വിവരണം – വൈശാഖ് കീഴേപ്പാട്ട്.
എന്റെ പല യാത്രകളിലും ഞാൻ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് അപ്രതീക്ഷിതമായി സംഭവിക്കുന്ന യാത്രകളാണ് ഏറ്റവും മനോഹരം എന്നുള്ളത്. ആ കൂട്ടത്തിലെ ഏറ്റവും പുതിയ അനുഭവമാണ് നെല്ലിയാമ്പതിയിലെ KFDC കോട്ടേജിലെ താമസം. ഒരുപാട് മുന്നേ തീരുമാനിച്ചതാണെങ്കിലും ചില പ്രശനങ്ങൾ കാരണം നീണ്ട്പോകുകയായിരുന്നു. അങ്ങനെ ഇരിക്കെ ഒരു രാത്രയിലാണ് നാളെ പോയാലോ എന്നൊരു ചോദ്യം ചേട്ടൻ ചോദിക്കുന്നത്. ഓൺലൈൻ വഴി ബുക്ക് ചെയ്താലേ റൂം കിട്ടൂ എന്നുള്ളതിനാൽ ആദ്യം നോക്കിയത് അതാണ്. ഭാഗ്യത്തിന് ഒഴിവുണ്ട്.
ഏകദേശം രാത്രി 8 മണിക്കാണ് പോകാൻ വേണ്ടി ബുക്ക് ചെയ്യുന്നത്. ഓൺലൈൻ വഴി എല്ലാം സെറ്റ് ആക്കി രാവിലെ പോകാൻ തയ്യാറായി. ഇനി അവിടത്തെ ഗൈഡ് വിളിക്കണം. എന്നാലേ ബാക്കി കാര്യങ്ങൾ എല്ലാം അറിയൂ. സൈറ്റ് വിവരം അനുസരിച്ചു നെല്ലിയാമ്പതി ഉച്ചക് എത്തണം എന്നുള്ളതിനാൽ ഗൈഡ് ന്റെ വിളിക്ക് കാത്തു നിൽക്കാതെ രാവിലെ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങി. നെല്ലിയാമ്പതി ഒരുപക്ഷെ എന്റെ ജീവിതത്തിൽ ഏറ്റവും തവണ പോയിട്ടുള്ള ഒരു സ്ഥലമാകാം അതിനാൽ വഴിയൊന്നും സംശയം കൂടാതെ ചേലക്കര നെന്മാറ വഴി യാത്ര ആരംഭിച്ചു.
പുലർകാലത്തെ വള്ളുവനാടൻ കാഴ്ച്ചകൾ ആസ്വദിച്ച് ബൈക്കിൽ യാത്ര ചെയ്യുക എന്നുള്ളത് ഒരു വല്ലാത്ത അനുഭവമാണ്. ചെറുതുരുത്തി കഴിഞ്ഞു പാഞ്ഞാൾ വഴി പോകുമ്പോൾ ആണ് ദേവേദ്രന്റെ ഫോൺ വരുന്നത്. അതാണ് നമ്മുടെ ഗൈഡ്. പുള്ളിക്ക് രാവിലെ ആണ് നമ്മുടെ ബുക്കിംഗ് ഡീറ്റെയിൽസ് കിട്ടിയത്. നൂറടി 12 ആകുമ്പോ എത്തണം എന്ന് പറഞ്ഞു ഫോൺ വെച്ചു. ഭക്ഷണം കഴിക്കാതെ ഇറങ്ങിയതിനാൽ പാഞ്ഞാൾ നിന്നും പഴയ വയനാടൻ യാത്രയിൽ കൂടെ ഉണ്ടായിരുന്ന സുമോദിന്റെ കടയിൽ കയറി പ്രഭാത ഭക്ഷണം കഴിച്ചു, പിന്നെ നെല്ലിയാമ്പതി മലനിരകളിലേക്.
നെന്മാറ കഴിഞ്ഞപ്പോൾ റോഡ് വിജനമായി. ആദ്യമായാണ് ഈ റൂട്ടിൽ ഇത്രയും വാഹനങ്ങൾ കുറവായി കാണുന്നത്. പതിവ് പോലെ സഞ്ചാരികളെ കാത്തു പോത്തുണ്ടി ഡാം സുന്ദരനായി നിൽക്കുന്നു. ഒരു പുഞ്ചിരി തിരിച്ചു നൽകി മുന്നിലെ മലകളെ നോക്കി മുൻപോട്ട്. ചെക്‌പോസ്റ്റിൽ ഡീറ്റെയിൽസ് കൊടുത്തു മഴ സമയം ആയതിനാൽ 3 മണിക്ക് തിരിച്ചിറങ്ങാൻ ആവശ്യപ്പെട്ടു. സ്റ്റേ ആണെന്ന് പറഞ്ഞപ്പോൾ ആ ആവശ്യം പിറ്റേ ദിവസത്തേക്കാക്കി.
വിജനമായ റോഡിലൂടെ ഓരോ വളവും താണ്ടി പോകുകയാണ്. എതിർവശത്തു നിന്നും വാഹനങ്ങൾ നന്നേ കുറവയതിനാൽ വളരെ വേഗത്തിൽ തന്നെ ദൂരം താണ്ടുവാൻ ഞങ്ങള്ക് സാധിച്ചു. ഒടുവിൽ മുകളിലെ വ്യൂ പോയിന്റിൽ എത്തിയപ്പോ ഗുരു അവിടെ പതിവ് ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് ന്റെ ശത്രു അതാണ് നെല്ലിയാമ്പതി ഗുരു. കുറച്ചു കുശലന്വേഷണവും നടത്തി ഓടകുഴലിൽ ഒരു ചെറിയ സംഗീതവും നൽകിയാണ് ഗുരു യാത്രയാക്കിയത്.
ദേവേന്ദ്രൻ പറഞ്ഞ സമയം അടുത്തിരിക്കുന്നു. അധികം സമയം ചിലവഴിച്ചാൽ നഷ്ടപെടുന്നത് അവിടത്തെ നമ്മുടെ സമയം തന്നെയായതിനാൽ കൈനാട്ടി കഴിഞ്ഞു തേയിലത്തോട്ടത്തിനു നടുവിലൂടെ നേരെ നൂറടി. ഞങ്ങളുടെ വരവ് കണ്ടപ്പോൾ തന്നെ ദേവേന്ദ്രൻ ചേട്ടൻ അടുത്ത് വന്നു പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഞങളുടെ ബൈക്ക് അടുത്തുള്ള ഒരു കടയിൽ കയറ്റി വെച്ച് ഹെൽമെറ്റ് അവിടെ തന്നെ കൊടുത്തു.
ഇനി ഏകദേശം 10 KM ദൂരമുണ്ട് നമ്മുടെ താമസ സ്ഥലത്തേക്ക്. അതിൽ ഒരു 6 KM കുഴപ്പമില്ലാത്ത റോഡും പിന്നീടങ്ങോട്ട് ഓഫ് റോഡും ആണെന്നാണ് നമ്മുടെ ജീപ്പ് ഡ്രൈവർ ചന്ദ്രേട്ടൻ പറഞ്ഞത്. ഈ ജീപ്പ് സഫാരി നമ്മുടെ പാക്കേജിൽ വരുന്നതല്ല. ബൈക്ക് ഒഴിച്ച് മറ്റു വാഹനങ്ങൾ അങ്ങോട്ട് പോകും. ബൈക്കിൽ വന്നതിനാലാണ് ഇവിടെ നിന്നും ജീപ്പ് എടുത്തു ഞങ്ങൾ പോകുന്നത്. തേയില തോട്ടങ്ങളിലൂടെ ഉള്ള യാത്ര പതിയെ കാപ്പി തോട്ടങ്ങളിലേക്ക് മാറി.
ചാലക്കുടി പുഴയിൽ ചേരുന്ന ഒരു ചെറു പുഴ ഇവിടെ കൂടി പോകുന്നുണ്ട്. അതിനെ മുറിച്ചു കടന്നാണ് യാത്ര. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവിടെ 3 യുവാക്കൾ മരിച്ച സംഭവവും യാത്ര മദ്ധ്യേ ചന്ദ്രേട്ടൻ ഓർമിപ്പിച്ചു. ഇപ്പൊ യാത്ര വിക്ടോറിയയിലൂടെയാണ്. വിക്ടോറിയ, റോസറി എല്ലാം അവിടത്തെ തോട്ടങ്ങളുടെ പേരുകൾ ആണ്. റോഡ് പതിയെ ഓഫ് റോഡിലേക്ക് കടന്നു. മനസ്സിൽ കണ്ടപോലെ വലിയ ഓഫ് റോഡ് ഒന്നുമല്ല. പക്ഷെ കരടിയും കടുവയും എല്ലാം ഭരിക്കുന്ന വഴികളിലൂടെയാണ് നമ്മുടെ യാത്ര എന്ന് ഓർക്കുമ്പോ ഇതുപോലെ ഉള്ള വണ്ടികളിൽ വരുന്നത് തന്നെയാണ് ഉചിതം എന്ന് മനസ്സിലായി. ആ അപകടം ഉള്ളതിനാലാണ് ബൈക്ക് ഇങ്ങോട്ടു കയറ്റി വിടാത്തതും.
പകുതി പാലം എത്തിയപ്പോൾ ആണ് ശരിക്കും ജീപ്പ് എടുക്കേണ്ടതിന്റെ ആവശ്യം മനസ്സിലായത്. നിലവിലെ പാലം തകർന്നതിനാൽ തോട്ടിലൂടെയാണ് ജീപ്പ് ഓടിക്കുന്നത്. പാലം കഴിഞ്ഞാൽ നമ്മുടെ കോട്ടേജ് ആയി. അവിടെ എത്തിയപ്പോൾ തന്നെ ഞങ്ങളെ സ്വീകരിക്കാൻ എന്നപോലെ ഒരു കൂട്ടം മാനുകൾ ഉണ്ടായിരുന്നു. കോട്ടേജിലെ അതിഥികളുടെ സ്ഥിരം കൂട്ടുകാരാണ് ഈ മാൻ കൂട്ടം. മൃഗങ്ങൾ വരാതിരിക്കാനുള്ള കമ്പിവേലി കടന്നു അങ്ങനെ നമ്മുടെ കോട്ടേജിൽ എത്തി.
ജീപ്പിൽ നിന്നിറങ്ങി പുല്ലിലൂടെ നടന്നപ്പോൾ തന്നെ പ്രധാന വില്ലനുമായുള്ള യുദ്ധം ആരംഭിച്ചു കഴിഞ്ഞിരുന്നു. അട്ട. ഈ സന്തോഷത്തിനിടയിൽ നമ്മുടെ രസംകൊല്ലിയായി എന്തെങ്കിലും വേണ്ടേ. ആദ്യ പോരാട്ടത്തിൽ തന്നെ പത്തിനടുത്തോളം അട്ടകളെ ആണ് എടുത്തു കളഞ്ഞത്. ദേവേന്ദ്രൻ ചേട്ടൻ ചാവി തന്നു ഭക്ഷണം എടുത്തു വെക്കാൻ പോയി. രണ്ടു മുറികളും ഒരു ഹാളും ഒരു അടുക്കളയുമാണ് ഇവിടെ ഉള്ളത്. ഒരു മുറിയിൽ 6 പേർക്ക് വിശാലമായി കിടക്കാം. അങ്ങനെയുള്ള രണ്ടു മുറികൾ.
ഇത്രയും വിശാലമായ സ്ഥലത്തു ഇന്ന് രാത്രി ഞങ്ങൾ രണ്ടുപേര് മാത്രം. അതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ബുക്ക് ചെയ്യുന്ന ആളിന് മാത്രമായി ഈ ലോകം സ്വന്തം. ഭക്ഷണം തയ്യാറായി എന്ന അറിയിപ്പ് വന്നു. തൊട്ടു മുന്നിൽ അവർ ഉണ്ടാക്കിയ ചെറിയ ഷെഡിൽ ആണ് ഭക്ഷണം. മഴ ഇല്ലാത്തപ്പോൾ പകൽ സമയത്തു അവിടെ ആണ് ഭക്ഷണം നൽകാറ്. പായസം അടങ്ങുന്ന ഒരു ചെറു സദ്യയാണ് ഞങ്ങള്ക് വേണ്ടി ഒരുക്കിയിരുന്നത്. പ്രകൃതിയുടെ ഭംഗി ആസ്വദിച്ച് ഭക്ഷണം ആസ്വദിച്ച് കഴിക്കാം.
അതിനിടയിലാണ് മുൻപിലെ മരങ്ങളിൽ സിംഹവാലൻ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് കണ്ടത്. വിശപ്പ് കൂടുതലായതിനാലാണോ സ്വാദിന്റെ ആണോ എന്നറിയില്ല നല്ലപോലെ കഴിച്ചു. അവസാനം ഒരു ചെറുപയർ പായസവും. ആദ്യ ഫുഡ് തന്നെ കുശാലായി. ഇനി അല്പം വിശ്രമമാണ്. അതിനു ശേഷമാണ് കാഴ്ചകൾ തേടിയുള്ള സായാഹ്‌ന നടത്തം. അട്ടകളെ പ്രതിരോധിക്കാനായി പുകയില പൊടിയും സാനിറ്റസറും എല്ലാം കാലിൽ തേച്ചാണ് നടത്തം തുടങ്ങാൻ പോകുന്നത്.
മഴ പതിയെ ചാറി തുടങ്ങി. മഴ പെയ്താൽ കാഴ്ചകൾ എല്ലാം നഷ്ടമാകും എന്നുള്ള ഭയം മഴയോട് അല്പം ദേഷ്യം തോന്നിപ്പിച്ചു. സുരക്ഷാ വേലി കടന്നു കാപ്പി തോട്ടത്തിലൂടെ നടത്തം ആരംഭിച്ചു. പല സമയങ്ങളിലായി മൃഗങ്ങളെ കണ്ട കഥകൾ ദേവേന്ദ്രൻ ചേട്ടൻ നടത്തത്തിന്റെ ആവേശം കൂട്ടാൻ പറയുന്നുണ്ട്. 11 കുടുംബങ്ങൾ ആണ് നിലവിൽ ഈ കാട്ടിൽ ഇപ്പോൾ താമസിക്കുന്നത്. അവരെല്ലാം വർഷങ്ങൾക്ക് മുൻപ് ശ്രീലങ്കയിൽ നിന്നും വന്നവരാണ്. അവരുടെ താമസ സ്ഥലത്തിലൂടെ ആണ് നമ്മുടെ നടത്തം.
ദൂരെ പറമ്പിക്കുളം വനവും തൂണക്കടവ് ഡാമും കൃത്യമായി കാണാൻ കഴിയുന്നുണ്ട്. ഒട്ടും സുരക്ഷയില്ലാതെ രീതിയിലുള്ള വീടുകളിലാണ് ഈ കുടുംബങ്ങൾ താമസിക്കുന്നത്. ആ കാഴ്ചക്കിടയിൽ ആണ് ഒരു വീടിന്റെ പടിയിൽ കിടക്കുന്ന ഒരു പട്ടിയെ ശ്രദ്ധയിൽപെട്ടത്. ഒരു രാത്രിയിൽ പുലിയുടെ ആക്രമണത്തിന് ഇരയായ പട്ടിയാണിത് എന്ന് ദേവേന്ദ്രൻ ചേട്ടൻ പറഞ്ഞപ്പോളാണ് നമ്മൾ നിൽക്കുന്ന സ്ഥലത്തിന്റെ യഥാർത്ഥ ഭീകരത മനസ്സിലാകുന്നത്. ഒരു രാത്രിയിൽ അവർ നിൽക്കുമ്പോഴാണ് കൺമുന്നിൽ നിന്നും പുലി പട്ടിയെ കൊണ്ടുപോകുന്നത്. അവരുടെ ബഹളം കേട്ട് പേടിച്ചു പട്ടിയെ അവിടെ ഇട്ടതിനു ശേഷം പുലി ഓടി മറഞ്ഞു. കഴുത്തിന് നല്ലപോലെ പരിക്ക് ഏറ്റ പട്ടിക്ക് ഇപ്പോൾ കുരക്കാനൊന്നും കഴിയില്ല.
താമസ സ്ഥലം കഴിഞ്ഞു കാപ്പി തോട്ടത്തിനു ഒടുവിൽ നെല്ലിയാമ്പതി പറമ്പിക്കുളം റോഡിലേക്കാണ് നടന്നു കയറിയത്. നിലവിൽ വനം വകുപ്പിനും ആദിവാസികൾക്കും മാത്രമാണ് ഈ വഴി യാത്ര ചെയ്യാൻ അനുമതി. ഏകദേശം 26 KM ദൂരം ആ വഴി സഞ്ചരിച്ചാൽ പറമ്പിക്കുളം എത്തിച്ചേരാം. വഴികളുടെ ഇരുവശവും ഇടതൂർന്ന മരങ്ങൾ. കാട്ടുപോത്തിന്റെ കേന്ദ്രമാണ് ഈ വഴി. ഒരു ഒറ്റ പോത്ത് കഴിഞ്ഞ ദിവസം പേടിപ്പിച്ച കഥ കൂടി കേട്ടപ്പോൾ അധികം ദൂരം മുന്നോട്ട് പോകുന്നള്ള പദ്ധതി ഉപേക്ഷിച്ചു. കൃത്യ സമയത്തു തന്നെ മഴയും ശക്തമായി. രണ്ടാമതൊന്നു ആലോചിക്കാതെ വേറെ വഴിയിലൂടെ തിരിച്ചു നടന്നു.
സമയം ഇരുട്ടി തുടങ്ങി. ഇരുട്ട് ആദ്യം കയറുന്ന സ്ഥലം കാടായതിനാൽ സമയത്തിന് ഇവിടെ പ്രസകതി ഇല്ലല്ലോ. തിരിച്ചുള്ള വഴിയിലും മാൻ കൂട്ടം നമ്മളെ കാത്തു നിന്നിരുന്നു. വഴിക്കു കുറുകെ കമ്പി ബന്ധിപ്പിച്ച ശേഷമാണ് റൂമിലേക്ക് പോയത്. 6 മണി ആയാൽ ചെറിയ ഷോക്ക് അതിൽ ഉണ്ടാകും. മുൻപ് കോട്ടേജിന്റെ മുൻവശത് വരെ ആനകൾ വന്നു പ്രശ്നങ്ങൾ ഉണ്ടാക്കിയതിനു ശേഷമാണ് ഇങ്ങനെ കമ്പി കെട്ടിയത്.
വൈകുന്നേരത്തെ ചായക്കുള്ള സമയമായി. കൂടെ ബജ്ജിയാണ് ഉള്ളത്. ഇനി രാത്രി ഭക്ഷണമായേ ഗൈഡ് വരൂ. അതുവരെ പ്രകൃതിയുടെ സംഗീതം ആസ്വദിച്ചിരിക്കണം. BSNL ഒഴിച്ച് മറ്റൊന്നിനും അവിടെ റേഞ്ച് കിട്ടില്ല. BSNL ആണേൽ ചെറിയ ഫോണിൽ മാത്രമേ കിട്ടൂ. അതിനാൽ മൊബൈലിനെ പറ്റി അവിടെ ചെന്നാൽ ചിന്തിക്കേണ്ട കാര്യം ഇല്ല. ഇരുട്ടു കൂടി വരുന്നു. ചുറ്റുമുള്ള മരങ്ങളിൽ വിവിധ പക്ഷികളുടെ സംഗീത കച്ചേരി കേൾക്കുന്നുണ്ട്. കൂട്ടത്തിൽ മൈനയാണ് പ്രധാന പാട്ടുകാരി. മഴയും തണുപ്പും എല്ലാം പതിയെ കൂടുന്നുണ്ട്. പക്ഷികളും മെല്ലെ കൂടണഞ്ഞു. ഇനി കേൾക്കുന്നത് തൊട്ടു താഴെ കൂടി ഒഴുകുന്ന ചോലയുടെ ശബ്ദം മാത്രം.
എട്ടരയോടെ അടുത്ത് രാത്രി ഭക്ഷണവുമായി ഗൈഡ് വന്നു. ചപ്പാത്തിയും ചിക്കനുമാണ് രാത്രി ഭക്ഷണം. എല്ലാം ചൂടുള്ള സ്വാദുള്ള ഭക്ഷണം. കൊല്ലങ്കോട് ഉള്ള ഒരു ചേച്ചിയാണ് അവിടത്തെ ഭക്ഷണം എല്ലാം ഉണ്ടാക്കുന്നത്. ഭക്ഷണം കഴിഞ്ഞുള്ള സമയത്താണ് മുന്നിലെ മരത്തിൽ പറക്കും അണ്ണാനെ ഗൈഡ് ഞങ്ങള്ക് കാണിച്ചു തരുന്നത്. അല്പം നേരത്തെ കാഴ്ചയെ ഞങ്ങൾക്ക് അവൻ തന്നൊള്ളു. റൂമിലേക്കുള്ള മടക്കത്തിൽ രാവിലെ അഞ്ചരക്കുള്ള ജീപ്പ് സഫാരി ഓർമിപ്പിച്ചു ഗൈഡും മടങ്ങി. ഇനി രാവിലെ വരെ ഞങ്ങൾ മാത്രം. എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാൻ റേഞ്ച് പോലും ഇല്ല. അങ്ങനെ പതിയെ തണുപ്പിനെ കൂട്ടുപിടിച്ചു രാവിലത്തെ സഫാരി മനസ്സിൽ കണ്ട് മെല്ല ഉറങ്ങാൻ കിടന്നു.
ആകാംഷ കൂടിയത് കൊണ്ടാണോ എന്നറിയില്ല അലാറത്തിനു മുന്നേ തന്നെ ആ തണുപ്പിൽ എഴുന്നേറ്റു. റെഡി ആയി വാതിൽ തുറന്നപ്പോൾ ഗൈഡ് അവിടെ കാത്ത് നിൽപ്പുണ്ട്. ഇനി ജീപ്പ് വന്നാൽ സഫാരി ആരംഭിക്കാം. വനം വകുപ്പിന്റെ ജീപ്പിലാണ് യാത്ര. ഇങ്ങോട്ടു നമ്മളെ കൊണ്ടുവന്ന ചന്ദ്രൻ ചേട്ടന്റെ അനിയനാണ് ഇതിലെ സാരഥി. മുകളിലെ ലൈറ്റ് എല്ലാം ഓൺ ആക്കി യാത്ര തുടങ്ങി. പറമ്പിക്കുളം റൂട്ടിൽ അതിന്റെ അതിർത്തി വരെയാണ് നമ്മുടെ യാത്ര. ഏകദേശം 6 km ദൂരം. ചെറിയ ചാറ്റൽ മഴയും കോടയും എല്ലാം കൂട്ടിനുണ്ട്. മഴയും കോടയും ദൂര കാഴ്ച മറക്കും എന്നുള്ളത് ഒരു പ്രശ്നമാണ്.
പ്രധാന വഴിയിൽ നിന്നും റോസറി എസ്റ്റേറ്റ് ലേക്ക് ജീപ്പ് നീങ്ങി. ഏറ്റവും കൂടുതൽ മൃഗങ്ങളെ കാണാൻ സാധ്യത ഉള്ള ഭാഗമാണ് ഇവിടം. പ്രധാനമായും കാട്ടുപോത്തും ആനയുമാണ്. പുലിയെ കണ്ടവരും ഉണ്ട്. ഇനി ശ്രദ്ധ മുഴുവൻ വഴിയുടെ ഇരുവശത്തേക്കുമാണ്. കാടിനുള്ളുള്ളിൽ നിന്നും കണ്ടുപിടിക്കുക എന്നുള്ളത് തന്നെ ഒരു പ്രത്യേക ആവേശമാണ്. ആനകൾ കുറച്ചു മുന്നേ പോയതിന്റെ അടയാളങ്ങൾ വഴി നീളെ കണ്ടത് ഒരു ശുഭ സൂചനയായതിനാൽ ശ്രദ്ധ അല്പം കൂടി കൂട്ടി. അതിനിടയിലാണ് ഒളിഞ്ഞു നോക്കുന്ന കാട്ടുപോത്തിനെ കാണുന്നത്. കണ്ടപാടെ അവൻ മറഞ്ഞു.
വീണ്ടും മുന്നോട്ട്. നിരാശയായിരുന്നു ഫലം. ഒടുവിൽ അതിർത്തി വരെ എത്തി മടങ്ങി വരുമ്പോൾ ആണ് എതിർ വശത്തു വീണ്ടും കാട്ടുപോത്തിനെ കാണുന്നത്. അവൻ കുറച്ചു പരോപകാരി ആയതിനാൽ കുറച്ചു സമയം മുഖം തന്നു “ഉം പൊക്കോ “എന്ന ഭാവത്തിൽ ഞങ്ങളെ നോക്കി മറഞ്ഞു. അന്നേരമാണ് ചേട്ടന്റെ കണ്ണിന്റെ പവർ തിരിച്ചറിഞ്ഞ നിമിഷം. മരങ്ങൾക്കിടയിൽ കൊമ്പും തുമ്പികൈയും കാണുന്നത്. അതെ കാത്തിരിപ്പിനൊടുവിൽ ഒരു ഒറ്റയാൻ. ഞങ്ങളുടെ സാനിധ്യം മനസിലാക്കിയ അവൻ മുന്നോട്ട് പോകുകയാണ്. വണ്ടി നിർത്തി അവനു സമാന്തരമായി ഞങ്ങളും നടന്നു.
ആനയെ കണ്ട ആവേശത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയാതെയാണ് ആ നടത്തം. ഒടുവിൽ ഞങ്ങൾക്ക് മുഖം തന്ന് ഒരു സലാം പറഞ്ഞ് അവനും ഉള്ളിലോട്ട് മറഞ്ഞു. യാത്രക്ക് പൂർണത വന്ന നിമിഷം. എന്ത് പ്രതീക്ഷിച്ചാണോ വന്നത് അത് കിട്ടിയ സമയം. ആ സന്തോഷത്തോടെയാണ് തിരിച്ചു മടങ്ങിയത്. അപ്പോഴും കാട്ടിലേക്ക് ശ്രദ്ധ ഉണ്ടായിരുന്നു. ഈ സഫാരിയോടെ അവിടത്തെ പരിപാടികൾ കഴിഞ്ഞു. ഇനി പ്രഭാത ഭക്ഷണം കൂടിയേ ബാക്കിയുള്ളു. ഉച്ച വരെ നമുക്ക് അവിടെ ചിലവഴിക്കാം. പക്ഷെ മറ്റൊന്നും ഇല്ലാത്തതിനാൽ ഭക്ഷണം കഴിച്ചു മടങ്ങാം എന്ന് തീരുമാനിച്ചു.
ഇഡ്ഡലിയും ദോശയുമാണ് കാലത്തേ ഭക്ഷണം. ലഭിച്ച എല്ലാ ഭക്ഷണവും ഗംഭീരമാണ് എന്ന് പറയാതെ വയ്യ. എല്ലാംകൊണ്ടും സംതൃപ്തി സമ്മാനിച്ച യാത്ര. ഇനി യാത്ര പറയാനുള്ള സമയം. നമ്മൾ ഇങ്ങോട്ടു വന്ന ജീപ്പ് അവിടെത്തന്നെ ഉണ്ട്. അതിലാണ് മടക്കം. മടക്കത്തിൽ ദേവേന്ദ്രൻ ചേട്ടൻ ഇല്ല. ഞങ്ങളെ വിളിക്കാൻ നടന്നാണ് പുള്ളി വന്നത്. അതും ഈ കാട്ടിലൂടെ. എന്ത് ആവശ്യത്തിനും ബസ് കിട്ടണമെങ്കിൽ ഒരുപാട് ദൂരം കാട്ടിലൂടെ നടക്കണം. എന്നും അപകടം മുന്നിൽ കണ്ടുള്ള ജീവിതം. അസൂയയും സഹതാപവും എല്ലാം തോന്നുന്ന ജീവിതം. നല്ലൊരു അനുഭവമായിരുന്നു ഈ താമസവും അവരോടൊപ്പമുള്ള സമ്പർക്കവും. എല്ലാത്തിനോടും നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങി.
വന്ന വഴിയിലൂടെ തന്നെയാണ് തിരിച്ചുള്ള യാത്രയും. രാവിലെ സഫാരിക്ക് പോയ ചേട്ടനാണ് ഇതിലും സാരഥി. പോകുന്ന വഴി സ്ഥിരം കരടി സാന്നിധ്യമുള്ള സ്ഥലങ്ങൾ എല്ലാം കാണിച്ചു തന്നും കടുവയുടെ മുന്നിൽ പെട്ട സംഭവും എല്ലാം പറഞ്ഞ് തിരിച്ചുള്ള യാത്ര വേറിട്ടനുഭവമാക്കി മാറ്റിത്തന്നു ആ ചേട്ടൻ. നൂറടി നിന്നും ബൈക് എടുത്ത് ആ പുള്ളിയോടും യാത്ര പറഞ്ഞു ഞങ്ങളുടെ രഥത്തിൽ തിരിച്ചുള്ള യാത്ര.
തേയില തോട്ടങ്ങൾ എല്ലാം കണ്ടു മുന്നോട്ട് പോകുമ്പോൾ ആണ് “ആന.. ആന” എന്നുപറഞ്ഞു എതിരെ വരുന്ന ബൈക്കിലെ ചേട്ടൻ ദൂരേക്ക് ചൂണ്ടിക്കാണിക്കുന്നത്. എവിടെയാണ് എന്നറിയാതെ ചുറ്റും നോക്കുമ്പോഴാണ് തേയില തോട്ടങ്ങൾക്ക് അവസാനം തീറ്റ എടുക്കുന്ന നെല്ലിയാമ്പതിയുടെ സ്വന്തം ചില്ലി കൊമ്പനെ കാണുന്നത്. അടുത്ത് നിന്ന് കാണാനുള്ള ആഗ്രഹം മറ്റൊരു വഴിയിലൂടെ മുന്നോട്ട് കൊണ്ടുപോയി. അധികം ദൂരെയും അടുത്തും അല്ലാത്ത വിധത്തിൽ വണ്ടി നിർത്തി വേണ്ടുവോളം കണ്ടു. മനസ്സിൽ മറ്റൊരു ലഡു പൊട്ടിയ നിമിഷമായിരുന്നു അത്.
നമ്മുടെ ആന പ്രാന്ത് ചേട്ടനില്ലാത്തത്കൊണ്ട് ആ ആസ്വാദനം അധികം സമയം നീണ്ടില്ല. മനസ്സിൽ പൊട്ടിയ ആ ലഡു നുണഞ്ഞുകൊണ്ടാണ് നെല്ലിയാമ്പതി ചുരമിറങ്ങിയത്. ഓരോ യാത്രയും സമ്മാനിക്കുന്നത് ഓരോ അനുഭവമാണ്. ഒരിക്കൽ പോയത്കൊണ്ട് വീണ്ടും പോകാതിരിക്കരുത് കാരണം പ്രകൃതി അങ്ങനെയാണ്. നെല്ലിയാമ്പതിയിലെ താമസം ബുക്ക് ചെയ്യാൻ
https://nelliyampathy.kfdcecotourism.com/ സന്ദർശിക്കുക.