വിവരണം – Nasee Melethil.
റൂട്ട് : ഒറ്റപ്പാലം – തൃശ്ശൂർ – അങ്കമാലി – ആട്ടുക്കാട് – മൂന്നാർ – ന്യമാക്കാട് – ഇരവികുളം (രാജമല ) – മാട്ടുപ്പെട്ടി – കുണ്ടല ഡാം – എക്കോ പോയിന്റ് – ടോപ് സ്റ്റേഷൻ – വട്ടവട – ചിന്നാർ – പൊള്ളാച്ചി – പാലക്കാട് – ഒറ്റപ്പാലം.
മൂന്നാറിൽ ആദ്യം പോയതു 1997 – ൽ ആയിരുന്നു, തേക്കടി പോകുന്ന വഴി. ജീവിതത്തിലാദ്യമായും അവസാനമായും കിട്ടിയ ടെലിഗ്രാമിനെ തുടർന്ന് പെട്ടെന്നുണ്ടായ ഒരു യാത്രയായിരുന്നു അത്. അത്രേം വലിയ മലയോ കാടോ ഒന്നും അന്നുവരേയും കണ്ടിട്ടില്ലായിരുന്നു. യാത്രയിലുടനീളം സൈഡ് സീറ്റിൽ കണ്ണും മിഴിച്ചിരുന്ന കൗമാരക്കാരി കണ്ട കാനന നക്ഷത്ര കാഴ്ചകൾ ഇന്നും മനസ്സിൽ മായാതെയുണ്ട്. പുറകിലേക്കോടി മറഞ്ഞ സ്വപ്ന കാഴ്ചകളെ നോക്കി മനസ്സിലോർത്തു, ഇനിയുമൊരിക്കൽ ഒരു ജോലിയൊക്കെ കിട്ടി വീണ്ടും ഇവിടെ വരണം.
പിന്നീട് മൂന്നാറിൽ പോയതു 2006 -ൽ .കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ യാത്ര. ബാംഗ്ലൂർ നിന്നും ബസിന് പളനി -വരെ വന്നു . പുലർകാലത്തു പളനിയിലെ സ്ത്രീകൾ സൈക്കളോടിച്ചു ജോലിക്കു പോകുന്ന ധൈര്യം കണ്ടു അതിശയിച്ചു ഇരിപ്പായിരുന്നു. വീണ്ടും നീണ്ട ബസ് യാത്ര, ഇളംപച്ച മലനിരകൾക്ക് നടുവിലെ മെലിഞ്ഞുങ്ങിയ വഴികളിലൂടെ മൂന്നാർ വരെ. പഴയൊരു നോക്കിയ ഫോൺ കാമറയിൽ അന്നെടുത്ത ഫോട്ടോകളൊക്കെ ഇപ്പോഴും ഉണ്ട്. മഴക്കാലത്തെ മൂന്നാറിനു വല്ലാത്ത ഒരു സൗന്ദര്യം ആയിരുന്നു, ചുകന്ന വാകപ്പൂക്കളും നോക്കെത്താ ദൂരത്തോളം തേയിലത്തോട്ടവും. അന്നു രാജമലയുടെ താഴ്‌വരയാകെ ഇളം വയലറ്റ് നിറത്തിൽ നീലകുറിഞ്ഞികൾ പൂത്തിരുന്നു. പൂച്ചക്കണ്ണന്റെ കൈയും പിടിച്ചു നിന്നപ്പോൾ, കുത്തനെയുള്ള പാറക്കൂട്ടത്തിലൂടെ അതി വേഗം ഓടിപ്പോയൊരു മുട്ടൻ വരയാടിനെ സാക്ഷിയാക്കി മനസ്സിൽ കുറിച്ചിട്ടു. അടുത്ത നീലക്കുറിഞ്ഞിക്കാലം കാണാൻ മകളെയും മകനെയും കൂട്ടി വരണം .
വർഷങ്ങൾ ആരെയും കാത്തു നിന്നില്ല. ഒരു വ്യാഴവട്ടത്തിനു ശേഷം , ഈ കൊല്ലം ആഗസ്റ്റ് ആദ്യത്തെ ആഴ്ച്ച വീണ്ടും നീലക്കുറിഞ്ഞി കണ്ടു ,മകനും മകൾക്കും ഒപ്പം. രണ്ടാഴ്ച മാത്രം വീണു കിട്ടിയ വേനലവധിയുടെ ഏറിയ പങ്കും പെരുമഴ കവർന്നെടുത്തു. ഇടക്കുവീണുകിട്ടിയൊരു വെയിൽ ദിനത്തെ കൂട്ടുപിടിച്ചു വീണ്ടും മൂന്നാറിലേക്ക്. നിഴലായി പ്രളയം പിൻതുടരുന്നത് അറിഞ്ഞതേയില്ല.
വർഷകാലം വിടപറയാൻ കുറച്ചു വൈകിയതിന് പരിഭവം പറഞ്ഞു റിസപ്ഷനിലെ വിടർന്ന കണ്ണുള്ള പെൺകുട്ടി. ഒരാഴ്ച കൂടികഴിഞ്ഞാൽ ഈ മേഘക്കുടത്താഴ്‌വരായാകെ നീലപ്പൂവിരിപ്പായി ഒരുനൂറായിരം പേർക്കു കാഴ്ചവിരുന്നേകുമത്രേ. പന്ത്രണ്ട് വർഷങ്ങൾ മൂന്നാർ ടൗണിനെ മാത്രം ഒട്ടും മാറ്റിയിട്ടില്ല. പക്ഷേ, പ്രാന്തപ്രദേശങ്ങളൊക്കെ അതീവ ശ്രദ്ധയോടെ മലിനവിമുകതമാക്കി സംരക്ഷിചിരിക്കുന്നു. വന്യസൗന്ദര്യത്തോടെ നിറഞ്ഞൊഴുകുന്ന മുതിരപ്പുഴയും നല്ലതണ്ണിയും കുണ്ഡലിപ്പുഴയും. ചാറ്റൽ മഴയുംവെയിലും മാറിമാറിഫ്‌ളാഷടിച്ചത്, സമീപത്തെ തേയിലതാഴ്വരകളിൽ ചിന്നിച്ചിതറി ചിത്രം വരച്ചു.
രാജമലയിലേക്കുള്ള ബസ്റ്റാൻഡ് ഒക്കെ പുതുക്കി പണിതിരിക്കുന്നു, എവിടെയും വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന വൃത്തിയും ഭംഗിയും നല്ല ആതിഥേയത്വവും. നേരം പുലർന്നു വരുന്നേയുള്ളൂ. തേയില നുള്ളുന്ന സ്ത്രീകളും ചെറിയകാറ്റും കോടമഞ്ഞും. ഇനിയൊരിത്തിരി കാൽനടയായി കയറണം. കിതപ്പിനിടയിൽ തിരിഞ്ഞു നോക്കുമ്പോളുള്ള പ്രകൃതിസൗന്ദര്യം, അതിരില്ലാത്ത നീലമലകൾ, എടുപ്പോടെ ആനമുടി, ആകാശമേലാപ്പിൽ നിന്നുതിർന്നു വീഴുന്ന വെള്ളച്ചാട്ടം, എന്റെ ദൈവമേ നിന്റെ സ്വന്തം നാട് തന്നെ. രാജമലയിൽ അങ്ങിങ്ങു വയലറ്റ് മൊട്ടുകൾ വിരിഞ്ഞുതുടങ്ങിയിരുന്നതിൽ ഒരു മഞ്ഞ പൂമ്പാറ്റ വന്നുമ്മ വച്ചു. ഇടക്കൊന്നുരണ്ട് വരയാടുകൾ വെറുതേ ഷോ കാണിക്കാൻ വന്നു.
കുറിഞ്ഞി പൗർണമി കാണാൻ ഇനിയുമൊരു വ്യാഴവട്ടംകാത്തിരിക്കണമെന്നോർത്തു നിരാശയോടെ കടുപ്പമുള്ള ഒരു മൂന്നാർ ചായ ഊതിക്കുടിച്ചിരിക്കുമ്പോഴാണ് വട്ടവടയിലെ കുറിഞ്ഞി വാർത്ത പീലിവിരിച്ചത്. ടോപ് സ്റ്റേഷനിലെ കാഴ്ച കണ്ടതും വട്ടവടയിലേക്കു തിരിച്ചു. താഴ്വരയെ തട്ടുകളാക്കി തിരിച്ച നെൽപാടങ്ങൾക്കു പിന്നിൽ വർണ്ണാഭമായ ചെറിയ വീടുകൾ. ഈ ടെറസ് പാടങ്ങൾ കാണാൻ പണ്ട് ചൈന വരെ പോയിട്ടുണ്ട്. നിയന്ത്രിത മേഖല കഴിഞ്ഞതും റോഡിലേക്കു ചാഞ്ഞു ചിരിച്ചു നിൽക്കുന്ന ചെറിയ വയലറ്റ് പൂക്കൾ തലയാട്ടി. ചെറിയൊരു ജംഗ്ഷനിൽ നിന്നും വഴി കാണിക്കാൻ ആറാം ക്ലാസ്സുകാരൻ മുരുകനും കൂടെ കൂടി. ഒരു കുഞ്ഞികുന്നു കയറിയപ്പോ അവിടെയാകെ ഇളംനീല നിറത്തിൽ കുറിഞ്ഞി പൂക്കാലം. മതി!, ഈ കാഴ്ച കാണാനാണ് ഇത്രയും ദൂരം വന്നത്, ഇത്രയും കാലം കാത്തിരുന്നത്.
സൂര്യാസ്തമയമാണ്, പെട്ടെന്നു മടങ്ങണം. ഒരു കലമാൻ അനുവാദം ചോദിക്കാതെ റോഡ് ക്രോസ്സ് ചെയ്തു. വഴിയരികിലെ മരത്തണലിൽ പൂഴിയിൽ കുളിച്ച ഒരമ്മയാനയും കുട്ടിയാനയും ആരെയോ കാത്തു നിൽപ്പുണ്ടായിരുന്നു. ഇടുക്കിയിലേക്കുള്ള റോഡ് നോക്കി വെറുതെ നെടുവീർപ്പിട്ടു. വന്ന വഴിയൊക്കെ തിരിച്ചു മൂന്നാറിലെത്തി ചിന്നാർ വഴിയാണ് ഇനി മടക്കയാത്ര. തണുത്ത തേയിലക്കാറ്റ് ഇക്കുറിയും മാടിവിളിച്ചു. കോടമഞ്ഞിനിടയിൽ കൂടി അകലെ കണ്ട മലനിരകളെ ഒക്കെ സാക്ഷി നിർത്തി ഇത്തവണയും ഒരു സ്വപ്നം എടുത്തു വെച്ചിട്ടുണ്ട്, അടുത്ത കുറിഞ്ഞിക്കാലത്തേക്ക്. അതെന്താണെന്ന് ചോദിക്കരുത്, പുറത്തു പറയുന്ന സ്വപ്നങ്ങള്‍ ഒന്നും യഥാർഥ്യം ആവില്ലത്രേ.
എന്താണ് നീലക്കുറിഞ്ഞി? – പശ്ചിമഘട്ടത്തിലെ മലകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി(Strobilanthes kunthiana). 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2018 മെയ് മാസങ്ങളിൽ നീലക്കുറിഞ്ഞിയുടെ വരവ് പ്രതീക്ഷിച്ചിരുന്നു എങ്കിലും മഴയുടെ കൂടുതൽ മൂലം സെപ്റ്റംബർ മാസത്തേക്ക് നീണ്ടു. മഴ കൂടുതൽ മൂലം ഏറ്റവും കൂടുതൽ കുറിഞ്ഞി പൂക്കുന്ന ഇരവികുളം പാർക്ക് സെപ്റ്റംബർ 04 നു ശേഷം ആണ് കുറിഞ്ഞി പൂത്തത് കാണാൻ തുറന്നു കൊടുത്തത്. ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി.
സീസണിൽ ഇവ ഒരു പ്രദേശത്ത് വ്യാപകമായി പൂത്തു നിൽക്കുന്നത് ഹൃദയാവർജകമായ കാഴ്ചയാണ്. ഹിമാലയത്തിലെ പൂക്കളുടെ താഴ്‌വരയെ അനുസ്മരിപ്പിക്കുന്നതാണ് ഈ കാഴ്ച്ച. പൂത്ത് പത്തു മാസം കഴിയുമ്പോളാണ് ഇവയുടെ വിത്ത് പാകമാകുന്നത്. നീലക്കുറിഞ്ഞി പൂക്കുന്നത് അശുഭകരമാണെന്നാണ് ചില ആദിവാസി വിഭാഗങ്ങളുടെ വിശ്വാസം. മറ്റു ചിലർ ഈ പൂക്കൾ മുരുകന് കാഴ്ചയായി അർപിക്കുന്നു. ഈ ചെടിക്കോ പൂവിനോ ഔഷധഗുണമുള്ളതായി കണ്ടെത്തിയിട്ടില്ല. പൂക്കാലം കഴിഞ്ഞ് അൽപനാളുകൾക്കു ശേഷം ഇവയിൽ നിന്ന് മുതുവാന്മാർ തേൻ ശേഖരിക്കാറുണ്ട്. ആദിവാസി വർഗമായ തോടർ പ്രായം കണക്കാക്കുന്നത് നീലക്കുറിഞ്ഞി പൂക്കുന്നതിൻറെ അടിസ്ഥാനത്തിലാണ്. കേരളത്തെയും തമിഴ്‌നാടിനേയും സംബന്ധിച്ച് കുറിഞ്ഞി പൂക്കുന്ന സമയം ടൂറിസം വികസന കാലം കൂടിയാണ്.