വിവരണം – ശബരീ നാഥ്.
Netflix, amazon prime video എന്നൊക്കെ കെട്ടിട്ടില്ലാത്തവർ ആരുമുണ്ടാവില്ല. ഇവരുടെ ഒറിജിനൽ സീരീസ്, മൂവീസ് ഒക്കെ എത്രത്തോളം കഥാപരമായും സാങ്കേതികമായും മികച്ചതാണെന്ന് പല പോസ്റ്റുകളിൽ നമ്മൾ ചർച്ച ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇപ്പോഴും Stranger things, Ghoul, Sacred Games, Lust stories, Sila samayangalil ഒക്കെ പറ്റി പോസ്റ്റുകൾ വരുമ്പോൾ കൂടുതൽ ആളുകളും ‘ലിങ്കുകൾ’ അന്വേഷിക്കുന്നതും ഫ്രീ ആയി ഇതൊക്കെ എവിടെ കാണാൻ സാധിക്കുമെന്ന് തിരക്കുന്നതും കാണാം. ഇത്തരം പ്രവണതകൾ പരമാവധി ഒഴിവാക്കി ഈ സർവീസുകൾ സബ്സ്ക്രൈബ് ചെയ്യാൻ എല്ലാവരും തയ്യാറാവണം എന്ന പക്ഷക്കാരനാണ് ഞാൻ. അങ്ങനെ പറയാനുള്ള കാരണങ്ങൾ എന്താണെന്ന് explain ചെയ്യാൻ ശ്രമിക്കുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.
എന്താണ് ഇത്തരം subscription സർവീസുകൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ? ഫ്രീ ആയി ടോറന്റിലോ മറ്റ് സൈറ്റുകളിലോ ലഭിക്കുന്ന സിനിമകളും സീരീസുകളും എന്തിനാണ് മാസം തോറും 800 രൂപ വരെ നൽകി കാണുന്നത്? ഉത്തരം ലളിതം; ‘ഫ്രീ’ ആയി നമ്മൾ ഡൌൺലോഡ് ചെയ്യുന്ന സിനിമകൾ/പാട്ടുകൾ/സീരിയലുകൾ നിയമവിരുദ്ധമായി കോപ്പിറൈറ്റ് ഭേദിച്ച് കിട്ടുന്നവയാണ്. അത് കാണുന്നതും കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്. തീയേറ്റർ പ്രിന്റുകൾ മാത്രമല്ല, ഡീവീഡി റിലീസ് ആയ ചിത്രങ്ങൾ ടോറന്റ് വഴി ഡൌൺലോഡ് ചെയ്യുന്നതും കോപ്പിറൈറ്റ് നിയമപ്രകാരം തെറ്റുതന്നെയാണ്. നമ്മുടെ നാട്ടിൽ ഡിവിഡി റൈറ്റ്‌സ് പ്രത്യേകം പോകുകയും നിർമ്മാണ കമ്പനിക്ക് അതിൽ നേരിട്ട് ബന്ധം ഇല്ലാത്തതിനാലും ഡിവിഡി കമ്പനികൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാലും അധികം പേർക്കും ഇതിനെക്കുറിച്ച് വലിയ ധാരണകൾ ഇല്ലാത്തതിനാലും പൊതുവെ ഒറിജിനൽ ഡിവിഡി റിപ്പ് ചെയ്ത പ്രിന്റുകൾ കൈവശം വെക്കുന്നതിന് വലിയ പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല. എന്നാൽ ഇതും ഒരുതരത്തിൽ പൈറസി തന്നെയാണ്. എന്നാൽ video subscription services വഴി നമുക്ക് കാണാൻ സാധിക്കുന്ന സിനിമകൾ എല്ലാം ലീഗലി കോപ്പിറൈറ്റ് വാങ്ങിയിട്ടുള്ളവയാണ്. അതിനാൽ അവ 100% നിയമവിധേയമാണ്.
ലീഗാലിറ്റിക്ക് അപ്പുറം ഒരു convenience factor കൂടി തരുന്നുണ്ട് ഇത്തരം സർവീസുകൾ. ഇവയിൽ ഉള്ള എല്ലാ കണ്ടന്റിനും ഫ്ലെക്സിബിൾ ആയ ഓഡിയോ, സബ്ടൈറ്റിൽ ഓപ്‌ഷനുകൾ ഉണ്ട്. അതായത് സിനിമ കയ്യിൽ കിട്ടിയ ശേഷം സബ്ടൈറ്റിൽ തപ്പി നടക്കുക, അത് ശരിയായ ഫയൽ കിട്ടിയില്ലെങ്കിൽ സിങ്ക് ചെയ്യുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒഴിവാകുന്നു. പല ഭാഷകളിൽ ഡബ്ബ് ചെയ്തിട്ടുള്ള സിനിമയാണ് കാണുന്നതെങ്കിൽ നമുക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കാനും വളരെ എളുപ്പമാണ്. Netflix ഒരു മാസം ട്രയൽ എങ്കിലും ഉപയോഗിച്ചിട്ടുള്ളവർക്ക് അറിയാം അതിൽ സിനിമയോ സീരീസോ കാണുമ്പോ കിട്ടുന്ന level of convenience. മറ്റൊരു സവിശേഷത continuity ആണ്. നമ്മൾ ഒരു സിനിമ ഫോണിൽ കണ്ട്പകുതിയാക്കിയ ശേഷം കംപ്യുട്ടറിലോ സ്മാർട്ട് ടീവിയിലോ ബാക്കി പിന്നീട് കാണാൻ ശ്രമിക്കുമ്പോൾ നമ്മൾ മുൻപ് എവിടെവരെയാണോ കണ്ടത്, അതിന്റെ തുടർച്ച ലഭിക്കുന്നു. അതിപ്പോ കണ്ടുകൊണ്ടിരിക്കുന്ന സീരിസിന്റെ അടുത്ത എപ്പിസോഡ് മറ്റൊരു ഡിവൈസിൽ കാണുമ്പോൾ പോലും ഈ continuity കിട്ടുന്നു.
ഇനി ആർക്കാണ് ഈ സർവീസുകൾ താങ്ങാൻ സാധിക്കുന്നത് എന്ന് നോക്കാം. Amazon prime video, Netflix എന്നീ രണ്ട് സർവീസുകൾ ആണല്ലോ ഏറ്റവും പ്രചാരത്തിൽ ഉള്ളത്, അതുകൊണ്ട് അവയുടെ കാര്യം മാത്രം പറയുന്നു. Netflixന് മൂന്ന് തരം പ്ലാനുകളാണ് ഉള്ളത്:
1. 550 രൂപ പ്രതിമാസ വരിയിൽ ഒരു സമയത്ത് ഒരു സ്ക്രീനിൽ മാത്രം SD(480p) ക്വാളിറ്റിയിൽ സ്ട്രീം ചെയ്യാൻ സാധിക്കുന്ന പ്ലാൻ. ഒറ്റക്ക് മാത്രം സർവീസ് ഉപയോഗിക്കുന്ന, മൊബൈൽ ഡിവൈസിൽ മാത്രം കാണാൻ ഉദ്ദേശിക്കുന്നവർക്ക് ഈ പ്ലാൻ മതിയാകും. എന്നാൽ ഒരുതരത്തിൽഈ പ്ലാൻ നഷ്ടവും ആണ്, അത് അടുത്ത പ്ലാനുകൾ പറയുമ്പോൾ മനസിലാകും.
2. 650 രൂപ പ്രതിമാസ വരിയിൽ ഒരേ സമയം രണ്ട് സ്ക്രീനിൽ HD ക്വാളിറ്റിയിൽ സ്ട്രീം ചെയ്യാവുന്ന പ്ലാൻ. ഈ പ്ലാൻ വേണ്ടിവന്നാൽ രണ്ടുപേർക്ക് ഷെയർ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഫലത്തിൽ ഏറ്റവും ലാഭകരമാക്കാൻ സാധിക്കുന്ന പ്ലാൻ മൂന്നാമത്തേതാണ്.
3. 800 രൂപ പ്രതിമാസ വരിയിൽ ഒരേ സമയം നാല് സ്ക്രീനിൽ 4k ക്വാളിറ്റിയിൽ വരെ സ്ട്രീം ചെയ്യാൻ സാധിക്കുന്ന പ്ലാൻ. ഫാമിലി ആയി സർവീസ് ഉപയോഗിക്കാൻ താൽപ്പര്യം ഉള്ളവർ, ടീവിയിൽ കാണാൻ ആഗ്രഹിക്കുന്നവർ ഒക്കെ ഈ പ്ലാൻ എടുക്കുന്നതാണ് ഉചിതം. അതുമല്ലെങ്കിൽ ഒരേ സമയം നാല് പേർക്ക് കാണാൻ സാധിക്കും എന്നതിനാൽ വേണമെങ്കിൽ നാല് പേർക്ക് ഷെയർ ചെയ്ത് ഒരു മാസം ഒരാൾക്ക് 200 രൂപ ചിലവിൽ 4k വരെ കാണാൻ സാധിക്കുന്നു. അതിനാലാണ് ഈ പ്ലാനിനെ വച്ച് നോക്കിയാൽ ആദ്യത്തെ പ്ലാൻ നഷ്ടം ആണെന്ന് പറഞ്ഞത്. ഉപയോഗിക്കുന്ന ഓരോരുത്തർക്കും പ്രൊഫൈലുകൾ ഉണ്ടാക്കാൻ സാധിക്കുന്നതിനാൽ ഒരാൾ കണ്ട് പകുതി ആക്കിയത് വേറെ ഒരാൾ കയറി കണ്ട് continuity നഷ്ടമാകും എന്ന പേടിയും വേണ്ട.
Amazon prime video താരതമ്യേന ചിലവ് കുറവാണ്. ഇതിനും രണ്ട് പ്ലാനുകൾ ആണ് ഉള്ളത്: 1) 129 രൂപ പ്രതിമാസ വരി, 2) 999 രൂപ പ്രതിവർഷ വരി. രണ്ടായാലും 4k വരെ സ്ട്രീം ചെയ്യാം എന്നത് ഒരു advantage ആണെങ്കിലും multiple profiles സപ്പോർട്ട് ചെയ്യാത്തത് കൊണ്ട് ഷെയർ ചെയ്ത് ഉപയോഗിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും.
അതായത് തീയേറ്ററിൽ പോയി ഒരു സിനിമ കാണാനോ ഒരു ബിരിയാണി കഴിക്കാനോ ചിലവാക്കുന്ന പണം ഉണ്ടെങ്കിൽ ഒരു മാസം unlimited കണ്ടെന്റ്‌സ് ലീഗൽ ആയി വളരെ convenient ആയി കാണാൻ ഇത്തരം സർവീസുകൾ നമ്മെ സഹായിക്കുന്നു. പണച്ചിലവ് എന്നത് ഈ സർവീസുകൾ ഉപയോഗിക്കുന്നതിന് മുൻപ് ഒരു പ്രശ്നമായി എനിക്കും തോന്നിയിരുന്നു, എന്നാൽ ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് ഈ പറയുന്ന ചിലവ് അത്രത്തോളം ഭാരിച്ചതല്ല, നമുക്ക് കിട്ടുന്നത് വച്ച് നോക്കിയാൽ വളരെ ചെറുതാണ് എന്ന്. മുകളിൽ പറഞ്ഞതെല്ലാം എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. ആർക്കെങ്കിലും അതുകൊണ്ട് ഉപയോഗം ഉണ്ടാവും എന്ന് കരുതുന്നു.