നീലക്കോടുവേലിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഈയടുത്ത് ആട് എന്ന സിനിമയിൽ നീലക്കൊടുവേലി അന്വേഷിച്ചു നടക്കുന്ന വിനായകനെയും സംഘത്തെയും നമ്മൾ കണ്ടതാണ്. ശരിക്കും എന്താണ് ഈ നീലക്കൊടുവേലി? സത്യമോ മിഥ്യയോ എന്നറിയില്ല ..പണ്ട് മുതൽക്കെ നാം അതിശയതോടെ കേൾക്കുന്ന നീല കൊടുവേലി ഒരു ഔഷധ സസ്യമാണ്… ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത എന്നാല്‍ മുത്തശി കഥകളില്‍ ഒരു പ്രഹേളികയായി ഇന്നും തുടരുന്ന ഒരു ഒരു സത്യം.
മരിച്ചവർക്ക് ജീവൻ കൊടുക്കാൻ കഴിവുള്ള ഒരു സസ്യമുണ്ട് ലോകത്ത്, അതാണത്രേ ”നീലക്കൊടുവേലി”. സ്വന്തമാക്കുന്നവർക്ക് മരണം പോലും മാറി നിൽക്കുന്ന – മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുന്ന – ഇരുട്ടിലും പ്രകാശിക്കാൻ കഴിവുള്ള – കയ്യിൽ സൂക്ഷിക്കുന്നവർക്ക് സർവ്വൈശ്വര്യങ്ങളും വന്ന് ചേരുമെന്ന് വിശ്വസിക്കുന്ന നീലക്കൊടുവേലി അന്വേഷിച്ചു മനുഷ്യൻ ഒത്തിരി അലഞ്ഞതാണ്. നീലക്കോടുവേലിയെക്കുറിച്ച് പറയുന്ന ഒരു കഥ ഇങ്ങനെ – ഉപ്പന്‍ എന്ന പക്ഷിക്ക് മാത്രമേ ഈ ലോകത്ത് നീലകൊടുവേലി തിരിച്ചറിയാനുള്ള കഴിവുള്ളു, അത് നേടാന്‍ വേണ്ടി ഉപ്പന്റെ കൂട് കണ്ടെത്തി അതിന്റെ മുട്ട എടുത്തു നല്ലതുപോലെ കുലിക്കി തിരിച്ചു കൂട്ടില്‍ തന്നെ വയ്ക്കുക, സമയം കഴിഞ്ഞിട്ടും മുട്ട വിരിയാത്തത് കൊണ്ട് ഉപ്പന്‍ അതിനുള്ള മരുന്നായ കൊടുവേലിതിരക്കി പോകും. അതുകൊണ്ട് വന്നു ഉപ്പന്‍ ആ മുട്ട വിരിയിചെടുക്കും. കിളികുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടാല്‍ ഉടന്‍ ഉപ്പന്റെ കൂട് എടുത്തു ഒഴുക്ക് വെള്ളത്തില്‍ ഇടുക, അപ്പോള്‍ ഒഴുക്കിനെതിരെ മുകളിലോട്ടു നീന്തി പോകും.
ഈശ്വരന്റെ കാക്ക എന്നറിയപ്പെടുന്ന പക്ഷി ചെമ്പോത്ത് അഥവാ ചകോരം കൂടുവെക്കുന്നതും ഈ നീലക്കോടുവേലിയുടെ വേരുകൊണ്ടാണത്രേ. പക്ഷെ, മാമലകൾക്ക് മുകളിൽ കൂട് കൂട്ടുന്ന ചെമ്പോത്തിന്റെ കൂടു കണ്ടെത്താൻ മനുഷ്യർക്ക് കഴിയാറില്ല. എങ്കിലും,, ചെമ്പോത്ത് കൂടുവെച്ചിട്ടുണ്ടെന്നും അവിടെ നീലക്കൊടുവേലി പൂത്തു നിൽക്കുന്നുണ്ടെന്നും വിശ്വസിക്കുന്ന ഒരു കൊടുമുടിയുണ്ട് ഇങ്ങ് കേരളത്തിൽ. നോക്കിയാൽ അറബിക്കടൽ കാണുമെന്ന് പറയപ്പെടുന്ന – താഴെ മീനച്ചിലാറിലേക്ക് തന്റെ കണ്ണുനീർ ഒഴുക്കിക്കളയുന്ന – സമുദ്ര നിരപ്പിൽ നിന്നും 6000 – ത്തിലധികം അടി ഉയരത്തിൽ നിൽക്കുന്ന ഐതിഹ്യങ്ങൾ ഏറെയുള്ള ലോകത്തിലെ ഒരേ ഒരു കൊടുമുടി. സോഷ്യൽ മീഡിയയിലൂടെ പ്രശസ്തമായ ഇല്ലിക്കൽ കല്ലിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. എന്നാൽ ഇവിടെ നീലക്കൊടുവേലി ഉണ്ടെന്നത് ഒരു കെട്ടുകഥ മാത്രമാണ്. ഇതും തേടി ആരും ഇല്ലിക്കൽ കല്ലിലേക്ക് ചെല്ലേണ്ട എന്നർത്ഥം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ശരിക്കും നീലക്കൊടുവേലി എന്നൊരു സസ്യമുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ ഒരു അലങ്കാരച്ചെടിയാണ് ഒറിജിനൽ നീലക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago auriculata). 1.8 മീറ്റർ വരെ ഉയരം വയ്ക്കുന്ന, വേഗം വളരുന്ന ചെടിയാണ് നീലക്കൊടുവേലി. നല്ല വെളിച്ചവും നീർവാർച്ചയുള്ള മണൽകലർന്നമണ്ണുമാണ് നീലക്കൊടുവേലിയ്ക്ക് നല്ലത്. ഉദ്യാന സസ്യമായി വച്ചു പിടിപ്പിക്കാറുള്ള നീലക്കൊടുവേലിയുടെ പൂക്കൾക്ക് ഇളം നീല നിറമാണ്. വെള്ള കൊടുവേലിയുടെ ഇലകളേക്കാൾ ചെറുതാണ് ഇതിന്റെ ഇലകൾ ഇംഗ്ലീഷിൽ ഇത് Cape Leadwort എന്ന് അറിയപ്പെടുന്നു.. വെള്ള ,ചെത്തി കൊടുവേലികൾക്ക് പകരമായി ഇതിന്റെ വേരും മരുന്നായി ഉപയോഗിക്കാറുണ്ട്. സീബ്രനീലി എന്ന ശലഭത്തിന്റെ ആഹാര സസ്യവും ഇതാണ്. എന്നാൽ കഥകളിൽ പറയുന്ന നീലക്കൊടുവേലി ഇതല്ല.
വിവരങ്ങൾക്ക് കടപ്പാട് – ഡാനിഷ് റിയാസ്, വിക്കി പീഡിയ, ഷാജി പാപ്പൻ (FB); ചിത്രം – വിനു.