എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ പെരിയാർ നദിയുടെ തീരത്തുള്ള മലയോര ഗ്രാമമാണ് നേര്യമംഗലം. . ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന ഇവിടെ കൃഷിയാണ് പ്രധാന തൊഴിൽ. ആലുവ – മൂന്നാർ ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന നേര്യമംഗലത്തിന് സമീപത്താണ് വളരെ പ്രശസ്തമായ ചീയപ്പാറ വെള്ളാച്ചാട്ടവും വാളറ വെള്ളച്ചാട്ടവും നിലകൊള്ളുന്നത്. നേര്യമംഗലം ഏറ്റവും പ്രസിദ്ധമായത് അവിടെ നിലനിൽക്കുന്ന, എറണാകുളം – ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ്. ആ പാലത്തെക്കുറിച്ചാണ് ഇന്നത്തെ അറിവ്.
ദക്ഷിണേന്ത്യയിലെ പ്രഥമ ആർച്ച് പാലമാണ് കേരളത്തിലെ എറണാകുളം – ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലം. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സേതു ലക്ഷ്മി ഭായിയുടെ കാലത്ത് 1924-ലാണ് പാലം നിർമ്മാണം ആരംഭിച്ചത്. 1935 മാർച്ച് 2-നാണ് ശ്രീചിത്തിരതിരുനാൾ രാമവർമ്മ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. സുർഖി മിശ്രിതം ഉപയോഗിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
രാജഭരണകാലത്ത് ആദ്യഘട്ടത്തില്‍ ആലുവ മൂന്നാര്‍ റോഡ് കോതമംഗലം, തട്ടേക്കാട്, പൂയംകൂട്ടി, പെരുമ്പന്‍കുത്ത് വഴിയായിരുന്നു.1857 ല്‍ യൂറോപ്യന്‍ പ്ലാന്റേഷന് കമ്പനിക്ക് വേണ്ടി തിരുവിതാംകൂര്‍ രാജവിന്റെ അനുമതിയോടെ സര് ഡാനിയല്‍ ജോണ്‍ മണ്ട്രോ വായിപ്പ് നിര്‍മ്മിച്ചതായിരുന്നു തട്ടേക്കാട് വഴിയുണ്ടായിരുന്ന പഴയ ആലുവ- മൂന്നാര്‍ രാജപാത. കോതമംഗലത്തു നിന്നും 50 കി.മീ. യാത്ര കൊണ്ട് വളരെഎളുപ്പത്തില്‍ മൂന്നാര്‍ എത്തുന്നതരത്തിലായിരുന്നു പഴയ രാജപാത നിര്‍മ്മിച്ചിരുന്നത്. ഹൈറേഞ്ചിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങളടക്കം എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാത വഴിയായിരുന്നു. പുതിയ പാതയിലുള്ള വിധം ചെങ്കുത്തായ കയറ്റങ്ങളോ വളവുകളോ ഈ പാതയിലുണ്ടായിരുന്നില്ല.
1924-ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ രാജപാതയിലെ കരിന്തിരി മലയിടിഞ്ഞ് നമാവശേഷമായി. പൂയംകുട്ടി മുതൽ മാങ്കുളം വരെയുള്ള പാത വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞു. തന്മൂലം കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന് ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിർമ്മിക്കാൻ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു. സമീപവാസികളുടെ സഹകരണത്തോടെ പത്തു വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയായത്.
1924-ൽ നിർമ്മാണം ആരംഭിച്ച പാലം ശർക്കരയും ചുണ്ണാമ്പും കലർത്തിയുണ്ടാക്കുന്ന സുർഖിയും കരിങ്കല്ലും ഉപയോഗിച്ചാണ് നിർമ്മിച്ചത്. 5 സ്പാനുകളിലായാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 4.9 മീറ്ററാണ് പാലത്തിലെ പാതയുടെ വീതി. 214 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. പാലത്തിലെ ആർച്ചുകൾ സ്പാനുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ഹൈറേഞ്ചിന്റെ വ്യാപാര – വ്യവസായ മേഖലയ്ക്കു പുതിയ കരുത്തു നൽകിക്കൊണ്ട് 1935 മാർച്ച് 2-നു ശ്രീചിത്തിരതിരുനാൾ രാമവർമ്മ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. സേതു ലക്ഷ്മി ഭായിയുടെ പേരിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 1935-നു ശേഷം ഹൈറേഞ്ചിനുണ്ടായിട്ടുള്ള എല്ലാ വളർച്ചയിലും നേര്യമംഗലം പാലത്തിനു മുഖ്യപങ്കുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിനു വഴിയൊരുക്കിയതും നേര്യമംഗലം പാലമാണ്.
പാലത്തിന്റെ നിർമാണം പൂർത്തീകരിച്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോളും ഇതുവരെ വലിയ അറ്റകുറ്റപ്പണികൾ പോലും നടത്തേണ്ടിവന്നിട്ടില്ലെന്നത് നിർമാണ ജോലികളുടെ മികവ് വിളിച്ചോതുന്നുവെന്നതാണ് സവിശേഷത. കൊച്ചി-മധുര ദേശീയപാതയില്‍ പെരിയാറിനു കുറുകെ എറണാകുളം-ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് രാജകീയ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് ഇന്നും.
വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, ചിത്രം – Sabeeb Kara.