പെങ്ങൾക്ക് സർപ്രൈസ് ഗിഫ്റ്റായി നൽകിയത് ഒരു ഹെലിക്കോപ്റ്റർ യാത്ര…!!

വിവരണം – Gillette Jose (Canada).

ചെറുപ്പത്തിൽ പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ Niagara Falls നു കുറുകെ പറന്നു അനുഭവിച്ച ദൃശ്യവിരുന്ന് മറ്റുള്ളവരോട് പങ്കുവെച്ചതിനൊപ്പം, യാത്രകളെ അതിയായി സ്നേഹിക്കാൻ പ്രചോദനം നൽകിയ നിങ്ങളോടും കൂടെ പങ്കുവെക്കണം എന്നൊരാഗ്രഹം.

ഒരു പിറന്നാൾ സമ്മാനം – ജീവനുതുല്യം സ്നേഹിക്കുന്ന പെങ്ങൾക്ക്, അടുത്തു വരുന്ന birthday യ്ക്ക് gift എന്ത് കൊടുക്കും എന്ന് ആലോചിച്ചു വീടിന്റെ ഉമ്മറത്തു അങ്ങനെ നിന്നപ്പോളാണ് ഒരു ഹെലികോപ്റ്റർ പതിവിലും താഴ്ന്നു പറന്നു പോയത് … അടുത്തുള്ള വീടുകളിലെ ആളുകൾ എന്താ സംഭവം എന്ന് നോക്കുന്നതിനിടയിൽ ആണ് Randy അങ്കിൾ പറഞ്ഞത് അത് നയാഗ്രാ ഹെലികോപ്റ്റർ സർവ്വീസ് ആണ് .. ടൂറിസ്റ്റുകൾക്കായി നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ മുകളിലൂടെയും പിന്നെ കുറെ ഫാമുകളുടെ (തോട്ടങ്ങളുടെ) മുകളിലൂടെയും ഒരു 15 മിനിറ്റ് റൈഡ്….. ചിലപ്പോൾ ഫാമുകൾ അടുത്ത് കാണാൻ താഴ്ന്നു പറന്നത് ആകുമെന്നും അങ്കിൾ പറഞ്ഞു.

കാര്യം ഈ ഹെലികോപ്റ്റർ ഞാൻ പലവട്ടം ആകാശത്തു കറങ്ങണ കണ്ടിട്ടുണ്ടെങ്കിലും ഞാൻ കരുതിയത് Canada -USA ബോർഡർ ആയ കൊണ്ട് ബോർഡർ പെട്രോളിങ് ആകുമെന്ന്. ടൂറിസ്റ്റ് റൈഡ് ആണെന്നു അറിഞ്ഞില്ല. മൂപ്പര് 10 കൊല്ലം മുൻപ് girlfriend ന്റെ ഒപ്പം ഹെലികോപ്റ്റർ റൈഡിനു പോയ പൊങ്ങച്ചം കേൾക്കേണ്ടി വന്നെങ്കിലും റൈഡിനെക്കുറിച്ചുള്ള വിവരങ്ങൾ കുറേ കിട്ടി. ന്ഹാ എന്നെങ്കിലും ഒരിക്കൽ ഇത് ട്രൈ ചെയ്യണം എന്നാലോചിച്ചു തിരിച്ചു നടന്നപ്പോളാണ് മനസ്സിൽ അത് കത്തിയത്. അല്ല എന്തുകൊണ്ട് ഈ ഹെലികോപ്റ്റർ റൈഡ് ഒരു സർപ്രൈസ് ഗിഫ്റ്റ് ആയി പെങ്ങൾക്ക് കൊടുത്തൂടാ. ഒരു വെറൈറ്റി ആകട്ടെ എന്നോർത്ത് അവരുടെ website എടുത്തു വിവരങ്ങൾ മുഴുവനും കളക്ട് ചെയ്തു. കൊടുക്കാൻ പോകുന്ന സർപ്രൈസ് മനസ്സിൽ ഇട്ടു കിനാവ് കണ്ട് ഒരാഴ്ച തള്ളി നീക്കി. ഒടുവിൽ ആ ദിവസം വന്നെത്തി . അവളേം കൊണ്ട് ഞാൻ ഹെലിക്കോപ്റ്റർ റൈഡിന്റെ സ്ഥലത്തേക്ക് പുറപ്പെട്ടു . ഇറങ്ങാൻ തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന അസാധാരണമായ കാറ്റ് ഞാൻ വക വെച്ചില്ല.

” എന്തോ ഉണ്ടല്ലോ … എങ്ങോട്ടാ ഈ കള്ളചിരീം വെച്ചോണ്ട് ” എന്നുള്ള അവളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യം എന്നിൽ കൂടുതൽ ചിരി പടർത്തി . അങ്ങനെ ഞങ്ങൾ സ്ഥലത്തെത്തി. പ്രധാന കവാടത്തിൽ കയറി ഉള്ളിൽ എത്തിയതും അവൾക്കു കാര്യം പിടികിട്ടി. പിന്നെ 500 വാൾട്ട് ബൾബ കത്തിയ പോലാരുന്നു അവളുടെ മുഖം. ടിക്കറ്റ് എടുത്തു ഉള്ളിൽ കയറി ക്യു നിന്നു . 45 മിനിറ്റ് waiting time ഞങ്ങളുടെ ആകാംക്ഷയ്ക്കു മുന്നിൽ ഒന്നുമല്ലായിരുന്നു. ഓരോ കോപ്റ്ററും പോയി വരുന്നത് അങ്ങനെ നോക്കി നിൽക്കുന്നതിനിടയിൽ ആണ് ഗ്രൗണ്ട് സ്റ്റാഫ്‌ ആ സുഖകരമല്ലാത്ത വാർത്ത ഞങ്ങളെ അറിയിച്ചത് . കാറ്റിനു വേഗത കൂടിയിരിക്കുന്നു, മുകളിൽ നല്ല കാറ്റ് ആയതിനാൽ കോപ്റ്റർ മുകളിലേക്കു ഉയർത്താൻ ബുദ്ധിമുട്ടാണെന്നു പൈലറ്റ് പറഞ്ഞു എന്നും അതിനാൽ അവർ സർവ്വീസ് താത്കാലികമായി നിർത്തി വെക്കുന്നതായും അറിയിച്ചു . ഞങ്ങളുടെ രണ്ടു പേരുടേം മുഖത്തു കത്തിയ ബൾബ് അപ്പാടേ കെട്ടു പോയി . എന്റെ ബൾബ് ഫ്യൂസ് ആയി പൊട്ടിത്തെറിച്ചു എന്ന് വേണം പറയാൻ.

നിരാശയോടെ ടിക്കറ്റ് റീഫണ്ടും വാങ്ങി അടുത്തുള്ള ബീച്ചിലേക്ക് വിട്ടു . അവിടേം കിട്ടി പണി . ബീച്ചിൽ ഇറങ്ങാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് പെരും മഴ . ചില സിനിമകളിൽ മ്മടെ ഇന്നസെന്റ് ചേട്ടൻ മുകളിലേക്കു ഒരു പ്രത്യേക ഭാവത്തോടെ നോക്കണ പോലെ ഞാനും ആകാശത്തേക്കു നോക്കി.., ” ദൈവമേ”..!!! സർപ്രൈസ് അവൾ മനസ്സിലാക്കിയിട്ടു അത് നടത്തിക്കൊടുക്കാൻ സാധിക്കാതെ വന്നതിൽ ഉള്ള വിഷമം ഉള്ളിലൊതുക്കി ഉറങ്ങാൻ കിടന്നപ്പോളും എന്റെ വിരൽത്തുമ്പിൽ അടുത്ത ദിവസത്തെ കാലാവസ്ഥ വിവരം അപ്ഡേറ്റ് ആയികൊണ്ടേ ഇരുന്നു.

പിറ്റേ ദിവസം എണീറ്റ് ആദ്യമേ ഹെലികോപ്റ്റർ സർവ്വീസുകാരെ വിളിച്ചു റൈഡ് ഉണ്ടെന്നു ഉറപ്പു വരുത്തി അവളേം കൊണ്ട് അങ്ങോട്ട് വെച്ചു പിടിപ്പിച്ചു . വെയ്റ്റിംഗ് time 10 മിനിറ്റ് ആണെന്നു അവർ പറഞ്ഞതൊന്നും എനിക്ക് ആശ്വാസമേകിയില്ല. ആകാശത്തു കറുത്ത മേഘങ്ങൾ പതുക്കെ കൂടി കൂടി വരുന്നത് എന്നിൽ ആശങ്ക ഉളവാക്കി . പക്ഷെ ദൈവം ഇത്തവണ അനുകൂലം ആയിരുന്നു . ഞങ്ങളുടെ അവസരം വന്നു . കൂടെയുള്ള 4 വ്യത്യസ്ത രാജ്യക്കാരുടെ ഒപ്പം ഒരു ഫോട്ടോക്കു പോസ് ചെയ്‌ത്‌ ഹെലികോപ്റ്ററിലേക്കു കയറി .

സീറ്റ് ബെൽറ്റ് ഇട്ടു തന്നതിനു ശേഷം ആ ഡോർ അവർ അടച്ചപ്പോളാണ് എനിക്ക് തലേദിവസം ഉണ്ടായിരുന്ന excitement മുഖത്തു വീണ്ടും വന്നത്. ഹെലികോപ്റ്റർ ഒക്കെ ഭയങ്കരമായി കുലുങ്ങി ആണ് മുകളിലേക്കു ഉയരുന്നത് എന്നുള്ള എന്റെ തെറ്റിദ്ധാരണ അവിടെ മാറി. മ്മടെ പൈലറ്റ് ആശാൻ കൂളായി പൊക്കി എടുത്തു വെള്ളച്ചാട്ടം ലക്ഷ്യമാക്കി പറന്നു. കൃഷിയിടങ്ങളുടെ മുകളിലൂടെ പറന്നുയർന്നു Rainbow Bridge പിന്നിട്ടു കഴിഞ്ഞു പിന്നീട് ഞങ്ങൾ ആസ്വദിച്ച കാഴ്ച്ച പറഞ്ഞറിയിക്കാൻ സാധിക്കില്ല. അത്രയ്ക്ക് മനോഹരം ആയിരുന്നു.

അമേരിക്കൻ Falls നു സൈഡിലൂടെ സാക്ഷാൽ നയാഗ്ര വെള്ളച്ചാട്ടത്തിനു അടുത്തേക്ക് ഞങ്ങൾ പറന്നടുത്തു. പൈലറ്റ് ചുള്ളനായ കൊണ്ടാവണം , മൂപ്പര് വെള്ളച്ചാട്ടത്തിനു ഒത്ത നടുക്ക് വെച്ച് കോപ്റ്റർ മതിയായ ഒരു ചെരിക്കൽ.., ഉള്ളു കാളി പോയി. രണ്ടു സൈഡും ചെരിച്ചും തിരിച്ചും മൂപ്പര് ഞങ്ങളുടെ നയനങ്ങൾക്കു നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുവാൻ അവസരം ഒരുക്കി തന്നു . ആ ദൃശ്യ വിരുന്നു മതിയാവോളം ആസ്വദിച്ചു. പിന്നീട് ആപ്പിൾത്തോട്ടങ്ങൾക്കും മുന്തിരിത്തോട്ടങ്ങൾക്കും മുകളിലൂടെ പറന്നു ഞങ്ങൾ ഹെലിപാഡിൽ തിരിച്ചിറങ്ങി .

റൈഡിന്റെ ഫോട്ടോസും വാങ്ങി തിരികെ കാറിൽ കയറുമ്പോളും പെങ്ങളുടെ മുഖത്തെ അമ്പരപ്പ് മാറിയിട്ടുണ്ടായിരുന്നില്ല . അപ്പോൾ ഞാൻ മ്മടെ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ സിനിമയിൽ എല്ലാം നേടിയിട്ടു നിവിൻ പോളി നന്ദിയോടെ മുകളിലേക്കു നോക്കുന്ന പോലെ ഒന്ന് നോക്കി …” ദൈവമേ!!! “. കരയിൽ വെച്ചും വെള്ളത്തിൽ വെച്ചും ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും , അവൾ (Niagara Falls) ഒരു അത്ഭുതം ആയി തോന്നിയത് ആ ആകാശകാഴ്ച്ചയിൽ ആയിരുന്നു.