വിവരണം – ദീപ ഗംഗേഷ്.
ഇന്ന് ഞാൻ നിങ്ങളോട് മനോഹരമായ പ്രണയകഥ പറയാം. പ്രണയം എന്ന വികാരം മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതല്ല എന്ന് തെളിയിച്ചു കൊണ്ട് ജീവിക്കുന്ന രണ്ട് കടുവകളുടെ കഥ. നന്ദനും മേഘയും. നന്ദൻകാനൻ സുവോളജിക്കൽ പാർക്കിന്റെ ഓമനകൾ. അവരുടെ കഥപറയുന്നതിനു മുൻപ് അതിനു മുൻപേ സന്ദർശിച്ച ഒഡീഷ സ്റ്റേറ്റ് മ്യൂസിയത്തെക്കുറിച്ച് കുറച്ച് പറയാതെ വയ്യ.
ഒഡീഷ സ്റ്റേറ്റ് മ്യൂസിയത്തിലേക്കായിരുന്നു ഉച്ചഭക്ഷണത്തിനു ശേഷമുള്ള ആദ്യ യാത്ര. ഒഡീഷൻ ഗവൺമെന്റിന്റെ കൾച്ചറൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ കീഴിലായാണ് ഇത് പ്രവർത്തിക്കുന്നത്. രണ്ടു നിലകളിലായി കൂടുതൽ ഭാഗവും ശീതീകരിക്കപ്പെട്ട ഒരു വലിയ കെട്ടിടം. 1932 ലാണ് സ്റ്റേറ്റ് മ്യൂസിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്. പിന്നീട് 1960 ൽ ഇത് ഇപ്പോൾ കാണുന്ന കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.
മ്യൂസിയത്തിന് പ്രധാനമായും 11 വിഭാഗങ്ങളാണ് ഉള്ളത്. ആദ്യം പ്രവേശിക്കുന്നത് ആർക്കിയോളജി ഹാളിലേയ്ക്കാണ്. ശിലയിൽ കൊത്തിയ വിഗ്രഹങ്ങളുടെ ഒരു വലിയശേഖരം തന്നെ അവിടെയുണ്ടായിരുന്നു. മായാദേവിയുടെ വിഗ്രഹങ്ങളാണ് കൂടുതലും കണ്ടത്. ഒരു പക്ഷെ പുരാതനകാലത്തെ ഒരു പ്രധാന ദേവത ആയിരുന്നിരിക്കണം. അവിടെ നിന്ന് ശിലാശാസാനങ്ങളുടെ ശേഖരങ്ങളിലേയ്ക്ക്.
അശോക ചക്രവർത്തിയുടെ ശിലാശാസനത്തിന്റെ ഒരു ഭാഗമാണ് പ്രധാനമായും എന്റെ ശ്രദ്ധയിൽ പെട്ടത്. പീന്നീടുള്ളത് നാണയങ്ങളുടെ ശേഖരം പ്രദർശിപ്പിച്ചിട്ടുള്ള വലിയ മുറിയായിരുന്നു. അവിടെ നിന്ന് പ്രവേശിക്കുന്നത് ആർമറിയിലേക്കാണ് പണ്ടു കാലത്തെ ആയുധങ്ങളുടെ ഒരു വമ്പൻ ശേഖരം തന്നെ അവിടെ ഉണ്ടായിരുന്നു. ഒരോ വിഭാഗത്തിലും പ്രത്യേക രീതിയിൽ വെളിച്ചം ക്രമീകരിച്ചിരുന്നതുകൊണ്ട് ഇവയ്ക്കെല്ലാം വല്ലാത്തൊരു ആകർഷണീയത അനുഭവപ്പെട്ടിരുന്നു. ഖനനത്തോടും ഭൂഗർഭ ശാസ്ത്രത്തോടും ബന്ധപ്പെട്ടതായിരുന്നു അടുത്ത സെക്ഷൻ. വിവിധ വിഭാഗത്തിൽപ്പെട്ട കല്ലുകൾ അവിടെ പ്രദർശിപ്പിച്ചിരുന്നു.
പുറത്ത് വന്ന് ഗോവണി കയറി ചരിത്രം പ്രദർശിപ്പിക്കുന്ന ഭാഗത്തെത്തി. അവിടെ നിന്ന് കരകൗശല വിഭാഗം. സമകാലീന കലകൾക്കായി മറ്റൊരു ഭാഗം. പിന്നെ നരവംശശാസത്രത്തിന്റെ കഥ പ്രദർശിപ്പിക്കുന്ന വലിയൊരു ഹാളും കടന്നാൽ അവസാനം ഓലകൊണ്ടുള്ള കയ്യെഴുത്തുകൾ സൂക്ഷിച്ചിട്ടുള്ള മുറിയിലെത്തും. ഏകദേശം ഒന്നര മണിക്കൂറെങ്കിലും വേണം മ്യൂസിയം കണ്ട് തീർക്കാൻ.
കരകൗശല വിഭാഗത്തിലെ ആന കൊമ്പ് കൊണ്ടുള്ള കൊത്ത് പണികൾ കണ്ടാൽ ആരും മയങ്ങി പോവും. ആന കൊമ്പ് കൊണ്ട് നിർമ്മിച്ച ഒരു കട്ടിൽ അവിടെ ഉണ്ടായിരുന്നു. ലോഹങ്ങളിലും കരിങ്കല്ലിലും നിർമ്മിക്കപ്പെട്ട വലിയ പ്രതിമകളുടെ ഭംഗി എടുത്തു പറയേണ്ടത് തന്നെയാണ് . ടെറാക്കോട്ട കമ്മലുകളുടെ ഒരു ആരാധിക ആയിരുന്ന എനിക്ക് മ്യൂസിയത്തിനുള്ളിലെ സ്റ്റാളിൽ നിന്ന് ഇഷ്ടം പോലെ അത് വാങ്ങാൻ കഴിഞ്ഞു എന്നത് എന്റെ ഒരു സ്വകാര്യ സന്തോഷം.. ഭുവനേശ്വരിൽ പിന്നീടൊരു സ്ഥലത്തും അവ കണ്ടുകിട്ടിയതുമില്ല.
മ്യൂസിയത്തിൽ നിന്നിറങ്ങി നേരേ പോയത് നന്ദൻകാനൻ സുവോളജിക്കൽ പാർക്കിലേക്കായിരുന്നു. ചന്ദക- ദമ്പാറ വന്യജീവി സങ്കേതത്തോട് ചേർന്ന് കാഞ്ചിയ തടാകത്തിന് സമീപമാണ് പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ നന്ദൻകാനൻ. കൂടുകളിലായും, തുറന്ന ചുറ്റും കിടങ്ങുകളുള്ള സ്ഥലങ്ങളിലും മൃഗങ്ങളെ പരിപാലിക്കുന്നു. ചില മൃഗങ്ങളെ അവയുടെ തനതായ ആവാസവ്യവസ്ഥിതിയിൽ സംരക്ഷിക്കുന്നുമുണ്ട്. പ്രവേശന കവാടത്തിൽ നല്ല തിരക്കുണ്ടായിരുന്നു. പക്ഷെ മുരളി പെട്ടന്നു തന്നെ ടിക്കറ്റുമായി വന്നു.
നടന്നു കാണാൻ ദൂരം കൂടുതൽ ആയതിനാൽ വൈൽഡ് സഫാരിയാണ് തെരഞ്ഞെടുത്തത്. സുവോളജിക്കൽ പാർക്കിന്റെ സ്വന്തം വണ്ടിയിൽ തനതായ ആവാസവ്യവസ്ഥ ഒരുക്കി കൊടുത്തിട്ടുളള മൃഗങ്ങളുടെ കൂടുകളിലേയ്ക്ക് നമ്മളെ കൊണ്ടു പോകും. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണത്തിനായി നമ്മുടെ നാട്ടിലെ പോലീസ് വാഹനത്തിലെ പോലെ വാഹനത്തിന്റെ ചില്ലിനു പുറത്ത് കമ്പി വലകളുടെ സംരക്ഷരണം ഒരുക്കിയിരുന്നു. ഗൈഡിന്റെ സേവനവും വാഹനത്തിൽ ലഭ്യമായിരുന്നു.
ആദ്യമായി കടുവയുടെ കൂട്ടിലേക്കാണ് വാഹനം കടന്നത്. മുന്നിലും പിന്നിലും രണ്ട് ഷട്ടറുകളുള്ള കവാടത്തിലെ മുന്നിലെ ഷട്ടർ ഉയർത്തി വാഹനം ഉള്ളിലേയ്ക്ക് കടത്തി. തുടർന്ന് ആഷട്ടർ അടച്ച ശേഷം മാത്രം അടുത്ത ഷട്ടർ തുറന്നു . മൃഗങ്ങൾ പുറത്തേയ്ക്ക് ചാടിയിറങ്ങി അപകടം വരുത്താതിരിക്കാനുള്ള മുൻകരുതൽ ആയിരുന്നു അത്. രണ്ടാമത്തെ വാതിലിലൂടെ ഒരു വനത്തിന്റെ ഉള്ളിലേയ്ക്കാണ് വണ്ടി പ്രവേശിച്ചത്. ചുറ്റും നോക്കിയിരിക്കാൻ ഗൈഡ് നിർദ്ദേശം നൽകി.
അര കി.മി ദൂരം പോയിക്കാണും അതാ കാടുപിടിച്ചു നിന്ന പുല്ലുകൾക്കിടയിൽ ഗാംഭീര്യത്തോടെ ഒരു കടുവയുടെ മുഖം. അവനാണെങ്കിൽ നമ്മളെ ഗൗനിക്കുന്നതേയില്ല. ഏതോ ദിവാസ്വപ്നത്തിലെ പോലെ അവനും അവനെ നേരിട്ട് കാണാൻ പറ്റിയ സന്തോഷത്തിൽ ഞങ്ങളും.
പിന്നീട്, കരടി, മാൻ, സിംഹം, പുലി എന്നിവയുടെ കൂടുകളിലേയ്ക്കും ഞങ്ങളെ കൊണ്ടു പോയി. സിംഹരാജൻ വിശ്രമത്തിലായിരുന്നു. ഭാര്യക്കാണത്രെ ഭക്ഷണം വേട്ടയാടി കൊണ്ടുവന്ന് രാജനെ പോറ്റേണ്ട ഡ്യൂട്ടി. ഇത്തരം കൂടുകളിൽ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കില്ലെത്രെ. ഭക്ഷണം തേടിയിറങ്ങിയ അവളെ വഴിയിൽ വച്ച്കണ്ടു. വാഹനത്തിലേയ്ക്ക് ഒന്നു നോക്കിയ ശേഷം അവൾ കാട്ടിൽ മറഞ്ഞു.
തുടർന്ന് ഗൈഡ് ഒരു ചോദ്യം ഞങ്ങളുടെ മുന്നിലേക്കിട്ടു തന്നു. കാട്ടിൽ സിംഹത്തേക്കാളും ശക്തിയുള്ള ആനയുണ്ട്, കടുവയുണ്ട്, കണ്ടാമൃഗമുണ്ട് എന്നിട്ടും ഈ മടിയൻ സിംഹമെങ്ങനെ കാട്ടിലെ രാജാവായി. അതിന്റെ ഉത്തരം യാത്ര കഴിഞ്ഞപ്പോൾ അയാൾ തന്നെ പറഞ്ഞു തന്നു. ഏതൊരു ശക്തനായ മൃഗത്തിനും അതിന്റേതായ ചില ബലഹീനതകൾ ഉണ്ടാവും. അത് മനസ്സിലാക്കിയാണ് സിംഹം അവയെ ആക്രമിക്കുക.
ഉദാഹരണമായി ആനയെ സിഹം നേർക്കുനേർ ആക്രമിക്കില്ല. കണ്ണിനു തൊട്ടുപിറകിൽ വലിയ ചെവികൾ ആയതിനാൽ ആനയ്ക്ക് തന്റെ ശരീരത്തിന്റെ പിൻവശം കാണാൻ പ്രയാസമാണ്.സിംഹം അത് മനസ്സിലാക്കി വശങ്ങളിലൂടെയാണ് ആനയെ ആക്രമിക്കുക. ആനയ്ക്ക് പ്രതിരോധത്തിന് യാതൊരു ഇടവും നൽകാതെ മസ്തകത്തിൽ കയറി സിംഹം ആനയെ വക വരുത്തും. ആ ബുദ്ധികൊണ്ടാണ് അവൻ കാട്ടിലെ രാജാവ് എന്ന പദവിയ്ക്ക് അർഹനായത്.
തുടർന്നാണ് ആ കാട്ടിലെ ഏറ്റവും മനോഹരമായ പ്രണയകഥ ഗൈഡ് പറഞ്ഞത്. അവിടെ ജനിച്ചു വളർന്ന സുന്ദരിയും ആരോഗ്യവതിയുമായ കടുവയായിരുന്നു മേഘ. കല്യാണപ്രായം ആയപ്പോൾ അവൾക്ക് ആരോഗ്യവാനായ ഒരു വരനെ പരിപാലകർ കണ്ടെത്തി. രണ്ടാളെയും ഒരുമിച്ച് വലിയൊരു കൂട്ടിൽ താമസിപ്പിച്ചു. എന്നാൽ മേഘയ്ക്ക് അല്പം പ്രായം കൂടിയ അയാളെ ഇഷ്ടമായില്ല. എന്നും കടിയും ചീറ്റലും പരിക്കും. മേഘ ഒരു തരത്തിലും ആൺ മൃഗത്തോട് ഇണങ്ങിയില്ല. അവസാനം അധികാരികൾക്ക് ആൺകടുവയെ അവളുടെ കൂട്ടിൽ നിന്ന് മാറ്റേണ്ടി വന്നു.
മേറ്റിംഗ് സമയം ആവുമ്പോൾ ഇണയെ ആകർഷിക്കാൻ ഇവയുടെ ശരീരം ഒരു പ്രത്യേകതരം ഹോർമോണുകൾ പുറപ്പെടുവിക്കുമെത്രെ. ഗൈഡിന്റെ വാക്കുകളിൽ തന്നെ പറഞ്ഞാൽ അങ്ങ് ദൂരെ കാട്ടിലുള്ള ഒരു ആൺകടുവയ്ക്ക് മനസ്സിലായി താൻ തേടികൊണ്ടിരിക്കുന്ന പ്രണയം ആ കൂട്ടിനകത്ത് ഉണ്ടെന്ന്. രാത്രി അവളെ തേടി അവൻ വന്നു. ഉയരത്തിലുള്ള കൂടിന്റെ മതിലിൽ നഖം കൊണ്ട് അള്ളിപിടിച്ച് അവൻ മുകളിലേക്ക് കയറി. ഇതെല്ലാം അവിടുത്തെ സി.സി ടി.വി ക്യാമറ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
എന്നാൽ മതിലിന്റെ മുകളിൽ പുറത്തേയ്ക്ക് ചരിച്ചുവച്ച കമ്പിവേലി ഉള്ളതിനാൽ അവൻ അവസാന നിമിഷത്തിൽ താഴെ വീണു. പിറ്റെ ദിവസവും അവൻ വന്നു. മയക്കുവെടി വച്ച് പാർക്ക് അധികാരികൾ അവനെ പിടികൂടി വീണ്ടും കാട്ടിലേയ്ക്ക് തിരിച്ച് വിടാൻ ശ്രമിച്ചു. എന്നാൽ അവൻ അവിടംവിട്ട് പോവാൻ തയ്യാറായില്ല. പ്രണയിനിക്ക് വേണ്ടി തന്റെ സ്വാതന്ത്ര്യംപോലും വേണ്ടെന്നു വച്ച അവനെ അവസാനം അവർ മേഘയുടെ അടുത്തെത്തിച്ചു. അവന്റെ സ്നേഹത്തിനുള്ള സമ്മാനമായി പാർക്കിന്റെ പേരായ നന്ദൻകാനൻ എന്നതിലെ നന്ദൻ എന്ന പേരു നൽകി അവനെ ആദരിച്ചു.
മേഘയ്ക്ക് നന്ദനിൽ നിന്ന് രണ്ട് മക്കളുണ്ടായി. ബാഹുബലി 1, ബാഹുബലി 2. അവർക്കിപ്പോൾ മൂന്ന് വയസ്സാകുന്നു. സഫാരി കഴിഞ്ഞ് കൂടുകളിലുള്ള മൃഗങ്ങളുടെ അടുത്തേയ്ക്ക് പോകുമ്പോൾ ഇവരെ കാണാനുള്ള ആകാംക്ഷയായിരുന്നു ഉള്ളിൽ. കൂട്ടിനുളളിൽ ശക്തനായ ഒരു ആൺകടുവ. ഇവനാണ് യഥാർത്ഥ പ്രണയം എന്തെന്ന് മനുഷ്യർക്ക് കാണിച്ചു കൊടുത്തത്. പ്രണയത്തിനു വേണ്ടി സ്വന്തം സ്വതന്ത്ര്യം പരിത്യജിച്ചത്. കുറച്ചു നേരം ആരാധനയോടെ അവനെ നോക്കി നിന്നു പോയി.
തൊട്ടടുത്ത കൂട്ടിൽ ബാഹുബലികൾ ഒരുമിച്ച് നടക്കുന്നു. അവയും ആരോഗ്യമൊത്ത കടുവകളായി വളർന്നിരിക്കുന്നു. പ്രായപൂർത്തി ആയാൽ അവ പിന്നെ ഒരുമിച്ച് നിൽക്കില്ലെത്രെ. താമസിയാതെ വേർപിരിയും എന്ന് തോന്നുന്നു. പാർക്കിലെ സാധാരണ കടവുകൾക്ക് ജനിച്ച വെള്ളക്കടുവയും, കറുത്ത കടുവയുമൊക്കെ നന്ദൻ കാനൻന്റെ മാത്രം ആകർഷണീയതയാണ്.
എല്ലാം കണ്ടുകഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും മനസ്സ് മേഘയെ തേടുകയായിരുന്നു. മനസ്സ് മനസ്സിലാക്കിയ വണ്ണം ഗൈഡ് ചോദിച്ചു മേഘ എവിടെയാണെന്ന് അറിയേണ്ടേ നിങ്ങൾക്ക്? ചുറ്റും നിശബ്ദത. അവൾ നന്ദന്റെ അടുത്ത കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള തയ്യാറെടുപ്പിലാണ്. വെറ്റിനറി ഹോസ്പിറ്റലിൽ ശുശ്രൂഷയിൽ ആണ് അവളിപ്പോൾ. അയാളുടെ വാക്കുകൾ വലിയൊരു ആഹ്ലാദത്തോടെയാണ് എല്ലാവരും ശ്രവിച്ചത്.
നന്ദനെയും മേഘയേയും ഇനിയും ജനിക്കാനിരിക്കുന്ന അവരുടെ കുഞ്ഞുങ്ങളേയും ഹൃദയത്തിൽ ചേർത്ത് വച്ച് സന്ധ്യയോടെ അവിടെ നിന്നും വിടവാങ്ങി. പോകുന്ന വഴിയെ രാംമന്ദിർ എന്ന ശില്പഭംഗി കൊണ്ട് സുന്ദരമായ ക്ഷേത്രത്തിലും കയറുകയുണ്ടായി. ഈ പ്രണയമല്ലെ ലോകം ഇത്രമേൽ സുന്ദരമാക്കുന്നത്. അത് ആവോളം പകർന്നുനൽകി പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളേയും അങ്ങ് അനുഗ്രഹിക്കണേ. കൈകൂപ്പി ഈശ്വരനെ വന്ദിച്ച് തിരികെയിറങ്ങി.