ന് കേൾക്കാം. ഒരു ചെറിയ കയറ്റത്തിനു ശേഷം അല്പം ഒന്നു വിശ്രമിച്ചു. ഇനിയുള്ള നടത്തം സുന്ദരമായ ദേവദാരു മരങ്ങൾ നിറഞ്ഞ കാട്ടിലൂടേയാണ്. മരച്ചില്ലകളിലൂടെ സൂര്യകിരണങ്ങൾ മുഖത്ത് പതിക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്. മൂന്ന് മണിയ്ക്കു റായുള്ള നടത്തം ഞങ്ങളെപടിയാർ ക്യാമ്പിലെത്തിച്ചു. സുന്ദരമായ പുൽമേട്, അതിന് ചുറ്റും കാട്, ഒത്ത നടുക്ക് ഞങ്ങളുടെ ടെന്റ് സജ്ജീകരിച്ചിട്ടുണ്ട്. ഭൂമിയിൽ ഇത്ര സുന്ദരമായ താവളമുണ്ടോ! സംശയമാണ്.
നമ്മൾ സ്വപ്നങ്ങളിലൊക്കെ കാണുന്നത് പോലെ… ടെന്റിന്റെ കവാടത്തിലൂടെ കാലു നീട്ടി കിടന്നതും മയങ്ങിപ്പോയി. ഉറക്കത്തെ അലോസരപ്പെടുത്തി തണ്ണുപ്പ് ശരീരത്തിൽ ഇരച്ചു കയറുന്നു.. പല്ലുകൾ തമ്മിൽ കൂട്ടിയിടക്കാൻ തുടങ്ങിയപ്പോൾ വേഗം തെർമ്മൽസും ജാക്കറ്റും എടുത്തിട്ടു…സമയം ഉച്ച മൂന്ന് മണിയായിട്ടേയുള്ളു, അപ്പോഴേക്കും ഇത്രയും തണുപ്പോ! പടച്ചോനേ! രാത്രിയിലെ കഥ എന്തായിരിക്കും… ശരീരം ചൂട് പിടിപ്പിക്കാൻ മറ്റു അംഗങ്ങളോടപ്പം ടീം ഗെയിംസിൽ ഏർപ്പെട്ടു. പരസ്പരം പരിചയപ്പെടാൻ അത് സഹായിച്ചു.
ചായക്ക് ശേഷം ചെറിയ കുന്ന് കയറി സൂര്യാസ്തമനം കാണാൻ പോയി…. സ്വപ്നതുല്യമായ കാഴ്ച്ച – സൂര്യനും ചന്ദ്രനും പരസ്പരം നന്ദാദേവിയെ ചുംബിക്കുന്നു… ചുവന്ന് തുടുത്ത ഹിമദേവതയെ കാണാൻ എന്ത് മനോഹരം. ഇരുട്ടുവോളം സ്വയം മറന്ന് ആ കാഴ്ച ആസ്വദിച്ചു….
അധികനേരം അവിടെ തനിച്ചിരിക്കാൻ അനുവദിച്ചില്ല, കാരണം മറ്റൊന്നുമല്ല പടിയാർ ക്യാമ്പിനെ കുറിച്ചുള്ള കഥകൾ തന്നെ. വർഷങ്ങൾക്ക് മുമ്പ് ഇവിടെയൊരു വിദേശി കൊല്ലപ്പെട്ടു. പണത്തിന് വേണ്ടി വഴി കാണിക്കാൻ വന്ന ഗൈഡ് തന്നെ അയാളെ ദാരുണമായി കൊല്ലപ്പെടുത്തി, മൃതദേഹം നശിപ്പിച്ചു. കുറെക്കാലം അയാളുടെ ആത്മാവ് ഇവിടെയുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു, പിന്നീട് പടിയാർ ക്യാമ്പിന്റെ അടുത്തൊരു ക്ഷേത്രം പണി കഴിപ്പിച്ചാണ് ആ ആത്മാവിനെ തളച്ചത്. പലപ്പോഴും മിലിട്ടറി ട്രൈനിങ്ങിനിടക്ക് ഈ സ്ഥലം ഭീതി പരത്തിയിരുന്നു….
ടെന്റിന്റെ മുകളിൽ മഞ്ഞ് വീഴുന്ന ശബ്ദം കേട്ടാണ് അടുത്ത ദിവസം ഉന്നർന്നത്. സമയം അഞ്ചര. തലേദിവസത്തെ പ്രേതകഥകളുടേയും തണുപ്പിന്റെയും കാഠിന്യമൊന്നുമില്ലാത്ത പ്രഭാതം, ഒരു തുലാമഴ പെയ്തൊഴിഞ്ഞ പോലെ ശാന്തം. പുൽമേടുകളും ടെൻറുകളുമെല്ലാം മഞ്ഞ് മൂടിയിരിക്കുന്നു… മനസ്സിന് കുളിർമ നൽകുന്ന കാഴ്ച.. വീട്ടിൽ ഇപ്പോൾ ഇസ്സു മോൾ ഉണർന്നിട്ടുണ്ടാകും രാവിലെ തന്നെ ബഹളംവെച്ച് എല്ലാവരേയും ഉണർത്തുന്നത് അവളുടെ പ്രധാന വിനോദമാണ്. ചെറു പുഞ്ചിരിയോടെ അവളുടെ പാവ എന്റെ പായരം പറച്ചിൽ കേട്ടിരുപ്പുണ്ട്.
മൊട്ടക്കുന്നിന് മുകളിലൂടെ സൂര്യൻ ഉദിച്ച് ഉയരുംമ്പോഴേക്കും രണ്ടാം ദിവസത്തെ യാത്ര ആരംഭിച്ചിരുന്നു. ഒരു കിലോമീറ്ററോളും വരുന്ന റിഡ്ജാണ് ഇന്നത്തെ പ്രധാന കടമ്പ. കഷ്ടിച്ചു ഒരാൾക്ക് പോകാവുന്ന വഴി, മറുവശത്ത് ആഴമേറിയ ഗർത്തം. വലിയ ബാക്ക് പാക്കും പേറി ഈ വഴിയുടെ നടക്കുക എന്നതാന്ന് ഈ ട്രെക്കിലെ സാഹസികത. ഈ റൂട്ടിൽ വെള്ളത്തിന്റെ സ്രോതസ്സ് വളരെ കുറവാണ്, ആയതിനാൽ റിഡ്ജിന് അരികിലുള്ള തടാകത്തിൽ നിന്ന് വെള്ളം നിറക്കാനായി പ്രിയ സുഹൃത്തിനോട് ഞാൻ ആവിശ്യപ്പെട്ടു. പറയാൻ മറന്നു പോയി! ഈ യാത്രയിൽ ഞാൻ തനിച്ചായിരുന്നില്ല. എന്റെ കൂടെ അവനുമുണ്ടായിരുന്നു, പ്രിയ സുഹൃത്ത്. തണ്ണുപ്പിനോട് അലർജിയുള്ള, ലേശം ആവേശം കൂടുതലുള്ള പ്രിയ മിത്രം Renjith Krishnaswamy.
രണ്ട് കുപ്പി നിറയെ വെള്ളവുമായി അവൻ ഞങ്ങളെ എല്ലാവരേയും കടത്തി വെട്ടി ധൃതിയിൽ റിഡ്ജിലോട്ട് നീങ്ങുന്നത് കണ്ടു.. ഇവൻ എങ്ങോട്ടാണ് ഓടുന്നത്, ചിലപ്പോ മൂത്രമൊഴിക്കാനായിരിക്കും, ഞാൻ കാര്യമാക്കിയില്ല! റിഡ്ജ് യാത്ര തുടങ്ങി കുറച്ച് ദൂരം പോയിട്ടും അവന്റെ പൊടിപ്പോലും കാണാനില്ല. മനസ്സിൽ പെട്ടെന്നൊരു പിടച്ചിൽ. ഇന്നലത്തെ പ്രേതകഥകളെല്ലാം കൂട്ടി വായിച്ചപ്പോൾ തൊണ്ട വരണ്ടു പോയി. പെട്ടെന്ന് കാര്യം ട്രെക്ക് ലീഡറെ അറിയിച്ചു. ഒരാൾ മുന്നിൽ പോയി തിരക്കിയിട്ടും ഒരു വിവരവുമില്ല! മനസ്സിൽ ഒരു പാട് ചിത്രങ്ങൾ മിന്നിമറഞ്ഞു…
ഏത് യാത്ര തുടങ്ങുന്നതിനും മുമ്പും ഞാൻ എന്റെ സുഹൃത്തുക്കളോട് തമാശയായി പറയുന്നോരു കാര്യമുണ്ട്, “ഞാൻ നിങ്ങളുടെ കൂടെയുള്ളപ്പം, നിങ്ങൾ ഒന്നും പേടിക്കണ്ട!”. ഇത്തവണ ഞാൻ അല്പം അശ്രദ്ധനായിരുന്നോ!. ഇല്ല എന്ത് സംഭവിക്കാൻ ഞാൻ കൂടെയുള്ളപ്പോ അവന് എന്ത് സംഭവിക്കാൻ. മനസ്സുറപ്പിച്ചു, യാത്ര തുടർന്നു. റിഡ്ജ് അവസാനിക്കാനായപ്പോഴേക്കും അവൻ ക്യാമ്പിൽ എത്തിയതായി വിവരം ലഭിച്ചു. ഞാനാണെന്ന് തെറ്റിദ്ധരിച്ച് വേറെ ഒരാളെ പിൻതുടർന്നതാണത്രേ അവൻ. ഭാഗ്യം ! സുരക്ഷിതമായ സ്ഥാനത്ത് തന്നെ എത്തിയല്ലോ. മലകയറുമ്പോൾ പ്രധാനമായും വേണ്ടത് ആത്മശിക്ഷണവും അച്ചടക്കവുമാണ്. ഇവിടെ പർവ്വതങ്ങളാണ് രാജാവ്, നമ്മൾ ഒന്നുമല്ല !
കാടിന്റെ ഒത്ത നടുക്കാണ് രണ്ടാം ദിവസത്തെ താവളം. കരടിയും സ്നോ ലെപേർഡുമെല്ലാം വാഴുന്ന കാടാണ് ചുറ്റും.അരികിലൂടെ ഒഴുകുന്ന ചെറിയ അരുവി തളി ജംഗിൾ ക്യാമ്പിന് പ്രത്യേക ഭംഗി നൽകുന്നുണ്ട്. ഇലപൊഴിയുന്ന താളത്തിൽ പാട്ട് പാടി ആ രാത്രി ഞങ്ങൾ മനോഹരമാക്കി.
മൂന്നാം ദിവസം.തണ്ണുപ്പിനൊരു ശമനവുമില്ല! സ്ലീപ്പിങ്ങ് ബാഗിൽ നിന്ന് പുറത്ത് ചാടാൻ മനസ്സ് അനുവദിക്കുന്നില്ല. ഇന്ന് സുപ്രധാന ദിനമാണ് -സമ്മിറ്റ് ഡേ. എല്ലാവരേയും വിളിച്ചുണർത്തി രാവിലെ ഏഴുമണിക്ക് തന്നെ സoക്കിത്ത് ട്രെക്ക് ആരംഭിച്ചു. വഴികളിൽ എല്ലാം മഞ്ഞ് പെയ്തതിനാൽ നടക്കാൻ ശരിക്കും ബുദ്ധിമുട്ടി. ചെങ്കുത്തായ കയറ്റം കയറുമ്പോൾ പലപ്പോഴും കാൽ വഴുതി. പർവ്വതങ്ങൾക്ക് മീതെ സൂര്യരശ്മികൾ പതിച്ച് മഞ്ഞുരുക്കി എങ്ങും ആവി പരക്കുന്നു. ചുറ്റുമുള്ള പുൽതകിടികൾ പതിയെ ഉറക്കം എണീറ്റ് വരുന്നതെയുള്ളു. അവയെല്ലാം മെതിച്ച് വലിയ ബാഗു മേന്തി ഞങ്ങൾ കുറി ടോപ്പ് ലക്ഷ്യമാക്കി മുന്നേറി.
ഒരു മണിക്കൂർ നടത്തതിനു ശേഷം ഞങ്ങൾ ഒന്നു വിശ്രമിച്ചു. ഹാതി ഗുഡയും, ത്രിഷൂലും, നീൽക്കണ്ടും, കാമേറ്റുമെല്ലാം ഇപ്പോഴും കാണാം. പഴയത് പോലെ വലിയ മരങ്ങൾ ഇപ്പോൾ കാണാനില്ല. പാതകളെല്ലാം കല്ലുകൾ നിറഞ്ഞ് ഏറെ ദുർഘടമായിരിക്കുന്നു. ഒരു ചെറിയ വെള്ളച്ചാട്ടവും താണ്ടി,തുടർച്ചയായ നാലര മണിക്കൂർ നടത്തതിനൊടുവിൽ.ഞങ്ങൾ ലക്ഷ്യ സ്ഥാനത്ത് എത്തി -കുറി ടോപ്പ്.
സമയം പതിനൊന്നര. കാലവും സമയവും നിശ്ചലമായിരിക്കുന്നു. മേഘക്കൾക്ക് പോലും ചലനമില്ല! എങ്ങും ചുറ്റും മഞ്ഞിൽ പൊതിഞ്ഞ പർവ്വതങ്ങൾ മാത്രം…. ജീവിതത്തോട് കുറച്ച് നേരത്തെക്ക് ‘ഫ്രീസ്സ് ‘ പറഞ്ഞതു പോലെ … നിശ്ചലം..പാവയേ അരികിൽ കിടത്തി, കുറച്ച് നേരം കണ്ണുകൾ അടച്ച് കിടന്നു…ഇസ്സു മോൾ ഇപ്പോൾ എണ്ണ തേച്ച് കുളിയൊക്കെ കഴിഞ്ഞ്, ഉടുപ്പൊക്കെയിട്ട്, സുന്ദരിയായി, ഉറങ്ങിയിട്ടുണ്ടാക്കും.. ഉറങ്ങാൻ സ്വല്പം മടിയുള്ള കൂട്ടത്തിലാണവൾ. പെട്ടെന്ന് കാണാൻ ഒരു മോഹം പോലെ….
ഒന്നു മയങ്ങിയുണർന്നപ്പോഴേക്കും ചുറ്റും മൂടൽമഞ്ഞ് .. പെട്ടെന്നുള്ള കാലാവസ്ഥ മാറ്റം കാരണം ഞങ്ങൾ ഉടൻ താഴോട്ടിറങ്ങാൻ തുടങ്ങി. ഇന്നത്തെ രാത്രി ക്യാമ്പ് കുലാരെയിലാണ്. സന്ധ്യയക്ക് മുൻപേ കുലാരെ എത്തി ചേർന്നു. ടെന്റിൽ നിന്നുള്ള വ്യൂ അതിഗംഭീരമാണ്. ഒരു വശം നിറെയെ പർവ്വതകളും മറുവശത്ത് സുന്ദരമായ കാടും. കൂട്ടത്തിൽ ഏറ്റവും മനോഹരമായ ക്യാമ്പ് കുലാരെ തന്നെ. തണ്ണുപ്പ് കഠിനമായതോടെ ഞങ്ങൾ ടെന്റിൽ ചുരുണ്ടു കൂടി. ചില ദുസ്സ്വപ്നങ്ങൾ ഉറക്കം കെടുത്തി എന്നെല്ലാതെ കുലാരെ ശാന്തമായിരുന്നു. രാവിലെ നേരത്തെയുണർന്ന് സൂര്യോദയം ക്യാമറയിൽ പകർത്തി. അല്പ നേരം ധ്യാനത്തിൽ മുഴുകി. മടക്കയാത്രക്കായി തയ്യാറെടുത്തു.
മൂന്ന് ദിവസം കൊണ്ട് നടന്ന് കയറിയ കയറ്റമെല്ലാം ഇന്ന് ഇറങ്ങണം. തുടർച്ചയായി അഞ്ച് മണിക്കൂർ നടക്കാനുണ്ട്.ജനവാസമുള്ള തുകാഷി ഗ്രാമത്തിലൂടേയാണ് മുക്കാൽ ഭാഗവും യാത്ര. പല വലിപ്പത്തിലും രൂപത്തിലുമുള്ള പയറുകൾ പോകുന്ന വഴികളിലും വീടിന്റെ മേൽക്കൂരകളിലെല്ലാം ഉണക്കാൻ വച്ചിരിക്കുന്നു. കുറച്ച് നേരം നടന്നപ്പോഴേക്കും കാലുകൾക്ക് നല്ല വേദന. ഷൂ അഴിച്ചു മാറ്റി, തൊട്ടടുത്ത അരുവിയിൽ കാലുകൾ നീട്ടി വച്ചു… ഇളം തണ്ണുപ്പുള്ള വെള്ളവും പരൽ മീനുകളും പതിയെ എന്റെ പാദങ്ങളെ തലോടിയപ്പോൾ എന്തന്നില്ലാത്ത സുഖം.
വഴിയിൽ കണ്ടുമുട്ടുന്ന കുട്ടിൾക്ക് പെൻസിലും പുസ്തകവും വിതരണം ചെയ്തു സഹയാത്രികൻ മഞ്ജു നാഗ് എല്ലാവർയ്ക്കും മാതൃകയായി. ഇന്നത്തെ ലാസ്റ്റ് പൊയിന്റ് ധാക്ക് എന്ന സ്ഥലമാണ്. ധാക്കിൽ നിന്ന് ജീപ്പ് മാർഗ്ഗം ജോഷിമത്തിലെ യാൻച്ചാവതി ലോഡ്ജിലേക്ക് …
ചില സ്ഥലങ്ങൾക്ക് ആത്മാവുണ്ടാകും. ഹിമാലയവും അതുപോലെയൊരിടമാണ്. എത്ര കണ്ടാലും, നമ്മൾ അറിയാതെ മനസ്സ് അവിടെയെത്തും.മനുഷ്യനായി ജനിച്ചാല്‍ ഒരിക്കലെങ്കിലും ഹിമാലയം ദർശിക്കണം, തനിച്ച് എപ്പോഴെങ്കിലുമൊരു യാത്ര ചെയ്യണം. അത് നിങ്ങളിലുണ്ടാക്കുന്ന മാറ്റം പ്രവചനാദീതമാണ്.