വിവരണം – Vishnu A S Nair.
നെടുമങ്ങാട് – തിരുവനന്തപുരം നഗരത്തിൽ നിന്നും ഏതാണ്ട് ഇരുപതു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന മലയോരഗ്രാമം. എന്നാൽ നിങ്ങൾക്കറിയാത്ത ഒരുപിടി ചരിത്രം കൂടി അവളുടെ മടിത്തട്ടിൽ മയങ്ങിക്കിടപ്പുണ്ട്. പതിനാറാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതും കേരളത്തിലെ ഒരേയൊരു ന്യൂമിസ്‌മാറ്റിക്സ് – ഫോക്‌ലോർ മ്യൂസിയവുമായി മാറിയ കോയിക്കൽ കൊട്ടാരവും തിരുവനന്തപുരത്തിന്റെ ഊട്ടിയായ പൊന്മുടിയും പേപ്പാറ വന്യജീവി സങ്കേതവും കളകളാരവം മുഴക്കുന്ന കല്ലാറും ഭക്ത ഹനുമാൻ തിരിച്ചിട്ടെന്നു വിശ്വസിക്കപ്പെടുന്ന തിരിച്ചിട്ടപ്പാറയും മലയോരപ്രദേശങ്ങളും റബ്ബർ വിളകളും നെടുമങ്ങാടിന്റെ പ്രകൃതിയെ ശാലീന സുന്ദരിയാക്കുമ്പോൾ പാലോട് TBGRI യും വലിയമല PSLV യും യൂറോപ്യൻ യൂണിയന്റെ സഹകരണത്തോടെ തുടങ്ങിയ കാർഷിക മാർക്കറ്റും അന്താരാഷ്ട്ര മാർക്കറ്റും മികച്ച നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ആധുനികതയുടെ കയ്യൊപ്പ് നെടുമങ്ങാടിനു ചാർത്തുന്നു.
1912 ൽ നവോത്ഥാന നായകനായ ശ്രീ.അയ്യൻകാളി നേതൃത്വം കൊടുത്ത നെടുമങ്ങാട് ചന്തലഹള അരങ്ങേറിയതും മുത്തുമാരിയമ്മൻ – തട്ടാരമ്മൻ – മേലാങ്കോട് ദേവി ക്ഷേത്രത്തിലെയും ഉത്സവങ്ങൾ ഒരുമിച്ചു വരുന്ന “നെടുമങ്ങാട് ഓട്ടവും” അരങ്ങേറുന്നതും ഇവിടെ തന്നെ. കോയിക്കൽ ശിവനും ഇണ്ടളയപ്പനും കരിമ്പിക്കാവ് ശാസ്താവും ദശാബ്ദങ്ങൾ പഴക്കമുള്ള നെടുമങ്ങാട് ജമാഅത്ത് പള്ളിയും ക്രിസ്തീയൻ പള്ളിയും ജാതിമത ഭേദമന്യേ ഈ KL-21 കാരെ കാത്തരുളുന്നു.
പുലയരാജവംശത്തിന്റെ അവസാനത്തെ കണ്ണിയായിരുന്ന കോതറാണിയുടെ വീരചരിതത്തെക്കുറിച്ചും “ഇളവള്ളുവനാടെന്ന” നെടുമാങ്ങാടിന്റെ മണ്ണിനും കാറ്റിനും പറയാനുണ്ട്. സാംസ്കാരികവും സംസ്‌കൃതിയും പൈതൃകവും ചരിത്രവും നവോത്ഥാനവും വിശ്വാസങ്ങളും പ്രകൃതിയുടെ മനോഹാരിതയും ആധുനികതയുടെ മാറാപ്പും മാത്രമല്ല നല്ല എണ്ണംപറഞ്ഞ ഭക്ഷണശാലകളും നെടുമങ്ങാട് അവളുടെ വൽക്കത്തിനുള്ളിൽ നമുക്കായി കരുതിവച്ചിട്ടുണ്ട്. നാടേതായാലും “അസീസ് , ആര്യാസ് , ബിസ്മി , സംസം” ഇത്തരം പേരുകളിൽ ഒരു ഹോട്ടൽ.. അതു നിർബ്ബന്ധാ. അങ്ങനെയാണേൽ നെടുമങ്ങാടിനുമുണ്ടൊരു അസീസിന്റെ കഥ പറയാൻ….
1994 – 1995 കാലഘട്ടത്തിൽ ഇന്നത്തെ നെടുമങ്ങാട് ചന്തമുക്കിനടുത്തുള്ള ജോസ്കോ ജ്വല്ലറിക്ക് സമീപം സ്ഥിതി ചെയ്യുന്ന സഫാരി ബാർ (ഇന്ന് ബിയർ ആൻഡ് വൈൻ പാർലർ). അവിടുത്തെ ലായനികൾ കുടിച്ചു ലഹരി പിടിച്ചവർക്ക് പള്ള നിറയ്ക്കാൻ അസീസ് എന്നൊരു വ്യക്തി ഒരു ഒറ്റമുറി തട്ടുകട തുടങ്ങി. “തലയ്ക്ക് ആട്ടം തുടങ്ങിയാൽ മാംസാഹാരമാണ് പഥ്യമെന്ന” വാചകം അന്വർത്ഥമാക്കും വിധം നല്ല കിണ്ണം കാച്ചിയ കോഴി പൊരിച്ചതും ബീഫ് ഫ്രൈയ്യുമായിരുന്നു നിത്യവിഭവമെന്നു പഴയ ആളുകൾ പറഞ്ഞു കേൾക്കാം….
പിന്നീട് നെടുമങ്ങാട് ടാക്സി സ്റ്റാൻഡിനടുത്ത് ഒരു പഴയ തുണിക്കട രൂപമാറ്റം ചെയ്തു ആടി കളിക്കുന്ന ബെഞ്ചുകളും മേശയുമായി പ്രവർത്തനം തുടങ്ങിയപ്പോഴും ജനങ്ങൾ രണ്ടുകയ്യും നീട്ടി ഈ പേരില്ലാത്ത കടയെ സ്വീകരിച്ചു. അതിനാലാകും സാമൂഹ്യമാധ്യമകളിൽ പ്രചരിച്ചിരുന്ന തിരുവനന്തപുരത്തെ മികച്ച ഹോട്ടലുകളുടെ പട്ടികയിൽ തലതൊട്ടപ്പന്മാരായ വമ്പൻ ഹോട്ടലുകളുടെ കൂടെ അസീസ് കാക്കാന്റെ ഈ ഒറ്റമുറി കടയും ഇടം പിടിച്ചത്…
എന്നാലിന്ന് അസീസ് കാക്കാന്റെ ഹോട്ടലിന്റെ സ്ഥാനം മറ്റൊരിടത്താണ്. നെടുമങ്ങാട് ആലിന്റെ ചുവട്ടിൽ നിന്നും വലത്തോട്ടുള്ള വൺവേ(ബസ് സ്റ്റാൻഡിലേക്കുള്ള വഴി) അവസാനിക്കുന്ന സ്ഥലത്ത് (അൽ ഹാജ സ്റ്റുഡിയോയുടെ നേരെ എതിരെ) ഒരു അഞ്ചു മണിക്ക് ശേഷം ഒറ്റ നിറത്തിലുള്ള ഷർട്ടും കള്ളി കൈലിയും കട്ടിഫ്രെയിം കണ്ണടയും ധരിച്ച് വെള്ളത്താടി രോമങ്ങളുമായി അസീസ് കാക്കയെ കാണാം…കാക്കയെ കണ്ടു സംസാരിക്കാനൊന്നും നിൽക്കണ്ട വായ നിറയെ മുറുക്കാനാണ്.. ആംഗ്യവിക്ഷേപങ്ങളാണ് കൂടുതൽ….
അങ്ങനെ ഞാനും ഒരു ദിനം അസീസിന്റെ ഹോട്ടലിലേക്ക് യാത്രായായി. ആദ്യമേ പറഞ്ഞേക്കാം “സീറോ ആമ്പിയൻസ്” ഹോട്ടലാണിത്. അകത്തൊരു എഴുപേർക്കിരിക്കാവുന്ന ഒരു മേശയുണ്ട് അതിൽ ഒരു സീറ്റ് കിട്ടണമെങ്കിൽ എം.എൽ.എ ശുപാർശ വേണ്ടിവരും. ഒരു പതിനഞ്ച് ഇരുപതു മിനുട്ടത്തെ കാത്തിരിപ്പിന് ശേഷം എനിക്കും ഒരു ഇരിപ്പിടം കിട്ടി..താമസംവിനാ മലയാളികളുടെ ദേശീയ ഭക്ഷണമായ പൊറോട്ടയും അസീസ് സ്‌പെഷ്യൽ ചിക്കൻ ഫ്രൈയ്യും പറഞ്ഞു..
പൊറോട്ട ആവറേജ്, നല്ല സോഫ്റ്റൊക്കെ തന്നെ, എന്നാൽ അത്ര എടുത്തു പറയാനൊന്നുമില്ല… എന്നാൽ വാഴയിലയിൽ വന്നെത്തിയ ചിക്കൻ ഫ്രൈ കിടുക്കാച്ചി… നല്ല കേര വെളിച്ചെണ്ണയിൽ സ്ഫുടം ചെയ്തെടുത്ത ഉള്ളിൽ മസാലയൊക്കെ പിടിച്ച നല്ല സൂപ്പർ ചിക്കൻ ഫ്രൈ… അറജ്ജം പുറജ്ജം കശുവണ്ടിയൊന്നും ചേർത്തിട്ടില്ലെങ്കിലും വയറ്റിഭാഗ്യമുണ്ടേൽ ഫ്രൈയ്യിൽ കശുവണ്ടിയും കിട്ടും…
പുറമെ നല്ല മൊരിഞ്ഞതാണേലും ഉള്ളിൽ നല്ല പതുപതുത്ത പരുവം പറ്റിയ ചിക്കൻ ഫ്രൈ…മുഖത്തു നോക്കി ചിരിച്ചതു കൊണ്ടാകും അസീസ് കാക്ക നാലഞ്ചു കഷ്ണങ്ങളോടുകൂടിയ ബീഫ് ഗ്രേവി പൊറോട്ടയിലേക്ക് ഒഴിച്ചു. ഗ്രേവിയിൽ കുതിർന്ന പൊറോട്ട അടർത്തിയെടുത്ത് മൊരിഞ്ഞ ആ ചിക്കൻ ഫ്രൈയുടെ കൂടെയൊന്നു കഴിക്കണം …മച്ചാനെ…. ചന്നം പിന്നം കിടുക്കാച്ചി. ബാക്ഗ്രൗണ്ടിൽ അടുത്ത റൗണ്ടിനായി നല്ല വെളിച്ചെണ്ണയിൽ പൊരിക്കുന്ന ചിക്കന്റെ കൊതിപ്പിക്കുന്ന ഗന്ധം… ഇജ്ജാതി കിടുവേ…
പൊറോട്ട കഴിച്ചിട്ട് വിശപ്പ് മാറാത്തത് കൊണ്ട് അടുത്ത വട്ടത്തിനായി ദോശയും ബീഫ് ഫ്രൈയ്യിനെയും ഞാൻ അങ്കതട്ടിലേക്ക് ക്ഷണിച്ചു.. ഒരു രക്ഷയുമില്ല… ഈ മനുഷ്യനെങ്ങനെ ഇമ്മാതിരി വിഭവങ്ങളുണ്ടാകുന്നുവെന്ന് ഒരു പിടിയുമില്ല. പഞ്ഞിയെക്കാൾ പതുപതുത്ത ദോശയിൽ ആ ബീഫ് ഫ്രൈ കൂട്ടി ഒരു പിടി പിടിക്കണം.. മിക്സ്ചർ വായിലിട്ട് ചവയ്ക്കുന്നത് പോലിരിക്കും.. അത്രയ്ക്ക് ക്രിസ്‌പി. ചതച്ച ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും രുചി വേറെ…
പാർസൽ കൊടുക്കുന്നതും പണം കൈകാര്യം ചെയ്യുന്നതും പാചകം നോക്കുന്നതും കാക്ക തന്നെയാണ് വൈറ്റർമാരായി പണ്ടു മുതലേയുള്ള മൂന്നു പേർ ഇന്നും കൂടെയുണ്ട്. കാക്ക തിരക്കിലാണ്, ഇടമുറിയാതെയുള്ള പാർസലിനായുള്ള ആളുകളുടെ നിൽപ്പും ഒഴിയാത്ത ആ ഏഴു സീറ്റർ മേശയും ആ മനുഷ്യന്റെ കൈപുണ്യത്തിന്റെ കയ്യൊപ്പാണ്.. തിരക്കിനിടയിൽ ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും പുള്ളിയുടെ നെട്ടോട്ടം കണ്ടപ്പോൾ ചോദിക്കാൻ എനിക്കൊരു മടി.. പിന്നെയൊരു ക്യാൻഡിഡ് എടുത്ത് ഞാനും മാതൃകയായി.
വിലവിവരം : 4 പൊറോട്ട – 2 ദോശ – 1 ചിക്കൻ ഫ്രൈ – 1 ബീഫ് ഫ്രൈ – Rs.246 (വായുവിൽ കൂട്ടി കണക്കെഴുത്തുന്ന ടീംസാണ്). എന്റെ അറിവനുസരിച്ചു നെടുമങ്ങാട് ഭാഗത്തുള്ള ആർക്കും അസീസ് ഹോട്ടൽ അറിയാതിരിക്കാൻ വഴിയില്ല എന്നാൽ പുറമെയുള്ള എത്രപേർക്ക് അറിയാമെന്നതാണ് ചോദ്യം. നല്ല വെളിച്ചെണ്ണയിൽ പൊരിച്ച A ക്ലാസ് ചിക്കൻ ഫ്രൈ / ബീഫ് ഫ്രൈ എവിടെ കിട്ടുമെന്ന് ആരേലും ചോദിച്ചാൽ ലവലേശം സംശയമില്ലാതെ പറഞ്ഞോളൂ “നെടുമങ്ങാട് അസീസ് കാക്കാന്റെ” കടയെന്ന്.
NB :- വൈകുന്നേരം ഒരു അഞ്ചു മണി മുതലാണ് കട സജീവമാകുന്നത് രാത്രി ഒരു പത്തു മണിവരെ ഉണ്ടാകുമെന്നാണ് അറിവ്.. ഹോട്ടലിനുള്ളിൽ ചെറിയ തോതിൽ ചൂടുണ്ട്. സ്ഥല പരിമിതികളുണ്ട്.. കൈ കഴുകാൻ പൈപ്പില്ല (പകരം ബക്കറ്റിൽ വെള്ളം പിടിച്ചു വച്ചിട്ടുണ്ട്), സോപ്പ് എടുക്കുന്നേൽ കുനിഞ്ഞു എടുക്കണം, പുഞ്ചിരിക്കുന്ന സുന്ദരൻ വൈറ്റർമാരില്ല അങ്ങനെ ഒട്ടേറെ പോരായ്മകൾ ഈ കൊച്ചുകടയ്ക്കുണ്ട്. എന്നാൽ രുചിയുടെ കാര്യത്തിൽ യാതൊരു പോരായ്മയും ഈ ഹോട്ടലിനിലെന്നുള്ള വസ്തുതയും മനസിലാക്കുക. അല്ലെങ്കിലും രുചിക്കെന്ത് ആമ്പിയൻസ്. ഫെയ്സ്ബുക്കെന്ന് പറഞ്ഞാൽ പറ്റുബുക്കെടുത് കാണിക്കുന്ന ഒരു സാധുവാണ് അസീസ് കാക്ക.. അപ്പോൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലായല്ലോ…