എഴുത്ത് – ജിബിൻ തോമസ്.
ഒത്തിരി നാളത്തെ കാത്തിരിപ്പിനു ശേഷം ഒടുവിൽ ആ ദിവസം വന്നെത്തി. ഇന്ന് നാട്ടിൽ പോവുകയാണ്. അവളും കൂടെ ഉണ്ട് ആദ്യമായി എന്റെ നാട് കാണാൻ. Early മോർണിംഗ് ഫ്ലൈറ്റ് ആയതിനാലും, അയൽവക്കത്തെ സായിപ്പന്മാർ പാതിരാ വരെ ഉച്ച സ്വരത്തിൽ പാർട്ടി ചെയ്തതിനാലും ഉറക്കം തീരെ കിട്ടിയില്ല. എങ്കിലും നാടു കാണാൻ ഉള്ള എന്റെ ആഗ്രഹം വെളുപ്പിനെ ക്ഷീണം ഒന്നും തോന്നിപ്പിച്ചില്ല.
രാവിലെ 03.30 നു Uber ബുക്ക് ചെയ്തു. ഡ്രൈവർ ആയിട്ട് വന്നതോ ഒരു ആന്ധ്രാ പ്രദേശ്കാരൻ ശ്രീനിവാസ്. രണ്ടു വർഷം ഹൈദരാബാദിൽ വർക്ക് ചെയ്തപ്പോ പഠിച്ച തെലുഗു ഭാഷ, ആ ഭാഷയോട് ഉള്ള സ്നേഹം കാരണം ഇപ്പോഴും മറന്നിട്ടുണ്ടായിരുന്നില്ല. തെലുഗുവിൽ സംസാരിച്ചു തുടങ്ങിയപ്പോ മലയാളി ആയ എനിക്ക് ഇങ്ങനെ തെലുഗു ഫ്ലുവെൻറ് ആയി സംസാരിക്കാൻ പറ്റുന്നു എന്നായി ശ്രീനിവാസിന്റെ സംശയം. ഏതു നാട്ടിൽ ചെന്നാലും എന്തും പഠിച്ചു എടുക്കാൻ ഉള്ള നമ്മൾ മലയാളികളുടെ കഴിവ് നമുക്ക് അല്ലേ അറിയൂ.
വെളുപ്പിനെ ആയതിനാൽ christchurch എയർപോർട്ട് ഇത് തിരക്കു നന്നേ കുറവ് ആരുന്നു. എന്റെ ചെക്ക് ഇൻ ലഗ്ഗേജ് വെയിറ്റ് ലിമിറ്റ് ഇൽ തന്നെ ആയപ്പോൾ എന്നെ കാട്ടിലും ആശ്വാസം അനീറ്റയ്ക്ക് ആരുന്നു. ഇതിനു മുൻപേ ഒരിക്കൽ വെയ്‌റ്റ് ഒത്തിരി കൂടി പോയതിന്റെ പേരിൽ എയർപോർട്ട് ന്റെ നടുക്ക് വെച്ചു ലഗേജ് എല്ലാം തുറന്നു വെച്ച് ഞാൻ കാണിച്ച അങ്കം അവൾക്കു നന്നായി ഓർമ ഉണ്ട്. ബ്രിസ്‌ബേൻ ഇലോട്ടു ആരുന്നു ആദ്യത്തെ ഫ്ലൈറ്റ് , turbulence ന്റെ (കുലുക്കം) കൂടുതൽ കാരണം വീണ്ടും ഉറക്കം മിസ് ആയി. ആദ്യമായിട്ടാണു ഞാൻ ഓസ്ട്രേലിയ വഴി നാട്ടിൽ പോകുന്നത്. ഒരു മണിക്കൂർ മാത്രമേ ഉള്ളായിരുന്നു എങ്കിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം മടുപ്പ് ഉളവാക്കി.
9 മണിയോടെ സിംഗപ്പൂർ എയർലൈൻസിന്റെ SQ 256 ഇൽ ബോർഡ് ചെയ്തു. എന്തോ ഭാഗ്യത്തിനു ഈ ഫ്ലൈറ്റിൽ കുറച്ചു മണിക്കൂർ എനിക്ക് ഉറങ്ങാൻ പറ്റി. മദ്യപാനം കുറവ് ആണെങ്കിലും മറ്റുള്ളവരെ കുടിപ്പിച്ചു കിടത്താൻ ഉള്ള സിംഗപ്പൂർ എയർലൈൻസിലെ എയർഹോസ്റ്റസുമാരുടെ ഉത്സാഹം പ്രശംസിക്കാതിരിക്കാൻ നിവൃത്തിയില്ല. ഉറക്കത്തിനു ശേഷം നമ്മുടെ മായാനദി സിനിമ ഇരുന്നു കണ്ടു. ഒന്നു കണ്ടത് ആണെകിലും ഇപ്പോഴും എന്താ ഫീൽ. സിംഗപ്പൂർ എത്തിയപ്പോഴേക്കും ഉറക്കച്ചടവ് ഒക്കെ മാറി ഉഷാറായി. “നീ ഒന്നും കൊണ്ട് വന്നില്ലേഡാ” എന്ന അപ്പന്റെ ചോദ്യം ചെന്ന പാടെ ഉണ്ടാകും എന്ന് അറിയാവുന്നത് കൊണ്ട് നേരെ പോയി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും രണ്ടെണ്ണം വാങ്ങി. ബാക്കി സമയം പെരുമ്പടവത്തിന്റെ എന്റെ സങ്കീർത്തനങ്ങൾ എന്ന പുസ്തകം വായിക്കാൻ ഉള്ള ശ്രമം നടത്തി.
സിങ്കപ്പൂരിൽ നിന്നും കൊച്ചിയിലേക്കുള്ള ഫ്ലൈറ്റിൽ കൂടുതലും നമ്മുടെ ആൾക്കാർ ആയിരുന്നു. ഇത്തിരി താമസിച്ചാണ് പുറപ്പെട്ടത് എങ്കിലും സമയത്തിന് തന്നെ കൊച്ചിയിൽ ഫ്ലൈറ്റ് എത്തിച്ചു നമ്മുടെ പൈലറ്റ് ചേട്ടൻ. ഇമിഗ്രേഷൻ കൗണ്ടറിൽ വിദേശികൾക്ക് ഇരിക്കാനുള്ള സീറ്റ് നമ്മുടെ നാടിന്റെ ആതിഥ്യ മര്യാദ ഓർമിപ്പിച്ചു. അനീറ്റ അവിടെ ചെയറിൽ ഇരുന്നപ്പോൾ ഞാൻ നൈസ് ആയിട്ട് നിന്നു. ഇമ്മിഗ്രേഷൻ കൌണ്ടറിൽ ഫോട്ടോ എടുക്കാൻ തൊപ്പി ഊരി എന്റെ ഈ മുടിയും താടിയും ഒകെ കണ്ടപ്പോ ഈ കോലത്തിലൊക്കെ ന്യൂസിലൻഡിൽ നഴ്സിംഗ് പണി ചെയ്യാൻ പറ്റുവോ എന്നായി സാറിന്റെ സംശയം. ദേഹം മുഴുവൻ ടാറ്റൂവും അടിച്ചു പിയേർസിങ്ങും ഡ്രെഡ്ലോക്കും ഉള്ള സായിപ്പന്മാർ ഒരുപാട് സ്നേഹത്തോടെ പേഷ്യന്റ്സിനെ നോക്കുന്നത് ഞാൻ ഓർത്തു. താടിയും മുടിയും വളർത്തിയ ചെറുപ്പക്കാരോട് നമ്മുടെ ആൾക്കാരുടെ സമീപനത്തിനു വലിയ മാറ്റം ഒന്നും ഇപ്പോഴും ഇല്ല എന്ന് എനിക്ക് ആ ചോദ്യത്തിൽ മനസിലായി.
എയർപോർട്ടിന്റെ പുറത്തു ഇറങ്ങുന്നതിനു മുൻപ് ഓടി വന്നു കൂടുതൽ കുപ്പി കൊണ്ട് വന്നിട്ടുണ്ടോ എന്ന് നോക്കുന്ന കസ്റ്റംസ് ഓഫീസർസിനെയും അവിടെ കണ്ടില്ല. രാത്രി എത്തുന്ന ഫ്ലൈറ്റ് ആയതിനാൽ ആലപ്പുഴയ്ക്ക് യാത്ര വേണ്ടെന്നു നേരത്തെ തീരുമാനിച്ചിരുന്നു. പ്രീപെയ്ഡ് കൌണ്ടറിൽ നിന്നും ടാക്സി ബുക്ക് ചെയ്തു. 350 ഓളം ടാക്സി ഡ്രൈവർമാർ ഉള്ള കൊച്ചി എയർപോർട്ടിൽ ടേൺ അനുസരിച്ചു കാത്തു നിന്നു കിട്ടിയ ഓട്ടം മിനിമം കൂലി ആയതിന്റെ നിരാശ ഡ്രൈവർ ചേട്ടന്റെ മുഖത്തു ഉണ്ടാരുന്നു. കാറിൽ കയറി ഇപ്പോഴത്തെ രാഷ്ട്രീയ ചുറ്റുപാടുകൾ ഒക്കെ സംസാരിച്ചു തുടങ്ങിയപ്പോ ചേട്ടൻ ഹാപ്പി.
വാഹനത്തിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ഇടണം എന്ന് നിർബന്ധമുള്ള രാജ്യത്തു നിന്നു വന്ന അവളുടെ ആദ്യത്തെ സംശയം പിന്നിലെ സീറ്റിൽ സീറ്റബെൽറ്റ് ഇല്ലല്ലോ എന്നതാരുന്നു. “ഇവിടെ ഇങ്ങനെ ഒക്കെ ആണു” എന്നാരുന്നു എന്റെ ഉത്തരം. ലോങ്ങ് ഫ്ലൈറ്റ് ന്റെ ക്ഷീണം കാരണം ഉറങ്ങാൻ ഒട്ടും ബുദ്ധിമുട്ട് ഉണ്ടായില്ല. പക്ഷെ വിശപ്പിന്റെ വിളിയും ജെറ്റ് ലാഗും കാരണം കാലത്തെ തന്നെ എണീറ്റു.
ഒരുപാട് ടൈപ്പ് ഫുഡ് കഴിച്ചിട്ടുണ്ടെങ്കിലും പൊറോട്ടയോടും ബീഫിനോടും ഉള്ള എന്റെ കൊതി അവൾക്കു നന്നായി അറിയാം. നേരെ വിട്ടു അങ്കമാലി ബസ് സ്റ്റാൻഡിൽ ഉള്ള ഇന്ത്യൻ കോഫി ഹൌസിലേക്ക്. അവിടുന്ന് മൂക്കു മുട്ടെ പൊറോട്ടയും ബീഫും തട്ടിയിട്ട് അനിയൻ ജിനുവിന്റെ കൂടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ആലപ്പുഴയിലേക്കു യാത്ര തിരിച്ചു. ജീവിതത്തിൽ ആദ്യമായിട്ട് ആണ് ഇങ്ങനെ എന്തേലും എഴുതുന്നത്. എന്തോ എഴുതണം എന്ന് തോന്നി. എനിക്ക് മടുപ്പ് തോന്നി ഇല്ലെങ്കിൽ ഇനിയും എഴുതും, കഥ തുടരും.